അബൂബക്ര്‍ സിദ്ദീഖ് (റ)
ആദ്യപേര് അബ്ദുല്‍ കഅ്ബ. ഇസ്‌ലാമാശ്ലേഷിച്ചതോടെ പ്രവാചകന്‍ അബ്ദുല്ല എന്ന് പേര് മാറ്റി. അബൂബക്ര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. പ്രവാചകരുടെ ആകാശാരോഹണ സംഭവം ഉടനടി വിശ്വസിച്ചിരുന്നതിനാല്‍ സിദ്ദീഖ് എന്ന പേരിലും വിളിക്കപ്പെട്ടു. പിതാവ് അബൂ ഖുഹാഫ. മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മ ബിന്‍ത് സ്വഖ്ര്‍. പ്രവാചക ജന്മത്തിന്റെ രണ്ടര വര്‍ഷത്തിനു ശേഷം മക്കയില്‍ ജനിച്ചു. മാന്യനും തന്റേടമുള്ളവനുമായിട്ടായിരുന്നു ആദ്യകാല ജീവിതം. കച്ചവട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഒരാളായി കഴിഞ്ഞു. ഖുറൈശികളുടെ വംശാവലിയില്‍ അഗ്രഗണ്യനായിരുന്നു.
പുരുഷന്മാരില്‍നിന്നു ഇസ്‌ലാം വിശ്വസിച്ച ആദ്യവ്യക്തിയായിരുന്നു സിദ്ദീഖ് (റ). പ്രവാചകരുടെ പില്‍ക്കാല പ്രബോധന ജീവിതത്തില്‍ ഉറ്റ കൂട്ടാളിയും സഹപ്രവര്‍ത്തകനുമായി നിലകൊണ്ടു. അബൂബക്ര്‍ എന്റെ കൂട്ടുകാരനാണെന്നുവരെ പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി അനവധിയാളുകള്‍ ഇസ്‌ലാംമതം വിശ്വസിച്ചിട്ടുണ്ട്. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍, സുബൈര്‍ ബിന്‍ അവ്വാം, ഥല്‍ഹ ബിന്‍ ഉബൈദില്ല, സഅദ് ബിന്‍ അബീ വഖാസ്, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്. രഹസ്യ പ്രബോധനവുമായി പ്രവാചകന്‍ ഇറങ്ങിപ്പുറപ്പെട്ട നേരം. അത് മറച്ചുപിടിക്കേണ്ടതല്ലെന്നും പരസ്യമായി പ്രഖ്യാപിക്കണമെന്നും സിദ്ദീഖ് (റ) പ്രവാചകരെ ബോധിപ്പിച്ചു. അതനുസരിച്ച് അദ്ദേഹം കഅബാലയത്തിനടുത്തു വരികയും ഇസ്‌ലാമിനെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതു കണ്ട ഖുറൈശികള്‍ അദ്ദേഹത്തിനു നേരെ ചാടിവീഴുകയും ശക്തമായി വേദനിപ്പിക്കുകയും ചെയ്യുകയുണ്ടായി. ബോധരഹിതനായി വീണ അദ്ദേഹത്തിന് ബോധം തിരിച്ചു ലഭിച്ചപ്പോള്‍ ആദ്യമായി അന്വേഷിച്ചത് പ്രവാചകരുടെ സുഖവിവരങ്ങളായിരുന്നു.
ഇങ്ങനെ ഇസ്‌ലാമിന്റെ തുടക്കം മുതല്‍ അതിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളിയായി നിലകൊള്ളുകയും എല്ലാ നിര്‍ണായക ഘട്ടങ്ങളിലും പ്രവാചകരോടൊപ്പം അടിയുറച്ചു നില്‍ക്കുകയും ചെയ്തു. വീട്ടുമുറ്റത്തു തന്നെ പള്ളിയുണ്ടാക്കി ആരാധനകള്‍ നടത്തി. പല ഘട്ടങ്ങളിലായി ശത്രുക്കള്‍ തനിക്കെതിരെ രംഗത്തുവന്നെങ്കിലും ഇതെല്ലാം ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ തൃണവല്‍ഗണിക്കുകയും പ്രവാചകരുടെ വലംകയ്യായി പ്രവര്‍ത്തിക്കുകയും ചെയ്തു.
ഇസ്‌ലാമിക നിയമങ്ങള്‍ സംരക്ഷിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യണമെന്ന് ശക്തമായി വാദിച്ച അദ്ദേഹം പ്രവാചകരെ അതിരറ്റു സ്‌നേഹിച്ചു. സമ്പാദ്യം മുഴുവന്‍ ഇസ്‌ലാമിന്റെ വഴിയില്‍ ചെലവഴിച്ചു. പ്രവാചകന്‍ നേതൃത്വം നല്‍കിയിരുന്ന യുദ്ധങ്ങളില്‍ പങ്കെടുക്കുകയും അവയെ ശാരീരികമായും സാമ്പത്തികമായും സഹായിക്കുകയും ചെയ്തു. പ്രവാചകരുടെ അവസാന കാലം; രോഗബാധിതനായ സമയത്ത് ജനങ്ങള്‍ക്ക് നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പ്രവാചകന്‍ തെരഞ്ഞെടുത്തത് സിദ്ദീഖ് (റ) വിനെയായിരുന്നു. തനിക്കു ശേഷം ജനങ്ങളുടെ ഖലീഫയായി വരേണ്ടത് അദ്ദേഹമാണെന്നതിലേക്കുള്ള സൂചനയായിരുന്നു ഇത്. സിദ്ദീഖ് (റ) മഹത്വത്തെ അംഗീകരിക്കുന്ന ഇത്തരം അനവധി സംഭങ്ങള്‍ പ്രവാചകരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു.
പ്രവാചക വിയോഗാനന്തരം സ്വഹാബികള്‍ ഒരുമിച്ചുകൂടുകയും സിദ്ദീഖ് (റ) വിനെ ഇസ്‌ലാമിന്റെ പ്രഥമ ഖലീഫയായി തെരഞ്ഞെടുക്കുകയും ചെയ്തു. ശേഷം, അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലാണ് ജനാസ കര്‍മങ്ങളെല്ലാം നിര്‍വഹിക്കപ്പെട്ടിരുന്നത്. ശേഷം, രണ്ടു വര്‍ഷവും കുറഞ്ഞ മാസങ്ങളും അദ്ദേഹം ഭരണം നടത്തി. തീര്‍ത്തും നീതിപൂര്‍ണമായ ഭരണമായിരുന്നു അത്. അദ്യമായി ഉസാമത്ത് ബിന്‍ സൈദ് (റ) വിന്റെ നേതൃത്വത്തില്‍ പ്രവാചകന്‍ നിയോഗിച്ചിരുന്ന സൈന്യത്തെ യുദ്ധത്തിനയച്ചു. സക്കാത്ത് വിരോധികളും മതപരിത്യാഗികളുമായി രംഗത്തു വന്നവര്‍ക്കെതിരെ സന്ധിയില്ലാസമരം നടത്തി. യുദ്ധങ്ങളില്‍ ഖുര്‍ആന്‍ മന:പാഠമുള്ള ഹാഫിളുകള്‍ മരിച്ചുപോകുന്നതു കണ്ടപ്പോള്‍ സ്വഹാബികളെ വിളിച്ചുകൂട്ടുകയും ഖുര്‍ആന്‍ സമാഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.
ഹിജ്‌റ വര്‍ഷം പതിമൂന്ന് ജമാദുല്‍ ഉഖ്‌റ ഏഴിന് മഹാന്‍ ലോകത്തോട് വിടപറഞ്ഞു. അന്ന് അറുപത്തിമൂന്ന് വയസ്സുണ്ടായിരുന്നു. പ്രവാചകരുടെ അടുത്തുതന്നെ ഖബറടക്കി. ഭാര്യ അസ്മാഅ് ബിന്‍ത്ത് ഉമൈസ്. മക്കള്‍: അബ്ദുല്ല, അബ്ദുര്‍റഹ്മാന്‍, മുഹമ്മദ്, ആയിശ, അസ്മാഅ്, ഉമ്മു കുല്‍സൂം.
Leave A Comment