യമനിന് സന്തോഷം സമ്മാനിച്ച റമദാന്‍, ഫലസ്തീനികള്‍ക്ക് ദുരിതവും

പുണ്യമാസം  അവസാനിക്കുകയാണ്. ഇസ്ലാമിക ലോകം ഒന്നടങ്കം പ്രാർത്ഥനകൾ കൊണ്ടും ആരാധനകൾ കൊണ്ടും പുണ്യ മാസത്തിന് നിറപ്പകിട്ടേകി കൊണ്ടിരിക്കുന്ന വേളയിലും ഫലസ്തീനികൾക്ക് ഇത്‌ തീരാദുരിതത്തിന്റെ ദിനങ്ങളാണ്. അതേസമയം തന്നെ യെമനിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ സന്തോഷം നൽകുന്നവയാണ്. ഒപ്പം റമദാനിലെ ചില നയന മനോഹര ദ്യശ്യങ്ങളും. ഈ ആഴ്ച്ചയിലെ മുസ്‍ലിം ലോകത്തെ വിശേഷങ്ങൾ വായിക്കാം.

യെമനി ദുരിതങ്ങൾക്ക് അറുതിയാവുന്നു

മിഡിൽ ഈസ്റ്റ്‌  വമ്പന്മാരുടെ ശക്തിപ്രകടനങ്ങൾക്ക് ഇരയായി വെടിക്കോപ്പുകളും ഒട്ടിയ വയറുകളും കൊണ്ട് 'അലങ്കരിച്ച ദാരിദ്ര്യത്തിലാണ്ടു പോയ യെമനിന്റെ ചിത്രം മുസ്‍ലിം ലോകത്തിന്റെ മനസ്സാക്ഷിക്ക് ഏറെ വേദനാജനകമാണ്. എന്നാൽ ഈ പുണ്യ മാസം യമനികള്‍ക്ക് സന്തോഷവാര്‍ത്തയാണ് കൊണ്ട് വന്നിരിക്കുന്നത്. ഇറാൻ സൗദി ബന്ധം പുനസ്ഥാപിക്കലുമായി ബന്ധപ്പെട്ടുള്ള കരാർ ചർച്ചകൾക്ക് തുടക്കമിട്ട് ആഴ്ചകൾക്ക് ശേഷം ഹൂതി പോരാളികളുമായി സ്ഥിരമായ വെടിനിർത്തൽ ചർച്ച ചെയ്യുന്നതിനായി സൗദി ഉദ്യോഗസ്ഥർ വൈകാതെ യെമന്റെ തലസ്ഥാനമായ സന്‍ആയിലെത്തുമെന്ന് പ്രഖ്യാപനമുണ്ടായി. അതേ തുടര്‍ന്ന് ഏപ്രില്‍ 8ന് ശനിയാഴ്ച, സൌദി-ഒമാന്‍ പ്രതിനിധികള്‍ യമനിലെത്തുകയും ചെയ്തു. ചർച്ചയുടെ വിശദാംശങ്ങള്‍ പെരുന്നാളിന് മുമ്പ് പ്രഖ്യാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സൗദി അധികൃതര്‍. തൊട്ടടുത്ത ദിവസങ്ങളിലായി തന്നെ ഏതാനും യുദ്ധത്തടവുകാരെ കൈമാരുന്ന പ്രക്രിയ അരങ്ങേറിയതും ഏറെ പ്രത്യാശയോടെയാണ് യമനികള്‍ നോക്കിക്കണ്ടത്. വര്‍ഷങ്ങളായി യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട് തടവറകളില്‍ കഴിയുന്ന തങ്ങളുടെ ബന്ധുക്കള്‍ ഈ പെരുന്നാളിന് മുമ്പായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പല യമനി കുടുംബങ്ങളും.


അൽ അഖ്സ യിലെ നര നായാട്ട്

റമദാനിന്റെ പുണ്യ രാവുകളിലെ ഫലസ്തീൻ ദുരിതങ്ങൾ അവസാനമില്ലാതെ തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ ആഴ്ച തുടർച്ചയായി പല രാത്രികളിലും ഇസ്രായേൽ സൈന്യം അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ-അഖ്സ മസ്ജിദിൽ അതിക്രമിച്ച് കയറി വിശ്വാസികളെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായി.

നൂറുകണക്കിന് ആളുകളെ അറസ്റ്റുചെയ്യുന്നതിന് മുമ്പ് ഇസ്രായേലി സൈന്യം നിസ്കരിച്ചുകൊണ്ടിരിക്കുന്നവരെ   ബാറ്റണുകളും  തോക്കുകളും ഉപയോഗിച്ച് മർദ്ധിക്കുകയും ചെയ്തു. ഇതു കഴിഞ്ഞ് വെറുംഇരുപത്തിനാല് മണിക്കൂറിന് ശേഷം, സായുധരായ ഉദ്യോഗസ്ഥർ വീണ്ടും മസ്ജിദിലേക്ക് ഇരച്ചുകയറുകയും തറാവീഹ് നിസ്കരിക്കുകയായിരുന്ന ഏകദേശം 20000 ഫലസ്തീനികൾക്ക് നേരെ റബ്ബർ  വെടിയുണ്ടകളും കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ച് മസ്ജിദിനകത്തുള്ളവരെയെല്ലാം പുറത്താക്കുകയും ചെയ്തു. സംഭവങ്ങൾ ആഗോള തലത്തിൽ വ്യാപക വിമർശനത്തിനു കാരണമായിട്ടുണ്ട്.

അയൽക്കാർ വീണ്ടും കൊമ്പുകോർക്കുമ്പോൾ

ആഴ്ച്ചകളോളം നീണ്ടു നിന്ന 2006 ലെ ലെബനോണ്‍-ഇസ്രായേൽ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശമായ ആക്രമണ വർദ്ധനവ് എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ രണ്ട് അയൽക്കാർ തമ്മിലുള്ള റോക്കറ്റ് വിക്ഷേപണങ്ങൾ വീണ്ടും അതിരു കടന്നിരിക്കുകയാണ്.  വ്യാഴാഴ്ച ഉച്ചയ്ക്ക് ലെബനോണിന്റെ തെക്ക് നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തുവിടപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷം വെള്ളിയാഴ്ച ഇസ്രായേൽ സൈനികർ ലെബനോണിലും ഗാസ മുനമ്പിലുമായി വ്യാപകമായ വ്യോമാക്രമണം നടത്തി. ഇസ്രായേൽ ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.


പലസ്ഥീൻ ശിശു ദിനം

ദുരിതങ്ങളുടെ പോർമുഖത്ത് ബാല്യം നഷ്ടപെട്ട് നരക ജീവിതം കഴിച്ചു കൂട്ടാൻ വിധിക്കപെടുകയും അന്യദേശങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാക്കപ്പെടുകയും ചെയ്ത പലസ്തീൻ ബാലന്മാരെ ആദരിക്കാനും ഓർമ്മിക്കാനും എല്ലാ വർഷവും ഏപ്രിൽ 5 ന് പലസ്തീനിൽ ശിശുദിനം ആചരിച്ചു പോരുന്നുണ്ട്.

പലസ്തീൻ മുൻ പ്രസിഡന്റ് യാസർ അറാഫത്ത് പ്രഖ്യാപിച്ച ഈ ദിനം പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ നരക ജീവിതം നയിക്കുന്ന കുട്ടികൾ നേരിടുന്ന ദൈനംദിന പോരാട്ടങ്ങളിലേക്കും പ്രയാസങ്ങളിലേക്കും വെളിച്ചം വീശാൻ സഹായിക്കുന്നു.

ഇസ്രയേലിന്റെ തുടർച്ചയായ അധിനിവേശം വരുത്തിവച്ച കഠിനമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾക്ക് പുറമേ, പലസ്തീൻ ബാലന്മാർ ചെറുപ്പം മുതലേ ദാരിദ്ര്യവും ഇസ്രായേലി കുടിയേറ്റക്കാരുടെ അക്രമങ്ങളും ഭീഷണികളും, ഇസ്രായേൽ സേനയുടെ വീടു തകർക്കലും, കൂടാതെ ഇസ്രായേലി ആക്രമണങ്ങളിൽ പ്രിയപ്പെട്ടവരുടെ മരണങ്ങളും സഹിക്കാൻ വിധിക്കപ്പെട്ടവരാണ്. 

റമദാൻ കാഴ്ച്ചകൾ

തറാവീഹ് നിസ്കാരത്തിനിടെ തന്റെ തോളിലേക്ക് വലിഞ്ഞുകയറിയ പൂച്ചയോട് കാരുണ്യത്തോടെ പെരുമാറുന്ന അൽജീരിയൻ ഇമാമിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ഇമാമിന്റെ പ്രാർത്ഥനയോടുള്ള പ്രതിബദ്ധതയും രംഗം വളരെ ശാന്തമായി കൈകാര്യം ചെയ്ത രീതിയും സോഷ്യൽ മീഡിയ പ്രശംസിച്ചു. ബിബിസി അടക്കമുള്ള പ്രമുഖ പാശ്ചാത്യ മാധ്യമങ്ങളടക്കം പങ്കുവെച്ച ഈ വീഡിയോ ഖുർആൻ വചനങ്ങൾ ഇതുവരെ ശ്രവിച്ചിട്ടില്ലാത്ത പല കാതുകളിലേക്കും ഇമാമിന്റെ പാരായണത്തിലൂടെ ഖുർആൻ വചനങ്ങൾ എത്തിക്കാൻ സാധിച്ചുവെന്നതും ശ്രദ്ധിക്കപ്പെട്ടു.

ലണ്ടനിലെ ഏറ്റവും പ്രശസ്തമായ പ്രദേശങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന  "ഫിൻസ്ബറി പാർക്ക്" പള്ളിയുടെ തെരുവിൽ നടന്ന ഇഫ്താർ ഏറെ ശ്രേദ്ധേയമായി. തെരുവ് ഒന്നടങ്കം ഒരു വലിയ ഇഫ്താർ ടേബിളായി മാറി. അതിന് ചുറ്റുമായി നൂറുകണക്കിന് മുസ്‍ലിംകളും ഇതര മത വിശ്വാസികളും ഒത്തുകൂടുകയുണ്ടായി. പാർലമെന്റംഗങ്ങളെയും പ്രാദേശിക പ്രതിനിധികളെയും കൂടാതെ മുസ്‍ലിംകളും ജൂതന്മാരും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും  ഒരുമിച്ച് കൊണ്ടുവരുന്നതിൽ വിജയിച്ച ഇഫ്താർ ഒരു മത സൗഹാർദ്ദ വേദി കൂടിയായി മാറി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter