ഉസ്മാനി ഭരണകൂടം
ഇസ്ലാമിക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരം നിലനിര്‍ത്തിപ്പോന്ന ഒരു ഭരണകൂടമാണ് ഉസ്മാനി ഭരണകൂടം. തുര്‍ക്കിയെ കേന്ദ്രീകരിച്ച് അധികാര ചക്രം കറക്കിയ ഇത് തുര്‍ക്കി രാജവംശം, ഉസ്മാനി സുല്ഥനത്ത്, ഒട്ടോമന്‍ സാമ്രാജ്യം, ഒട്ടോമന്‍ ഖിലാഫത്ത് തുടങ്ങിയ പേരുകളിലെല്ലാം അറിയപ്പെടുന്നു. ഉസ്മാന് ഖാന് (എഡി. 1288-1326) ആണ് ഉസ്മാനി ഭരണകൂടത്തിന്റെ സ്ഥാപകന്‍. 1289 ലായിരുന്നു ഇതിന്റെ സംസ്ഥാപനം. മംഗോളിയക്കാരെ പരാജയപ്പെടുത്തിയതിന് അലാവുദ്ദീന്‍ സല്‍ജൂഖി തന്റെ പിതാവിന് പ്രതിഫലമായി നല്കിയ ജാഗിര്‍ എന്ന പ്രദേശമായിരുന്നു ഉസ്മാനി സാമ്രാജ്യത്തിന്റെ പ്രഥമ കേന്ദ്രം. അവിടെനിന്നും തുടങ്ങുന്ന ഉസ്മാന് ഖാന്റെ പോരാട്ട വീര്യം 1326 ആയപ്പോഴേക്കും റോമക്കാരില്‍നിന്ന് ബറൂസാ നഗരം പിടിച്ചടക്കുകയും ഉസ്മാനി സാമ്രാജ്യത്തിന്റെ അതിരുകള്‍ വ്യാപിപ്പിക്കുകയും ചെയ്തു. പിന്നീട്, ബറൂസയെ കേന്ദ്രീകരിച്ചാണ് ഭരണ കാര്യങ്ങള്‍ ചലിച്ചിരുന്നത്.
ഉസ്മാന് ഖാനു ശേഷം പുത്രന് അര്‍ഖാന്‍ അധികാരത്തില്‍ വന്നു. ഉസ്മാനി സാമ്രാജ്യത്തെ വികസിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച അദ്ദേഹം യൂറോപ്പിലേക്കുള്ള പടയോട്ടത്തിനു നാന്ദി കുറിച്ചു. പിന്നീട് വന്ന സുല്ഥാന് മുറാദ് ഒന്നാമന് (1359-1389) 1361 ല്‍ ആഡ്രിനോപ്പിള് കീഴടക്കി സാമ്രാജ്യം വിപുലമാക്കി. 1389 ആയപ്പോഴേക്കും ഡാനിയൂബ് നദിവരെയുള്ള ബാള്‍ക്കന്‍ പ്രദേശങ്ങള്‍ ഉസ്മാനികള്‍ക്കു കീഴില്‍വന്നു. പിന്നീട് അധികാരത്തിലെത്തിയ ബാ യസീദ് ഏഷ്യാ മൈനര്‍ കീഴടക്കുകയും കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കാന്‍ ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. പക്ഷെ, ശ്രമം വിജയം കണ്ടില്ലെന്നു മാത്രമല്ല, അദ്ദേഹം തിമൂറിന്റെ ബന്ധിയായി പിടിക്കപ്പെടുകയാണുണ്ടായത്. ഈ തക്കം നോക്കി ക്രിസ്ത്യാനികള്‍ രംഗത്തു വരികയും ഉസ്മാനികള്‍ക്കു കീഴിലുണ്ടായിരുന്ന ചില പ്രദേശങ്ങള്‍ കീഴടക്കുകയും ചെയ്തു. വളര്‍ന്നുവരുന്ന ഉസ്മാനി സാമ്രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു ആഘാതമായിരുന്നു ഇത്. ഭരണകൂടം ഇതോടെ അസ്തമിക്കുമോ എന്ന ഭീതിവരെ ഉണ്ടായി. ആ സമയത്താണ് ബായസീദിന്റെ പുത്രന് മുഹമ്മദ് ഒന്നാമന് (1412-1421) അധികാരസ്ഥനാകുന്നത്. ശക്തനും ധീരനുമായിരുന്നു അദ്ദേഹം. സാമ്രാജ്യത്തെ പുന:സ്ഥാപിക്കാനും അതിന്റെ നഷ്ടപ്പെട്ട പൈതൃകം വീണ്ടെടുക്കാനും കഠിനാധ്വാനം ചെയ്ത അദ്ദേഹം തന്റെ ശ്രമങ്ങളില്‍ വിജയം കണ്ടു. അദ്ദേഹത്തിനു കീഴില്‍ ഉസ്മാനികള്‍ വീണ്ടും ശക്തി പ്രാപിക്കുകയും വന്‍ തിരിച്ചുവരവ് നടത്തുകയുമുണ്ടായി. അത്കൊണ്ടുതന്നെ, മുഹമ്മദ് ഒന്നാമന് ഉസ്മാനി സാമ്രാജ്യത്തിന്റെ രണ്ടാം സ്ഥാപകന്‍ എന്ന പേരില്‍ അറിയപ്പെട്ടു. ശേഷം വന്ന മുറാദ് രണ്ടാമന് (1421-1451) നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു, ഭരണ മേഖല സുഭദ്രമാക്കി.
1453 ല്‍ മുഹമ്മദ് രണ്ടാമന് (1451-1481) കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ ഭരണകൂടത്തിന്റെ മുഖഛായതന്നെ മാറുകയും ശക്തമായൊരു അസ്തിത്വം നിലവില്‍വരുകയും ചെയ്തു. ഇതോടെ കച്ചവട മേഖലയില്‍ രാഷ്ട്രീയ മേഖലയിലും വന്‍ നേട്ടങ്ങള്‍ വാരിക്കൂട്ടാന്‍ ഉസ്മാനികള്‍ക്കു കഴിഞ്ഞു. യൂറോപ്പിലും പരിസരങ്ങളിലുമായി അനവധി പ്രദേശങ്ങള്‍ കീഴടക്കുകയുമുണ്ടായി.
സമര്‍ത്ഥരും ഭരണവിരക്തരുമായ അനവധി ഖലീഫമാര്‍ ഉസ്മാനി ഭരണകൂടത്തിലുണ്ടായിരുന്നു. ബായസീദ് രണ്ടാമന് (1481-1512), പുത്രന് സലീം (1512-1520), സുലൈമാന്‍ (1520-1566), സലീം രണ്ടാമന് (1566-1574), മുറാദ് മൂന്നാമന് (1574-1595), മുഹമ്മദ് മൂന്നാമന് (1595-1603), അഹ്മദ് ഒന്നാമന് (1603-1617), ഉസ്മാന് രണ്ടാമന് (1617-1622), മുറാദ് നാലാമന് (1623-1640) തുടങ്ങിയവര്‍ അതില്‍ ചിലരാണ്. വന്‍ പുരോഗതികളും വെട്ടിപ്പിടിത്തങ്ങളും ഇവരുടെ കാലങ്ങളില്‍ സംഭവിച്ചു. ഉസ്മാനിയ ഭരണ കൂടത്തിന്റെ സുവര്‍ണ കാലങ്ങള്‍ ഇതെല്ലാമായിരുന്നു.
പതിനേഴാം നൂറ്റാണ്ട് കടന്നുവന്നതോടെ ഉസ്മാനികളെ ദുര്‍ബലതയും അലസതയും ബാധിച്ചുതുടങ്ങി. പല നിര്‍ണായകമായ യുദ്ധങ്ങളിലും തോല്‍വിയെ അഭിമുഖീകരിക്കേണ്ട അവസ്ഥയും വന്നു. വിയന്ന ആക്രമിക്കാന്‍ ചെന്ന തുര്‍ക്കികള്‍ക്ക് പോളണ്ടിലെ ജോണ്‍ മൂന്നാമനില്‍നിന്നും വന്‍ പരാജയമാണ് നേരിടേണ്ടിവന്നത്. 1669 ലെ കാര്‍ലോവിറ്റ്സ് സന്ധിയനുസരിച്ച് തുര്‍ക്കികള്‍ക്ക് അധികാര രംഗത്തുതന്നെ വന്‍ ഇടിവ് സംഭവിച്ചു. ഹംഗറിയും ടാന്സില്വാനിയയും നഷ്ടമായി. ഇതോടെ, തുര്‍ക്കിയുടെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയും പുരോഗതിയുടെ ഗ്രാഫ് നേരെ എതിര്‍ദിശയിലേക്കു സഞ്ചരിക്കാന്‍ തുടങ്ങുകയും ചെയ്തു. സുല്ഥാന്മാരുടെ അതിര് കവിഞ്ഞ ധൂര്‍ത്തും സുഖലോലുപതയും കൂടിയായപ്പോള്‍ ഉസ്മാനി ഭരണകൂടത്തിന്റെ ശൈഥില്യം വളരെ വ്യക്തമായിത്തുടങ്ങി.
ഉസ്മാനികളുടെ ഈ ക്ഷയം യൂറോപ്പിലെ വന്‍ ശക്തിരാഷ്ട്രങ്ങള്‍ നല്ലപോലെ മുതലെടുത്തു. ആഗോള തലത്തില്‍ മുസ്ലിം ഐക്യം ഇല്ലായ്മ ചെയ്യുകയെന്നത് അവരുടെ പണ്ടു മുതലേയുള്ള ആഗ്രഹമായിരുന്നു. അതിനായി അവര്‍ എല്ലാം മറന്ന് കൈകോര്‍ക്കുകയും പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയുമുണ്ടായി. പതിനെട്ടാം നൂറ്റാണ്ടോടെ ഈ ശക്തികള്‍ സംഘടിതമായും അല്ലാതെയും തുര്‍ക്കിയെ ആക്രമിക്കാന്‍ തുടങ്ങി. 1830, 1881 കാലങ്ങളില്‍ പല കണ്ണായ ഭരണപ്രദേശങ്ങളും ഫ്രാന്‍സ് പിടിച്ചെടുത്തു. തുടര്‍ന്നും പല നഷ്ടങ്ങളുമുണ്ടായി. യൂറോപ്പിലെ രോഗി എന്നാണ് അന്ന് തുര്‍ക്കി അറിയപ്പെട്ടിരുന്നത്.
1876 ല്‍ അധികാരത്തില്‍ വന്ന അബ്ദുല്‍ ഹമീദ് രണ്ടാമന് (1876-1909) വൈദേശികാക്രമണങ്ങളെ ശക്തമായി ചെറുത്തുനിന്നെങ്കിലും വലിയ അര്‍ത്ഥത്തില്‍ ഫലം ചെയ്തില്ല. അതിനിടെ ഒരു ഫ്രഞ്ച് മോഡല്‍ പാര്‍ലമെന്റ് തുര്‍ക്കിയില്‍ രൂപം കൊണ്ടു. അബ്ദുല്‍ ഹമീദ് ആ ഭരണഘടന റദ്ദാക്കുകയും അതിനെ പിരിച്ചുവിടുകയും ചെയ്തു. പക്ഷെ, യൂറോപ്യന്‍ മുന്നേറ്റം അപ്പോഴും തുടര്‍ന്നു. 1912 ല്‍ ഇറ്റലി ലിബിയ കീഴടക്കി. 1913 ലെ ബാള്‍ക്കന്‍ യുദ്ധങ്ങളോടെ മുഴുവന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളും തുര്‍ക്കിക്കു നഷ്ടം വന്നു. അപ്പോഴേക്കും കമാല്‍ അതാതുര്‍ക്കിന്റെ നേതൃത്വത്തില്‍ യുവതുര്‍ക്കികളും അവിടെ കലാപം ആരംഭിച്ചിരുന്നു. പുറത്തുനിന്നുള്ള ആക്രമണവും ഉള്ളില്‍നിന്നുള്ള ആക്രമണവും ഒന്നിച്ചുവന്നപ്പോള്‍ സുല്ഥാന്മാര്ക്ക് രംഗം നിയന്ത്രിക്കാന്‍ സാധിക്കാതെയായി. അതനുസരിച്ച് 1922 ല്‍ സുല്ഥാന് മുഹമ്മദ് നാലാമന് ഒരു ബ്രിട്ടീഷ് കപ്പലില്‍ കയറി നാട് വിടുകയായിരുന്നു. സുല്ഥാന് അബ്ദുല്‍ മജീദാണ് പിന്നീട് അധികാരത്തില്‍ വന്നത്. അദ്ദേഹത്തിനെതിരെ തിരിഞ്ഞ വിപ്ലവകാരികള്‍ 1923 ഒക്ടോബര്‍ 29 ന് ഖിലാഫത്ത് അവസാനിപ്പിക്കുകയും 1924 മാര്‍ച്ച് അഞ്ചിന് അദ്ദേഹത്തെ നാട് കടത്തുകയും ചെയ്തു. ഇതോടെ ഉസ്മാനി ഭരണ കൂടം നാമാവശേഷമായി.
വിദ്യാഭ്യാസം, സാഹിത്യം, സംസ്കാരം തുടങ്ങിയ മേഖലകളിലെല്ലാം വന്‍ സംഭാവനകള്‍ നല്കിയ ഭരണ കുടുംബമായിരുന്നു ഉസ്മാനികള്‍. നിര്‍മാണപ്രവര്‍ത്തനങ്ങളിലും ശാസ്ത്ര മേഖലയിലും പല ശ്രദ്ധേയമായ കുതിപ്പുകള്‍ ഈ കാലത്ത് ഉണ്ടായിട്ടുണ്ട്. തുര്‍ക്കിയിലും പരിസരങ്ങളിലും ഇന്നും അതിന്റെ ശേഷിപ്പുകള്‍ കണാവുന്നതാണ്.
Leave A Comment