ചാക്കീരി മൊയ്തീന്‍കുട്ടി: ബദര്‍ കാവ്യവും മാപ്പിള സാഹിത്യത്തിലെ സംഭാവനകളും
ഇന്നത്തെ കാലത്ത് അധികം അറിയപ്പെടുന്നില്ലെങ്കിലും പഴമക്കാര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഒരു ബദര്‍ മാലയുണ്ടായിരുന്നു, അതാണ് ചാക്കീരി ബദര്‍ മാല. മാപ്പിള കവിയും സാഹിത്യക്കാരനുമായ ചാക്കീരി മൊയ്തീന്‍കുട്ടിയുടെ രചനയായിരുന്നു അത്. ഏറെ ആധികാരികമായ ഇസ്‍ലാമിക ചരിത്ര ഗ്രന്ഥങ്ങളെ അവലംബിച്ച് രചിക്കപ്പെട്ട ഈ കൃതി, ഹിജ്‌റ 1294ല്‍ (എഡി 1877) കോഴിക്കോട്ടെ മള്ഹറുല്‍ അദ്ല്‍ അച്ചുകൂടത്തിലായിരുന്നു അച്ചടിച്ചത്. 1907ല്‍ ഈ കൃതി മലയാള ലിപിയില്‍ അദ്ദേഹത്തിന്റെ പുത്രനായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റെ ശ്രമഫലമായി പുറത്തുവന്നതോടെയാണ് ഇതു ശ്രദ്ധേയമായത്. ആ മഹല്‍ സംരംഭത്തിന് അവതാരിക എഴുതിയത് കവി കോകിലം ടി ഉബൈദായിരുന്നു.
മാപ്പിള കവിതകളില്‍ സങ്കരഭാഷാപദങ്ങളുടെ അതിപ്രസരത്തില്‍നിന്ന് മാപ്പിള കാവ്യങ്ങളെ മോചിപ്പിക്കാന്‍ പ്രഥമ ഉദ്യമം നടത്തിയ കവി കൂടിയായിരുന്നു ചാക്കീരി. അദ്ദേഹത്തിന്റെ ബദ്ര്‍ കാവ്യത്തില്‍ ഇതരഭാഷാ പദങ്ങള്‍ക്കു പകരമായി ഭാഷാ പദങ്ങള്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നു പറയാം. നവീനങ്ങളായ പല മാറ്റങ്ങളും ചാക്കീരി തന്റെ കാവ്യത്തില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. പാരമ്പരാഗതമായി മാപ്പിളക്കവികള്‍ ഉപയോഗിച്ചു വരുന്ന ഇശല്‍ നാമങ്ങള്‍ക്ക് പകരം ഏറെക്കുറെ ദ്രാവിഡ വൃത്തങ്ങളുടെ പേരുകളാണ് അദ്ദേഹം ചേര്‍ത്തിരിക്കുന്നത്. കൂടാതെ സ്വന്തമായി ചേര്‍ത്ത ഇശല്‍ നാമങ്ങളുമുണ്ട്.
മലയാള ഭാഷാ ലോകത്തേക്ക് മാപ്പിള കവികളെ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അറബി മലയാള ലിപിയും അതിലെ മാപ്പിള കാവ്യങ്ങളും മാപ്പിളമാര്‍ക്കിടയില്‍ ആഴത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ചാക്കീരിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതിനാല്‍ അതേ ലിഖിത മാധ്യമത്തിലൂടെ അവര്‍ക്കിടയില്‍ കാവ്യങ്ങള്‍ ചമച്ച് അക്കാലത്തെ മാപ്പിള കവികള്‍ക്കിടയില്‍ ഭാഷാപരമായ പരിവര്‍ത്തനം സാധ്യമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മാപ്പിള സാഹിത്യമെന്ന് പൊതുവില്‍ പറയപ്പെടുന്ന അറബി മലയാള സാഹിത്യ ലോകത്തിന് ചാക്കീരി മൊയ്തീന്‍കുട്ടിയുടെ മഹല്‍ സേവനങ്ങളെ ഒരിക്കലും വിസ്മരിക്കാനാവില്ല. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ ഉദ്യമങ്ങളിലൊന്ന് ഭാഷാഭൂഷണം എന്ന പേരിലെഴുതിയ പര്യായ നിഘണ്ടുവാണ്. ചാക്കീരി തന്റെ ബദര്‍ കാവ്യത്തില്‍ ഉപയോഗിച്ചവയും അല്ലാത്തവയുമായ നിരവധി പദങ്ങളുടെ അര്‍ഥങ്ങള്‍ വിവരിക്കുതാണ് ഈ കൃതി. ചാക്കീരിയുടെ ബദര്‍ കാവ്യത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറെ ഉപകരിക്കുതാണ് ഇത്. ഇതിന്റെ രണ്ട് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്.
ഹിജ്‌റ 1343 ശഅബാന്‍ 11ന് (എഡി 1924) മുഈനുല്‍ ഇസ്‍ലാം പ്രസ്സില്‍ നിന്ന് പുറത്തിറക്കിയ ബദര്‍ കാവ്യത്തില്‍, 'ഭാഷാസാഹിത്യ രത്‌നച്ചുരുക്കം' എന്ന തലവാചകത്തില്‍ ചാക്കീരിയുടെ ഒരു ലേഖനമുണ്ട്. മലയാള ഭാഷയെക്കുറിച്ചും അക്കാലത്ത് നിലവിലുള്ള അതിലെ സാഹിത്യ കൃതികളെ കുറിച്ചും അദ്ദേഹത്തിന് എത്രമാത്രം പരിജ്ഞാനമുണ്ടായിരുന്നുവെന്നതിന് ആ ലേഖനം സാക്ഷിയാണ്. ഭാഷാ സാഹിത്യത്തെ പഠനവിധേയമാക്കുന്ന 'ലീലാതിലകം' പോലുള്ള ലക്ഷണ ഗ്രന്ഥങ്ങള്‍ ചാക്കീരി വായിക്കുകയും പഠിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ മാപ്പിള കാവ്യങ്ങളില്‍ ഇതരഭാഷാ പദപ്രയോഗങ്ങള്‍ അനുവര്‍ത്തിച്ച് കാവ്യം ചമയ്ക്കുന്ന ശൈലി തുടര്‍ന്നുവരുന്നത് പാട്ടിന്റെ ശുദ്ധമായ ഭാഷാസൗന്ദര്യം നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം മനസ്സിലാക്കി.
ചാക്കിരിയുടെ വരികള്‍ തനത് രൂപത്തില്‍ തന്നെ വായിക്കാം: “വിശേഷിച്ച് അറബി മലയാളത്തില്‍ മുസ്‍ലിംകളുടെ ഇടയില്‍ നടന്നുവരുന്ന കവിതകളും തര്‍ജമകളും (ഗദ്യങ്ങള്‍) അവരുടെ മലയാളത്തെ വഷളാക്കുന്നതിന് ഏറ്റവും ഉതകുന്നതാകുന്നു. ഈ കവിതകള്‍ മലയാളത്തില്‍ തമിഴ്, അറബ് മുതലായ പല ഭാഷകളും കൂട്ടിക്കെട്ടി ഉണ്ടാക്കുന്നതാണ്. ഈ കവിതകള്‍ക്ക് കവികളുടെ ദുസ്സ്വാതന്ത്ര്യമല്ലാതെ മറ്റു യാതൊരു ആഹാരവുമില്ല. വ്യാകരണാദി ഗ്രന്ഥങ്ങളെ കൊണ്ട് നിജപ്പെടുത്തിയ ഭാഷാനിയമങ്ങളെ അനുസരിക്കാതെ കവികള്‍ പല അഴിമതികളും ചെയ്തുവരുന്നു. ഭാഷാ കവിതക്ക് പദത്തില്‍ പതിനൊന്നും വാക്യത്തില്‍ പത്തൊമ്പതും അര്‍ഥത്തില്‍ പത്തും ദോശങ്ങളാണ് ഭാഷാശാസ്ത്രങ്ങളില്‍ കല്‍പിച്ചിട്ടുള്ളത്. ഈ കവിതകള്‍ പ്രസ്തുത ദോശങ്ങളുടെ ഇരിപ്പിടമാണ്. എന്നു മാത്രമല്ല, പ്രാചീനമാര്‍ നാനൂറ് അഞ്ഞൂറ് കൊല്ലങ്ങള്‍ക്ക് മുമ്പ് ദുഷ്ടമെന്നു കണ്ട് ഉപേക്ഷിച്ചതായ ചെന്റാന്‍, നിന്റാന്‍, വന്താര്‍, തിന്‍താന്‍ മുതലായ തമിള്‍ നയങ്ങളെയാണ് മലയാളനയങ്ങള്‍ക്ക് പകരം ഉപയോഗിക്കുന്നത്. കവിതയിലെ ദോശങ്ങള്‍ക്കെല്ലാം അവര്‍ പരിഹാരമായി വെച്ചിരിക്കുന്നത് ദ്വിതീയാക്ഷര പ്രാസമാകുന്നു. ഈ ദ്വിതീയാക്ഷര പ്രാസമുണ്ടായാല്‍ പിന്നെ എന്തു ദോശമുണ്ടായാലും അവര്‍ വകവെക്കുകയില്ല. പ്രാസഭക്തന്മാരുടെ ദ്വിതീയാക്ഷര പ്രാസത്തിന്റെ കാര്യത്തില്‍ പലതും പറഞ്ഞുവരുന്നുണ്ട്. എങ്കിലും ഭാഷാശാസ്ത്രങ്ങള്‍ അവയെല്ലാം തീരെ നിഷേധിച്ചിരിക്കുന്നു. എങ്ങനെയെന്നാല്‍ ദ്വിതീയാക്ഷരപ്രാസം കവിതാവനിതക്ക് ഒരു തിരുമംഗലമാണെന്നു കരുതി കവി കുഞ്ജന്മാര്‍ പ്രാസത്തിന്റെ നാലക്ഷരങ്ങളെ രക്ഷിപ്പാന്‍ വേണ്ടി പല ഗോഷ്ടികളും ആഭാസങ്ങളും കാട്ടിക്കൂട്ടുന്നു. അര്‍ഥത്തില്‍ ആര് വകവെക്കുന്നു? പ്രാസത്തിനായി മണ്ണാന്‍കട്ട എന്നുപയോഗിക്കാനും അവര്‍ മടിക്കുന്നില്ല” (ഭാഷാസാഹിത്യ രത്‌നചുരുക്കം, ചാക്കീരി മൊയ്തീന്‍ കുട്ടി).
മാപ്പിള കാവ്യങ്ങളിലെ ഭാഷയെ പരിപോഷിപ്പിച്ച് ശുദ്ധ ഭാഷയില്‍ പാരമ്പര്യ ശീലുകളുടെ അകമ്പടിയില്‍ മാപ്പിള കാവ്യങ്ങള്‍ വിരചിതമാകണമെന്ന് ചാക്കീരി ആഗ്രഹിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭവനം വിവിധ വിജ്ഞാനീയങ്ങളുള്‍ക്കൊള്ളുന്ന അമൂല്യവും ബൃഹത്തുമായ ഗ്രന്ഥങ്ങളുടെ കലവറയായിരുന്നു. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലെ ജ്വലിക്കുന്ന നായകനായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ സതീര്‍ഥ്യനും പണ്ഡിതനുമായിരുന്ന ചാലിലകത്ത് ഖുസയ്യ് ഹാജിയുടെ മക്കളായ ചാലിലകത്ത് അലി ഹസന്‍ മൗലവിയും അബ്ദുല്ല മൗലവിയും ചാക്കീരി മൊയ്തീന്‍ കുട്ടി സാഹിബിന്റെ കൂട്ടുകാരും സന്തത സഹചാരികളുമായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണ നിമിത്തം ആ ഇരുപണ്ഡിതരെയും സ്വഭവനത്തില്‍ താമസിപ്പിച്ച് സാമ്പത്തിക സഹായങ്ങള്‍ നല്‍കി അറബി ഭാഷയിലുള്ള വിവിധങ്ങളായ അമൂല്യ ഗ്രന്ഥങ്ങള്‍ അറബി മലയാള ലിപിയില്‍ പരിഭാഷ ചെയ്യിപ്പിക്കാനും ചാക്കീരി പ്രത്യേക ശ്രമം നടത്തിയിട്ടുണ്ട്.
ചാക്കീരിയുടെ പ്രേരണയില്‍ ശാഫിഈ മദ്ഹബിലെ പ്രശസ്ത പണ്ഡിതനായ ഇബ്‌നുഹജര്‍ ഹൈത്തമിയുടെ തുഹ്ഫ മുഴുവനായും ചാലിലകത്ത് അബ്ദുല്ല മൗലവിയും സഹോദരന്‍ ഹസന്‍ മൗലവിയും കൂടി അറബി മലയാള ലിപിയില്‍ എഴുതിത്തീര്‍ത്തിരുന്നു. പക്ഷേ, ആ മഹല്‍ കൃതിയുടെ മൂന്ന് ഭാഗങ്ങള്‍ മാത്രമേ പുറത്തിറങ്ങിയുള്ളൂ. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ലോക പ്രശസ്ത കര്‍മ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍മുഈന്‍ എന്ന ഗ്രന്ഥത്തിന് സയ്യിദ് ബക്‍രി എഴുതിയ വ്യാഖ്യാനത്തിന്റെ അറബി മലയാള പരിഭാഷയും അക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശ വിധേയരായ 25 ഓളം പ്രവാചകന്‍മാരുടെ ചരിത്രം വിവരിക്കുന്ന ഖസസുല്‍ അംബിയ എന്ന കൃതിയും ചാലിലകത്ത് സഹോദരന്‍മാരെ കൊണ്ട് അറബി മലയാള ലിപിയിലേക്ക് മൊഴിമാറ്റം ചെയ്യിച്ചതും പ്രസിദ്ധീകരിച്ചതും ചാക്കീരി മൊയ്തീന്‍ കുട്ടി സാഹിബാണ്. ഇസ്‍ലാമിക വിശ്വാസ കര്‍മ്മ രംഗങ്ങളിലെ ഉത്തമങ്ങളായ ബൃഹത് ഗ്രന്ഥങ്ങള്‍ അറബി മലയാള ലിപിയിലേക്ക് മൊഴിമാറ്റം ചെയ്യിച്ച് തദ്വാരാ കേരളത്തിലെ സാധാരണക്കാരായ മുസ്‍ലിംകള്‍ക്ക് ഇസ്‍ലാമിക സാഹിത്യകൃതികളെ പരിചയപ്പെടുത്താന്‍ അദ്ദേഹം നടത്തിയ ഈദൃശങ്ങളായ പ്രവര്‍ത്തനങ്ങള്‍ മാപ്പിള സാഹിത്യ ചരിത്രത്തിലെ ശ്ലാഘനീയമായ മുഹൂര്‍ത്തങ്ങളാണ്.
അറബി മലയാള ലിപിയിലുള്ള ശ്രദ്ധേയമായ ആറു കൃതികളാണ് ചാക്കീരിയുടെ രചനകളായി കണ്ടെടുക്കപ്പെട്ടിട്ടുള്ളത്.
1. ബദര്‍യുദ്ധം: മാപ്പിള കാവ്യം
2. ഭാഷാഭൂഷണം പര്യായ നിഘണ്ടു
3. തുഹ്ഫത്തുല്‍ ഇഖ്‌വാന്‍ ഗദ്യ ഗ്രന്ഥം
4. ചെറിയ തുഹ്ഫതുല്‍ ഖാരി: ഖുര്‍ആന്‍ പാരായണ ശാസ്ത്രം
5. വലിയ തുഹ്ഫത്തുല്‍ ഖാരി: ഖുര്‍ആന്‍ പരായണശാസ്ത്രം
6. സീനത്തുല്‍ ഖാരി
ചാക്കീരി മൊയ്തീന്‍കുട്ടി അക്കാലത്ത് നിലവിലുണ്ടായിരുന്ന തമിഴ് പുലവന്‍മാരുടെ കാവ്യങ്ങളില്‍ നിന്നും, അറബി മലയാള ലിപിയിലുള്ള മാപ്പിള കാവ്യങ്ങളില്‍ നിന്നും പാട്ടുകളുടെ അടിസ്ഥാന നിയമങ്ങളും രചനാരീതികളും മനസ്സിലാക്കി. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന മര്‍ഹും ചാക്കീരി അഹമ്മദ് കുട്ടി അദ്ദേഹത്തിന്റെ ഏകപുത്രനാണ്. മാപ്പിള സാഹിത്യത്തിന് അനര്‍ഘങ്ങളായ സംഭാവനകള്‍ നല്‍കിയ ആ സാഹിത്യോപാസകന്‍ 1929 ന് അന്തരിച്ചു.
ബദ്ര്‍ ചരിത്ര പ്രഭാഷണ വേദികളില്‍ ഇന്നും മഹാകവി മോയിന്‍കുട്ടി വൈദ്യരുടെയും ചാക്കീരി മൊയ്തീന്‍കുട്ടിയുടെയും കാവ്യങ്ങള്‍ നിറയുന്നത് കാണാം. വൈദ്യരുടെയും ചാക്കീരിയുടെയും ബദ്ര്‍ പടപ്പാട്ടുകള്‍ പില്‍ക്കാലത്തു മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഹാജി എം.എം മൗലവി രചിച്ച ബദ്ര്‍പാട്ടും ബദ്റിലെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ മാപ്പിളപ്പാട്ടുകളും ഇന്നും തനത് വിശുദ്ധിയോടെ നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരേ അണിനിരക്കാന്‍ മുസ്‍ലിം സമൂഹത്തിന് പ്രേരണയും ആത്മധൈര്യവും നല്കിയത് ഇത്തരം കൃതികളാണെന്ന് പറയാം. അഥവാ, കേവലം ഒരു സാഹിത്യസപര്യ എന്നതിലുപരി സമൂഹത്തിന്റെ നിര്‍മ്മിതിയില്‍ അവ വഹിച്ച പങ്ക് വളരെ വലുതാണ് എന്നര്‍ത്ഥം.
Leave A Comment