മാമാ അബ്‍ലാ: ആദര്‍ശധീരയായ പണ്ഡിത വനിത

ഇസ്‍ലാമിക നാഗരികതയെയും അതിന്റെ ചരിത്രത്താളുകളെയും വൈജ്ഞാനിക സംഭാവനകള്‍ കൊണ്ട് പ്രശോഭിതമാക്കിയ അതുല്യ പ്രതിഭകളായ വനിതാ രത്‌നങ്ങള്‍ ചരിത്രങ്ങളിലുടനീളം വെളിച്ചം പരത്തി കടന്നുപോയിട്ടുണ്ട്. അത്തരം മഹിളാ ശൃംഖലയിലെ അവസാന കണ്ണികളില്‍ ഏറ്റവും പ്രധാനിയാണ് ആദര്‍ശധീരയായ അബ്‍ലാ അല്‍കഹ്‍ലാവി എന്ന ഈജിപ്ഷ്യന്‍ നവോത്ഥാന നായിക. ഇസ്‍ലാമിന്റെ തനതായ രൂപം അഹ്‍ലുസ്സുന്നതി വല്‍ ജമാഅതിന്റെ ആദര്‍ശധാരയിലൂന്നി മാതൃകാജീവിതം നയിച്ച മഹതി അസംഖ്യം വിദ്യാര്‍ത്ഥികളുടെ അധ്യാപികയും നിലാരംബരായ അനാഥരുടെ സ്‌നേഹ നിധിയായ മാതാവും അബലരായ മാരക രോഗങ്ങള്‍ പേറി നടക്കുന്നവരുടെ തണലുമായിരുന്നു. വൈജ്ഞാനിക മൂല്യങ്ങളുടെ ആദാനപ്രദാനങ്ങളില്‍ തന്റെ ജീവിതം ഉഴിഞ്ഞു വെക്കുകയും താനാര്‍ജ്ജിച്ച വിജ്ഞാനത്തിനനുസൃതം സമൂഹത്തിലിടപെടുകയും ചെയ്ത അവര്‍ സ്ത്രീ വിദ്യാഭ്യാസത്തിനും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും എന്നും വലിയ പ്രചോദനമാണ്. അവര്‍ ചെയ്ത വൈജ്ഞാനിക സംഭാവനകളും സാമൂഹിക സേവനങ്ങളും കാരണമായി ജനങ്ങള്‍ അവരെ സ്‌നേഹത്തോടെ മാമാ അബ്‍ലാ എന്നാണ് വിളിച്ചുപോന്നത്.

ഹിജ്റ വര്‍ഷം 1368 സ്വഫര്‍ 14 ന് (1948-ഡിസംബര്‍ 15)ന് ഈജിപ്തിലെ കൈറോയിലായിരുന്നു അബ്‍ലാ അല്‍കഹ്‍ലാവിയുടെ ജനനം. പിതാവ് അബ്ദുല്‍ ലത്വീഫ് മുര്‍സി അസ്ഹരി പണ്ഡിതനും അറബിക് മ്യൂസിക്കല്‍ (നശീദ്) ആര്‍ട്ടിസ്റ്റുമായിരുന്നു. ഫോറിന്‍ സര്‍വീസില്‍ താത്പര്യം പ്രകടിപ്പിച്ച പുത്രിയില്‍ വലിയ ആധിയുണ്ടായിരുന്ന പിതാവ്, തന്റെ ഹിതപ്രകാരം മകളെ അസ്ഹറിലേക്കയച്ചു. 1969 ല്‍ ഡിഗ്രി പൂര്‍ത്തീകരിച്ച അബ്‍ലാ 1974 ല്‍ താരതമ്യ ഫിഖ്ഹില്‍ പി.ജിയും നാലുവര്‍ഷം കൊണ്ട് പി.എ.ച്.ഡിയും നേടി.

അധ്യാപന ഗോദയിലേക്കിറങ്ങിയ ഡോ. അബ്‍ലാ മാതൃസ്ഥാപനമായ അല്‍ അസ്ഹര്‍ വനിതാ വിഭാഗം പ്രൊഫസറായും ഡിപ്പാര്‍ട്‌മെന്റ് ഡീന്‍ ആയും സേവനമനുഷ്ഠിച്ചു. ഇടക്കാലത്ത് റിയാദിലെ കുല്ലിയത്തുതര്‍ബിയ വനിതാ കോളേജില്‍ പ്രൊഫസറായും മക്കയിലെ കുല്ലിയത്തുതര്‍ബിയ കോളേജില്‍ ശരീഅ വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചു. 1987 - 89 കാലഘട്ടം മസ്ജിദുല്‍ ഹറമില്‍ വെച്ച്, വ്യത്യസ്ത നാടുകളില്‍നിന്നും തീര്‍ത്ഥാടനത്തിനെത്തുന്ന വനിതകളുമായി നേരിട്ട് സംവദിക്കുന്നതിലും സംശയനിവാരണം നടത്തുന്നതിലുമേര്‍പ്പെട്ടു. പിന്നീട് കൈറോയിലേക്ക് മടങ്ങിയ അബ്‍ലാ അല്‍കഹ്‍ലാവി ബസാതീന്‍ പ്രവിശ്യയിലെ അല്‍കഹ്‍ലാവി മസ്ജിദില്‍ സ്ത്രീകള്‍ക്കായുള്ള, വിശ്വാസ കര്‍മശാസ്ത്രങ്ങളിലെ പ്രത്യേക ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

2009 ല്‍ 'ജോര്‍ദാനിലെ റോയല്‍ ഇബ്‍ലാമിക് സ്ട്രാറ്റജിക് സെന്റര്‍' പുറത്തുവിട്ട, ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‍ലിംകളില്‍ പ്രധാന വനിത അബ്‍ലാ അല്‍കഹ്‍ലാവി തന്നെയായിരുന്നു. സ്ത്രീ കേന്ദ്രീകൃത വിഷയങ്ങളിലെ ആധികാരിക ശബ്ദവും ലോകത്തിലെ പ്രശസ്ത സ്ത്രീ സ്‌കോളര്‍ഷിപ് കേന്ദ്രങ്ങളിലൊന്നിന്റെ മുഖ്യ കാര്യദര്‍ശിയുമായിട്ടാണ് റോയല്‍ ഇബ്‍ലാമിക് സ്ട്രാറ്റജിക് സെന്റര്‍ അവരെ രേഖപ്പെടുത്തി വെക്കുന്നത്. 2007 ലെ റമളാനില്‍ ഡോ. അബ്‍ലാ അല്‍കഹ്‍ലാവിയുടെ നേതൃത്വത്തില്‍, അര്‍രിസാല ചാനല്‍ സംപ്രേഷണം ചെയ്തിരുന്ന 'ഫീ ഹുബ്ബില്‍ മുസ്ഥഫ' എന്ന പ്രവാചക പ്രകീര്‍ത്തന പരിപാടി ശംസ് അല്‍ബാറൂദി, ശുഐബ് അല്‍അഫാഫ് തുടങ്ങിയ ചലച്ചിത്രമേഖലയിലെയും മറ്റു മേഖലകളിലെയും പൗരപ്രമുഖര്‍ ഉള്‍പ്പെടെ ഏറെ ജനമനസ്സുകളെ സ്വാധീനിച്ചു. ഡോ. ഉസാമ അല്‍അസ്ഹരി ഒരിക്കല്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അബ്‍ലാ അല്‍കഹ്‍ലാവിയെ കുറിച്ച് ഇങ്ങനെ ഉദ്ധരിക്കുകയുണ്ടായി 'അബ്‍ലാ അല്‍ കഹ്‍ലാവി പ്രവാചകന്‍ (സ്വ)യെയും നഫീസ ബീവി ഉള്‍പ്പെടെയുള്ള മഹത്തുക്കളെയും പല പ്രാവശ്യം സ്വപ്നത്തില്‍ കാണാറുണ്ടായിരുന്നു.

ഡോ. അബ്‍ലാ അല്‍കഹ്‍ലാവിയെ കുറിച്ച് 'ഓക്‌സ്‌ഫോര്‍ഡ് എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാം ആന്‍ഡ് വുമണ്‍' ചര്‍ച്ച ചെയ്യുന്നത് ഇപ്രകാരമാണ്. 'ഇസ്‍ലാമിക ഗ്രന്ഥങ്ങളിലെ സ്ത്രീവിരുദ്ധ ആഖ്യാനങ്ങളെ വിമര്‍ശിക്കുകയും തീവ്രവാദത്തിലേക്കുള്ള പ്രവണതകള്‍ കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്ത അവര്‍ വിവാഹമോചനത്തിന് സ്ത്രീകള്‍ക്കായുള്ള അവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്തു. സഹിഷ്ണുത, മിതത്വം, അനുകമ്പ, സമാധാനം തുടങ്ങിയ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത അവര്‍ ലോകത്തെ പ്രസിദ്ധ വനിതാ പണ്ഡിതരില്‍ ഏറ്റവും പ്രധാനിയാണ്.'

അബ്‍ലാ അല്‍കഹ്‍ലാവി തന്റെ അവസാന കാലഘട്ടം ജീവകാരുണ്യ പ്രവര്‍ത്തനം കൊണ്ട് സജീവമാക്കി. ഈജിപ്തിലെ ഏറ്റവും വലിയ ചാരിറ്റി സൊസൈറ്റികളിലൊന്നായ കൈറോയിലെ അല്‍ മഖ്ത്വമില്‍ 2010 ല്‍ പ്രവര്‍ത്തനമാരംഭിച്ച ബാഖിയാതു സ്വാലിഹാത് സ്ഥാപിച്ചത് അബ്‍ലാ അല്‍കഹ്‍ലാവിയാണ്. ക്യാന്‍സര്‍ രോഗികള്‍, അല്‍ഷിമേഴ്സ് രോഗമുള്ള വൃദ്ധര്‍ എന്നിവരെ പരിചരിക്കല്‍, അനാഥരായ കുട്ടികളെയും വിധവകളായ സ്ത്രീകളെയും സംരക്ഷിക്കല്‍, വിവാഹം ചെയ്തുകൊടുക്കല്‍, ജലസ്രോതസ്സ്  കുറഞ്ഞ സ്ഥലങ്ങളില്‍ വെള്ളമെത്തിക്കല്‍ തുടങ്ങി നിരവധി സാമൂഹിക സേവനങ്ങള്‍ ഈജിപ്തിലെ എല്ലാ ഗവര്‍ണറേറ്റുകളിലും ഈ ഫൗണ്ടേഷന്‍ നല്‍കിവരുന്നു.

ചെറുപ്പത്തില്‍ തന്നെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ച അബ്‌ലാക്ക് ഭര്‍ത്താവായി പിതാവ് നിശ്ചയിച്ചിരുന്നത് മുതിര്‍ന്ന എഞ്ചിനീയറും 1973 ലെ റളാന്‍ യുദ്ധത്തില്‍ ശഹീദായ പോരാളിയുമായ മുഹമ്മദ് യാസീന്‍ ബസിയൂനിയെയായിരുന്നു. മൂന്ന് പെണ്‍ മക്കളായിരുന്നു ഈ ദമ്പതികള്‍ക്കുണ്ടായിരുന്നത്. ഭര്‍ത്താവിന്റെ കാലശേഷം സ്വന്തം ചെലവില്‍ തന്നെ അവര്‍ മക്കളെ വളര്‍ത്തി വിദ്യാസമ്പന്നരാക്കി.


കര്‍മ വിശ്വാസ ശാസ്ത്രങ്ങളിലും മറ്റു ഇസ്‍ലാമിക വൈജ്ഞാനിക മേഖലകളിലും നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും ഇവര്‍ക്കുണ്ട്. മുസാഫിറുന്‍ ബിലാ ത്വരീഖ്, അന്നുബുവ്വത്തു വല്‍ ഉബുവ്വ, അല്‍ ഖുല്‍ഉ ദവാഉ മാലാ ദവാഅ ലഹു, സല്‌സലത്തു ഖുതുബിന്നിസാഅ്: ഖളായല്‍ മര്‍അതി ഫില്‍ ഹജ്ജി വല്‍ ഉംറ എന്നിവയാണ് പ്രധാന രചനകള്‍.


മഹതി മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ്, തന്റെ ചാരിറ്റി ഫൗണ്ടേഷനില്‍ പരിചരിക്കപ്പെടുന്ന കൊറോണ രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാനുള്ള ക്യാമ്പയ്നുകള്‍ ശക്തമാക്കി. അധികാരികളുടെ വേഗത്തിലുള്ള ഇടപെടലിനുവേണ്ടി ആവശ്യമുന്നയിച്ചു. അബ്‍ലാ സമൂഹത്തിന് നല്‍കിയ വിദ്യാഭ്യാസപരവും സാമൂഹികവുമായ സംഭാവനകള്‍ പരിഗണിച്ച് 2020 ല്‍ അറബ്-ആഫ്രിക്കന്‍ വിമന്‍സ് അസോസിയേഷന്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മാതൃകാ മാതാവായി അവരെ തിരഞ്ഞെടുത്ത് ആദരിച്ചു.


2021 ജനുവരി 24 ന് തന്റെ എഴുപത്തിരണ്ടാം വയസ്സില്‍ അബ്‍ലാ അല്‍കഹ്‍ലാവി ഈ ലോകത്തോട് വിട പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച് ആരോഗ്യനില വഷളായി, ശ്വാസതടസ്സം അനുഭവപ്പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ തുടരേയായിരുന്നു അന്ത്യം. ഇമാം ശാഫിഈ (റ) അന്ത്യവിശ്രമം കൊള്ളുന്ന ശാഫിഈ പള്ളിയുടെ സമീപത്തുള്ള ഖബര്‍സ്ഥാനിലാണ് മഹതി അന്ത്യവിശ്രമം കൊള്ളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter