ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-27 മുറാദിയ്യ പള്ളിയും ഖബ്റിസ്ഥാനും കടന്ന്...
മർമറ കടലിന്റെ വടക്കെ ഭാഗത്താണ് ബുർസ നഗരം. സുബ്ഹിക്ക് മുമ്പെ നഗരത്തിൽ വെളിച്ചമെത്തിയിട്ടുണ്ട്. ഇബാദത്തിൽ മുഴുകി രാത്രിയെ പകലാക്കുന്നത് പലുരെടെയും പിതവാണ്. മുല്ലാ അർസലാൻ തഹജ്ജുദ് നിസ്കരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. റകഅ്തിന്റെ വിഷയത്തിൽ അതിരുകളില്ലാത്ത നിസ്കാരമാണ് തഹജ്ജുദ്. നിസ്കാര സമയത്ത് അർസലാൻ ബൈയുടെ മുഖവും ശരീരവും കാണാൻ എന്തു ശാന്തമാണ്. സുബ്ഹി ബാങ്ക് കൊടുക്കുമ്പോൾ ബുർസയിലെ എല്ലാ വീടുകളിലും വിളക്കുകൾ തെളിയിച്ചിരുന്നു. പള്ളിയുടെ മുൻവശത്ത് ഒരു കാൻസർ സെന്ററുണ്ട്. അത് ഒരു കാലത്ത് ബുർസയിലെ പ്രധാന മദ്രസകളിലൊന്നായിരുന്നു. മുറാദിയ്യ പള്ളിയുടെ വടക്കു ഭാഗത്തു ധാരാളം മഖ്ബറകറകളും ഖബ്റുകളും എനിക്കു കാണാനായി.
സുൽത്താൻ മുറാദ് രണ്ടാമൻ ഉണ്ടാക്കിയതാണ് ഈ പള്ളി. പള്ളിയുടെ താഴ്ന്ന കമാനങ്ങളുള്ള പ്രവേശന കവാടത്തിൽ മാർബിളിൽ സെലി തുളുത്ത് കാലിഗ്രാഫി കൊണ്ട് എഴുതിയ മൂന്ന് വരി അറബി ലിഖിതത്തിൽ, പള്ളിയുടെ നിർമ്മാണം 1425 ൽ ആരംഭിച്ച് 1426 ൽ പൂർത്തിയായതായി പ്രസ്താവിക്കുന്നുണ്ട്. തലതിരിഞ്ഞ "ടി" ആകൃതിയിലുള്ള മുസ്‍ലിം പള്ളികളിലൊന്നാണ് ഇത്. കുന്ദേകരി സാങ്കേതികതയിൽ നിർമ്മിച്ച തടി വാതിൽ, മസ്ജിദ് നിർമ്മിച്ച തീയതിയുമായി സമന്വയിപ്പിക്കുകയും വളരെ നല്ല പുഷ്പ രൂപങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. അതുല്യമായ ടൈലുകൾക്ക് പേരുകേട്ട യെസിൽ മസ്ജിദിൽ ഉപയോഗിച്ചിരിക്കുന്ന മരതകപച്ച ടൈലുകൾ ആരും നോക്കി ഇരുന്നുപോവും. യെസിൽ മസ്ജിദിൽ ജോലി ചെയ്തിരുന്ന തബ്രിസിൽ നിന്നുള്ള കരകൗശല വിദഗ്ധരും ടൈൽ നിർമ്മാണത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഈ അലങ്കാരങ്ങളിൽനിന്ന് മനസിലാകുന്നു. പള്ളിയിലെ മിമ്പർ പൂർണ്ണമായും റോക്കോകോ ശൈലിയിൽ (ഫ്രാൻസിൽ ഉടലെടുത്ത അലങ്കാരമയമായ ഒരു വാസ്‌തുശില്‌പ ശൈലി) ചുണ്ണാമ്പു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിന്റെ അലങ്കാരം ആ കാലഘട്ടത്തിലെ കലാപരമായ സവിശേഷതകളെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. പള്ളി മിഹ്റാബിൽ സൂറതുല്‍ ഇഖ്‍ലാസ് കാലിഗ്രഫിയിൽ ആലേഖനം ചെയതിരിക്കുന്നു. മുറാദിയ്യ പള്ളിയിൽ ഇഷ്ടിക കൊണ്ട് പണിത രണ്ട് മിനാരങ്ങളുണ്ട്. പള്ളിക്കു ചുറ്റും കരിങ്കല്ലിൽ കോർത്ത ധാരാളം ഖബ്റുകൾ നിര നിരയായി നിൽക്കുന്നത് പൈതൃകത്തിന്റെ പ്രതാപദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
അന്തരീക്ഷത്തില്‍ നിന്ന് തണുപ്പു ഇറങ്ങുന്നത് വരെ ഞാൻ ഖുർആൻ ഓതി പള്ളിയിലിരുന്നു. ശേഷം ഖബ്റിസ്ഥാനിലേക്ക് നീങ്ങി. എന്നെ ഒരു പൂച്ച പിന്തുടരുന്നുണ്ടായിരുന്നു. ആ പൂച്ചയെ ഞാൻ ഒന്ന് തലോടി പതുക്കെ മുന്നോട്ട് നടന്നു. ഞാന്‍ നേരെ എത്തിയത്, ഇഷ്ടിക കൊണ്ടുള്ള മഖ്ബറയുടെ സമീപമായിരുന്നു. അതിന്റെ കവാടം ടൈൽസ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മഖ്ബറയുടെ മുൻവശത്ത് തന്നെ വെളുത്ത പൂവുകൾ നിറഞ്ഞു നിന്നിരുന്നു. അത് സുൽത്താൻ മുറാദിന്റെയും അവരുടെ കുടുംബത്തിന്റെയും മഖ്ബറയാണെന്ന് ഞാന്‍ മനസിലാക്കി. അവിടത്തെ കാറ്റിന് പോലും ആ നാമവും ആ ജീവിതചരിത്രവും വശമുണ്ടെന്ന് തോന്നും.
Read More:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-26 മെഹ്മദ് ചെലേബിയുടെ ഗ്രീന്‍ടോംബിലൂടെ...
സുൽത്താൻ മെഹ്മദ് ഒന്നാമന്റെ മരണത്തെത്തുടർന്നാണ് സുൽത്താൻ മുറാദ് രണ്ടാമൻ ഓട്ടോമൻ സിംഹാസനത്തിലെത്തുന്നത്. സുൽത്താൻ മുഹമ്മദിന്റെയും എമിൻ ഹാനിമിന്റെയും മകനായി 1404-ൽ മുറാദ് രണ്ടാമൻ ജനിച്ചു. സുൽത്താൻ മുറാദ് സൂഫി കൂടിയായിരുന്നു. അവരുടെ സ്വഭാവത്തിൽ നീതിയും കരുണയും ഉൾക്കൊണ്ടിരുന്നു. അവർ ആർദ്രമായ ഹൃദയത്താൽ ഒരു സാമ്രാജ്യം ഭരിച്ചു. പണ്ഡിതൻ, കവി, സംഗീത പ്രേമി എന്നീ നിലകളിലെല്ലാം സുൽത്താൻ മുറാദ് അറിയപ്പെട്ടിരുന്നു. അറബിയിലും ഫാർസിയിലുമുള്ള സാഹിത്യകൃതികൾ, എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വിധം തുർക്കി ഭാഷയിൽ വിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം മുന്‍കൈയ്യെടുത്തു. അങ്ങനെയാണ് ഓറിയന്റലിസ്റ്റുകൾ "ടർക്കിഷ് റൊമാന്റിസിസം" എന്ന സാഹിത്യ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ബുർസയും എഡ്രിയാനയും അദ്ദേഹത്തിന്റെ ഭരണകാലത്ത് ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും ആഗോള ദീപസ്തംഭങ്ങളായി മാറി. തുർക്കി സംസ്കാരത്തിലും ഏറെ താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹം, ഓട്ടോമൻ രാജവംശം ഉത്ഭവിച്ച ഒഗൂസിലെ കായ് ഗോത്രത്തിന്റെ തംഗ (മുദ്ര) ലിഖിതത്തിനും ഏറെ പരിഗണന നല്കി. ശാസ്ത്രത്തിന്റെയും കലയുടെയും രക്ഷാധികാരി എന്ന നിലയിലാണ് സുൽത്താൻ മുറാദ് അറിയപ്പെട്ടിരുന്നത്. ബൗദ്ധിക വിഷയങ്ങളിൽ ശാസ്ത്രജ്ഞരുമായി സംവദിച്ചുകൊണ്ട് അദ്ദേഹം ആസ്വദിച്ചു. സുൽത്താൻ എഡ്രിയാനയിൽ രണ്ട് മസ്ജിദുകളും മൂന്ന് മദ്രസകളും ഒരു ഇമിറേറ്റും (സൂപ്പ് കിച്ചൺ) ഒരു കാരവൻസെറായിയും നിർമ്മിച്ചു.
അദ്ദേഹം തന്റെ പിതാമഹനായ സുൽത്താൻ ബായസീദ് ഒന്നാമനിൽ നിന്നും അദ്ദേഹത്തിന്റെ മകൻ മെഹമ്മദ് രണ്ടാമനിൽ നിന്നും വ്യത്യസ്തനായിരുന്നു. സുൽത്താൻ മുറാദ് രണ്ടാമൻ അനറ്റോലിയൻ ബെയ്‌ലിക്കുകളിലൂടെ മുന്നേറി. തെകെ, മെൻതെഷെ, ഇസ്ഫെൻദിയാർ, അയ്ദിൻ എന്നിവിടങ്ങളിലെ അനറ്റോലിയൻ ബെയ്‌ലിക്കുകളെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ പ്രവിശ്യകളായി പ്രഖ്യാപിച്ചു. റുമേലിയയിലും അനറ്റോലിയയിലും സമാധാനം ഉറപ്പാക്കിയിരുന്നു സുൽത്താൻ.
കുരിശ് സൈന്യത്തിനെതിരെയും സുൽത്താൻ മുറാദ് സമരം നയിച്ചിട്ടുണ്ട്. കുരിസ് സൈന്യം വരുന്നുവെന്നറിഞ്ഞ അദ്ദേഹം, 40,000 പേരടങ്ങുന്ന സൈന്യത്തെ നയിക്കുകയും 1444 നവംബർ 10-ന് വർണ്ണയ്ക്ക് സമീപം കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തുകയും ചെയ്തു. ഒരു പകൽ നീണ്ടുനിന്ന യുദ്ധത്തിൽ ശത്രുവിന് 65,000-ത്തിലധികം സൈനികരെ നഷ്ടപ്പെടുകയും സൈനികിതലവനായ ജോൺ ഹുന്യാദി ഓടിപ്പോകുകയും ചെയ്തു. മരിച്ച ഹംഗേറിയൻ രാജാവായ ലാഡിസ്‌ലാസിന്റെയും ഹംഗേറിയൻ രാജാവിനെ യുദ്ധത്തിന് പ്രേരിപ്പിച്ച കർദ്ദിനാൾ ജൂലിയൻ സെസാരിനിയുടെയും ശിരസ്സും അവരുടെ അടുത്ത് സ്‌സെഗെഡ് ഉടമ്പടിയുടെ ഒരു പകർപ്പുമായി ഒരു കുന്തത്തിൽ സുൽത്താൻ തുറന്നുകാട്ടിയപ്പോൾ, ശത്രുവിന്റെ മനോവീര്യം തകർന്നു.
Read More: ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-25 മുല്ലാ ഫനാരിയുടെ അറിവിന്റെ വഴികൾ
മക്ക, മദീന, ജറുസലേം എന്നിവിടങ്ങളിലെ പാവപ്പെട്ടവർക്ക് ദാനധർമ്മങ്ങൾ വിതരണം ചെയ്യുകയും സമ്മാനങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു സുല്‍താന്‍ മുറാദ്. അങ്കാറയിലെ ഒരു ഗ്രാമത്തിലെ വരുമാനം മുഴുവനും അദ്ദേഹം മക്കയിലെ പാവപ്പെട്ടവർക്ക് നൽകിയിരുന്നു. സ്വന്തം സുഖസൗകര്യങ്ങൾ നോക്കാതെ, യുദ്ധക്കളങ്ങളിലും രാഷ്ട്ര പ്രശ്‌നങ്ങളിലും ജീവിതം ഉഴിഞ്ഞുവച്ചിരുന്ന ആ ദർവീശ് 1451-ൽ നാൽപ്പത്തിഴേയാം വയസ്സിൽ എഡ്രിയാനയിൽ വെച്ച് ഹൃദയാഘാതം മൂലം വഫാത്തായി.'
സൂഫിയായ ആ ഭരണാധികാരിയുടെ ഓര്‍മ്മകളുമായി മുറാദിയ്യ പള്ളി ഇന്നും തലയുയര്‍ത്തി നില്ക്കുന്നു. മഖ്ബറയില്‍ നിന്നിറങ്ങി നേരെ ആ പള്ളിയിലെത്തി രണ്ട് റക്അത് ളുഹാ നിസ്കരിച്ചു. സുൽത്താൻ മുറാദിന്റെ ഓർമ്മകളെ താലോലിച്ച സഞ്ചിയും തൂക്കി ഞാൻ യാത്ര തുടർന്നു.
Leave A Comment