ജലാലുദ്ദീന്‍ റൂമി (1207-1273)

കവി, തത്ത്വജ്ഞാനി, സൂഫി എന്നീനിലകളില്‍ പ്രസിദ്ധനായ റൂമി, മൗലവി എന്ന ആദ്ധ്യാത്മിക സരണിയുടെ സ്ഥാപകനാണ്. 1207 സെപ്തംബര്‍ മുപ്പതിന് പേര്‍ഷ്യയുടെ വടക്കു കിഴക്കന്‍ പ്രവിശ്യയായ ബല്‍ഖിലെ ഒരു ഭക്ത കുടുംബത്തില്‍ ജനിച്ചു. (ഇപ്പോള്‍ ഈ സ്ഥലം അഫഗാനിസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്.) മൗലാനാ ജലാലുദ്ദീന്‍ മുഹമ്മദ് ബിന്‍ ഹുസൈന്‍ അര്‍റൂമി എന്ന് പൂര്‍ണ്ണ നാമം. വിഖ്യാത മതപണ്ഡിതന്‍ ബഹാഉദ്ദീനാണ് പിതാവ്. അദ്ദേഹത്തില്‍നിന്നാണ് ജലാലുദ്ദീന്‍ റൂമി പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

തന്റെ അഞ്ചാമത്തെ വയസ്സില്‍ റൂമിയുടെ കുടുംബം ബാഗ്ദാദിലേക്ക് താമസം മാറ്റി. മൂന്നുവര്‍ഷത്തിനു ശേഷം അവിടെനിന്നും ഹജ്ജിനായി മക്കയിലേക്ക് തിരിച്ചു. ശേഷം, ഡമസ്‌കസിലേക്കും പിന്നെ, മാല്‍ദിയ(വെസ്റ്റേണ്‍ യൂഫ്രട്ടീസ്)യിലേക്കും ചെന്നെത്തി. ഒരു ദശകക്കാലം പലയിടങ്ങളിലായി സഞ്ചരിച്ച കുടുംബം അവസാനമായി പേര്‍ഷ്യയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ കൊനിയയില്‍ വന്നു സ്ഥിരതാമസമാക്കി. ഏകദേശം, 1226 നോടനുബന്ധിച്ച വര്‍ഷങ്ങളിലായിരുന്നു ഇത്.  ഇന്ന് ഈ സ്ഥലം തുര്‍ക്കിയിലാണ് പെടുന്നത്. അക്കാലത്തിത് സല്‍ജൂഖ്  ഭരണകൂടത്തിന്റെ ഭാഗവും അവരുടെ തലസ്ഥാന നഗരിയുമായിരുന്നു. മംഗോളിയന്മാരുടെ ആക്രമണങ്ങളും കൊലവിളികളും ഭയന്നായിരുന്നു റൂമികുടുംബത്തിന്റെ ഈ പലായനങ്ങള്‍.

പത്തൊമ്പതാമത്തെ വയസ്സില്‍ റൂമി വിവാഹിതനായി. ജൗഹര്‍ ഖാത്തൂനായിരുന്നു ഭാര്യ. 1231 ല്‍ പിതാവ് മരണപ്പെട്ടു. അന്ന് റൂമിക്ക് 24 വയസ്സുണ്ടായിരുന്നു. അതോടെ അദ്ദേഹം പിതാവ്   പഠിപ്പിച്ചിരുന്ന കൊനിയയിലെ ഒരു കലാലയത്തില്‍ മതാദ്ധ്യാപകനായി കയറി. പിതാവിനുശേഷം, പിതാവിന്റെ അടുത്ത സുഹൃത്തായിരുന്ന സയ്യിദ് ബുര്‍ഹാനുദ്ദീനായിരുന്നു അദ്ദേഹത്തിന് ആത്മീയ ശിക്ഷണം നല്‍കിയിരുന്നത്. തുടര്‍ന്നുള്ള ഒമ്പത് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനത്തിലായിരുന്നു. അതിനിടെ നാല്‍പത് ദിവസത്തെ പ്രത്യേഗം പരിശീലനങ്ങളും ചില ധ്യാനമുറകളും അദ്ദേഹം നല്‍കിയിരുന്നു.

അതോടെ, മത ആദ്ധ്യാത്മിക രംഗത്തെ ഒരു ഉന്നത പണ്ഡിയനായി റൂമി പരിഗണിക്കപ്പെട്ടു. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ റൂമി ഉപരി പഠനത്തിനായി അലപ്പോയിലേക്ക് പോയി.            ശേഷം, ഡമസ്‌കസിലേക്കും അദ്ദേഹം കടന്നുചെന്നു. തുടര്‍ന്നുള്ള നാല് വര്‍ഷങ്ങള്‍ അന്നത്തെ സുപ്രസിദ്ധപണ്ഡിതരുമായി ആദ്ധ്യാത്മിക ബന്ധം സ്ഥാപിച്ച് കഴിച്ചുകൂട്ടി. സയ്യിദ് ബുര്‍ഹാനുദ്ദീനാണ് അദ്ദേഹത്തിന് ആത്മീയ ശിക്ഷണം നല്‍കിയിരുന്നത്.

ദര്‍വീശൂം സൂഫിയും
വര്‍ഷങ്ങള്‍ കഴിഞ്ഞുപോകുംതോറും റൂമിയുടെ ജ്ഞാനവും ദൈവബോധവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അതോടെ, താന്‍ തന്റെ സുഹൃത്തികന്റെ മകനില്‍ തന്റെ ദൗത്യം പൂര്‍ത്തീകരിച്ചിരിക്കുന്നുവെന്ന് ബുര്‍ഹാനുദ്ദീന് ബോദ്ധ്യമായി. അദ്ദേഹം സ്തൃപ്തിയോടെ സ്വദേശത്തേക്കുതിരിച്ചു. അതിനുമുമ്പ്, ഇനിയും താങ്കളെ ആദ്ധ്യാത്മികതയുടെ ആഴങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുപോകാന്‍ ഒരു ദര്‍വീശ് കടന്നുവരുമെന്ന് അദ്ദേഹം റൂമിക്ക് വിവരം നല്‍കിയിരുന്നു.
ഒടുവില്‍ അത് വന്നണഞ്ഞു. 1244 നവംബര്‍ 28 ന് റൂമി അലഞ്ഞുതിരിയുന്ന ദര്‍വീഷ് ശംസുദ്ദീന്‍ തബ്‌രീസിയെ ആദ്യമായി കണ്ടുമുട്ടി. ‘അദ്ദേഹത്തിന് മുമ്പില്‍ ഒരു ദിവ്യാനുഭവം എനിക്കനുഭവപ്പെട്ടു… ഒരു ജയിലിലെന്ന പ്രതീതിയായിരുന്നു അപ്പോള്‍.’  ഈ സംഗമത്തെക്കുറിച്ച് പിന്നീട് റൂമി അനുസ്മരിച്ചത് അങ്ങനെയായിരുന്നു. ഈ സംഗമത്തിനുമുമ്പ് റൂമി ഒരു മതപണ്ഡിതനും വിഖ്യാത സൂഫിയുമായിരുന്നു. എന്നാല്‍, ഈ സംഗമത്തോടെ അദ്ദേഹം മാനുഷ്യകത്തോട് സ്‌നേഹവും അനുരാഗവും നിറഞ്ഞ ഒരു കവിയായിമാറി.

പക്ഷെ, ഈ കൂട്ടുകെട്ട് താരതമ്യേന കാലദൈര്‍ഘ്യം കുറഞ്ഞതായിരുന്നു. 1246 ല്‍ ശംസ് അദ്ദേഹത്തെ വിട്ടുപോയി. റൂമിയുടെ മകന്‍ സൂല്‍ഥാന്‍ വാലിദ് അദ്ദേഹത്തെ ഡമസ്‌കസിലേക്ക്  കൊണ്ടുവരാനും ബന്ധം പുന:സ്ഥാപിക്കാനും ശ്രമം നടത്തി. പക്ഷെ, 1247 ഓടെ അദ്ദേഹം ഒരിക്കലും കണ്ടെത്തപ്പെടാനാകാത്ത വിധം അപ്രത്യക്ഷനാവുകയായിരുന്നു. ഇതോടെ അതീവ ദു:ഖിതനായ റൂമി തന്റെ ആത്മമിത്രം നഷ്ടപ്പെട്ട വേതനയില്‍ 30,000 ത്തോളം വരികള്‍ വരുന്ന ഒരു കവിത എഴുതി. ഈ അസാധാരണ ബന്ധത്തില്‍ അപ്രിയരായിരുന്ന ആരോ അദ്ദേഹത്തെ വധിക്കുകയായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ആത്മീയതയുടെ ഈരടികള്‍
ശംസുമായുള്ള പ്രഥമ ആത്മീയബന്ധത്തിന്റെ പത്തുവര്‍ഷങ്ങള്‍ക്കുശേഷം മുതല്‍തന്നെ റൂമി ഗസല്‍ രചന ആരംഭിച്ചിരുന്നു. ഇത് പിന്നീട് ദീവാനെ കബീര്‍ എന്നപരില്‍ ബൃഹത്തായൊരു ഗ്രന്ഥമായി സമാഹരിക്കപ്പെടുകയുണ്ടായി. ഇക്കാലയളവില്‍ റൂമി  ഹുസാമുദ്ധീന്‍ ചലപിയുമായി ആഴത്തിലുള്ള ആത്മീയ ബന്ധം സ്ഥാപിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം റൂമിയോട് ജനങ്ങള്‍ക്ക് ഹൃദയശമനിയായൊരു ഗ്രന്ഥം തയ്യാറാക്കിത്തരാന്‍ ആവശ്യപ്പെട്ടു. റൂമി പുഞ്ചിരിച്ചുകൊണ്ട് തന്റെ തലപ്പാവിനുള്ളില്‍നിന്നും ഒരു കടലാസുകഷ്ണം പുറത്തെടുത്തുനീട്ടി. തന്റെ വിഖ്യാത കൃതി മസ്‌നവിയുടെ ആരംഭത്തിലുള്ള 18 വരികളായിരുന്നു അതിലുണ്ടായിരുന്നുത്. ‘ശ്രവിക്കുക; ഈ പുല്ലാങ്കുഴലിന്‍ കഥനങ്ങള്‍…വേര്‍പാടിന്റെ നെടുവീര്‍പ്പുകള്‍…’ എന്നിങ്ങനെയായിരുന്നു അതിന്റെ തുടക്കം.
അല്‍ഭുതപ്പെട്ട ഹുസാമുദ്ദീന്‍ സന്തോഷംകൊണ്ട് കണ്ണീര്‍ പൊഴിച്ചു. ഉടനെത്തന്നെ അത് പൂര്‍ണ്ണമായി എഴുതിത്തരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷെ, ‘താങ്കള്‍ അത് എഴുതിയെടുക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ പറഞ്ഞുതരാം’ എന്നായിരുന്നു റൂമിയുടെ പ്രിതികരണം.

ശേഷം, ഹുസാമുദ്ദീന്‍ റൂമിയുടെ അധരങ്ങളില്‍നിന്നും അവ പകര്‍ത്തിക്കൊണ്ടിരുന്നു. അദ്ദേഹം പിന്നീട് ഇത് ഇങ്ങനെ അനുസ്മരിക്കുന്നു: ”മസ്‌നവിയടെ രചനാവേളയില്‍ അദ്ദേഹം പേന കയ്യിലെടുത്തിട്ടേയില്ല. കലാലയത്തിലാവട്ടെ, ഇല്‍ഗിന്‍ ഉഷ്ണമേഘലകളിലാകട്ടെ കൊനിയന്‍ കുളിമുറികളിലാകട്ടെ മേരാം മുന്തിരിത്തോപ്പുകളിലാകട്ടെ അദ്ദേഹം എന്തു ഉരുവിടുന്നുവോ ഞാന്‍ അത് പകര്‍ത്തിക്കൊണ്ടിരുന്നു. ചിലപ്പോള്‍ രാപ്പകലുകള്‍ വിത്യാസമില്ലാതെ അദ്ദേഹത്തെ പിന്തുടരേണ്ടിയിരുന്നു. ചിലപ്പോഴാകട്ടെ മാസങ്ങളോളം അല്ലങ്കില്‍ വര്‍ഷങ്ങളോളം ഇവ്വിഷയകമായി യാതൊന്നും പറയുകയും ചെയ്യുമായിരുന്നില്ല. ഓരോ പുസ്തകവും എഴുതിക്കഴിയുമ്പോഴും ഞാന്‍ അദ്ദേഹത്തിന് ഒരാവൃത്തി  വായിച്ചുകേള്‍പ്പിക്കുമായിരുന്നു. വല്ല പിശകുകളും പിണഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം അത് തിരുത്തിത്തരുമായിരുന്നു.”

24,660 ഈരടികളിലായി പരന്നുകിടക്കുന്ന ഏഴു വാള്യങ്ങളുള്ള ഈ മഅ്‌നവിയെ മസ്‌നവിയാണ്  വിരചിതമായ ആത്മീയ സംബന്ധമായ രചനകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇതില്‍ അധികവും തന്റെ മാതൃഭാഷയായ ഫാരിസിയിലും ചിലത് അറബിയിലുമാണ്. ദൈവസ്‌നേഹത്തെ മുഖ്യവിഷയമാക്കി മനുഷ്യന്റെ പ്രശ്‌ന പരിഹാരത്തിലേക്കും ജീവിതാര്‍ത്ഥത്തിലേക്കും ദൈവസാമീപ്യത്തിലേക്കും കൂട്ടിക്കൊണ്ടുപോവുകയാണ് ഈ കൃതി ചെയ്യുന്നത്. ലോകത്തെതന്നെ ഏറ്റവും വലിയ ആത്മീയജ്ഞാന പ്രകാശനസംബന്ധിയായ ഈ കൃതിയില്‍ അതീന്ദ്രിയ ജ്ഞാനം, ധര്‍മം, മതം, സംസ്‌കാരം, രാഷ്ട്രീയം, അഭ്യന്തര പ്രശ്‌നങ്ങള്‍, സൂഫിസം തുടങ്ങി അനവധി വിഷയങ്ങള്‍ അനാവൃതമാകുന്നുണ്ട്. ഇസ്‌ലാമിക ചിന്തയെയും സാഹിത്യത്തെയും മസ്‌നവി ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. പ്രകൃതി ലോകങ്ങളും ഭൂമിശാസ്ത്രവും ചരിത്രവും എല്ലാം ഇതില്‍ തെളിഞ്ഞുവരുന്നു.

ദീവാനെ ശംസ് എന്നപേരില്‍ റൂമി മറ്റൊരു കവിതാസമാഹാരം തയ്യാറാക്കിയിട്ടുണ്ട്. ശംസ് തിബ്‌രീസിയുടെ അപതാനങ്ങളാണ് അതില്‍ നിറഞ്ഞുനില്‍ക്കുന്നത്. 45,000 ഈരടികളുള്ള ഇത് ഫാരിസിയിലാണ്. ഫീഹി മാ ഫീഹി അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ചിന്തകളുടെ മറ്റൊരു സമാഹാരാമാണ്.

ചുറ്റിത്തിരിയുന്ന ദര്‍വീശുമാര്‍
വിഖ്യാത സൂഫീ ജ്ഞാനി ജലാലുദ്ദീന്‍ റൂമി 1273 ഡിസംബര്‍ 17 സൂര്യാസ്തമയ സമയം ലോകത്തോട് വിടപറഞ്ഞു. അഞ്ച് സമുദായത്തില്‍പെട്ട ആളുകള്‍ അദ്ദേഹത്തിന്റെ ജനാസയെ (ശവമഞ്ചം) പിന്തുടര്‍ന്നിരുന്നു. പിതാവിനടുത്തുതന്നെയാണ് അദ്ദേഹം  അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെ ഇന്ന് 13 ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട മൗലാനാ ശവകുടീരം സ്ഥിചെയ്യുന്നു. ഇതിനോടനുബന്ധമായി ഒരു പള്ളി, നൃത്ത മുറി, ദര്‍വീശ് കോട്ടേഴ്‌സ്, സ്‌കൂള്‍,   മൗലവി ഥരീഖത്തിലെ മറ്റു ആചാര്യന്മാരുടെ ഖബറുകള്‍ തുടങ്ങിയവ നിലകൊള്ളുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും  വിവിധയിനം തീര്‍ത്ഥാടകര്‍ ഇവിടെക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.

ജലാലുദ്ദീന്‍ റൂമി സ്ഥാപിച്ച മൗലവി ഥരീഖത്തിന്റെ ആചാര്യന്മാര്‍ ഇന്ന് ആത്മീയരംഗത്തെ ചുറ്റിത്തിരിയുന്ന ദര്‍വീശൂമാര്‍ എന്നാണ് അറിയപ്പെടുന്നത്. ദൈവത്തെ അന്വേഷിക്കുന്ന ആത്മീയ ധാരകള്‍ ഇന്ന് ഏറെ അസാധാരണമായി രംഗപ്രവേശം ചെയ്തിരിക്കുന്നു.

ആത്മീയ രംഗത്തെ ഇടപെടലുകള്‍ നടത്തി, അന്നത്തെപ്പോലെ ദര്‍വീശുമാരുടെ ഒരു രഹസ്യസംഘം നാടിന്റെ നാനാഭാഗത്തുകൂടെയും ഇറങ്ങിനടക്കാന്‍ സമയം ഇനിയും ഏറെ വൈകേണ്ടിവരില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter