കോണ്‍സ്റ്റാന്റിനോപ്പിൾ: മഹാവിജയത്തിന്റെ നാൾവഴികൾ
"ലതുഫ്തഹന്നൽ ഖുസ്തുന്ഥീനിയ്യ"
പ്രവാചകരുടെ ഈ തിരുമൊഴിക്ക് അനവധി വർഷങ്ങളുടെ കഥ പറയാനുണ്ട്. ഒന്നാം ഖലീഫ അബൂബക്കർ(റ)വിന്റെ ഭരണകാലം മുതൽ മുഹമ്മദുൽ ഫാതിഹിലൂടെ മുസ്‍ലിംകൾ കോണ്‍സ്റ്റാന്റിനോപ്പിൾ നഗരം കീഴടക്കുന്നത് വരെയുള്ള വർഷങ്ങൾ നീണ്ട പരിശ്രമങ്ങളുടെ ഉദ്വേഗജനകമായ കഥകളുടെ പ്രചോദനം ഈ തിരുവചനമായിരുന്നു. ആറു നൂറ്റാണ്ടിലേറെക്കാലം മുസ്‍ലിം ലോകത്തെ നിയന്ത്രിച്ച ഉസ്മാനി ഖിലാഫത്തിന്റെ സ്ഥാപനത്തിൽ വരെ ഈ പ്രവചനത്തിന്റെ കയ്യൊപ്പുകളുണ്ട്. മുസ്‍ലിം ലോകം ഏറെ നാൾ കാത്തിരുന്ന കോണ്‍സ്റ്റാന്റിനോപ്പിൾ നഗരത്തിന്റെ വിജയം ഉസ്മാനികളിലൂടെ സാക്ഷാത്കൃതമായത് 1453 മെയ് 29 നായിരുന്നു. പ്രവാചകപ്രവചനം മുതൽ അതിന്റെ സാക്ഷാത്കാരം വരെയുള്ള ചരിത്രചലനങ്ങളിലേക്കുള്ള ഒരെത്തിനോട്ടമാണിത്.
നഗരത്തിന്റെ ചരിത്രം
ലോക ചരിത്രത്തിന്റെ വലിയൊരു ഭാഗവും ഉൾകൊള്ളുന്ന മഹത്തായ നഗരമാണ് കോണ്‍സ്റ്റാന്റിനോപ്പിൾ. പല സാമ്ര്യാജ്യങ്ങളുടെയും ഉയർച്ചതാഴ്ചകൾക്ക് സാക്ഷിയാണ് ഈ നഗരം. യൂറോപ്പിനോടും ഏഷ്യയോടും ഒരുപോലെ ബന്ധിക്കുന്ന നഗരത്തിന്റെ ഭൂപ്രകൃതിയാണ് പലരെയും ആകർഷിക്കുന്നത്. ഇസ്താംബൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട നഗരം ആധുനിക യുഗത്തിലും അതിന്റെ സവിശേഷത കൊണ്ട് വേറിട്ട് നില്ക്കുന്നു.
പ്രാചീന കാലം മുതൽക്കേ ജനവാസമുണ്ടായിരുന്നെങ്കിലും ഇസ്താംബൂൾ ഒരു നഗരമായി മാറുന്നത് ബി.സി ഏഴാം നൂറ്റാണ്ടിൽ ബയ്സാസ് രാജാവിന്റെ കീഴിൽ ഗ്രീക്കുകാർ അവിടെ താമസമാരംഭിച്ചതോടെയാണെന്ന് പറയപ്പെടുന്നു. അതോടെ നഗരത്തിന് ബൈസാന്റിയം എന്ന് നാമകരണം ചെയ്യപ്പെട്ടു. ബൈസാന്റിയം പിന്നീട് റോമൻ സാമ്രാജ്യത്തിന്റെ കീഴിൽ വന്നു. എ.ഡി 330 ൽ കോൻസ്റ്റന്റൈന്‍ ചക്രവർത്തി ഈ നഗരത്തെ തലസ്ഥാനമായി പ്രഖ്യാപിച്ചു. പിന്നീട് പത്ത് നൂറ്റാണ്ടിലേറെ കാലം ഈ നഗരം ബൈസന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി നിലകൊണ്ടു. കോണ്‍സ്റ്റന്റൈൻ ചക്രവർത്തി അധികാരമേറ്റെടുത്തതോടെയാണ് ' കോണ്‍സ്റ്റാന്റിനോപ്പിൾ' എന്ന് നഗരം പുനർനാമകരണം ചെയ്യപ്പെടുന്നത്. അദ്ദേഹമാണ് റോമൻ രാജാക്കന്മാരിൽ നിന്ന് ആദ്യമായി ക്രിസ്തുമതം സ്വീകരിക്കുന്നത്. പിന്നീട് പുതിയ മതത്തെ കോൻസ്റ്റാന്റിനോപ്പാളിൽ വ്യാപിപ്പിക്കുന്നതും അദ്ദേഹം തന്നെ. പിന്നീട് 1453 ൽ സുൽത്താൻ മുഹമ്മദുൽ ഫാതിഹ് കോൻസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ അതിനെ ഇസ്‌ലാംബൂൾ എന്ന് പുനർനാമകരണം ചെയ്തു. അതാണത്രെ പിന്നീട് ഇസ്താംബൂളായി മാറിയത്.
അറബികളുടെ കടന്ന് വരവും സാമ്പത്തിക തകർച്ചയും
1100 വർഷക്കാലം കോണ്‍സ്റ്റാന്റിനോപ്പിൾ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി നിലകൊണ്ടു. ഇതിനിടയിൽ പല പ്രഗത്ഭരായ ചക്രവർത്തിമാരും കഴിഞ്ഞുപോയി. ജസ്റ്റീനിയൻ ചക്രവർത്തി അവരിൽ പ്രമുഖനായിരുന്നു. അനവധി യുദ്ധങ്ങൾക്ക് അദ്ദേഹം മുന്നിട്ടിറങ്ങി. പേർഷ്യൻ ഭരണകൂടത്തിനെതിരെയും യൂറോപ്യൻ ഭാഗങ്ങളിൽ ബർബറുകൾക്കെതിരെയും അദ്ദേഹം നിരന്തരമായി പോരാടി. ലോകം മുഴുവൻ തന്റെ കീഴിൽ കൊണ്ടുവരണമെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന്. കോണ്‍സ്റ്റാന്റിനോപ്പിളിൽ നിലനിന്നിരുന്ന അനവധി കെട്ടിടസമുച്ചയങ്ങളും ചർച്ചുകളും അദ്ദേഹത്തിൻറെ കാലത്ത് പണികഴിപ്പിച്ചതാണ്. സെൻറ് സോഫിയ ചർച്ച് അടക്കം പല പ്രമുഖ ചർച്ചുകളും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ജസ്റ്റീനിയൻ ചക്രവർത്തിയുടെ കാലത്ത് സാമ്രാജ്യത്തിന്റെ ഭാഷ ഗ്രീക്ക് ഭാഷയായി പരിണമിച്ചു. പണ്ട് ഉപയോഗിച്ചിരുന്ന ലാറ്റിൻ ഭാഷയെ അവർ പാടെ അവഗണിക്കുകയും ചെയ്തു.
കാലങ്ങൾ കഴിഞ്ഞപ്പോൾ രാജാക്കന്മാരുടെ മികവിനാലും നിർമാണ ചാതുരിയാലും കോണ്‍സ്റ്റാന്റിനോപ്പിൾ ലോകത്തിന്റെ തന്നെ തലസ്ഥാനമായി മാറി. ജസ്റ്റീനിയന്റെ മരണശേഷം ബൈസന്റൈൻ സാമ്രാജ്യം ക്ഷയിച്ചു തുടങ്ങി. പിന്നീട് അതിന് പുനർജീവൻ നൽകുന്നത് ഹെറാക്ലിയസ് രാജാവാണ്. അദ്ദേഹം പല പുനരുദ്ധാരണ പ്രവർത്തനങ്ങളും കൊണ്ടുവന്നു. പേർഷ്യക്കാര്‍ മുമ്പ് കീഴടക്കിയിരുന്ന ഈജിപ്ത്, ശാം, ഏഷ്യമൈനർ തുടങ്ങി പല സ്ഥലങ്ങളും അദ്ദേഹം തിരിച്ചുപിടിച്ചു. പക്ഷേ ഈ സ്ഥലങ്ങൾക്കൊന്നും കൂടുതൽ കാലം നിലകൊള്ളാൻ സാധിച്ചില്ല. വലിയ ശക്തിയായി ഉയർന്നു വന്ന അറേബ്യൻ മുസ്‍ലിംകൾ അപ്പോഴേക്കും ഈ സ്ഥലങ്ങളെല്ലാം തങ്ങളുടെ വരുതിയിലാക്കി കഴിഞ്ഞിരുന്നു.
അറബികളുടെ കടന്നുകയറ്റമാണ് പിന്നീട് സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമാകുന്നത്. അറബികൾ മാത്രമല്ല, ബൾഗേറിയക്കാരും സാൾവുകളും ബൈസന്റൈൻ പ്രദേശങ്ങൾ കീഴടക്കിത്തുടങ്ങി. ബാൽകാൻ പ്രവിശ്യകൾ സാമ്രാജ്യത്തിൽ നിന്ന് കീഴടക്കി അവിടം ഭരണം നടത്താനും സാമ്രാജ്യത്തിനെതിരെ നിരന്തരം പോരാട്ടങ്ങൾ നടത്താനും അവർക്കായി. അവരുടെ പോരാട്ടങ്ങൾ തലസ്ഥാന നഗരിയായ കോൻസ്റ്റാന്റിനോപ്പിളിന് നേരെയും എത്തിയിരുന്നു.
വർഷങ്ങൾ കഴിഞ്ഞപ്പോൾ സാമ്പത്തികമായും സാമ്രാജ്യം പിന്നോട്ട് പോവാന്‍ തുടങ്ങി. സൈന്യത്തിന്റെ എണ്ണം കുറക്കാനും സാമ്പത്തിക സന്ധാരണത്തിനായി യുദ്ധക്കപ്പലുകൾ ജനീവക്കാർക്കും വെനീസുകാർക്കും വിൽക്കാനും വരെ അവർ നിർബന്ധിതരായി മാറിയ കാലങ്ങളുണ്ടായിരുന്നു.
സാമ്പത്തികമായും രാഷ്ട്രീയമായുമുള്ള ഇത്തരം കാരണങ്ങളാണ് പതിയെ ഈ മഹാ സാമ്രാജ്യത്തെ നിലം പരിശാക്കുന്നത്.
ഓർത്തഡോക്സ്-കത്തോലിക് ഭിന്നതകളും നാലാം കുരിശുയുദ്ധവും
രാജാക്കന്മാരുടെ പ്രാപ്തിക്കുറവ് സാമ്രാജ്യത്തെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങളിൽ പ്രധാനമാണ്. എന്നാൽ ബാഹ്യമായ ചില കാര്യങ്ങൾ കൂടി അതിനുണ്ട്. 1347 ൽ യൂറോപ്പിനെ ഒന്നടങ്കം ബാധിച്ച പ്ലേഗ് (ബ്ലാക്ക് ഡെത്ത്) കോൻസ്റ്റാന്റിനോപ്പിളിനെയും പിടിച്ചു കുലുക്കിയിരുന്നു. 1431 ൽ പ്ലേഗിന്റെ രണ്ടാം വരവും കൂടിയായപ്പോൾ സാമ്രാജ്യം കൂടുതൽ ക്ഷയിച്ചു.
തുടർച്ചയായുള്ള പകർച്ചവ്യാധികൾക്കപ്പുറം മതപരമായ അഭിപ്രായ ഭിന്നതകളും കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ശക്തിക്ക് ഭംഗം വരുത്തുന്നതായിരുന്നു. റോമൻ വിഭാഗവും ലാറ്റിൻ വിഭാഗവും തമ്മിലുള്ള ഉൾപോര് ശക്തമായിരുന്നു. റോമൻ പോപ്പും കോണ്‍സ്റ്റാന്റിനോപ്പിളിലെ ആർച്ച്ബിഷപ്പും തമ്മിൽ നിലനിന്നിരുന്ന ഭിന്നതകളാണ് ഇവയിൽ പ്രധാനം. റോമൻ പോപ്പിന്റെ കുഴലൂത്തുകാരനായി തന്നെ കാണാൻ ബിഷപ്പിനായില്ല. പോപ്പിനുള്ള അതേ സ്ഥാനം തനിക്കും ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ റോമൻ പോപ്പ് കോണ്‍സ്റ്റാന്റിനോപ്പിളിലെ ആർച്ച്ബിഷപ്പിനെ തനിക്ക് താഴെയായി മാത്രമേ പരിഗണിച്ചുള്ളൂ.
മത നേതാക്കളെ പോലെ സാധാരണക്കാരും ഭിന്നതകൾക്ക് ആക്കം കൂട്ടിയിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ജനങ്ങൾ ഓർത്തഡോക്സ് വിശ്വാസികളായിരുന്നു. അതേസമയം കത്തോലിക്കാ വിഭാഗമായ യൂറോപ്പുകാർ ഓർത്തഡോക്സുകൾ മുസ്‍ലിംകളെ പോലെ കൊല്ലപ്പെടേണ്ടവരാണ് എന്ന വിശ്വാസക്കാരായിരുന്നു. രണ്ട് ചർച്ചുകൾക്കിടയിലുള്ള ഈ അഭിപ്രായ ഭിന്നതകൾ നഗരത്തിന്റെ തകർച്ചക്ക് വലിയ ഹേതുകമായി.
കോൺസ്റ്റാന്റിനോപ്പിളിന്റെ തകർച്ചയിൽ നാലാം കുരിശു യുദ്ധത്തിനും അതിന്റേതായ പങ്കുണ്ട്. 1204ലെ കുരിശുയുദ്ധം അതിൻറെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് തെന്നിമാറി കോണ്‍സ്റ്റാൻറ്റിനോപ്പിളിനെ കീഴടക്കുന്നതിലും അവിടെ കവർച്ച നടത്തുന്നതിലുമാണ് അവസാനിച്ചത്. ഇതിന്റെ കാരണവും മതത്തിനകത്തെ വിഭാഗീയതകളായിരുന്നു. കത്തോലിക്ക വിഭാഗമായ ലാറ്റിൻ ജനത കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി അര നൂറ്റാണ്ട് കാലത്തോളം അവിടെ ഭരണം നടത്തി. 1261 ലാണ് ബൈസന്റൈൻ ജനതയ്ക്ക് തലസ്ഥാനം ലാറ്റിൻ അധിനിവേശത്തിൽ നിന്നും തിരിച്ചു പിടിക്കാൻ സാധിച്ചത്. അര നൂറ്റാണ്ടിലെ തങ്ങളുടെ തലസ്ഥാനം ഭരിച്ച റോമക്കാരെ അതോടെ അവർ ശക്തമായി വെറുക്കാൻ തുടങ്ങി.
പിന്നീട് ചക്രവർത്തിയായ സ്ഥാനാരോഹണം ചെയ്യപ്പെട്ട മിഖായേൽ എട്ടാമൻ രണ്ടു ചർച്ചുകളെയും ഒന്നിപ്പിക്കാൻ മുന്നിട്ടിറങ്ങിയിരുന്നു. പക്ഷേ അദ്ദേഹത്തിന് എതിരെ അന്നത്തെ കോണ്‍സ്റ്റാന്റിനോപ്പിൾ ആർച്ച് ബിഷപ്പടക്കം പലരും രംഗത്ത് വന്നു. പിന്നീട് റോമൻ പോപ്പ് മരിക്കുകയും അദ്ദേഹത്തിന്റെ പിൻഗാമിയായി ഓർത്തഡോക്സ് ജനതയോട് കൂടുതൽ വെറുപ്പുള്ള പുതിയ പോപ്പ് കടന്നു വരികയും ചെയ്തതോടെ മിഖായേൽ ഇരു ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെട്ടു.
സുൽത്താൻ മുഹമ്മദ് കീഴടക്കുന്നു
കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉപരോധങ്ങൾ സുൽത്താൻ മുഹമ്മദുൽ ഫാതിഹിനും മുമ്പ് തന്നെ ആരംഭിച്ചതാണ്. പ്രവാചക വചസ്സിലെ ആന്തരികാർഥങ്ങൾ യാഥാർഥ്യമാക്കുക എന്നത് സ്വഹാബത്തിന്റെ ആത്യന്തിക ലക്ഷ്യമായിരുന്നു. പുലരാനിരിക്കുന്ന പ്രവാചക പ്രവചനത്തിന്റെ പതാക വാഹികൾ തങ്ങളായിരിക്കണമെന്ന് ഓരോ മുസ്‍ലിം ഭരണകൂടങ്ങളും അതിയായി കൊതിച്ചിരുന്നു. അതിനാൽ തന്നെ കോണ്‍സ്റ്റാന്റിനോപ്പിൾ കീഴടക്കാൻ സൈന്യത്തെ വിന്യസിക്കാൻ മുസ്‍ലിം ദൗലതുകൾ അഹമഹമികയാ മുന്നോട്ട് വന്നിരുന്നു.
Read More: കടലിലേക്കിറങ്ങുന്ന മുസ്‍ലിം സൈന്യവും കോൻസ്റ്റാന്റിനോപ്പിൾ ഉപരോധങ്ങളും
പിതാവായ സുൽത്താൻ മുറാദ് രണ്ടാമന് ശേഷമാണ് സുൽത്താൻ മുഹമ്മദ് രണ്ടാമൻ ഉസ്മാനി ദൗലത്തിന്റെ അധികാരത്തിലേറുന്നത്. പുതിയ സുൽത്താൻ സ്ഥാനമേറ്റെടുത്തപ്പോൾ ബൈസന്റൈൻ ചക്രവർത്തി കോൻസ്റ്റന്റൈന്‍ പതിനൊന്നാമന്‍ സുൽത്താനെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. ബൈസന്റൈൻ ബന്ധനത്തിൽ കഴിയുന്ന പ്രിൻസ് ഓര്‍ഹാന് ഉസ്മാനികൾ നൽകിവരുന്ന വാർഷിക നികുതി വർധിപ്പിക്കണമെന്നും അല്ലെങ്കിൽ ആഭ്യന്തര കലഹങ്ങൾ സൃഷ്ടിക്കുന്നതിനായി ഓർഹാനെ മോചിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി അദ്ദേഹം സുൽത്താന് കത്തെഴുതി. പക്ഷേ കത്ത് വായിച്ച സുൽത്താന്റെ തീരുമാനം തീർത്തും അപ്രതീക്ഷിതമായിരുന്നു. ഇതുവരെ നൽകി വന്നിരുന്ന വാർഷിക നികുതി തന്നെ അദ്ദേഹം നിർത്തലാക്കി. കോൻസ്റ്റാന്റിനോപ്പിളിന് നേരെയുള്ള ആക്രമങ്ങളുടെ തുടക്കമായിരുന്നു ഇത്.
കോണ്‍സ്റ്റാന്റിനോപ്പിൾ ഉപരോധം ചര്‍ച്ചക്ക് വന്നപ്പോള്‍ വിഭിന്നാഭിപ്രായങ്ങളായിരുന്നു ഉടലെടുത്തത്. പ്രധാനമന്ത്രിയായിരുന്ന ചാൻദാർലി ഖലീൽ പാഷയടക്കം പലരും സുൽത്താന്റെ ഉദ്യമത്തെ നിരുത്സാഹപ്പെടുത്തി. പക്ഷേ തൻറെ ആത്മീയ ഗുരുവായിരുന്ന ശൈഖ് അഖ്ശംസുദ്ദീനും സഗോനോസ് പാഷയും അടങ്ങുന്ന വലിയൊരു നിര സുൽത്താനെ പ്രോത്സാഹിപ്പിക്കാൻ ഉണ്ടായിരുന്നു. ഉപരോധത്തിന്റെ ആദ്യപടിയെന്നോണം സുൽത്താൻ റുമേലി ഹിസാർ (കോട്ട) പണി കഴിപ്പിച്ചു. നേരത്തെ കോണ്‍സ്റ്റാന്റിനോപ്പിൾ ഉപരോധിച്ചിരുന്ന സുൽത്താൻ ബായസീദ് പണികഴിപ്പിച്ച അനാതോലി ഹിസാറിന് മറുവശമായിരുന്നു ഇത്. പുതിയ കോട്ടയുടെ വരവ് കൂടിയായപ്പോൾ ചക്രവർത്തിക്ക് ഭയം വന്ന് തുടങ്ങി. സമീപ രാജാക്കന്മാരോടും ഇറ്റലിയിലെ പോപ്പിനോടും കോണ്‍സ്റ്റന്റൈൻ സഹായം അഭ്യർത്ഥിച്ചു. ഓർത്തഡോക്സുകാർ കാത്തോലിക്കരുമായി സഹകരിച്ച് ഒന്നിക്കണമെന്ന നിബന്ധനയോടെ നാലു യുദ്ധക്കപ്പലുകൾ അയച്ചുകൊടുക്കാൻ പോപ്പ് തയ്യാറായി. ഇരു വിഭാഗങ്ങളും തമ്മിൽ ശക്തമായ ഭിന്നത നിലനിന്നിരുന്ന സമയമായിരുന്നു അത്. ലാറ്റിൻ വിഭാഗവുമായി ഒന്നിക്കുന്നതിനേക്കാൾ നല്ലത് തുർക്കികൾ കോണ്‍സ്റ്റാന്റിനോപ്പിൾ കീഴടക്കുന്നതാണ് എന്ന് വരെ അഭിപ്രായപ്പെട്ട ക്രിസ്ത്യൻ നേതാക്കൾ അന്ന് നഗരത്തിലുണ്ടായിരുന്നു.
1453 ഏപ്രിൽ രണ്ടിന് കരമാർഗമുള്ള ഉപരോധം ആരംഭിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും വിജയം കാണാതിരുന്നപ്പോൾ സുൽത്താൻ കടൽ മാർഗവും ഉപരോധം തീർക്കുന്നതിനുള്ള ആലോചനയിലായി. കോണ്‍സ്റ്റാന്റിനോപ്പിളിന് കുറുകെ കെട്ടിയിരിക്കുന്ന ഭാരിച്ച ചങ്ങലകളായിരുന്നു കടൽ വഴി ഉപരോധം തീർക്കുന്നതിനുള്ള പ്രധാന തടസ്സങ്ങൾ. പക്ഷേ, മുഹമ്മദ് രണ്ടാമന്റെ ബുദ്ധിയിലുദിച്ചത് തീർത്തും വ്യത്യസ്തമായ പദ്ധതിയായിരുന്നു. ചങ്ങല മുറിച്ചു കടക്കാതെ എങ്ങനെ മറുകരയിലെത്താം എന്ന സുൽത്താന്റെ ചിന്തയിൽ നിന്നാണ് ലോകം അത്ഭുതത്തോടെ നോക്കിക്കൊണ്ട ആ ചരിത്രമാരംഭിക്കുന്നത്. നിലവിൽ ഓട്ടോമൻ കപ്പലുകൾ സ്ഥിതി ചെയ്യുന്ന ബക്തഷ് തുറമുഖത്തു നിന്ന് ഗലത നഗരത്തിലൂടെ ഗോൾഡൻ ഹോർണിലേക്ക് കപ്പലുകൾ കര മാർഗം നീക്കം ചെയ്യാൻ സുൽത്താൻ കല്പിച്ചു. ഗലത നഗരത്തിൽ എണ്ണ പുരട്ടിയ മരക്കഷ്ണങ്ങൾ നിലത്തു പാകി അതിലൂടെ 67 ഓട്ടോമൻ കപ്പലുകളാണ് ഒറ്റ രാത്രി കൊണ്ട് മറുകരക്കെത്തിച്ചത്. ഏപ്രിൽ 22ന്റെ പ്രഭാതത്തിൽ ബൈസന്റൈൻ സൈന്യമുണരുന്നത് ഉച്ചത്തിലുയരുന്ന തക്ബീറാരവങ്ങൾ കേട്ടാണ്. ഇതോടെ ബൈസന്റൈൻ സേന ഭയചകിതരായി.
ഇത്രയുമായപ്പോൾ അവസാനമെന്നോണം സുൽത്താൻ കോൻസ്റ്റന്റൈന് കത്തെഴുതി. ഇപ്പോൾ പിൻവാങ്ങാൻ തയ്യാറായാൽ തന്റെ മുഴുവൻ സമ്പത്തുകളും എടുത്ത് 'മോറ'യിൽ ചെന്ന് അവിടെ ഉസ്മാനികളുടെ കീഴിൽ ഭരണം നടത്താമെന്ന് സുൽത്താൻ നിർദേശിച്ചു. പക്ഷേ, കോൻസ്റ്റന്റൈൻ ഉറച്ച തീരുമാനത്തിലായിരുന്നു. തന്റെ നഗരത്തിന് വേണ്ടി മരിക്കാൻ തന്നെ അദ്ദേഹം തയ്യാറായി. ഇതോടെ സുൽത്താൻ അവസാന ആക്രമണത്തിനുള്ള കോപ്പു കൂട്ടി.
ഉപരോധത്തിന്റെ 53 ദിവസങ്ങൾ പിന്നിട്ട് മെയ് 29 ന് ശക്തമായ പോരാട്ടത്തിലൂടെ ഓട്ടോമൻ സൈന്യം നഗരം കീഴടക്കി. അങ്ങനെ കാലങ്ങളോളം ബൈസന്റൈൻ നഗരത്തിന്റെ തകർക്കാനാവാത്ത കോട്ടയായി നിലകൊണ്ട കോണ്‍സ്റ്റാന്റിനോപ്പിൾ മുസ്‍ലിം പടക്ക് മുന്നിൽ മുട്ടുമടക്കി. ഓട്ടോമൻ ദൗലത്തിന്റെ പതാക കോട്ടക്ക് മുകളിൽ ഉയർന്നു പറന്നു.
അടുത്ത ദിവസം, മെയ് 30ന് ആഘോഷാരവങ്ങളോടെ സുൽത്താൻ നഗരത്തിൽ പ്രവേശിച്ചു. ഇസ്‍ലാമിന്റെ തലസ്ഥാനം എന്ന അർഥത്തിൽ 'ഇസ്‌ലാംപൂൾ' എന്ന് നഗത്തിന് പുനർനാമകരണം ചെയ്തു. അയാസോഫിയ ചർച്ച് വിലക്ക് വാങ്ങി പള്ളിയാക്കി മാറ്റി. അതേ സമയം, ക്രിസ്ത്യൻ ജനതക്ക് സുരക്ഷിതമായി വസിക്കാനുള്ള സ്ഥലസൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. ഓർത്തഡോക്സ് വിശ്വാസികൾക്ക് പുതിയ നേതൃത്വത്തെ നിർണയിച്ചു കൊടുത്തു. കോണ്‍സ്റ്റാന്റിനോപ്പിൾ വീണ്ടും പ്രതാപത്തിലേക്കുയർന്നു തുടങ്ങി. ഓട്ടോമൻ ഖിലാഫത്തിന്റെ എന്നേക്കുമായുള്ള തലസ്ഥാനമായി നഗരം മാറി.
ശൈഖ് അഖ്ശംസുദ്ദീൻ: തിരശ്ശീലക്ക് പിന്നിലെ വിജയശിൽപി
കോണ്‍സ്റ്റാന്റിനോപ്പിൾ ഉപരോധമേർപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയം, നഗരത്തെ അവസാന സമയത്ത് സംരക്ഷിക്കാൻ വേണ്ടി റോമൻപോപ്പ് അയച്ച കപ്പലുകളെ കോണ്‍സ്റ്റാന്റിനോപ്പിളിൽ എത്തുന്നതിൽ നിന്ന് തടയാൻ ശ്രമിച്ച ഓട്ടോമൻ നാവികർ പരാജിതരായി മടങ്ങി വന്നു. ഇത് സൈന്യത്തിനിടയിൽ വലിയ ഭീതി സൃഷ്ടിച്ചു. പലരും ഉപരോധം നിർത്തി വെക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇത് ഒരിക്കലും വിജയം കാണില്ലെന്ന് വരെ പലരും പറഞ്ഞു തുടങ്ങി. ആ സമയത്ത് സുൽത്താൻ മുഹമ്മദ് തന്റെ മന്ത്രിയായ വലിയുദ്ദീൻ അഹ്മദ് പാഷയെ വിളിച്ച് പിറകിൽ ടെന്റിലിരിക്കുന്ന തന്റെ ശൈഖിനോട് അഭിപ്രായം തേടിവരാൻ നിർദേശിച്ചു. വൈകാതെ മറുപടി വന്നു: "ഉപരോധം തുടരൂ, അല്ലാഹു കൂടെയുണ്ട്."
ശൈഖ് അഖ്ശംസുദ്ദീൻ എന്ന ആ മഹാ മനീഷിയുടെ വാക്കുകളായിരുന്നു സുൽത്താന് കരുത്തേകിയിരുന്നത്. ചെറുപ്പം മുതൽ തന്നെ ഫാതിഹിന്റെ ആത്മീയ ഗുരുവായി ശൈഖ് കൂടെയുണ്ടായിരുന്നു. ഖലീഫ അബൂബക്കറി(റ)ലേക്കാണ് ഇദ്ദേഹത്തിന്റെ പിതൃപരമ്പര ചെന്നെത്തുന്നത്. ക്രി. 1389 ൽ ഡമസ്കസിൽ ആണ് ശൈഖിന്റെ ജനനം. ഷംസുദ്ദീൻ ബിൻ ഹംസ എന്നായിരുന്നു യഥാർഥ നാമം. അമാസ്യയിലും അലപ്പോയിലും അനറ്റോളിയയിലുമായി അദ്ദേഹം വിജ്ഞാന സമ്പാദനം നടത്തി. പിതാവായ സുൽത്താൻ മുറാദ് രണ്ടാമനാണ് അദ്ദേഹത്തെ ഫാതിഹിന്റെ ആത്മീയ ഗുരുവായി നിർദേശിക്കുന്നത്.
കോൻസ്റ്റാന്റിനോപ്പിൾ കീഴടക്കപ്പെടുമെന്ന പ്രവാചക വചനം മുഹമ്മദുൽ ഫാതിഹിന്റെ ഹൃദയാന്തരങ്ങളിൽ ആഴ്ന്നിറങ്ങുന്നത് ശൈഖിന്റെ മൊഴികളിൽ നിന്നാണ്. അത് കീഴടക്കാൻ വേണ്ടി തന്റെ പ്രാപ്യതയുടെ പാരമ്യത വരെ പോകാൻ അദ്ദേഹം തയ്യാറായത് ശൈഖ് കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തിലായിരുന്നു. ഉപരോധത്തിനിടക്ക് ആത്മവിശ്വസം ചോരുന്ന സമയങ്ങളിലെല്ലാം സുൽത്താൻ ശൈഖിനെ കാണുകയും അദ്ദേഹത്തിന്റെ ഉറച്ച വാക്കുകൾക്കനുസൃതമായി കരുക്കൾ നീക്കുകയും ചെയ്തിരുന്നു. മുൻകാല കോണ്‍സ്റ്റാന്റിനോപ്പിൾ ഉപരോധത്തിൽ ശഹീദായ അബൂ അയ്യൂബുൽ അൻസ്വാരി(റ)യുടെ ഖബർ കണ്ടെത്തിത് അദ്ദേഹമാണ്. കോണ്‍സ്റ്റാന്റിനോപ്പിൾ കീഴടക്കിയതിന് ശേഷം അയാസോഫിയയിൽ വെച്ചുള്ള ആദ്യ ജുമുഅക്ക് നേതൃത്വം നൽകിയതും ശൈഖ് അഖ്ഷംസുദ്ദീൻ ആയിരുന്നു. ക്രി. 1459 ലാണ് ശൈഖ് വഫാത്താവുന്നത്.
അവലംബം:
ഫത്ഹുൽ ഖുസ്‌തുൻതീനിയ്യ, അബ്ദുസ്സലാം ഫഹ്മി
താരീഖുദൗലത്തിൽ അമവിയ്യ
The Great Arab Conquests, by Hugh N. Kennedy
Leave A Comment