ബഖിയ്യ് ബ്നു മുഖല്ലദ്(റ): ഹദീസ് തേടി ഭൂഖണ്ഡങ്ങള്‍ താണ്ടിയ പണ്ഡിതന്‍
പസഫിക് മഹാസമുദ്രതീരത്തോട് ചേര്‍ന്ന് കിടക്കുന്ന സ്‌പെയിൻ സ്വേദശിയായ ബഖിയ്യ് ബിൻ മുഖല്ലദ്(റ), കാല്‍നടയായി ബഗ്ദാദിലെത്തിയത്, ഇമാം അഹ്മദ് ബ്നുഹമ്പല്‍(റ)നെ നേരിൽ കണ്ട് ഹദീസ് സ്വീകരിക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രമായിരുന്നു. ഇമാം ദഹബി(റ) സീറത്തു അഅ്‍ലാമിന്നുബലാഇൽ ഉദ്ധരിക്കുന്ന കൗതുകകരമായ ആ വിജ്ഞാനദാഹത്തിന്റെ കഥ വായിക്കാം.
ഇമാം ബഖിയ്യ് ബ്നു മുഖല്ലദ് അൽഅന്ദുലുസി (ജനനം ഹി.201) ഇരുപതാം വയസ്സിലാണ് ബഗ്ദാദിലെത്തുന്നത്. ഇമാം അഹ്മദ് ബിന്‍ഹമ്പല്‍(റ)നെ നേരില്‍ കണ്ട് ഹദീസ് സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അബ്ബാസിദ ഖലീഫ വാസിഖ് നീതിക്ക് വേണ്ടി ശബ്ദിച്ച് ഫത്‌വ പുറപ്പെടുവിച്ചതിന്റെ പേരിൽ ഇമാമവർകളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നെന്നും ജ്ഞാന സദസ്സുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും അവിടെ എത്തിയപ്പോഴാണ് അദ്ദേഹം അറിയുന്നത്. ആർക്കും അദ്ദേഹത്തോട് സംസാരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. പക്ഷെ, അതൊന്നും ആ ജ്ഞാനദാഹിയെ തളര്‍ത്തിയതേയില്ല.
ബഖിയ്യ്(റ) ഇമാമവർകളുടെ വീടന്വേഷിച്ചു. പലരും അത് കാണിച്ചുകൊടുക്കാന്‍ പോലും ഭയപ്പെട്ടിരുന്നു. തെരുവുകളിലും ഗ്രാമങ്ങളിലും അലഞ്ഞ് ഒടുവിൽ അദ്ദേഹം അത് കണ്ടുപിടിച്ചു. വാതില്‍ മുട്ടിയതും ഇമാം വാതിൽ തുറന്നു. ശേഷം നടന്ന സംഭാഷണം ഇങ്ങനെ വായിക്കാം.
'അബൂ അബ്ദുല്ലാ, ഞാന്‍ ദൂരെ നിന്നു വരികയാണ്. ഒരു ഹദീസ് അന്വേഷിയാണ്. താങ്കളെ കാണാനും ഹദീസുകൾ പഠിച്ചെടുക്കാനുമാണ് ഇവിടെ വന്നിരിക്കുന്നത്'.
അകത്തിരിക്കാൻ പറഞ്ഞ ഇമാം കാര്യങ്ങളന്വേഷിച്ചു.
'താങ്കളുടെ നാടെവിടെ?
'അങ്ങ് പടിഞ്ഞാറ്'
'എന്നുവെച്ചാൽ ആഫ്രിക്കയാണോ?
'അതിലുമപ്പുറം, എന്റെ നാട്ടിൽ നിന്നും കടൽ കടന്നു വരണം ആഫ്രിക്കയിലേക്ക്. സ്പെയിനില്‍നിന്നാണ് ഞാന്‍ വരുന്നത്'
'അല്ലാഹുവേ, താങ്കളുടെ നാട് ഒരുപാടകലെയാണല്ലോ. താങ്കളുടെ ജ്ഞാനത്തിനോടുള്ള അദമ്യമായ സ്നേഹത്തെ ഞാൻ ബഹുമാനിക്കുന്നു. അതിന് സഹായിക്കുന്നതിനേക്കാളും എനിക്കിഷ്ടമുള്ള മറ്റൊന്നില്ല. പക്ഷേ, എനിക്ക് എന്തു ചെയ്യാൻ പറ്റും? ഞാൻ തടങ്കലിലാണ്.'
'അതെ, ഇവിടെ എത്തിയപ്പോള്‍ ഞാന്‍ അത് അറിഞ്ഞു. അബൂ അബ്ദുല്ലാഹ്, ഇത് ബഗ്ദാദിലെ എന്റെ ആദ്യ സന്ദർശനമാണ്. അതിനാൽ ഇന്നാട്ടുകാർക്ക്, വിശിഷ്യാ നിങ്ങളുടെ ശത്രുക്കൾക്ക് ഞാന്‍ അപരിചിതനായിരിക്കും. താങ്കൾ അനുവദിക്കുകയാണെങ്കിൽ എല്ലാ ദിവസവും ഒരു യാചകന്റെ വേഷം കെട്ടി ഞാനിവിടെ വരാം. ഒരു യാചകനോടു പെരുമാറുന്ന സമയത്തിനുള്ളിൽ അങ്ങ് എനിക്ക് ദിവസവും ഒന്നോ രണ്ടോ ഹദീസുകൾ പറഞ്ഞു തന്നാൽ മതി.'
ജ്ഞാന ദാഹാര്‍ത്തമായ ആ അപേക്ഷക്ക് മുന്നിൽ, സമ്മതിക്കുകയല്ലാതെ മറുത്തൊന്നും ഇമാമിന് പറയാൻ കഴിഞ്ഞില്ല. അതോടെ ബഖിയ്യ് യാചകവേഷമണിഞ്ഞു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും അലങ്കോലമായ തലപ്പാവും കുത്തിപ്പിടിച്ച വടിയുമായി അദ്ദേഹം, ദിവസവും അഹമദു ബ്നു ഹമ്പല്‍(റ)ന്റെ വീട്ടിലെത്തി. കുറഞ്ഞ സമയം കൊണ്ട് ഒന്നോ രണ്ടോ ഹദീസുകൾ പഠിച്ചെടുത്ത് അദ്ദേഹം മടങ്ങും. ഇത്തരത്തില്‍ മുന്നൂറോളം ഹദീസുകളാണ് അദ്ദേഹം സ്വായത്തമാക്കിയത്. അതിനിടയില്‍ ഖലീഫ വാസിഖ് മരണപ്പെട്ടു.
പുറത്തിറങ്ങിയ ഇമാം ജ്ഞാനസദസ്സുകളുമായി വീണ്ടും വ്യാപൃതനായി. ബഖിയ്യ്(റ)വും അദ്ദേഹത്തിന്റെ സദസ്സുകളിലും മറ്റുമായി ഹദീസുകൾ പഠിക്കുന്നത് തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ ജ്ഞാനത്തോടുള്ള ഈ അടങ്ങാത്ത ഭ്രമത്തെ കുറിച്ച് ഇമാം അഹ്മദു ബ്നുഹമ്പൽ(റ) ഇടക്കിടെ സ്മരിച്ചു കൊണ്ടേയിരുന്നു.
കൊർദോബയിൽ ജനിച്ച ബഖിയ്യ് ബ്നുമുഖല്ലദ് ഹദീസുകള്‍ തേടി വിവിധ നാടുകളിൽ കാൽനടയായി യാത്ര ചെയ്തു. 284 ഓളം പണ്ഡിതരെ നേരില്‍ കണ്ടു. അവസാനം സ്പെയിനിൽ തിരിച്ചെത്തിയ ബഖിയ്യ്(റ)നെ കുറിച്ച് മഹത്തുക്കൾ എഴുതിയത്, സ്പെയിൻ നാടുകൾ ഹദീസുകളാൽ അദ്ദേഹം നിറച്ചുവെന്നാണ്. കൂടാതെ നിരവധി ശിഷ്യഗണങ്ങളും മഹാനവർകൾക്കുണ്ടായിരുന്നു. പ്രമുഖ ശിഷ്യനായ അബൂഅബ്ദിൽമലിക് അല്‍ഖുർതുബി പറയുന്നു, ബഖിയ്യ്(റ) ദീർഘകായനും ദൃഢഗാത്രനുമായിരുന്നു. നടന്നു യാത്ര ചെയ്യാൻ കരുത്താർന്ന ശരീരപ്രകൃതം. ഒരിക്കല്‍ പോലും അദ്ദേഹം യാത്രക്കായി മൃഗത്തെ ഉപയോഗിച്ചിട്ടില്ല. വിനയാന്വിതനായിരുന്ന ആ സാത്വികൻ മയ്യിത്ത് പരിപാലന വേദികളിൽ നിഷ്കർഷയോടെ പങ്കെടുത്തിരുന്നു. കിതാബു ഫതാവ സ്വഹാബത്തി വത്താബിഈൻ വമിൻ ദൂനിഹിം എന്ന കൃതി അദ്ദേഹത്തിന്റെ മാസ്റ്റർ പീസായി ഗണിക്കപ്പെടുന്നു.
ദേശാതിർത്തികൾ ഭേദിച്ച്, ജ്ഞാനസമ്പാദനത്തിനും ആത്മീയ ശിക്ഷണത്തിനുമായി യാത്ര ചെയ്ത ഇത്തരം മഹത്തുക്കളാണ് ഇസ്‍ലാമിന്റെ വളർച്ചയുടെ പ്രധാന ഹേതുകങ്ങള്‍. ഇത്തരത്തില്‍ അനേകം പേര്‍ നടത്തിയ ജീവിത ത്യാഗങ്ങളുടെ ബാക്കിപത്രങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നതെല്ലാം. നാഥന്‍ അവര്‍ക്കെല്ലാം അര്‍ഹമായ പ്രതിഫലം നല്കട്ടെ, ആമീന്‍.
Leave A Comment