ശൈഖ് അബ്ദുറഹ്മാന്‍ നഖ്ശബന്ദി: സൂഫിസം വന്ന വഴി

നഖ്ശബന്ദിയ ത്വരീഖത്തിന്റെ കേരളത്തിലെ സമുന്നതനായ ഇതിഹാസ നായകനായിരുന്നു മര്‍ഹൂം ശൈഖ് അബൂ മുഹമ്മദ് അബ്ദുറഹിമാനു ബ്‌ന് അലി മയ്അലവി എന്ന വിശ്രുത വ്യക്തിത്വം. നുറ്റാണ്ടുകള്‍ക്കു മുമ്പ് യമനില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറി വന്നവരാണ് മഹാരഥന്റെ പിതാമഹന്മാര്‍.
മഹാനവര്‍കളുടെ കുടുംബത്തിലെ ധാരാളം പ്രമുഖര്‍ ഇസ്‌ലാമിക പ്രബോധനാര്‍ഥം ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഈ കുടുംബത്തിലെ മര്‍ഹൂം അഹ്മദ് യമനി എന്ന മഹാന്‍ കര്‍ണാടകയിലെ കുന്തപുരം എന്ന സ്ഥലത്ത് മുപ്പതോളം മുരീദുകളുമായി വന്നിറങ്ങി ഇസ്‌ലാമിക പ്രബോധനത്തിലേര്‍പ്പെട്ടു.
ഇദ്ദേഹത്തിന്റെ പൗത്രന്‍ അഹ്മദ് അസ്സാനി കുന്തപുരത്തില്‍ നിന്നും മയ്യയില്‍ (മാഹി) വന്നു താമസമാക്കി. ഇദ്ദേഹം അവിടെ പ്രവിശാലമായ പള്ളി നിര്‍മിക്കുകയും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പുത്രനായ അലിയ്യുല്‍ യമനിയാണ് മര്‍ഹൂം ശൈഖ് അബ്ദുറഹ്മാന്‍ നഖ്ശബന്ദി(റ)യുടെ പിതാവ്. മയ്യയി പ്രദേശത്തുകാരാനായതിനാല്‍ മഹാനവര്‍കളുടെ പിതാവിന് 'മയ്അലവി' എന്ന നാമം സിദ്ദിച്ചിരുന്നു.

കുടുംബം
മയ്യയിലേക്ക് താമസം മാറ്റിയ പിതാവ് മയ്യലവി അവിടെനിന്ന് തന്നെ വിവാഹം ചെയ്തു. ഹി: 1257ല്‍ മഹാനായ ശൈഖ് അബ്ദുറഹ്മാന്‍ നഖ്ശബന്ദി(റ) ജന്മംകൊണ്ടു. പിതാവ് മൈഅലവി അക്കാലത്തെ പ്രമുഖ പണ്ഡിതനും ആത്മീയ നേതാവുമായിരുന്നു. അതിനാല്‍, സമൂഹത്തില്‍ വലിയ സ്ഥാനം നഖ്ശബന്ദി(റ)ക്കുണ്ടായിരുന്നു.
വലിയ വിദ്യയും യുക്തിയും കൈവരിച്ച ശൈഖ് അബ്ദുറഹ്മാന്‍ നഖ്ശബന്ദി(റ) ജീവിതത്തില്‍ മൂന്നു വിവാഹം കഴിച്ചിട്ടുണ്ട്. കുഴിപ്പുറം കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ പുത്രിയുമായി ആയിരുന്നു ആദ്യ വിവാഹം. രണ്ടാമത്തെ വിവാഹം കൊയിലാണ്ടിയിലെ പുതിയ വീട്ടില്‍ മൂസാന്‍ മുസ്‌ലിയാരുടെ പുത്രിയുമായി നടന്നു. പിന്നീട് നൂഞ്ഞേരി ശൈഖി(റ)ന്റെ മകള്‍ ആയിശയെ വിവാഹം കഴിച്ചു. ഈ മൂന്നു പേരില്‍ നിന്നുള്ള പ്രഗത്ഭരായ പുത്രന്മാരാണ് മര്‍ഹൂം ആലി മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍.

വിദ്യാഭ്യാസം
മയ്യയില്‍ വച്ച് തന്നെയായിരുന്നു മഹാനവര്‍കളുടെ പ്രാഥമിക പഠനം. പിന്നീട് ഉപരിപഠനത്തിനു വേണ്ടി തിരൂരങ്ങാടി ജുമുഅത്ത് പള്ളിയിലെത്തി. അന്നത്തെ മുദര്‍രിസും ഖാസിയുമായിരുന്ന മര്‍ഹൂം സൈനുദ്ദീന്‍ മുസ്‌ലിയാരായിരുന്നു അവിടത്തെ ഉസ്താദ്. അദ്ദേഹത്തില്‍നിന്ന് മഹാനവര്‍കള്‍ ഉയര്‍ന്ന വിദ്യാഭ്യാസം കൈവരിച്ചു.
ഹി: 1299ല്‍ ഉസ്താദ് സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വഫാത്തായി. പിന്നീട്, പൊന്നാനിയില്‍ പോയി ഉസ്താദ് വലിയ അഹ്മദ് എന്ന ബാവ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. ജ്ഞാനത്തിന്റെ നിറകുടമായിരുന്ന ഉസ്താദിലൂടെ വലിയ അക്ഷരക്കനിയിലേക്ക് മഹാനവര്‍കള്‍ക്ക് എത്താന്‍ സാധിച്ചു. ഹി: 1301ല്‍ ഉസ്താദ് ബാവ മുസ്‌ലിയാരും അന്തരിച്ചു.
ഒടുവില്‍ താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ പോയി പരപ്പനങ്ങാടി ഔക്കോയ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. ഈ സമയത്ത് മഹാനവര്‍കള്‍ വിജ്ഞാനത്തിന്റെയും ആത്മീയതയുടെയും ഗോപുരങ്ങള്‍ കൈയ്യടക്കിയിരുന്നു. ഒരു ദിവസം മഹാനവര്‍കള്‍ക്ക് കിതാബില്‍ സന്ദേഹം (ഇശ്കാല്‍) ഉണ്ടായി. ഇതിനാല്‍ ഉസ്താദില്‍നിന്ന് മാറിനിന്ന് മറ്റൊരു റൂമില്‍ പോയി ചിന്തിക്കുകയായിരുന്നു. ഈ സമയത്ത് ഉസ്താദ് ഔക്കോയ മുസ്‌ലിയാര്‍ റൂമില്‍ നിന്ന് മഹാനവര്‍കള്‍ മറ്റാരോടോ സംസാരിക്കുന്നതായി കേട്ടു. ശബ്ദം കേട്ട ഉടനെ ഉസ്താദ് മഹാനവര്‍കളോട് കാര്യം തിരക്കി. ഉടനെ മഹാനവര്‍കള്‍ മറുപടി പറഞ്ഞു: ''എനിക്ക് കിതാബില്‍ ഒരു സന്ദേഹമുണ്ടായി. അതു ഞാന്‍ ഇമാം ഗസ്സാലി(റ)യോട് ചോദിക്കുകയായിരുന്നു''. ഇതു കേട്ട് ആശ്ചര്യഭരിതനായ ഉസ്താദ് മഹാനവര്‍കളെ 'ശൈഖ്' എന്ന് വിളിച്ച്. പിന്നീട് ഉസ്താദിന്റെ ആത്മീയ ഗുരുവായി ശിഷ്യന്‍ മാറി. അത്രമേല്‍ മഹോന്നതനായിരുന്നു ശൈഖ് അബദുറഹ്മാന്‍ നഖ്ശബന്ദി(റ).
ഹി: 1290ല്‍ ഉസതാദ് ഔക്കോയ മുസ്‌ലിയാര്‍ വഫാത്തായി. ഉസ്താദിന്റെ

ഇജാസത്ത് (സമ്മതം) പ്രകാരം ഹി: 1288 മുതല്‍ മഹാനവര്‍കള്‍ അധ്യാപനം തുടങ്ങിയിരുന്നു. ഇതിനിടെ എല്ലാ വിഷയങ്ങളിലും ശൈഖവര്‍കള്‍ അവഗാഹ പാണ്ഡിത്യം നേടിയിരുന്നു. ശിഷ്യന്മാര്‍ മഹാനവര്‍കളില്‍നിന്ന് വേണ്ടുവോളം വിജ്ഞാനം ആര്‍ജിക്കുകയായിരുന്നു. ദീര്‍ഘകാല ശേഷം പള്ളിയുടെ തെക്കുകിഴക്ക് ഭാഗത്ത് ഒരു പള്ളി സ്ഥാപിക്കുകയും ദര്‍സ് അങ്ങോട്ട് മാറ്റുകയും ചെയ്തു. പിന്നീട് ആ പള്ളിക്ക് 'ശൈഖിന്റെ പള്ളി' എന്ന പേര് സിദ്ധിച്ചു. പരിസരത്തുതന്നെ വീട് നിര്‍മിച്ച് താമസമാക്കിയ മഹാനവര്‍കള്‍ പരസഹസ്രം ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത് അവരെ വിജ്ഞാനത്തിന്റെ ഉത്തുംഗതയിലേക്കെത്തിക്കുന്നതില്‍ മഹാനവര്‍കള്‍ വലിയ വിജയം കൈവരിച്ചു.

 

ആത്മീയ ലോകം
ഹി: 1300ല്‍ വഫാത്തായ പ്രമുഖ വലിയ്യും അനേകം ശിഷ്യഗണങ്ങളുടെ ഗുരുവുമായ നൂഞ്ഞേരി കുഞ്ഞിമുഹമ്മദ് ശൈഖില്‍ നിന്നും നഖ്ശബന്ദി ത്വരീഖത്ത് മഹാനവര്‍കള്‍ സ്വീകരിക്കുകയും തദടിസ്ഥാനത്തില്‍ മഹാനവര്‍കള്‍ക്ക് ത്വരീഖത്തിന്റെ സ്ഥാനവസ്ത്രം ലഭിക്കുകയും ചെയ്തു.
കണ്ണൂരിലും കോഴിക്കോടിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ഇസ്‌ലാമിക പ്രബോധനവുമായി മുന്നോട്ടു പോയിരുന്ന മഹല്‍ വ്യക്തിയാണ് കുഞ്ഞേരി കുഞ്ഞുമുഹമ്മദ് മുസ്യാര്‍. വളപട്ടണത്തില്‍ നിന്നും വിദ്യാഭ്യാസം നേടിയ അദ്ദേഹം അസയ്യിദ് മുഹമ്മദുല്‍ ബലഫതനിയിയില്‍ നിന്നാണ് ത്വരീഖത്ത് സ്വീകരിച്ചത്. പിന്നീട് പന്ത്രണ്ട് വര്‍ഷം മക്കയില്‍ മുഹ്‌യിദ്ദാഗസ്ഥാനില്‍ മക്കിയ്യില്‍ നിന്ന് ആദ്ധ്യാത്മിക വിജ്ഞാനം നേടി. ബോംബയില്‍ നിന്ന് മലബാറിലേക്കുള്ള യാത്രാമധ്യേയാണ് മഹാനവര്‍കള്‍ വഫാത്താകുന്നത്. മുരീദുമാരുടെ കൂടെ യാസീന്‍ ഓതുന്നതിനിടെ ഖിബിലക്ക് മുന്നുട്ടു കൊണ്ടാണ് മഹാനവര്‍കളുടെ വഫാത്ത്. ഗോവയിലാണ് അദ്ദേഹത്തിന്റെ മഖ്ബറ സ്ഥിതിചെയ്യുന്നത്.
മഹാനോടുള്ള അഗാധ ബന്ധത്താല്‍ അബ്ദുറഹ്മാന്‍ നഖ്ഷബന്ദി(റ) സമീപകാലത്തെ പണ്ഡിതന്മാരെ അതിജയിച്ചിരുന്നു. ഇതിനാല്‍ അക്കാലത്തെ 'ഇബ്‌നുഅറബി' എന്ന പേര് പോലും സിദ്ധിച്ചു. നമ്മുടെ പ്രതാപവും അഭിമാനവും ആത്മീയ വിശിദ്ധിയിലൂടെ മാത്രമേ ഉണ്ടാകൂ എന്നു തന്റെ ജീവിതത്തിലൂടെ മഹാനവര്‍കള്‍ സമൂഹത്തെ ഉത്‌ബോധിപ്പിച്ചു.
ആത്മീയ ചൈതന്യത്തിലൂന്നിയ തന്റെ ജീവിതത്തിനിടയില്‍ ധാരാളം പ്രമുഖ ശിഷ്യരെയും മുരീദുകളെയും മഹാനവര്‍കള്‍ വാര്‍ത്തെടുത്തിരുന്നു. ശൈഖ് യൂസുഫ് ഫള്ഫരി, വാളക്കുളം അഹ്മദ് കുട്ടി ഹാജി, കുഞ്ഞുട്ടി മുസ്‌ലിയാര്‍ എന്ന അലി മസ്‌ലിയാര്‍ എന്നിവര്‍ പ്രമുഖ ശിഷ്യന്മാരായിരുന്നു. ശൈഖ് മുഹമ്മദ് സ്വഹീഫ് ഹമദാനി, ശൈഖ് സൈനുദ്ദീന്‍ റംലി, മൗലാന അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ പ്രമുഖ മുരീദുമാരായിരുന്നു.

രചനകള്‍
അറബി ഭാഷയില്‍ അവഗാഹ പാണ്ഡിത്യവും രചനാവൈഭവവുമുള്ള മഹാപണ്ഡിതനായിരുന്നു ശൈഖ് നഖ്ശബന്ദി(റ). തന്റെ രചനകളിലൂടെയും പ്രതിഭാവിലാസത്തിലൂടെയും ഇസ്‌ലാമിക ലോകത്തിന് മഹാനവര്‍കള്‍ സമാനതകളില്ലാത്ത സംഭാവനകളര്‍പ്പിച്ചു.
'അസ്ആദുല്‍ ഇബാദ് ഫീ ദിക്‌റില്‍ മൗതി വല്‍ മആദ്' എന്ന വിശ്രുദ്ധ ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ സുപ്രസിദ്ധ രചന. ഈ പുസ്തകത്തിന്റെ അകക്കാമ്പുകളിലേക്ക് ഇറങ്ങിച്ചെന്നാല്‍ അദ്ദേഹം കൈമുതലാക്കി വച്ചിരുന്ന രചനാവൈഭവം സുവ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ഹി: 1348-ല്‍ ശഅ്ബാനില്‍ തന്റെ പുത്രന്‍ അബ്ദുല്‍ ഖാദര്‍ മൗലവിയാണ് ഇത് തിരൂരങ്ങാടി മഊനത്തില്‍ ഇസ്‌ലാം പ്രസ്സില്‍ നിന്ന് അച്ചടിച്ചത്.
അവാരിഫുല്‍ മആരിഫ്, ഇഫാദത്തുല്‍ ഖുദുസിയ്യ ഫീ ഇഖ്തിലാഫി ത്വറഫി സ്സൂഫിയ്യ, അസ്‌റാറുല്‍ മുഹഖിഖീന്‍ ഫീ മഅ്‌രിഫത്തി റബ്ബില്‍ ആലമീന്‍ എന്നീ ഗ്രന്ഥങ്ങളാണ് തന്റെ മറ്റു പ്രധാന രചനകള്‍.

വഫാത്ത്
ഹി: 1322 ശവ്വാല്‍ 22ന് വെള്ളിയാഴ്ച പ്രഭാതത്തില്‍ ശൈഖ് അബ്ദുറഹ്മാന്‍ നഖ്ശബന്ദി ഈ ലോകത്തോട് വിടപറഞ്ഞു. മരണവിവരമറിഞ്ഞ് പരസഹസ്രം പണ്ഡിത സ്‌നേഹികള്‍ അവിടെയെത്തി. ആത്മീയ ദിശയിലൂടെ ജീവിച്ച മഹാന്റെ വ്യക്തത്വത്തിന്റെ അടയാളമായിരുന്നു ഈ ജനസഞ്ജയം. താന്‍ നട്ടുവളര്‍ത്തിയ ശൈഖ് പള്ളിക്ക് ചാരത്താണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. അല്ലാഹു അവരെയും നമ്മെയും അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരിമിച്ചു കൂട്ടുമാറാകട്ടെ, ആമീന്‍.

Related Posts

Leave A Comment

Voting Poll

Get Newsletter

Success

Your question successfully uploaded!