ഗസ്സയിലെ നീറുന്ന കാഴ്ചകള്‍

ചിത്രം 1 

പ്രമുഖ എഴുത്തുകാരി മറാം ഹുമൈദ്. ഇസ്റാഈല്‍ അക്രമണത്തിന്റെ എട്ടാം ദിവസം ഗസ്സയില്‍നിന്ന് ഒഴിഞ്ഞ് പോകാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് മക്കളെയും കൂട്ടി അവര്‍ വീട് വിട്ടിറങ്ങി. എങ്ങോട്ട് പോവുമെന്ന ഒരെത്തും പിടിയുമില്ലായിരുന്നു. നൂസൈറാതിലേക്ക് പോയി തന്റെ ബന്ധുക്കളുടെ കൂടെ താമസിക്കാമെന്ന് ഭര്‍ത്താവും പിതാവിനോടൊപ്പം ദീര്‍ബലാഹിലേക്ക് പോവാമെന്ന് മറാമും. അവസാനം ദീര്‍ബലാഹിലേക്ക് കൂട്ടിക്കൊണ്ട്പോകാനായി പിതാവെത്തി. വീടിന്റെ പടികളിറങ്ങുമ്പോള്‍ മക്കള്‍ ഇങ്ങനെ ചോദിക്കുന്നുണ്ടായിരുന്നു, നാം ഇങ്ങോട്ട് തിരിച്ച് വരില്ലേ. മറുപടി പറയാനാവാതെ മറാമും ഭര്‍ത്താവും മുഖത്തോട് മുഖം നോക്കി.
വേദനകളോടെ പിതാമഹന്റെ വീട്ടില്‍ ചെന്ന് കയറിയ പാടെ ആദ്യം കണ്ണിലുടക്കിയത്, ചുമരില്‍ ചില്ലിട്ട് വെച്ചിരുന്ന പിതാമഹന്റെ ചിത്രമായിരുന്നു. 1948ലെ നഖ്ബയുടെ ഇരയായിരുന്നു അദ്ദേഹം. 75 വര്‍ഷം മുമ്പ് തന്റെ ജന്മനാടായ ഇശ്ദൂദില്‍നിന്ന് ഇതുപോലെ പടിയിറക്കപ്പെട്ടതായിരുന്നു അദ്ദേഹവും. ഇന്നിതാ പേരമക്കള്‍ക്കും അതേ ഗതി വന്നിരിക്കുന്നു.

ചിത്രം 2 

ഗസ്സയിലെ ഒരു ആശുപത്രി. കഴിഞ്ഞ പത്ത് ദിവസമായി അവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഊണും ഉറക്കവുമില്ല, രാത്രിയും പകലുമില്ല. മേലാസകലം മുറിവേറ്റു വരുന്നവരെ പരിചരിക്കാന്‍പോലും സമയം ലഭിക്കുന്നില്ല, എന്നിട്ടല്ലേ ഊണും ഉറക്കവും. മുമ്പിലെത്തുന്നത് ആരെന്ന് പോലും നോക്കാതെയാണ് ഡോക്ടര്‍മാര്‍ ശുശ്രൂഷകള്‍ ചെയ്ത്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് കുറെ വര്‍ഷങ്ങളായി ദൈനംദിന ചര്യയാണ്, വിശിഷ്യാ കഴിഞ്ഞ പത്ത് ദിവസം ഇത് തന്നെയാണ് പണി. പെട്ടെന്ന് കൂട്ടത്തിലൊരു ഡോക്ടര്‍ പൊട്ടിപൊട്ടിക്കരയുന്നത് കണ്ട് എല്ലാവരും അങ്ങോട്ട് ഓടിയെത്തി. കാര്യമന്വേഷിച്ചപ്പോള്‍, ആ ഡോക്ടറുടെ മുമ്പില്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന മൃതദേഹം അദ്ദേഹത്തിന്റെ പിതാവിന്റേതായിരുന്നു. തൊട്ടുപിന്നില്‍ ജീവനറ്റ് സഹോദരന്റെ മൃതദേഹവുമുണ്ട്. സങ്കടം നിയന്ത്രിക്കാനാവാതെ കരയുകയല്ലാതെ അദ്ദേഹത്തിന് വേറെ വഴിയുണ്ടായിരുന്നില്ല.

