മംഗോളിയരും ബഗ്ദാദും: ഒരു തിരിച്ചു വരവിന്റെ കഥ – ഭാഗം ഒന്ന്

ഇസ്‍ലാമിക ചരിത്രത്തിൽ തകർച്ചയുടെ അധ്യായങ്ങൾ മാത്രമായിരുന്നു മംഗോൾ  ആക്രമണത്തിന്റെ കാലഘട്ടങ്ങളിൽ രേഖപ്പെടുത്തപ്പെട്ടത്.  എഴുതപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ ഭാവി തലമുറയിലെ ഒരാൾ പോലും വിശ്വസിക്കില്ലെന്നു വരെ വിശേഷിപ്പിക്കപ്പെട്ട ഈ ദുരന്തത്തിന് സാക്ഷിയാകുന്നതിനേക്കാൾ ഭേദം ഞാൻ ജനിക്കാതിരിക്കലായിരുന്നു എന്ന് ഗ്രന്ഥങ്ങളിൽ എഴുതാൻ അന്നത്തെ പണ്ഡിതർ വരെ തയ്യാറായി എന്നതു തന്നെ മംഗോൾ അധിനിവേശ ചരിത്രത്തിന്റെ നാളുകളിലെ ഭീകരതയുടെ അളവിനെ സൂചിപ്പിക്കുന്നുണ്ട്.

ചരിത്രപണ്ഡിതനായ ഇബ്നു അസീർ പറയുന്നു "എന്നോട് ആളുകൾ മംഗോൾ ആക്രമണത്തെ കുറിച്ച് വിവരിക്കാൻ പറയുമ്പോഴെല്ലാം ഞാൻ അതിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കുമായിരുന്നു. എനിക്കത് പറയുന്നതുപോലും വെറുപ്പായിരുന്നു.  അവർ സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും കൊന്നു തള്ളി, ഗർഭിണികളുടെ വയർ കുത്തിക്കീറുകവരെ ചെയ്തു". മുസ്‍ലിം ചരിത്രത്തിൽ അന്നുവരെ കണ്ടിട്ടില്ലാത്ത ക്രൂരതകൾ അരങ്ങേറിയ കാലഘട്ടമായിരുന്നു മംഗോൾ ആക്രമണങ്ങളുടെ കാലഘട്ടം.  

ആയിരക്കണക്കിന് പള്ളികൾ കത്തിയെരിയപ്പെട്ടു. മുസ്‍ലിം സംസ്കാരങ്ങൾ തകർക്കപ്പെട്ടു, പതിനായിരക്കണക്കിന് പുസ്തകങ്ങൾ ഇല്ലാതാക്കി, തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ക്രൂരതകൾ അവർ നടത്തി. പക്ഷേ, മുസ്‍ലിം നാടുകളിലേക്കുള്ള മംഗോൾ അധിനിവേശം അവസാനിച്ചത് ക്രൂരതകൾ കൊണ്ടുമാത്രമല്ല, മറിച്ച് അവരുടെ പിന്മുറക്കാർ ഇസ്‍ലാമിന്റെ വക്താക്കളായി പരിണമിച്ചതും അതിന്റെ ശുഭപര്യവസാനമായി വേണം കാണാന്‍. വർഷങ്ങൾക്ക് ശേഷമാണെങ്കിലും ഹൂലാക്കു അടക്കമുള്ളവരുടെ പിന്മുറക്കാർ ഇസ്‍ലാം സ്വീകരിക്കുകയും നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാൻ പർശ്രമിക്കുകയും  ചെയ്തത് ഇസ്‍ലാമിന്റെ വിജയം തന്നെയായിരുന്നു. 

അബ്ബാസിയ ഖിലാഫത്തിന്റെ തലസ്ഥാനമായിരുന്ന ബാഗ്ദാദിനെയും മംഗോൾ ഭരണകൂടത്തിനെയും വേർതിരിച്ചിരുന്നത് പേർഷ്യൻ നാടുകളായിരുന്നു.  ബഗ്ദാദിലെ ഭരണകൂടത്തെ തകർക്കാൻ തുനിഞ്ഞിറങ്ങിയിരുന്ന മംഗോൾ സൈന്യം തങ്ങൾക്കു മുന്നിൽ വരുന്ന മുഴുവൻ തടസ്സങ്ങളെയും തുടച്ചുനീക്കാൻ പ്രതിജ്ഞ ചെയ്തവരായിരുന്നു. അങ്ങനെയാണ് ബാല്ഖാൻ പ്രവിശ്യയും നൈസാപൂർ, സർഖസ്, തബ്രീസ്, ഹംദാൻ, ഖവാരസം , ഖുറാസാൻ, അസർബൈജാൻ എന്നിവയൊക്കെ  ചെങ്കിസ്ഖാന്റെ നേതൃത്വത്തിലും അല്ലാതെയുമായി മംഗോൾ സൈന്യം പിടിച്ചടക്കുന്നത്. 

Read More:മംഗോളിയൻ രാജാക്കൻമാർ 01- ബെർക്ക് ഖാൻ: ഇസ്‍ലാം സ്വീകരിച്ച ആദ്യത്തെ മംഗോളിയൻ ഭരണാധികാരി

ഹിജ്റ 624ല്‍ ചെങ്കിസ്ഖാന്റെ മരണത്തോടെ രംഗം ചെറുതായി ശാന്തമാകുന്നുണ്ട്. പക്ഷേ, ഹിജ്റ 626 മകൻ ഒഗതായി ഖാൻ  സൈന്യത്തിന്റെ ഭരണമേറ്റെടുത്തതോട് കൂടി മംഗോൾ അക്രമങ്ങൾ വീണ്ടും തുടർന്നു. ഖാവാറസ് സുൽത്താൻ ആയിരുന്ന ജലാലുദ്ദീനെ വധിച്ച് ആ രാഷ്ട്രത്തെ തന്നെ തകർക്കാൻ ചെറുമൂഖാന്റെ നേതൃത്വത്തിൽ  ഒരു സൈന്യത്തെ തന്നെ ഒഗതായി അയച്ചു. ഹിജ്റ 639 ൽ ഒഗതായി മരിക്കുന്നതുവരെ ഇത്തരം ക്രൂരകൃത്യങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.  അദ്ദേഹത്തിന്റെ മരണശേഷം മകൻ കയൂക് ഭരണമേറ്റെടുക്കുകയും പേർഷ്യയിലെ അമീറായി ആർഗൂൻ ഖാനെ നിയമിക്കുകയും ചെയ്തു. കയൂക് ഖാൻ ഉടനെ തന്നെ മരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ  മരണശേഷം ഭരണമേറ്റെടുത്ത മങ്കൂഹാനും സ്വീകരിച്ചത് തന്റെ പിൻഗാമികളുടെ ശൈലി തന്നെയാണ്. 

അന്ന് അബ്ബാസിയ്യ ഭരണത്തിന്റെ  തലസ്ഥാനമായിരുന്ന ബഗ്ദാദിലേക്ക് എത്താൻ അധികം തടസ്സങ്ങൾ ഇല്ലാതായിരുന്നുവെങ്കിലും  പേർഷ്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നും മംഗോൾ സൈന്യത്തിന്  ഒരു ഭീഷണി ആയിരുന്നു. അവിടെയായിരുന്നു സുന്നി ആശയങ്ങൾക്കു നേരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച, അബ്ബാസിയ ഖിലാഫത്തിനെ തകർക്കാൻ ഇസ്‍ലാമിന്റെ ശത്രുക്കളോട് വരെ സഹകരണം നടത്താൻ തയ്യാറായ തീവ്ര ഷിയാ വിഭാഗമായ ഇസ്മാഇലികൾ ജീവിച്ചിരുന്നത്.  എങ്കിലും ആപേക്ഷികമായി ചെറിയ വിഭാഗമായ ഇസ്മാഇലികളെ തകർക്കാൻ വലിയ മംഗോൾ സൈന്യത്തിന്റെ ആവശ്യമില്ലായിരുന്നു.  അതുകൊണ്ടുതന്നെയാണ് മങ്കൂഹാൻ തന്റെ  ചെറിയ സഹോദരനായ ഹൂലാക്കുവിനെ ആ പ്രദേശങ്ങൾ കീഴടക്കാൻ പറഞ്ഞയക്കുന്നത്. അത് അവരുടെ അവസാനത്തെ പ്രതിസന്ധിയായിരുന്നു. ഇസ്‍ലാമിക ലോകത്തെ ചിന്നഭിന്നമാക്കാൻ  ശക്തമായി പ്രവർത്തിക്കുകയും  അബ്ബാസിയ ഭരണകൂടത്തെ തകർക്കാൻ വെറുപ്പുകളും പ്രശ്നങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത  ഇസ്മാഇലി പക്ഷത്തെ ഹൂലാക്കു തകർത്തപ്പോൾ ഒരുപക്ഷെ മുസ്‍ലിംകൾ എല്ലാം തന്നെ  സന്തോഷിച്ചിരിക്കണം. 

പക്ഷെ, കൊടുങ്കാറ്റ് അടിക്കാൻ തുടങ്ങിയിട്ടേ  ഉണ്ടായിരുന്നുള്ളൂ.  656 മുഹറം 12ന്  ഹൂലാക്കു തന്റെ  മുഴുവൻ സൈന്യത്തെയും കൊണ്ട് ബഗ്ദാദിലേക്ക് വരുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. അബ്ബാസികൾ പൂർണമായും ശയ്യാവസ്ഥയിലായിരുവെന്നതുകൊണ്ട് തന്നെ നഗരത്തിൽ  പ്രവേശിക്കാനും അന്നത്തെ ഖലീഫയായിരുന്ന മുസ്തഅ്സിം ബില്ലയെ വധിക്കാനും അദ്ദേഹത്തിന് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല.  എണ്ണമറ്റ മുസ്‍ലിംകളെ കൊന്നൊടുക്കകയും നഗരത്തിന്റെ സമ്പത്തെല്ലാം  കൊള്ളയടിക്കുകയും ചെയ്ത ശേഷമാണ് ഹൂലാക്കു ബഗ്ദാദ് വിടുന്നത്. അതോടുകൂടി നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ബാഗ്ദാദിലെ അബ്ബാസിയ ഭരണകൂടം അവസാനിച്ചു.  ബഗ്ദാദ് പിടിച്ചടക്കാൻ  നുസൈറുദ്ദീൻ തൂസിയെപോലുള്ള പല ഷിയാക്കളും ഹൂലാക്കുവിനെ സഹായിച്ചിരുന്നു എന്നത് കൊണ്ട് തന്നെ അബ്ബാസികൾ തകർന്നതോടെ കൂടി ഷിയ വ്യാപനം ശക്തമായി. 

ഹൂലാക്കു പിന്നീട് ശാമിലേക്ക്  പോകുകയും അവിടെത്തെ ഭരണം പിടിച്ചടക്കുകയും ചെയ്തു. മംഗോൾ രാജാവ് മംങ്കൂഖാന്റെ  മരണവാർത്തയറിഞ്ഞ ഹൂലാക്കു,  കത്ബഗയെ സൈന്യത്തിന്റെ  നേതാവായി  നിയോഗിച്ച ശേഷം തലസ്ഥാനത്തേക്ക് മടങ്ങിപ്പോയി. മംഗോൾ സാമ്രാജ്യത്തിന്റെ കിരീടമായിരുന്നു  ലക്ഷ്യമെങ്കിലും അത് സാക്ഷാത്കരിക്കപ്പെടാതിരുന്നതോട് കൂടി ഹൂലാക്കു തിബ്രീസിൽ സ്ഥാനമുറപ്പിക്കുകയും അത് തലസ്ഥാനമായി ഭരണം നടത്തുകയും ചെയ്തു.

ഈ കാലഘട്ടത്തിലാണ് ഹൂലാക്കു, ഇറാനിൽ ഇൽഖാനിയ്യ ഭരണകൂടം സ്ഥാപിക്കുന്നത്. ഇൽഖാൻ എന്ന നാമത്തിൽ അറിയപ്പെട്ടിരുന്ന ഹൂലാക്കുവിന്റെ പേരിനോട് ചേർത്താണ്  ഇൽഖാനിയ്യ എന്ന് നാമകരണം ചെയ്യപ്പെട്ടത്. സുൽത്താനിയ നഗരമായിരുന്നു ഇതിന്റെ തലസ്ഥാനം. 

അധികാര കസേരക്കുവേണ്ടി ഹൂലാക്കു നേരത്തെ ഉപേക്ഷിച്ചു പോന്ന കത്ബഗയുടെ നേതൃത്വത്തിൽ ഉള്ള  സൈന്യം ഇറാഖും സിറിയയും പിടിച്ചടക്കിയ ശേഷം  ഈജിപ്തിലെ മൂന്നാമത്തെ മംലൂക്  ഭരണാധികാരിയായിരുന്ന അൽ മുസഫർ സൈഫുദ്ദീൻ ഖുദുസുമായി പോരാടാൻ തയ്യാറായി. ഹൂലാക്കുവിന്റെ ഭീഷണി കത്തുകൾക്ക് ഖുദുസ് രാജാവ് വഴങ്ങാതിരുന്നതോട് കൂടിയാണ് ഹിജ്റ 658 റമദാൻ മാസത്തിന്റെ അവസാനത്തിൽ ഐൻ ജാലൂതിൽ  വെച്ച് മംഗോൾ-മംലൂക് യുദ്ധമുണ്ടാകുന്നത്. പോരാട്ടത്തിൽ വമ്പൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന മംഗോൾ സൈന്യത്തിന്റെ വീര്യം ചോർന്നു പോകുകയും അവർ ക്ഷയിക്കാൻ തുടങ്ങുകയും ചെയ്തു. ഒരിക്കലും തോൽപ്പിക്കാൻ കഴിയാത്ത പോരാളികൾ എന്ന അവരുടെ  ഖ്യാതി ഇതോടെ ഇല്ലാതാവുകയും ചെയ്തു. 
ഹിജ്റ 663 ൽ  ഹൂലാക്കു മരിക്കുകയും ഇറാന്റെ ഭരണം പല അമീറുമാർ ഏറ്റെടുക്കയും ചെയ്തു. 

ചുരുക്കത്തിൽ ഇൽഖാനി കാലഘട്ടത്തെ  മൂന്നായി വേർതിരിക്കാം
1) ബിംബാരാധന നടത്തിയിരുന്ന നേതാക്കളുടെ ഭരണകാലം. ഈ കാലത്താണ് ഹൂലാക്കുവും അദ്ദേഹത്തിന്റെ മകനായിരുന്ന അബാക്ക ഖാനും ഉൾപ്പെടുന്നത്. 

2) ഇസ്‍ലാമിന്റെയും മറ്റു വിശ്വാസധാരകളുടെയും ഇടയിൽ നടന്ന പോരാട്ടങ്ങളുടെ കാലഘട്ടമാണ് രണ്ടാമത്തെ കാലഘട്ടം.  അഹ്മദ് തകൂതാർ ആർഗൂൻ ഖാൻ , ബൈജു എന്നിവരായിരുന്നു ഈ  കാലഘട്ടത്തിലെ പ്രധാന വ്യക്തികൾ

3)  മൂന്നാമത്തെ കാലഘട്ടം മുസ്‍ലിംകൾ ആയ മംഗോളിയൻ നേതാക്കൾ ഇറാൻ ഭരിച്ച കാലഘട്ടമാണ്. മഹാനായ ഇമാം ഈജി അടക്കമുള്ള നേതാക്കൾ ഈ കാലഘട്ടത്തിലാണ് വളർന്നുവന്നത്. ഈ കാലഘട്ടത്തിന്റെ പ്രധാന നേതാക്കൾ ആയിരുന്നു മഹ്മൂദ് ഗാസൻ, ഊൽജിയാതൂൻ ഖാൻ, അബൂ സഈദ് എന്നിവർ. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter