മലയാള മുസ്‌ലിം ജീവിതത്തിലെ തഴവാമുഴക്കം
മലയാള മുസ്‌ലിം ജീവിതത്തിലെ തഴവാമുഴക്കം
ഇജാസ് ഹസ്സന്‍ കിണാശേരി
'അതിലുണ്ട് മുന്തിരി തോട്ടവും റുമ്മാനും
രസമുള്ളതാ കദളിപ്പഴം തിന്നാനും'
ഒരുകാലത്ത് മുസ്‌ലിം കൈരളിയുടെ രാവുകളെ ധന്യമാക്കിയ വഅഌന്റെ വേദികളിലെങ്ങും അലയടിച്ചുയര്‍ന്ന സുന്ദരമായ ഈരടികളാണിത്. തഴവായെന്ന മഹാപ്രതിഭയുടെ അറിവിന്റെ അക്ഷയഖനികളൊളിപ്പിച്ചു വെച്ച ഇശലിന്റെ സുന്ദര താളം. മലയാളിക്ക് അന്നുവരെ പരിചയമില്ലാതിരുന്ന പുതിയൊരു ഈണവും താളവും പരിചയപ്പെടുത്തുകയായിരുന്നു തഴവാ മുഹമ്മദ് കുഞ്ഞി മൗലവിയെന്ന മഹാപ്രതിഭ. നൂറ്റിനാല്‍പ്പത്തിയൊന്ന് വിഷയങ്ങള്‍ തൊള്ളായിരത്തിയൊന്ന് ഈരടികളിലൂടെ അവതരിപ്പിക്കുന്ന അക്ഷര വിസ്മയമാണ് 'അല്‍ മവാഹിബുല്‍ ജലിയ്യ'.
കരുനാഗപ്പള്ളി താലൂക്കില്‍ തഴവാ ഗ്രാമത്തില്‍ അബ്ദുല്‍ ഖാദര്‍ കുഞ്ഞിന്റെയും ഫാത്വിമ ബീവിയുടെയും മകനായി 1921-ലാണ് അദ്ദേഹം ജനിക്കുന്നത്.
റജ്‌സ് രീതിയാണ് ഈ കാവ്യനിര്‍മിതിക്കായി അദ്ദേഹം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. കര്‍മ്മശാസ്ത്ര വിധികള്‍ മുതല്‍ കൗതുകവിവരങ്ങള്‍ വരെ വളരെ സുന്ദരമായാണ് ഇതില്‍ പ്രതിപാദിക്കുന്നത്. മാപ്പിളപ്പാട്ടിന്റെ സൗന്ദര്യമായ അന്ത്യാക്ഷരപ്രാസം അദ്ദേഹം വളരെ ഭംഗിയായി പാലിക്കുന്നത് കാണാം:
വായ് കഴുകണേ കുടിച്ചാല്‍ ഉടന്‍ നീ പാല്
കൈ കഴുകണേ പെരുമാറിയാല്‍ നീ ചൂല്
ചോദിച്ചിടണ്ട ലുബ്ധനോട് നീ മാല്
പാലാക്കുവാന്‍ നീ നോക്കിടണ്ട കീല്
നീട്ടല്ലെ നീ ഖുര്‍ആന്റെ നേരെ കാല്
ഖിബ്‌ലാക്കു നേരെയും നല്ലതല്ലീ ഹാല്
അകതാരില്‍ അതിയായ ആനന്ദം ജനിപ്പിക്കുന്ന വാക്കുകളില്‍ സ്വര്‍ഗീയാനന്ദങ്ങളെ വളരെ ഹൃദ്യമായി അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
സ്വര്‍ഗം നിനക്കൊരു മസ്‌കനായി ലഭിച്ചെങ്കിലെ
ഇവിടെന്തു ക്ലേശം സാരമില്ലാ നിന്നിലേ...
അല്‍ഹംദുലില്ലാഹ് ജീവിതം എന്തന്തസാ
കുടിക്കുന്ന ജലമില്‍ ചേര്‍ത്തിടും കാഫൂറാ
കലരാത്ത തേനൊലിക്കുന്നതാണന്‍ഹാറാ
പിഴിയാതെ തന്നൊഴുകുന്നതാ പാലാറ്
പുഴപോലെ തന്നതിലുണ്ടെടോ കള്ളാറ്
സ്വര്‍ഗീയാരാമത്തിന്റെ സൗന്ദര്യവും അനുഗ്രഹങ്ങളും ഇതിലും സുന്ദരമായി എങ്ങനെയാണ് ആവിഷ്‌കരിക്കുക. നരകത്തെ കുറിച്ച്, നരകവാസികള്‍ അനുഭവിക്കുന്ന ശിക്ഷകളെ കുറിച്ച് ഹൃദയഭേദകമായി അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
അതികഠിനമായ ദാഹമായൊരു ദാഹമാണവര്‍ക്കുള്ളത്
പതക്കുന്ന ചീഞ്ചലമാണതില്‍ ലഭിക്കുന്നത്
ചൂടേറ്റു മുഖമെല്ലാം ഉടന്‍ കരിയുന്നതാ
തലമുടി കരിഞ്ഞതിലുള്ള തോലിളക്കുന്നതാ
ഉള്ളില്‍ കടന്നാല്‍ കുടലുകള്‍ നുറുങ്ങുന്നതാ
പിന്‍ദ്വാര വഴി അതു മുഴുവനും ഒഴുകുന്നതാ...
രണ്ടാം ഭാഗത്തില്‍ വ്യക്തിശുചിത്വം, മരണാനന്തര കര്‍മ്മങ്ങള്‍ തുടങ്ങിയവയാണ് വിവരിക്കുന്നത്. വസര്‍ജ്ജന മര്യാദകള്‍, നഖം മുറിക്കേണ്ട രീതി, കുളിയുടെ രൂപം, സുന്നത്തുകുളി, മയ്യിത്ത് കുളി, കഫന്‍ ചെയ്യല്‍ തുടങ്ങിയവയുടെ രൂപങ്ങള്‍ അതികാവ്യാത്മകമായി അദ്ദേഹം കുറിക്കുന്നുണ്ട്. മയ്യിത്ത് നിസ്‌കാരത്തിന്റെ മസ്അലകള്‍ ചര്‍ച്ച ചെയ്ത ശേഷം അദ്ദേഹം ഖബ്‌റിനെ കുറിച്ച് കുറിക്കുന്നു.
ഖബറെന്നു കേട്ടാല്‍ തല്‍ക്ഷണം ഞെട്ടേണ്ടതാ
മേടക്കു പകരം മാളമാ സുബ്ഹാന
റബ്ബീ അതില്‍ കിടക്കേണ്ടതാണസ്മാന....
ചിതലും പുഴുക്കളും താവളം പെരുത്തുണ്ടതില്‍
സന്തോഷമാണ വള്‍ക്ക് നീ ചെല്ലുന്നതില്‍
പൊന്‍വര്‍ണ്ണ കോമള മൃദുലമായ ശരീരമില്‍
സമരത്തിലാണ് പരസ്പരം തിന്നുന്നതില്‍’
ഖബറിന്റെ ഭയാനകത മനസുകളിലേക്ക് പകരാനാവുന്ന ഈ വാക്കുകള്‍ക്ക് ഭയാനകതയും സൗന്ദര്യവും ഒരു പോലെയുണ്ട്.
ചിലപ്പോഴെക്കെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു ഹാസ്യഭാവം കൈവരുന്നതു കാണാം.
കാര്‍ഡില്ല റേഷന്‍ വേണ്ട പോലതിലുണ്ട്
ക്യൂ സിസ്റ്റമില്ല തള്ളലാണതു കൊണ്ട്
ജീവിതകാലമത്രയും ഗ്രന്ഥപാരായണം ചെയ്തു ലഭിക്കുന്നതിലേറെ അപൂര്‍വങ്ങളായ ഉദ്ധരണികള്‍ ഒരു ഒഴുക്കു പോലെ അനുസൂതം പ്രവഹിക്കുന്നു അല്‍മവാഹിബില്‍. ഖുര്‍ആന്‍- ഹദീസുകള്‍ക്ക് പുറമെ അത്യപൂര്‍വങ്ങളായ ഗ്രന്ഥങ്ങള്‍ താളുകളടക്കം അദ്ദേഹം ഉദ്ധരിക്കുന്നു. ഇതുതന്നെയാണ് മവാഹിബിനെ ഇത്രമേല്‍ പ്രിയങ്കരമാക്കുന്നതും.
ഇമാമിനേക്കാള്‍ മുമ്പ് ഫാതിഹ തീര്‍ന്നുപോയ്
മഅ്മൂമിനെന്നാല്‍ സൂറത്തോതല്‍ സുന്നത്തായ്
അതിലുത്തമം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നതാ
അല്ലെങ്കില്‍ നബിയില്‍ സ്വലാത്തോതുന്നതാ
ശര്‍വാനിയില്‍ നീ നോക്കിതെല്ലാം വിശദമാ
ഒരുനൂറ്റി മുപ്പത്തഞ്ച് പേജും കൃത്യമാ
ഇവിടെ ശര്‍വാനി കൃത്യമായ പേജ് നമ്പര്‍ സഹിതം ഉദ്ധരിക്കുന്നു. മൂന്നാം ഭാഗത്തില്‍ നിസ്‌ക്കാരം, നോമ്പ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരിക്കുന്ന ചില വരികള്‍ കാവ്യശാസ്ത്രം പാലിക്കുന്നതോടൊപ്പം തന്നെ കാര്യങ്ങളതേപ്പടി വിവരിക്കുന്നവയാണ്.
ദീനിന്റെ തൂണില്‍പ്പെട്ടതാ നിസ്‌കാരം
ഈമാന്‍ കഴിഞ്ഞാല്‍ പിന്നതാ വിസ്താരം
ഹദീസ് പഠനത്തിനിടക്ക് അന്ധത ബാധിക്കുകയും തിരുനബി(സ) സ്വപ്നത്തിലൂടെ ചികിത്സിക്കുകയും ചെയ്ത ഹദീസ് പണ്ഡിതന്‍ യഅ്ഖൂബ് ബിന്‍ സുഫ്‌യാനുല്‍ ഫാരിസിയുടെ മരണാനന്തര ജീവിതത്തെ കുറിച്ച് അദ്ദേഹം സ്വപ്നത്തിലൂടെ പറയുന്നതായി തഴവാ കുറിക്കുന്നു:
എനിക്കെന്റെ റബ്ബ് പൊറുത്തു പാപം ഒക്കെയും
കൂടുതവന്‍ ഏല്‍പ്പിച്ചു മറ്റൊരു ജോലിയും
നീ ഭൂമിയില്‍ നിന്നു പഠിച്ച ഹദീസുകള്‍
വിവരിക്കണം പഠിക്കട്ടെ എന്റെ മലക്കുകള്‍
ഞാനിന്ന് നാലാമത്തെ ആകാശത്തിലാ...
സുബ്ഹാന റബ്ബീ എന്തിനാ പറയുന്നത്
ജീബ്‌രീലു പോലും വന്നു എഴുതുന്നുണ്ട്
ഇരുന്നൂറ്റി ഇരുപത്തേഴ് ഹിജ്‌റ റജബിലാ
തനിക്കുള്ള മൗത്തും അന്ന് താന്‍ ബസ്വറയിലാ
ഇത് അല്‍ ബിദായത്തു വന്നിഹായയിലുള്ളതാ
പതിനൊന്ന് അമ്പത്തൊമ്പതില്‍ വിവരിച്ചതാ
നാലാം ഭാഗം അനസ് ബിന്‍ മാലിക്(റ) യഅ്കൂബ് ബിന്‍ സുഫ്‌യാനുല്‍ ഫാരിസി(റ), ബുഖാരി(റ), ലുഖ്മാനുല്‍ ഹക്കീമി(റ)ന്റെ ഉപദേശം, മറ്റു വിജ്ഞാനങ്ങള്‍ എന്നിവയാണ് ഉള്‍കൊള്ളുന്നത്.
ഇമാം ബുഖാരി ജനിച്ച വര്‍ഷം അറിയണേ
തൊണ്ണൂറ്റിനാലും പിന്നെ നൂറും കൂട്ടണേ
ശവ്വാല്‍ പതിമൂന്നിന്ന് ജുംആ രാവിലാ
ജുംആക്കു ശേഷം എന്ന ഖൗല് ബലത്തിലാ
ബുഖാരി സബ്കിന്റെ ആദ്യത്തില്‍ പതിവായി പാടുന്ന ഈ വരികള്‍ ബുഖാരി ഇമാമിന്റെ ജനനം കുറിക്കുന്നവയാണ്. തുടര്‍ന്ന് ലുഖ്മാന്‍(റ)വിന്റെ ഉപദേശങ്ങള്‍:’
താനാദ്യമായ് മകനോട് ചെയ്തുപദേശമാ
പാടില്ല റബ്ബിനെക്കൊണ്ട് ശിര്‍ക്കത് ളുല്‍മാ
സംസാരമെന്നത് വെള്ളിയാണേല്‍ തന്നെയും
മിണ്ടാതിരിക്കല്‍ സ്വര്‍ണമാണേ പൊന്നേ.
പൊട്ടിച്ചിരിയുടെ വിപത്തുകള്‍ വിവരിക്കവേ ചിരിയുടെ ഇനങ്ങള്‍ വളരെ സുന്ദരമായി വേര്‍തിരിക്കുന്നു.
സൗത്തില്ല വായ് തുറക്കുന്നതായ് എന്നാലോ പുഞ്ചിരി
അത് ചെറിയ സൗത്തില്‍ വന്നു എന്നാലോ ചിരി
പൊട്ടിച്ചിരിക്കല്‍ വലിയ സൗത്തില്‍ ഉള്ളതാ
ഇത് സ്വാവി മൂന്നില്‍ നോക്കിയാല്‍ കാണുന്നതാ
ആഢംഭരത്തിന്റെ കോടാലി എന്ന തലക്കെട്ടിലുള്ള അധ്യായത്തില്‍ മുഴുവന്‍ വരികള്‍ 'ന്നേ' എന്ന അന്ത്യാക്ഷര പ്രാസത്തിലാണ് അവസാനിക്കുന്നത്.
ക്ഷമവിട്ട ഉമ്മയും പൊന്നു മകനേ എന്നേ
കൈവിട്ടുപോയോ കാണലെന്നാ നിന്നെ
അരിമക്കിടാങ്ങള്‍ ബാപ്പയെ വിളിക്കുന്നേ
അതിനുത്തരം ചെയ്യാതവന്‍ പിരിയുന്നേ
'ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളി'ല്‍ അപൂര്‍വ്വ അറിവുകള്‍ തഴാ എടുത്തുവെക്കുന്നു.
പറയുന്നത് നബി മുസ്തഫാ സ്വല്ലല്ലാ
അലിയ്യ് അവരോടൊരു ദിനം റളിയല്ല
കല്ല്യാണമൊന്നു കഴിച്ച് എന്നാല്‍ പെണ്ണിനെ
നീ നിന്റെ വീട്ടില്‍ ആദ്യമായ് കടത്തിങ്ങനെ
വീടിന്റെ വെളിയിലിരുത്തി കഴുകിരുകാലുകള്‍
കളയാതെ ഒരു പാത്രത്താക്കാ നീരുകള്‍
എന്നിട്ട് ബാബു തുടങ്ങി വീടറ്റം വരെ
തളിക്കേണ്ടതാണാ വെള്ളവും തീരും വരെ
അതു കൊണ്ട് വീട്ടില്‍ നിന്ന് മാറും ആപത്ത്
കടക്കും അതില്‍ ബറക്കത്തുമെഴുപത് റഹ്മത്തും
അല്‍ബറക്കത്തെന്ന കിതാബിലുണ്ടിത് നോക്കണം
അഞ്ചാം ഭാഗത്തില്‍ സ്വലാത്ത്, ദിക്ര്‍, ഇല്‍മ്, അഹ്‌ലുബൈത്ത്, ഉള്ഹിയ്യത്ത് തുടങ്ങിയവയുടെ ശ്രേഷ്ഠതയും മറ്റു ചില മര്യാദകളുമാണ് പറയുന്നത്.
മാലാഖമാര്‍ നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നവരെ സഹായിക്കുന്നവിധം സംഭാഷണത്തിന്റെ തന്മയത്വം ചോര്‍ന്നു പോകാതെ തന്നെ അല്‍മവാഹിബ് അവതരിപ്പിക്കുന്നുണ്ട്.
മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്‌റ മുന്നൂറിന് ശേഷം വന്നതാ
മൗലിദ് വിരോധികള്‍ വല്ലാതെ കൊണ്ടുപിടിച്ച ഒരു വരിയാണിത്. എന്നാല്‍
നബിക്കുള്ള മൗലിദ് വീട്ടിലും ഓതേണ്ടതാ
അതിനാല്‍ മുസ്വീബത്തൊക്കെയും നീങ്ങുന്നതാ
എന്നു തന്നെ തെളിയിച്ചു പാടിയ തഴവായുടെ വരികള്‍ തന്നെ ഇവര്‍ ഏറ്റുപിടിച്ചു എന്നത് ഏറെ വിരോധാഭാസമാണ്. ഈ ഏറ്റുപിടിക്കലിനെതിരെ ഒരു രസികന്‍ സരസമായി പാടി
മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
പറഞ്ഞിട്ട് സലഫികള്‍ മൗലിദും തള്ളുന്ന്
ബുഖാരി നോക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്‌റ മുന്നൂറിന് ശേഷം വന്നതാ
തൗഹീദ് വിഭജനം മുമ്പ് പതിവില്ലാത്തതാ
അതുകൊണ്ട് സലഫികള്‍ ഇതു തള്ളേണ്ടതാ
മൗലിദ് തള്ളിയ ന്യായവും അതിനുണ്ട്...
അത് സലഫികള്‍ ബിദ്അത്തിലായ് എണ്ണേണ്ടതാ
നബി(സ) വെള്ളിയാഴ്ച, സൂറത്തുല്‍ ഇഖ്‌ലാസ്, റജബ്, അസ്മാഉല്‍ ഹുസ്‌ന, ബിസ്മി, സല്‍സ്വഭാവം, തൊഴില്‍ തുടങ്ങിയവയുടെ മഹത്വമാണ് ആറാം ഭാഗത്തില്‍ പരാമര്‍ശിക്കുന്നത്. ഭാഗം ഏഴില്‍ ഇബ്‌നുല്‍ മുബാറക് എന്ന പേരില്‍ പ്രശസ്തനായ സൂഫിയുടെ പിതാവിന്റെ വിവാഹത്തിന്റെ കഥ പറഞ്ഞതിനു ശേഷം കല്ല്യാണങ്ങളിലെ ആര്‍ഭാടങ്ങള്‍ അദ്ദേഹം അതിശക്തമായി വിമര്‍ശിക്കുന്നതു കാണാം.
പണമല്ല പ്രശ്‌നം ഒറ്റമകളാണുള്ളത്
പെണ്ണിന് സാരി എടുത്തതിനെന്താ വിലാ
അയ്യായിരം കൊടുത്തതിനാ ബലാ..
ബിരിയാണി ഇരുപത് ചെമ്പ് വെച്ച് വിളമ്പണം
പലിശക്ക് പണമെടുത്തെങ്കിലും ഉണ്ടാക്കണം
പെണ്ണിന് തുണി കൊടുക്കുന്നതും
കാസറ്റിലേക്ക് പകര്‍ത്തി ഗള്‍ഫിലേക്കയക്കണം
അതു കണ്ട് പലരും അവളെ നോക്കി രസിക്കണം
കല്ല്യാണമെല്ലാം പൊടിപൊടിച്ച് നടത്തലായ്
പ്രശ്‌നങ്ങളോരോന്നിരുവരില്‍ തലപൊക്കി
അഞ്ചാം ഭാഗത്തില്‍ സ്വലാത്ത്, ദിക്ര്‍, ഇല്‍മ്, രോഗികള്‍, അഹ്‌ലുബൈത്ത്, ഉള്ഹിയ്യത്ത് എന്നിവയുടെ ശ്രേഷ്ഠതയാണ് വിവരിക്കുന്നത്. ആപത്തുകളില്‍ ബിസ്മി കാവലേകുന്ന രംഗങ്ങള്‍ വളരെ തന്മയത്വത്തോടെ തഴവാ അവതരിപ്പിക്കുന്നു.
ആദം നബിക്കിറങ്ങുന്നു ബസ്മലത്താദ്യമായ്
പറയുന്നു നസഫി ഉയര്‍ന്നു മൗത്തിനു ശേഷമായ്
പിന്നീട് നൂഹ് നബിക്കു വന്നതു മൂലം
മുങ്ങാതെ രക്ഷ ലഭിച്ചു അവരക്കാലം
നബിനൂഹ് മൗത്തില്‍ പിന്നത്
മുമ്പുളള പോലെ ഉയര്‍ത്തലാണുണ്ടായത്
വീണ്ടും ഇറങ്ങി ഖലീല്‍ ഇബ്‌റാഹീം
തീ കുണ്ഠമില്‍ വീണന്ന് വന്ന് സലാം
തഴവായുടെ തൂലികാ വിലാസം വൈദ്യശാസ്ത്രത്തിലേക്കും കടന്നുചെല്ലുന്നുണ്ട്. അജാഇബ്, മുസ്തഥ്‌റഫ്, അല്‍ബറകാത്ത്, ദാഇറ, അറാഇസ് എന്നീ ഗ്രന്ഥങ്ങളിലെ ഉദ്ധരണികളും ജാലിനൂസ്, അലി(റ) തുടങ്ങിയ പ്രമുഖരുടെ വാക്യങ്ങളും മുന്‍നിര്‍ത്തി അദ്ദേഹം വൈദ്യവിധികള്‍ വിവരിക്കുന്നുണ്ട്. ചരിത്രത്തിലെ അനര്‍ഘനിമിഷങ്ങളുടെയും കഥകളുടെയും വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ അവതരണം അത്യധികം ആകര്‍ഷകവും ഹൃദയഹാരിയുമാണ്.
അവസാന ഭാഗങ്ങളില്‍ തഖ്‌വാ, ഈമാന്‍, തൗബ, പാപങ്ങള്‍, അവയുടെ ഗൗരവം എന്നിവയും ഒടുവിലത്തെ അധ്യായത്തില്‍ നരകം, സ്വര്‍ഗം, പലവക തത്വങ്ങള്‍ എന്ന പേരില്‍ കൗതുകകരമായ കാര്യങ്ങളുമാണ് അദ്ദേഹം പങ്കുവെക്കുന്നത്.
തഴവാ മുഹമ്മദ് കുഞ്ഞി മൗലവി മാപ്പിള മലയാള സാഹിത്യത്തില്‍ തീര്‍ത്തും വ്യത്യസ്തമായൊരു രചനാ രീതിയാണ് 'അല്‍മവാഹിബില്‍ ജലിയ്യ'യിലൂടെ പരിചയപ്പെടുത്തുന്നത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ തട്ടകം തെക്കേ കേരളമായതു കൊണ്ടായിരിക്കാം മാപ്പിള മലബാര്‍ വേണ്ടത്ര മവാഹിബിന്റെ സൗരഭ്യം ഉള്‍ക്കൊള്ളാതെ പോയത്. എങ്കിലും ഒരുകാര്യമുറപ്പാണ് 'അല്‍മവാഹിബ്' മലയാളി മനസ്സില്‍ അറിവിന്റെ മുഴക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. തഴവ തന്നെ പാടിയതു പോലെ...
മലയാളി മനമിലെ സൗത്തുല്‍ കിറാമി
അത് മുഴങ്ങിടും ഇലാ യൗമില്‍ ഖിയാമി
Leave A Comment