ചിത്രം 3

ഗസ്സയിലെ ഒരു സാധാരണ വീട്ടമ്മയാണ് ഇസ്റാ. ആദ്യമായി ഇസ്റാഈല്‍ നടത്തിയ ബോംബിഗിന്റെ ശബ്ദം കേട്ടത് മുതല്‍ ഇസ്റായുടെ രണ്ട് മക്കളെയും ഭീതി വരിഞ്ഞ് മുറുക്കിയിരിക്കുന്നു. ഉമ്മാ എന്ന് വിളിച്ച് അവര്‍ മൂന്ന് പേരും തന്റെ സമീപത്തേക്ക് ഓടി വന്നത് ആ ഉമ്മക്ക് ഇനി ഒരിക്കലും മറക്കാനാവില്ല. 8 വയസ്സായ അബൂഗസ്സയും 5 വയസ്സുള്ള ഇരട്ട കുട്ടികളുമാണ് ഇസ്റാക്കുള്ളത്. അവരിലൊരാള്‍ ഇപ്പോള്‍ ഇടക്കിടെ അറിയാതെ മൂത്രമൊഴിച്ച് പോവുന്നുവെന്ന് ഇസ്റാ പറയുന്നു. എല്ലാം യുദ്ധം ബാക്കിയാക്കിയ മാനസിക സമ്മര്‍ദ്ദങ്ങള്‍. 

ഇതിനെന്താണ് പരിഹാരമെന്ന് യൂട്യൂബില്‍ അന്വേഷിച്ച ഇസ്റാക്ക് ലഭിച്ച ഉത്തരം, കുട്ടികളുടെ ചിന്തകളെ പരമാവധി വ്യാപൃതമാക്കുക എന്നായിരുന്നു. അതോടെ, കുട്ടികള്‍ക്ക് താല്‍പര്യമുള്ള വീഡിയോഗകളും ഗെയിമുകളും ഫോണില്‍ അവര്‍ക്ക് നല്കാമെന്ന് ഇസ്റാ തീരുമാനിച്ചു. ഇത് വരെ മൊബൈല്‍ ഉപയോഗം വളരെ പരിമിതമായേ കുട്ടികള്‍ക്ക് അനുവദിക്കാറുണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ കഴിയുന്നത്ര സമയം അവരെ മൊബൈലുകളില്‍ വ്യാപൃതമാക്കുകയാണ് ഇസ്റാ. ഗസ്സയിലെ പല ഉമ്മമാരുടെയും മക്കളുടെയും അവസ്ഥ ഇത് തന്നെയാണ്.

ചിത്രം 4

ഏകദേശം 12 വയസ്സ് തോന്നിക്കുന്ന ഒരു ഫലസ്തീനി ബാലന്‍. വളരെ നിഷ്കളങ്കമായ മുഖം. അതേ സമയം, ആ മുഖത്ത് ഒരു പിടി വേദനകളും നൊമ്പരങ്ങളും ഒറ്റ നോട്ടത്തിലേ വായിച്ചെടുക്കാനാവും. അവന്‍ ഇരിക്കുന്നത്, തകര്‍ന്നടിഞ്ഞ കെട്ടിടാവിശ്ഷ്ടങ്ങള്‍ക്കിടയിലാണ്. ചുറ്റും കത്തിക്കരിഞ്ഞതും തകര്‍ന്നടിഞ്ഞതുമല്ലാതെ മറ്റൊന്നുമില്ല. ഏതാനും ദിവസങ്ങള്‍ മുമ്പ് വരെ, അനേകം ബഹുനില കെട്ടിടങ്ങളുള്ള, ഏറെ സജീവമായിരുന്ന താമസസ്ഥലമായിരുന്നു അതെന്ന് നിസ്സംശയം മനസ്സിലാവും. ഒരു പിടി സ്വപ്നങ്ങളും ജീവിതമോഹങ്ങളുമായി അവനടക്കമുള്ള കുട്ടികള്‍ ഓടിച്ചാടി കളിച്ചിരുന്ന സ്ഥലത്ത്, ഒരു കെട്ടിടത്തിന്റെ അവശിഷ്ടത്തിന്മേലാണ് ഇപ്പോള്‍ അവന്‍ ഇരിക്കുന്നത്. ആ വേദനകള്‍ക്കിടയിലും അവന്‍, വിശുദ്ധ ഖുര്‍ആനിലെ ഏതാനും സൂക്തങ്ങള്‍ മനോഹരമായി പാരായണം ചെയ്യുകയാണ്. അവയുടെ അര്‍ത്ഥം ഇങ്ങനെ മനസ്സിലാക്കാം,

അല്‍പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. ക്ഷമാശീലന്മാര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. വല്ല വിപത്തും തങ്ങള്‍ക്ക് നേരിടുമ്പോള്‍ 'നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ്' എന്ന് പറയുന്നവരാണവര്‍. അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനങ്ങളും കാരുണ്യവുമുള്ളവരാകുന്നു. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവരും.

ചിത്രം 5

ഒരു ഫലസ്തീനി ചെറുപ്പക്കാരന്‍. പുറത്ത് പോയി തിരിച്ച് വന്നപ്പോള്‍ കണ്ടത് താനും കുടുംബവും താമസിച്ചിരുന്ന വീട് സ്ഥിതി ചെയ്തിരുന്ന കെട്ടിടം ബോംബിഗില്‍ പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്നതാണ്. തന്റെ മാതാവിനും മക്കള്‍ക്കും ഭാര്യക്കും എന്ത് സംഭവിച്ചുവെന്ന് പോലും ഒരു വിവരവുമില്ലാതെ അല്പനേരം സ്തബ്ധനായി നിന്ന അദ്ദേഹം, ആയുധങ്ങളൊന്നുമില്ലാതെ കെട്ടിടാവശിഷ്ടങ്ങള്‍ തന്റെ കൈകള്‍ കൊണ്ട് കുഴിക്കുകയാണ്. കുഴിക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഉള്ളിലേക്ക് നോക്കി ഉറക്കെ ഉമ്മയെയും മക്കളെയും ഇങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നു, ഉമ്മാ, നിങ്ങള്‍ എവിടെയാണ്, ഉള്ളിലുണ്ടോ, അബ്ദുല്ലാഹ്, അബ്ദൂ, നിങ്ങള്‍ എവിടെയാണ്.. ജീവനോടെ അകത്ത് പെട്ടിരിക്കുകയാണോ... ഉമ്മാ... ഉമ്മാ... നിങ്ങള്‍ അല്ലാഹുവിലേക്ക് യാത്രയായോ... എങ്കില്‍ അവന്‍ നിങ്ങളെ സ്വീകരിക്കട്ടെ...  

ആ വിളിയും പ്രാര്‍ത്ഥനയും പതുക്കെ നേര്‍ത്ത് നേര്‍ത്ത് പോവുന്നു.

വീഡിയോ കാണാം..

https://www.instagram.com/p/CyfeTTtgBwT/?utm_source=ig_embed&utm_campaign=embed_video_watch_again

ചിത്രം 6

ജമീല്‍ അല്‍കാറൂബീ. 34 വയസ്സുള്ള ഈ ചെറുപ്പക്കാരന് പച്ചക്കറി കച്ചവടമായിരുന്നു തൊഴില്‍. തന്റെ കഴുതയെയും കൊണ്ട് രാവിലെ ഇറങ്ങി മാര്‍കറ്റിലെത്തി പച്ചക്കറികള്‍ വാങ്ങി വീടുകള്‍ തോറും നടന്ന് വില്‍ക്കുകയായിരുന്നു അയാളുടെ ജോലി. യുദ്ധം തുടങ്ങിയതോടെ അത് ചെയ്യാന്‍ സാധിക്കാതെ വന്നു. കഴുതയെയും നോക്കി വീട്ടിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന് ഒരു ആശയമുദിച്ചത്. നാട്ടുകാര്‍ക്ക് ഇപ്പോള്‍ ഏറ്റവും ആവശ്യം കുടിവെള്ളമാണ്. അതോടെ, തനിക്ക് അനന്തരമായി കിട്ടിയ ചെറിയ പ്രദേശത്തെ ആകെയുള്ള കിണറ്റില്‍നിന്ന് വെള്ളം കോരി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ തുടങ്ങി. ആദ്യദിനം കഴുതയോട് അദ്ദേഹം ഇങ്ങനെ പറഞ്ഞുവത്രെ, ഇനി മുതല്‍ നമുക്ക് അതിരാവിലെ എണീക്കണം. വെള്ളം ചുമന്ന് പരിസരത്തെ വീടുകളിലെല്ലാം എത്തിക്കണം. കൃത്യമായി ഇത് ചെയ്യാന്‍ എന്റെ കൂടെ നില്ക്കുന്ന പക്ഷം, ദിവസവും നിനക്ക് ഒരു വട്ടി ഭക്ഷണം അധികം തരാം. സമ്മതമെന്ന രീതിയില്‍ കഴുതയും തലയാട്ടിയത്രെ. 

കഴിഞ്ഞ ഒമ്പത് ദിവസമായി ഇതാണ് ജമീല്‍ ചെയ്ത് വരുന്നത്. ജനങ്ങള്‍ക്കും ഇത് വലിയ ആശ്വാസമാണ്. ഇന്റര്‍നെറ്റും വൈദ്യതിയുമൊന്നുമില്ലെങ്കിലും പിടിച്ച് നില്ക്കാനാവും, പക്ഷെ, വെള്ളമില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലല്ലേ. ജമീല്‍ ചെയ്യുന്നത് വലിയൊരു സേവനമാണ്, ജമീലിന്റെ ഗുണഭോക്താക്കളുടെ പ്രതികരണം ഇങ്ങനെയാണ്.

ഈ സമയത്ത് ഇതിന് എത്ര വില വേണമെങ്കിലും ഈടാക്കാമല്ലോ, കച്ചവടം ആക്കിക്കൂടെ എന്ന് ചോദ്യത്തിന് ജമീലിന്റെ മറുപടി ഇതാണ്, എന്റെ നാട്ടുകാര്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് അവരെ സഹായിക്കേണ്ട ബാധ്യത എനിക്കില്ലേ. അവരെ സഹായിക്കാന്‍ നാം തന്നെ തയ്യാറായില്ലെങ്കില്‍ പിന്നെ, ആര് അത് ചെയ്യും.

ചിത്രം 7

ഗസ്സയിലെ ഒരു കുഞ്ഞുമോള്‍ കുറിച്ച് വെച്ച വസിയത് ഇങ്ങനെ വായിക്കാം, "ഹലോ. ഞാന്‍ ഹയ. എന്റെ വസ്വിയ്യത് ഇതാ എഴുതുന്നു:  

1. എന്റെ കൈയ്യിലുള്ള കാശ് (80): 45 ഷക്കൽ ഉമ്മാക്ക്. സീനത്തിന് 5. ഹാശിമിന് 5. തീതാക്ക് 5. എളാമ ഹിബക്ക് 5. എളാമ മർയമിന് 5. മാമൻ അബ്ബൂദിന് 5. എളാമ സാറക്ക് 5. 

2. എന്റെ കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും : എന്റെ സഹോദരി സീനക്കും പ്രിയ കൂട്ടുകിരികളായ റീമ, മിന്ന, അമല്‍ എന്നിവര്‍ക്കും 

3. എന്റെ വസ്ത്രങ്ങൾ - എളാപ്പാന്റെ മക്കൾക്ക്. കഴിഞ്ഞ് എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് സംഭാവന കൊടുക്കണം.  

4. പാദരക്ഷകൾ - പാവപ്പെട്ടവർക്ക് കൊടുക്കും മുമ്പ് അവ കഴുകി വൃത്തിയാക്കാൻ മറക്കരുതേ.."

ഇതാണ് ഫലസ്തീനിലെ കൊച്ചുകുട്ടികളുടെ പോലും ചിന്തകള്‍. ഏത് സമയത്തും മരണം തങ്ങളെ തേടി വരുമെന്ന് അവര്‍ക്ക് പോലും നല്ല ബോധ്യമുണ്ട്. അതിന് സദാ തയ്യാറാണ് താനും അവര്‍.

ചിത്രം 8

നാലോ അഞ്ചോ വയസ്സ് മാത്രം തോന്നിക്കുന്ന ഫലസ്തീനിലെ ഒരു പിഞ്ചുബാലന്‍. ഇസ്റാഈലിന്റെ അന്ധമായ അക്രമണത്തില്‍ അവനും കൊല്ലപ്പെട്ടിരിക്കുകയാണ്. എന്തിനെന്ന് പോലും അറിയാതെ കൊല്ലപ്പെട്ട അനേകം നിഷ്കളങ്ക ബാല്യങ്ങളുടെ കൂട്ടത്തിലൊരാള്‍. കളിച്ചും ചിരിച്ചും കൂട്ടുകാരോടൊപ്പം സ്കൂളിലും മദ്റസയിലും പോയി ആദ്യപാഠങ്ങള്‍ ചൊല്ലിപ്പഠിച്ചും കഴിയുകയായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ. 

അധികസമയവും കൂടെ തന്റെ കുഞ്ഞു പൂച്ചയുമുണ്ടാവും. അവര്‍ രണ്ട് പേരും വേര്‍പിരിയാനാവാത്ത സുഹൃത്തുക്കളാണ് എന്ന് പറയാം. മൂന്ന് ദിവസം മുമ്പാണ് ഇസ്റാഈല്‍ അക്രമണത്തില്‍ ആ കുഞ്ഞുമോന്‍ കൊല്ലപ്പെട്ടത്. കുളിപ്പിച്ച് കഫന്‍പുടയില്‍ പൊതിഞ്ഞ് അന്ത്യയാത്രക്കായി തയ്യാറായപ്പോള്‍, ആ പൂച്ചക്കുഞ്ഞ് വന്ന് തന്റെ കൂട്ടുകാരന് അവസാനമായി ഉമ്മ കൊടുക്കുന്നതും കവിളോട് കവിള്‍ ചേര്‍ത്ത് വെച്ച് അല്‍പനേരം കിടക്കുന്നതും ഏവരുടെയും കണ്ണ് നനയിച്ചു. 

മിണ്ടാപ്രാണികള്‍ പോലും രക്തസാക്ഷികളുടെ കൂടെ നില്‍ക്കുന്നു. അതേ സമയം, മനുഷ്യത്വം എന്തെന്നറിയാത്ത ജൂതപിശാചുക്കള്‍, നിഷ്കളങ്ക ബാല്യങ്ങളെ പോലും അക്രമിച്ചുകൊണ്ടിരിക്കുന്നു, കണ്ണേ മടങ്ങുക.

ചിത്രം 9

ഉമ്മയുടെ വിളി കേട്ട് ഞങ്ങള്‍ നാല് മക്കളും തമ്പിനകത്തേക്ക് പോയി. 

ചെന്നപ്പോള്‍ അവരുടെ കൈയ്യില്‍ സ്ഥിരം ഉപയോഗിക്കുന്ന ആ കറുത്ത പേനയുണ്ടായിരുന്നു. ആദ്യമായി, അഹ്മദ് ഇവിടെ വരൂ എന്ന് പറഞ്ഞ് എന്നെ അടുത്ത് വിളിച്ച് കൈനീട്ടാന്‍ പറഞ്ഞു. സുന്ദരമായ കൈപ്പടയില്‍ പേന കൊണ്ട് എന്റെ വലത്തേ കൈത്തണ്ടയില്‍ ഇങ്ങനെ എഴുതി:

പേര്: അഹ്മദ് റാശിദ് സ്വാലിഹ്
ഉമ്മയുടെ പേര്: അബീര്‍
വയസ്സ്: 9
രക്ത ഗ്രൂപ്പ്: A+

ശേഷം ഇടത്തേ കൈത്തണ്ടയിലും പുറത്തും തുടയിലുമെല്ലാം ഇത്പോലെ എഴുതി. ഓരോന്ന് എഴുതുമ്പോഴും നിറഞ്ഞ കണ്ണുകളോടെ ഒരു പാട് മുത്തങ്ങള്‍ നല്കുന്നുണ്ടായിരുന്നു. 

ശേഷം സഹോദരി ഹിബയെയും മൂന്ന് വയസ്സ് മാത്രം പ്രായമുള്ള സഹോദരന്‍ റാശിദിനെയും വിളിച്ച് ഇത് പോലെ എഴുതി മുത്തങ്ങള്‍ നല്കി. റാശിദിന്റെ കുഞ്ഞു കൈയ്യിലും കാലിലും ഈ വിവരങ്ങള്‍ എഴുതാന്‍ മാത്രം സ്ഥലമില്ലായിരുന്നു.

ശേഷം, കണ്ണീര്‍ കണങ്ങള്‍ക്കിടയിലെ ചെറിയൊരു പുഞ്ചിരിയോടെ ഞങ്ങളെ നോക്കി ഉമ്മ പറഞ്ഞു, ഞാന്‍ എന്റെ ശരീരത്തില്‍ എല്ലായിടത്തും ഇതുപോലെ, അഹ്മദ്, റാശിദ്, ഹിബ എന്നിവരുടെ ഉമ്മ, ശഹീദ് ഫഹ്മി സ്വാലിഹിന്റെ ഭാര്യ എന്ന് എഴുതിയിട്ടുണ്ട്. നാം തുണ്ടമായി തുണ്ടമായി കൊല്ലപ്പെട്ടാലും, ഇത് കണ്ട് നമ്മെ തിരിച്ചറിഞ്ഞ് അവര്‍ ഒന്നിച്ച് ചേര്‍ക്കാതിരിക്കില്ല.

ഏത് സമയത്തും കൊല്ലപ്പെടാമെന്ന നിലയില്‍ നില്ക്കുന്ന ഫലസ്തീനി മക്കള്‍ ശരീരത്തില്‍ പേരെഴുതി വെക്കുകയാണ്. അതിന്റെ ഭാഗമായി ഒരു മാതാവ് ചെയ്തത് മകന്‍ സാമൂഹ്യമാധ്യമത്തില്‍ പങ്ക് വെച്ചത്.

ചിത്രം 10

ഇത് മുജാഹിദ്. ഏഴ് വയസ്സ് മാത്രം പ്രായമുള്ള ഫലസ്തീന്‍ ബാലന്‍. ക്യാന്‍സര്‍ ബാധിതനായ മുജാഹിദിന്, ചികില്‍സയുടെ ഭാഗമായി മാസങ്ങളായി കീമോ ചെയ്തുകൊണ്ടിരിക്കുകയാണ്. തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്റാഈല്‍ അക്രമണത്തിനിടെയും നിര്‍ബന്ധ ചികില്‍സയെന്നോണം ഇന്നലെ അവന്‍ കീമോ ചെയ്യാനായി ക്യാന്‍സര്‍ വിഭാഗത്തിലെത്തി. ഇത്രയും സങ്കീര്‍ണ്ണമായ സാഹചര്യത്തിലും ക്യാന്‍സര്‍ വിഭാഗത്തിലെ ഡോക്ടര്‍മാരും പ്രവര്‍ത്തകരും മുജാഹിദിന് വേണ്ടതെല്ലാം ചെയ്ത് കൊടുത്തു.

കീമോ കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തി. വരയിലും കലയിലും ഏറെ തല്പരനായ മുജാഹിദ്, തന്റെ ഡ്രോയിംഗ് ബുകെടുത്ത് സാധാരണ പോലെ മനസ്സില്‍ തോന്നിയത് വരച്ചുവെച്ചു. പൂവും കൈയ്യില്‍ പിടിച്ച് നില്ക്കുന്ന ഒരു കുട്ടിയെയാണ് ഇന്നലെ അവന്‍ വരച്ചത്. ശേഷം അതിന് മുകളില്‍ താങ്ക് യു എന്ന് കൂടി എഴുതി, ഒരു നന്ദി പ്രകടനമെന്നോണം, തന്നെ ചികില്‍സിക്കുന്ന ഡോക്ടര്‍ക്ക് അയച്ചു കൊടുത്തു. 

അല്പം കഴിഞ്ഞ് സന്ദേശം കണ്ട ഡോക്ടര്‍ വെല്കം എന്ന് പറഞ്ഞ് അതിന് മറുപടി കൊടുത്തു. പക്ഷേ, അത് വായിക്കാന്‍ അവന്‍ ബാക്കിയുണ്ടായിരുന്നില്ല. ഇസ്റാഈല്‍ നടത്തിയ ബോംബാക്രമണം അവന്റെ വീടിന് മേലെയും വന്ന് പതിച്ചിരുന്നു. അതില്‍ മുഴുവന്‍ കുടുംബാംഗങ്ങളോടൊപ്പം മുജാഹിദും യാത്രയായിരുന്നു, രോഗങ്ങളോ വേദനകളോ ഇല്ലാത്ത ലോകത്തേക്ക്.

ചിത്രം 11

ഇതൊരു ഫലസ്തീനി വലിയുമ്മയാണ്. രണ്ട് മണിക്കൂര്‍ മുമ്പ് മാത്രം പ്രസവിച്ച് വീണ തന്റെ പേരക്കുട്ടിയെയും കൊണ്ട് ആ വലിയുമ്മ നടന്നുനീങ്ങിയത് കിലോമീറ്ററുകളാണ്. ഗസ്സയിലെ അല്‍ശിഫാ ആശുപത്രിയിലായിരുന്നു ആ കുഞ്ഞ് ജനിച്ചുവീണത്. പ്രസവത്തിന്റെ വേദനകളും കുഞ്ഞിന് ചെയ്യേണ്ട കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ കാത്ത് നിന്നാല്‍ ഒരു പക്ഷേ, ജീവന്‍ തന്നെ ബാക്കിയുണ്ടാവില്ലെന്ന ആശങ്കയാണ് ആ വല്യുമ്മയെ എത്രയും വേഗം കുട്ടിയെയും കൊണ്ട് പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഭക്ഷണമോ കുടിക്കാന്‍ ഒരു തുള്ളി വെള്ളമോ ഇല്ലാതെ മണിക്കൂറുകളോളം കാല്‍നട യാത്ര ചെയ്ത്, ഗസ്സയിലെ താരതമ്യേന അക്രമണം കുറവുള്ള തെക്ക് ഭാഗത്തേക്ക് നീങ്ങുകയാണ് അവര്‍. ഇസ്റാഈലിന്റെ കിരാത അക്രമണത്തില്‍നിന്ന് തന്റെ മൂന്നാം തലമുറയിലെ ഒരു പുതുജീവനെങ്കിലും രക്ഷപ്പെടട്ടെ എന്ന ചിന്തയില്‍.

എണ്‍പതും തൊണ്ണൂറും വയസ്സുള്ള വല്യുമ്മമാര്‍ പലരും ഇത് പോലെ കിലോമീറ്ററുകള്‍ നടന്നുപോവുന്നത് ഗസ്സയിലെ പതിവ് കാഴ്ചയാണ് ഇന്ന്. പതിനാറ് ലക്ഷത്തിലേറെ പേര്‍ ഉപരോധബാധിത ഗസ്സയില്‍നിന്ന് അഭയാര്‍ത്ഥി കേമ്പുകളിലേക്ക് നീങ്ങിയിട്ടുണ്ട്.  വീടും കുടുംബവും ആയുഷ്കാലത്തിനിടെ നേടിയതെല്ലാം നഷ്ടപ്പെട്ട് വെറുംകൈയ്യോടെ പോവുന്നവരാണ് അവരിലധികവും. ആ നടന്ന് പോകുന്ന ഓരോരുത്തര്‍ക്കും ദുരിതങ്ങളുടെ ഒരായിരം കഥകളാണ് പറയാനുള്ളത്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter