ഏകസിവില്‍ കോഡ് നിയമവും കേന്ദ്ര സര്‍ക്കാറിന്റെ വാശിയും
ഏകസിവില്‍ കോഡ് നിയമം നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുസ്്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്നു എന്നു പറയപ്പെടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ മുസ്്‌ലിം സംഘടനകളുടെ യോഗം വിളിക്കാന്‍ ഒരുങ്ങുകയാണ്. മുസ്‌ലിം സ്ത്രീകളുടെ ബഹുഭാര്യത്വം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ സ്വമേധയാ കേസെടുത്തു സുപ്രിംകോടതി ഇത് സംബന്ധിച്ച് സര്‍ക്കാരിനും നാഷനല്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിക്കും കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.
പരസ്പര സമ്മതത്തോടെ വിവാഹ മോചനം ആഗ്രഹിക്കുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് രണ്ട് വര്‍ഷം കാത്തിരിക്കണം എന്ന നിയമഭേദഗതിയെ ചോദ്യം ചെയ്ത് കഴിഞ്ഞ ഒക്ടോബറില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഹരജി പരിഗണിക്കവേ ഏകസിവില്‍ കോഡ് നിയമം നടപ്പാക്കിക്കൂടേയെന്നും മുസ്്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ നേരിടുന്നുവെന്ന് പറയപ്പെടുന്ന ലിംഗവിവേചനം പൊതുതാല്‍പ്പര്യഹരജിയായി സ്വമേധയാ പരിഗണിക്കാനും അന്ന് ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ആ നിര്‍ദേശത്തിന്റെ ഫലമായിട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച മുസ്്‌ലിം സ്ത്രീകളുടെ കാര്യങ്ങളില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്. സുപ്രിംകോടതിയുടെ നോട്ടീസ് ലഭിച്ചതിന്റെ പഴുതില്‍ കേന്ദ്രസര്‍ക്കാര്‍ ഏകസിവില്‍കോഡ് നിയമം നടപ്പിലാക്കാനാണ് ഒരുങ്ങുക. ഇതിന്റെ മുന്നോടിയായിട്ടായിരിക്കണം മുസ്്‌ലിം സംഘടനകളുടെ യോഗം വിളിക്കാന്‍ ഒരുങ്ങുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പെട്ടതായിരുന്നു ഏകസിവില്‍കോഡ് നിയമം നടപ്പിലാക്കുമെന്നത്. അത്തരമൊരു വാഗ്ദാനം കോടതി ഉത്തരവിന്റെ മറവില്‍ നടപ്പിലാക്കാന്‍ കഴിയുമോ എന്നതായിരിക്കും ബി.ജെ.പിയുടെ നോട്ടം. അതിന് വേണ്ടി മാത്രമാണ് വിഷയം ചര്‍ച്ച ചെയ്യാനെന്ന വ്യാജേന മുസ്്്‌ലിം സംഘടനകളുടെ യോഗം വിളിക്കാനൊരുങ്ങുന്നതും.
ഇത്തരമൊരു അവസ്ഥയിലേക്ക് കോടതിയെ എത്തിച്ചത് നേരത്തേ ഇത് സംബന്ധിച്ച് ഹരജി നല്‍കിയ ബി.ജെ.പി നേതാവ് അഡ്വ. അശ്വിന്‍ കുമാര്‍ ഉപാധ്യായയാണ്. ക്രിസ്ത്യന്‍ ദമ്പതികളുടെ കേസ് കഴിഞ്ഞ ഒക്ടോബറില്‍ പരിഗണിക്കവേ മുസ്്‌ലിം സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനം സ്വമേധയാ പരിഗണിക്കുവാന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നതാണ്. അതിന്റെ ചുവടുപിടിച്ച് ബി.ജെ.പി നേതാവ് അഡ്വ. അശ്വിന്‍ കുമാര്‍ ഉപാധ്യായ ഏകസിവില്‍ കോഡ് നിയമം നടപ്പിലാക്കുവാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ പൊതുതാല്‍പ്പര്യ ഹരജി നല്‍കിയിരുന്നു. വിവാഹം, വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്്‌ലിം സ്ത്രീകള്‍ കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും അതിനാല്‍ ക്രിമിനല്‍ നിയമം പോലെതന്നെ സിവില്‍ നിയമവും പൊതുവാക്കും വിധത്തില്‍ ഏകീകൃത സിവില്‍ കോഡ് നിയമം കൊണ്ടുവരണമെന്നും മുസ്്്‌ലിം വ്യക്തിനിയമങ്ങള്‍ അനീതിയും പക്ഷപാതപരവും മനുഷ്യത്വ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ബി.ജെ.പി നേതാവായ ഹരജിക്കാരന്‍ ആരോപിച്ചിരുന്നു. ഇത്തരം വിഷയങ്ങളില്‍ ഇരകളുടെ പരാതി ലഭിക്കാതെ ഇടപെടാനാവുകയില്ലെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനും എ.കെ സിക്രി, ആര്‍ ഭാനുമതി എന്നീ ജസ്റ്റിസുമാര്‍ അംഗങ്ങളുമായുള്ള മൂന്നംഗ ബെഞ്ച് തള്ളുകയായിരുന്നു. അന്ന് ഉത്തരവിട്ട സ്വമേധയാ കേസ്, ചാര്‍ജ് ചെയ്യാനാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ യോഗം വിളിക്കാന്‍ ഒരുങ്ങുന്നത്.ഇതിനായി കാത്തുനിന്നത് പോലെ കേന്ദ്രസര്‍ക്കാര്‍ പെട്ടെന്ന് തന്നെ യോഗം വിളിക്കാന്‍ തയാറെടുക്കുകയാണ്. ഇവ്വിഷയകമായി മുസ്്‌ലിം പണ്ഡിതന്‍മാരും അഖിലേന്ത്യാ മുസ്്്‌ലിം ശരീഅത്ത് ബോര്‍ഡും പലതവണ മുസ്്‌ലിം ശരീഅത്ത് നിയമത്തിന്റെ ഭരണഘടനാ പരിരക്ഷയെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്.
ഭരണഘടനയുടെ 44 ാം ഖണ്ഡികയില്‍ വിവിധ മതങ്ങള്‍ പിന്തുടരുന്ന വ്യക്തിനിയമങ്ങള്‍ക്ക് പകരം രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പിലാക്കുവാന്‍ ശ്രമിക്കണമെന്ന് പറയുന്നുണ്ടെങ്കിലും ഇത് സ്‌റ്റേറ്റ് പോളിസിയിലെ നിര്‍ദേശക തത്വങ്ങളില്‍ വരുന്നതാണ്. അതിനാല്‍ തന്നെ ഏകസിവില്‍കോഡ് നിയമം നടപ്പിലാക്കുവാന്‍ ഒരു കോടതിക്കും സര്‍ക്കാരിനും സാധ്യമല്ല. വിഷയത്തിലൊരു തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ശരീഅത്ത് നിയമത്തില്‍ തൊടാന്‍ ഭരണഘടന അനുവദിക്കുന്നില്ല. മുസ്്‌ലിം സ്ത്രീകള്‍ ലിംഗവിവേചനം അനുഭവിക്കുന്നുണ്ടെങ്കില്‍ അവരാണ് കോടതിയെ സമീപിക്കേണ്ടത്. ഇസ്്‌ലാം ഒരു ജീവിത മാര്‍ഗമാണ്. ഇസ്്‌ലാമിക വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കുന്നവരെയാണ് മുസ്്‌ലിംകള്‍ എന്നു പറയുന്നത്. അത്തരം മുസ്്‌ലിം സ്ത്രീകള്‍ ഇതുവരെ കോടതിയുടെ മുമ്പിലോ സര്‍ക്കാരിന്റെ മുമ്പിലോ തങ്ങള്‍ ലിംഗവിവേചനം അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞ് പരാതിയുമായി വന്നിട്ടില്ല. എന്നിരിക്കേ, കോടതിയുടെ നിര്‍ദേശത്തിന്റെ മറവില്‍ ഏകസിവില്‍കോഡ് നിയമം നടപ്പിലാക്കിക്കളയാമെന്ന മോഹത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്നതാണ് നല്ലത്. അതിനായി മാത്രം വിളിച്ചുകൂട്ടുന്ന മുസ്്‌ലിം സംഘടനകളുടെ യോഗം വ്യര്‍ഥമാവുകയേ ഉള്ളൂ.
ഇത്തരം വിഷയങ്ങളില്‍ സമുദായത്തില്‍ നിന്നുള്ള ഇരകളുടെ പരാതി ലഭിക്കാതെ ഇടപെടാനാവില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും ഓര്‍ക്കണം. ഏകസിവില്‍കോഡ് നിയമം ഏതുവിധേനയും നടപ്പിലാക്കുക എന്ന ലാക്ക് മനസില്‍ വെച്ചുകൊണ്ട് മാത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ ഇത്തരമൊരു യോഗം വിളിക്കുന്നത്. ഏതായാലും സര്‍ക്കാര്‍ ഈയൊരു തീരുമാനത്തില്‍നിന്നും പിന്തിരിഞ്ഞേതീരൂ.



Leave A Comment