സഅ്ദുദ്ദീന്‍ അത്തഫ്താസാനി: ആധികാരിക രചനകളുടെ അതുല്യ പ്രതിഭ

അനവധി വിജ്ഞാന ശാഖകളില്‍ അവഗാഹം നേടി അവയിലൊക്കെയും ആധികാരിക രചനകള്‍ നടത്തി വിസ്മയം തീര്‍ത്ത വിശ്വപണ്ഡിത പ്രതിഭയാണ് സഅ്ദുദ്ദീന്‍ അത്തഫ്താസാനി. ഗ്രന്ഥരചന, അധ്യാപനം, വൈജ്ഞാനിക സംവാദം, ഫത്‌വ തുടങ്ങിയ മേഖലകളിലൊക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാനെക്കുറിച്ച് ചരിത്രകാരന്മാരും പണ്ഡിതരും പ്രശംസ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ഇസ്്‌ലാമിക പൗരസ്ത്യ ദേശങ്ങളിലെ ബൗദ്ധികവും സാഹിതീയവുമായ വിജ്ഞാനങ്ങളുടെ അവസാന വാക്ക് അദ്ദേഹമായിരുന്നുവെന്നും അദ്ദേഹത്തോട് കിടപിടിക്കുന്ന മറ്റൊരാളില്ലായിരുന്നുവെന്നുമാണ് വിശ്വപണ്ഡിതന്‍ ഇബ്‌നുഹജര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. 

ജനനം, വളര്‍ച്ച, ജീവിതം

ഹിജ്‌റ 712ല്‍ ഖുറാസാനിലെ നസാ പ്രവിശ്യയിലെ തഫ്താസാനിലാണ് സഅ്ദുദ്ദീന്‍ തഫ്താസാനി എന്നറിയപ്പെടുന്ന മസ്്ഊദുബ്‌നു ഉമര്‍ ജനിച്ചത്. ഹിജ്‌റ 722ലായിരുന്നു ജനനമെന്നും ചിലയിടത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. പേരുകേട്ട പണ്ഡിത കുടുംബത്തിലായിരുന്നു ജനനം. പിതാവ് ഫഖ്‌റുദ്ദീന്‍ ഉമറും പിതാമഹനും ഖാസി സ്ഥാനം വഹിച്ച പണ്ഡിത പ്രമുഖരായിരുന്നു. നസ പട്ടണത്തില്‍ നിന്നു തന്നെ അറബി ഭാഷയിലെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിക്കുകുയും വുശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് വിജ്ഞാന സമ്പാദനത്തുനും ഗവേഷണത്തിനുമായി സമര്‍പ്പിത ജീവിതമായുരുന്നു അദ്ദേഹത്തിന്റേത്. അറിവിന്റെ അക്ഷയഖനികള്‍ തേടിയുള്ള യാത്രയില്‍ പാണ്ഡിത്യത്തിന്റെ ഗരിമയോടെ തലയുയര്‍ത്തി നില്‍ക്കുന്ന സമര്‍ഖന്ദിലേക്കായിരുന്നു ആദ്യം ചെന്നെത്തിയത്. അവിടെ നിന്നും വചന ശാസ്ത്രം, തര്‍ക്ക ശാസ്ത്രം, നിദാന ശാസ്ത്രം, അലങ്കാരം തുടങ്ങിയ വിജ്ഞാന മേഖലകളില്‍ ആഗാധ ജ്ഞാനം നേടി. വിജ്ഞാന ദാഹം തീര്‍ക്കാനായി ജുര്‍ജാനിയ, ഖുവാരിസ്മ്, ഹറാത്, മാസര്‍ജാന്‍, കലിസ്താന്‍, സറഖ്‌സ് തുടങ്ങിയ പൗരസ്ത്യ ദേശങ്ങളിലൂടെ ചുറ്റിക്കറങ്ങി. ജീവിത പ്രാരാബ്ധങ്ങള്‍ പലപ്പോഴും കുത്തിനോവിക്കാന്‍ ശ്രമിച്ചെങ്കിലും അതിനൊന്നും അദ്ദേഹത്തെ തളര്‍ത്താനോ പിന്തിരിപ്പിക്കാനോ കഴിഞ്ഞില്ല. സ്ഥിരോത്സാഹിയായ വിദ്യാര്‍ത്ഥിയായും ലക്ഷണമൊത്ത അധ്യാപകനായും അവിടങ്ങളിലൊക്കെ സേവനമനുഷ്ഠിക്കുകയും വചന ശാസ്ത്രം, അലങ്കാരം, തര്‍ക്കശാസ്ത്രം, അറബി സാഹിത്യം, ഖുര്‍ആന്‍ വ്യാഖ്യാനം തുടങ്ങി  കൈവെച്ച മേഖലകളിലൊക്കെ ആധികാരിക ശബ്ദമായി മാറുകയും ചെയ്തു. അറബി വ്യാകരണം, നിദാന ശാസ്ത്രം, ഫത്‌വ രംഗങ്ങളിലും അനിഷേധ്യമായ പാണ്ഡിത്യത്തുനുടമയായിത്തീര്‍ന്നു. ശാഫിഈ ഹനഫി മദ്ഹബുകളില്‍ സര്‍വാംഗീകൃത മുഫ്തിയായിരുന്ന മഹാന്‍ അറബി പേര്‍ഷ്യന്‍ ഭാഷകളില്‍ കാവ്യ രചനയും നടത്തിയിരുന്നു.  

ഗുരുക്കളും ശിഷ്യന്മാരും

അറിവിന്റെ വെളിച്ചം തേടി നാടുകളും രാജ്യങ്ങളും ചുറ്റിക്കറങ്ങിയ തഫ്താസാനിക്ക് തലയെടുപ്പുള്ള ഗുരുേ്രശഷ്ഠരുടെ ശിഷ്യത്യം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായി. പൗരസ്ത്യ ദേശത്തെ മുഖ്യഖാസിയായിരുന്ന അളുദുദ്ദീന്‍ അല്‍ഈജി, ഖുതുബുദ്ദീന്‍ അല്‍റാസി, ബഹാഉദ്ദീന്‍ അസ്സമര്‍ഖന്ദി, സിയാഉദ്ദീന്‍ അല്‍ഖസ്‌വീനി തുടങ്ങിയവരാണ് പ്രധാന ഗുരുക്കള്‍.
വിവിധ ജ്ഞാന ശാഖകളില്‍ പ്രസിദ്ധനായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തഫ്താസാനിയെത്തേടി വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തി. അദ്ദേഹത്തന്റെ ശിഷ്യരിലധികവും പില്‍ക്കാലത്ത് ഉന്നത സ്ഥാനങ്ങളിലെത്തിച്ചേര്‍ന്നിട്ടുണ്ട്. പാശ്ചാത്യന്‍ ചിന്തകരും അധ്യാപകരും അദ്ദേഹത്തന്റെ ഗ്രന്ഥങ്ങള്‍ അരിച്ചുപൊറുക്കി ജ്ഞാന ദാഹം തീര്‍ത്തു. ഹുസാമുദ്ദീന്‍ അബീവര്‍ദി, ഹൈദറുബ്‌നു അഹ്മദ് അല്‍റൂമി, അലാഉദ്ദീന്‍ അല്‍റൂമി, മുഹമ്മദ് ബ്‌നു അത്വാഹ് അല്‍റാസി, അലാഉദ്ദീന്‍ അല്‍ബുഖാരി, ജമാലുദ്ദീന്‍ യൂസുഫ് അല്‍ഹല്ലാജ്, ശംസുല്‍ കരീമി തുടങ്ങിയവരാണ് പ്രമുഖ ശിഷ്യന്മാര്‍.
 
രചനാ ലോകത്തെ വിസ്മയം

അനുഗ്രഹീത തൂലികയിലൂടെ  അനശ്വരനായിത്തീര്‍ന്ന അത്ഭുത പ്രതിഭയായിരുന്നു തഫ്താസാനി. അത്രയധികം കനപ്പെട്ട രചനകള്‍ ആ കരങ്ങളിലൂടെ  വെളിച്ചം കണ്ടിട്ടുണ്ട്. വിജ്ഞാന യാത്രയിലെ പ്രാരംഭ കാലത്ത് നസയില്‍ കഴിയുമ്പോള്‍ ഇസ്സൂദ്ദീന്‍ അബുല്‍ ഫള്‌ല് ഇബാറാഹീം ഇബ്‌നു അബ്ദില്‍ വഹാബി  അസ്സന്‍ജാനിയുടെ  വ്യഖ്യാതമായ വ്യാകരണ ഗ്രന്ഥത്തിന് വിശദീകരണമെഴുതിയാണ് രചനാ ലോകത്തേക്ക് കാലെടുത്തുവെച്ചത്. അന്നദ്ദേഹത്തിന് വെറും പതിനാറ് വയസ്സ് മാത്രമായിരുന്നു പ്രായം. ശറഹു തസ്‌രീഫിസ്സന്‍ജാനി, ശറഹു തസ്‌രീഫില്‍ ഇസ്സി എന്നീ പേരുകളിലാണ് ഈ വ്യാഖ്യാന ഗ്രന്ഥം അറിയപ്പെടുന്നത്. പിന്നീട് വ്യത്യസ്ത വിജ്ഞാനീയങ്ങളിലായി കാലാതീതമായ നിരവധി രചനകള്‍ ആ തൂലികയിലൂടെ പിറവിയെടുത്തു. പണ്ഡിതരും ഗവേഷകരും വിദ്യാര്‍ത്ഥകളും ഇന്നും അവലംബിക്കുകയും നിരവധി പാഠശാലകളിലെയും സര്‍വ്വകലാശാലകളിലെയും പാഠ്യപദ്ധതിയില്‍ സ്ഥാനം പിടിക്കുകയും ചെയ്ത ആധികാരിക ഗ്രന്ഥങ്ങളാണ് അദ്ദേഹത്തിന്റെ രചനകളിലധികവും. അകക്കാമ്പുകളിലെ മികവിലും  ആധികാരികതയിലും ഒരു പടി മുന്നിലായാരുന്ന തഫ്താസാനിയുടെ രചനകള്‍ എണ്ണത്തിലും വിജ്ഞാനീയങ്ങളുടെ വകഭേദങ്ങളിലും വേറിട്ടു നില്‍ക്കുന്നവയായിരുന്നു. ഹിജ്‌റ 784 /ക്രി.1382ല്‍ ചരിത്രാകാരനായ സഞ്ചാരി ഇബ്‌നു ഖള്‍ദൂന്‍ ഈജിപ്ത് സന്ദര്‍ശിച്ചപ്പോള്‍ തഫ്താസാനിയുടെ രചനകള്‍ കണ്ട് വിസ്മയത്തോടെ രേഖപ്പെടുത്തിയതിങ്ങനെയാണ്: 'ഖുറാസാനിലെ സഅദുദ്ദീന്‍ തഫ്താസാനി എന്ന പണ്ഡിതന്റെ ഗ്രന്ഥങ്ങളുമായി  ഞാന്‍ പരിചയപ്പെടുകയുണ്ടായി. അവ കര്‍മ്മശാസ്ത്രം, നിദാന ശാസ്ത്രം, വിശ്വാസം, അലങ്കാരം തുടങ്ങി നിരവധി വിജ്ഞാനീയങ്ങള്‍ ഉള്‍കൊള്ളുന്നതും ഈ ശാഖകളിലെല്ലാം അദ്ദേഹത്തിന്റെ ഭദ്രമായ അടിത്തറയും സമര്‍ത്ഥന നൈപുണ്യവും വിളിച്ചോതുന്നവയുമായിരുന്നു'. 

ഹദീസ്, തഫ്‌സീര്‍, ശാഫി ഹനഫി കര്‍മ്മശാസ്ത്രം, നിദാന ശാസ്ത്രം, ഫിഖ്ഹുലുഗ, വ്യാകരണം, അലങ്കാരം, തര്ക്കശാസ്ത്രം, വചന ശാസ്ത്രം തുടങ്ങിയ വ്യത്യസ്ത  വിജ്ഞാനീയങ്ങളില്‍ പ്രൗഢമായ രചന ആ അനുഗ്രഹീത തൂലികയില്‍ നിന്നും നിര്‍ഗളിച്ചിട്ടുണ്ട്. പതിനാറാം വയസ്സില്‍ രചിച്ച ശറഹുതസ് രീഫിസ്സന്‍ജാനിക്ക് പുറമെ അദ്ദേഹത്തിന്റെ മറ്റൊരു വ്യാകരണ ഗ്രന്ഥമാണ്  ഇര്‍ശാദുല്‍ ഹാദി. തര്‍ക്കശാസ്ത്രത്തിലെ രണ്ട് പ്രധാന രചനകളാണ് ശറഹുരിസാലത്തില്‍ ശംസിയ്യയും തഹ്ദീബുല്‍ മന്‍ത്വിഖി വല്‍കലാമും. ശാഫി ഹനഫി സരണികളില്‍ ഒരുപോലെ ഫത്‌വ നല്‍കിയിരുന്ന മഹാന്റെ ഈ മേഖലയിലെ തൂലികാ സംഭാവനകളാണ് മിഫ്താഹ് എന്ന പേരിലറിയപ്പെടുന്ന അല്‍മിഫ്താഹു ഫീ ശുറൂഹി ശാഫിഇയ്യയും അത്തല്‍ഖീഹു ഇലാ ഹഖാഇഖിത്തന്‍ഖീഹും. 

പ്രമുഖ മുഫസ്സിര്‍ സമഖ്ശരിയുടെ അല്‍കശ്ശാഫിന് തഹ്താസാനി എഴുതിയ വിശദീകരണ ഗ്രന്ഥമാണ് തല്‍ഖീസുല്‍ കശ്ശാഫ്. കശ്ഫുല്‍ അസ്‌റാറി  വ ഉദ്ദതുല്‍ അബ്‌റാന്‍ എന്ന പേരില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ഒരു ഖുര്‍ആന്‍ വ്യാഖ്യാനവും അദ്ദേഹം രചിച്ചിട്ടുണ്ട്. 
വിഖ്യാത ദൈവശാസ്ത്ര പണ്ഡിതനായ ഇമാം നസഫിയുടെ അല്‍അഖാഇദ് എന്ന കൃതിക്ക് ഇദ്ദേഹമെഴുതിയ വ്യാഖ്യാനം ശറഹുല്‍ അഖാഇദ് ആഗേള തലത്തില്‍ തന്നെ അഹ്‌ലുസ്സുന്നയുടെ വിശ്വാസ പ്രമാണങ്ങളുടെ ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. 
 അറബി അലങ്കാര ശാസ്ത്രത്തിന്റെ കുലപതികളിലൊരാള്‍ കൂടിയാണ് തഫ്താസാനി. ഇല്‍മുല്‍ ബയാന്‍, ഇല്‍മുല്‍ മആനി, ഇല്‍മുല്‍ ബദീഅ് തുടങ്ങിയ ഇതിവൃത്തങ്ങളില്‍ നിരവധി രചനകള്‍ നടത്തിയ മഹാന്റെ മാസ്റ്റര്‍ പീസാണ് ദിമിശ്ഖിലെ ഖത്വീബ് എന്നറിയപ്പെടുന്ന ഖസ്‌വീനി ഇമാമിന്റെ തല്‍ഖീസുല്‍ മിഫ്താഹിന്റെ വ്യാഖ്യാന ഗ്രന്ഥം. അല്‍മുത്വവ്വല്‍ എന്നറിയപ്പെടുന്ന ആദ്യം രചിച്ച ബ്രഹത്തായ വ്യാഖ്യാന ഗ്രന്ഥവും അതിനെ സംസ്‌കരിച്ച് സംക്ഷിപ്തമാക്കി രണ്ടാമത് രചിച്ച മുഖ്തസറും അറബി അലങ്കാര സാഹിത്യത്തിലെ ആധികാരിക അവലംബങ്ങളാണ്. അല്‍മുത്വവ്വലിന്റെ രചന നിര്‍വ്വഹിക്കുമ്പോള്‍ അദ്ദേഹത്തിന് വെറും ഇരുപത് വയസ്സായിരുന്നു പ്രായം. ഇതിന്റെ രചന പൂര്‍ത്തിയായപ്പോള്‍ അന്നത്തെ സുല്‍ത്താന്‍ തിമൂര്‍ ലംഗ് ഹറാത് കോട്ടയുടെ വാതായനത്തില്‍ ഈ ഗ്രന്ഥം കെട്ടിത്തൂക്കിയിരുന്നതായി ചരിത്രത്തില്‍ കാണാം. അവസാന കാലത്ത് തല്‍ഖീസിന്റെ തന്നെ മൂല്യ കൃതിയായ ഇമാം സകാകിയുടെ മിഫ്താഹില്‍ ഉലൂമിന് സ്വതന്ത്രമായ വിശദീകരണവുമെഴുതിയിട്ടുണ്ട്. അല്‍മഖാസിദു ഫീ  ഇല്‍മില്‍ കലാം, അത്തല്‍വീഹു ഫീ കശ്ഫി ഹഖാഇഖിത്തന്‍ഖീഹ്, അന്നിഅമുസവാബിഅ് ഫീ ശറഹില്‍ കലിമിത്തവാബിഅ് തുടങ്ങിയ മറ്റനേകം ഗ്രന്ഥങ്ങളും ഈ അനുഗ്രഹീത തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്. 

Also Read:ഇമാം റാസി(റ): ജ്ഞാനലോകത്തെ അത്ഭുത പ്രതിഭ

തഫ്താസാനിയുടെ അതുല്യമായ നേട്ടങ്ങള്‍ക്കു പിന്നില്‍ വലിയ കഷ്ടപ്പാടിന്റെയും നിരന്തര പരിശ്രമത്തിന്റെയും കഥകള്‍ കൂടിയുണ്ട്. പഠനകാലത്തെ ആദ്യ നാളുകളില്‍ ഗുരുവര്യനായ അളുദുദ്ദീന്റെ പാഠശാലയില്‍ മണ്ടശിരോമണികളിലൊരാളായിരുന്നു ഇദ്ദേഹം. വിഡ്ഢിത്വത്തിനും മന്ദപ്പിനും ഉദാഹരിക്കപ്പെട്ട് സഹപാഠികളുടെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയപ്പോല്‍ അതിലൊന്നും പരിഭവിക്കാതെ അറിവിന്റെ ചക്രവാളങ്ങള്‍ തേടി കഠിന പരിശ്രമം നടത്തുകയായിരുന്നു അദ്ദേഹം. പഠന കാലത്ത് നടന്ന ഒരു അത്ഭുത സംഭവം ചരിത്രമന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ഒരപരിചിതന്‍ വന്ന് ഒരു യാത്ര പോകാനായി സഅ്ദിനെ ക്ഷണിക്കുകുയും അദ്ദേഹമത് നിരസിക്കുകയും ചെയ്തു. മൂന്ന് പ്രാവശ്യം അയാള്‍ വന്ന് വിളിച്ചെങ്കിലും യാത്ര ചെയ്യാതെ തന്നെ എന്റെ പഠനകാര്യം കഷ്ടമാണെന്ന് പറഞ്ഞ് പിന്മരറിയെങ്കിലും മൂന്നാമത്തെ വരവില്‍ ആഗതന്‍ നബിതങ്ങളാണ് വിളി്ക്കുന്നതെന്നറിയിച്ചു. ഇതുകേട്ട മാത്രയില്‍ അയാളോടൊപ്പം കിതച്ചോടിയ സഅ്ദ് മരങ്ങള്‍ നിറഞ്ഞ ഒരു സ്ഥലത്ത് മുത്ത് നബിയും സ്വഹാബത്തും മരത്തണലിലിരിക്കുന്നത് കണ്ടു. പലപ്രാവശ്യം വിളിച്ചിട്ടും വരാത്തതെന്തെന്ന് റസൂല്‍ ചോദിച്ചപ്പോള്‍ തന്റെ ബുദ്ധിക്കുറവിനെക്കുറിച്ചും ഓര്‍മ്മക്കുറവിനെക്കുറിച്ചും നബിയോട് പരാതിപ്പെട്ടു. റസൂല്‍ അദ്ദേഹത്തോട് വായ തുറക്കാനാവശ്യപ്പെടുകയും അതില്‍ തുപ്പിക്കൊടുത്ത് വിജയം കൂടെയുണ്ടാവുമെന്ന് സന്തോഷവാര്‍ത്ത ഇറിയിക്കുകയുെ ചെയ്തു. ഈ സംഭവത്തിന് ശേഷം ക്ലാസിലെത്തിയ സഅദ് പഠനത്തിലും ബുദ്ധിയിലും വലിയ മികവ് കാട്ടുകയും ശിഷ്യന്റെ മാറ്റം ശ്രദ്ധയില്‍ പെട്ട ഗുരുവര്യര്‍ ഇന്നലത്തെ സഅദല്ല ഇന്ന് കാണുന്നതെന്ന് പറഞ്ഞ് ശിഷ്യനെ തന്റെ ഇരിപ്പിടത്തില്‍ ഇരുത്തി അനുഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് വിജ്ഞാന ലോകത്തെ അത്ഭുതമായി സഅദ് വളര്‍ന്നു വരികയും ഉന്നത സോപാനങ്ങള്‍ കീഴടക്കുകയും ചെയ്തു. 

വഫാത്

അറിവിന്റെ അക്ഷരച്ചെപ്പുകള്‍ വാരിവിതറി എട്ടാം നൂറ്റാണ്ടിന്റെ വിസ്മയമായി മാറിയ മഹാന്‍ ഹിജ്‌റ 791/ക്രി.1389 ല്‍ സമര്‍ഖന്ദിലാണ് വഫാതായത്. ഏകദേശം എണ്‍പത് വയസ്സ് പ്രായമുണ്ടായിരുന്നു. മഹാന്റെ ജനന മരണ വര്‍ഷങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുള്ളതിനാല്‍ കൃത്യമായ വയസ്സ് രേഖപ്പെടുത്തിയിട്ടില്ല. ശക്തമായ മനോവിഷമമായിരുന്നു അദ്ദേഹത്തിന്റെ മരണ കാരണമെന്ന് പറയപ്പെടുന്നു. അക്കാലത്തെ വൈജ്ഞാനിക സംവാദങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്ന തഫ്താസാനി സമകാലികനായ ശരീഫുല്‍ ജുര്‍ജാനിയുമായ നടത്തിയ ഖണ്ഡന ചര്‍ച്ചകള്‍ ലോക പ്രസക്തമാണ്. അവര്‍ക്കിടയിലെ ഒരു സംവാദത്തില്‍ മധ്യസ്ഥനായിരുന്ന മുഅ്തസലി പക്ഷക്കാരനായ നുഅ്മാന്‍ പക്ഷപാതപരമായി ഇടപ്പെട്ട് ഇദ്ദേഹത്തെ അവഗണിക്കുകയും  തിമൂര്‍ ലംഗിന്റെ രാജസന്നിധിയില്‍ നടന്ന മറ്റൊരു ചര്‍ച്ചയില്‍ ഇരുവരും സമര്‍ത്ഥമായി വിഷയം അവതരിപ്പിക്കുകയും രാജാവിന് രണ്ട് പക്ഷവും നന്നായി ബോധ്യപ്പെടുകയും ചെയ്‌തെങ്കിലും അറിവില്‍ രണ്ട് പേരും തുല്യരാണെങ്കിലും  ജുര്‍ജാനി ഉന്നത കുടുംബത്തിലായതിനാല്‍ രാജാവ് അദ്ദേഹത്തെ മഹത്വപ്പെടുത്തുകയുണ്ടായി. ഈ വിവേചനങ്ങള്‍ മഹാനെ മാനസികമായി തളര്‍ത്തിയെന്നാണ് പറയപ്പെടുന്നത്. തഫ്താസാനിയുടെ വഫാത്തോടെ എട്ടാം നൂറ്റാണ്ടിന്റെ ധൈഷണിക വിപ്ലവത്തിന് കടിഞ്ഞാന്‍ പിടിച്ച വിത്യസ്ത വിജ്ഞാനീയങ്ങളുടെ ആധികാരിക ശബ്ദമാണ് വിടവാങ്ങിയത്. സമര്‍ഖന്ദിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter