രോഗവും മരുന്നും

തന്റെ പൊന്നോമന മക്കൾ ഹസനും ഹുസൈനും (റ) എവിടെ എന്നന്വേഷിച്ചുകൊണ്ട് നബി തിരുമേനി (സ്വ) ഒരിക്കൽ ഫാഥ്വിമാ ബീവിയുടെ വീട്ടിലേക്കുവന്നു. അപ്പോൾ കുഞ്ഞുങ്ങളവിടെ ഇല്ലായിരുന്നു. രാവിലെ പ്രാതലായി ഒന്നും കൊടുക്കാനില്ലാത്തതിനാൽ വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാനായി അലി(റ) പുറത്തേക്കു കൊണ്ടുപോയതാണെന്ന് ഫാത്വിമ (റ) പറഞ്ഞു. 

അവരെ അന്വേഷിച്ചു പുറത്തേക്കിറങ്ങിയ നബി (സ്വ)  ഒരു കൂജ കൊണ്ട് കളിക്കുന്ന കുട്ടികളെയാണ് കണ്ടത്. വെയിൽ ശക്തിപ്പെട്ടു വരുന്നതിനാൽ കുട്ടികളെ കൊണ്ട് വീട്ടിലേക്ക് പോകാൻ അലി(റ)വിനോട് തങ്ങൾ ആവശ്യപ്പെട്ടു. അപ്പോൾ ഒരു മണി ധാന്യം പോലും വീട്ടിലില്ലാത്തതിനാൽ വല്ലതും കിട്ടുമോ എന്നന്വേഷിച്ച് പുറത്തിറങ്ങിയതാണെന്ന കാര്യം അലി(റ) തിരുമേനി(സ്വ)യെ അറിയിച്ചു. കുട്ടികളെ നബി(സ്വ) യുടെ അടുക്കൽ നിർത്തി അലി(റ) അൽപം കാരക്ക ശേഖരിച്ചു വന്നു. എല്ലാവരും വീട്ടിലേക്ക് മടങ്ങി ഉള്ളത് സന്തോഷത്തോടെ കഴിച്ചു.

വിശപ്പാണ് വലിയ രോഗം. ഭക്ഷണം മരുന്നുമാണ്. എന്നാൽ ഭക്ഷണത്തിന്റെ ആധിക്യം മൂലവും മറ്റും ഇന്ന് ഭക്ഷണം രോഗവും വിശപ്പ് മരുന്നുമായി മാറിയിരിക്കുന്നു. ധൂർത്തടിച്ചും നശിപ്പിച്ചും ഭക്ഷണം പരിഹസിക്കപ്പെടുന്ന അവസ്ഥ. മുഖത്ത് കരിവാരിത്തേക്കുക എന്നൊക്കെ പ്രയോഗിച്ചിരുന്ന സ്ഥാനത്ത് ഇന്ന് പലവിധ ആഘോഷങ്ങളുടെ പേരിൽ വിഭവങ്ങൾ വാരിത്തേക്കുന്ന അവസ്ഥയായിരിക്കുന്നു. ഭക്ഷണം ആദരിക്കപ്പെടേണ്ടതാണ്. അർഹർക്ക് നൽകപ്പെടേണ്ടതാണ്. ഉപജീവനം നല്‍കുന്നവന്‍ എന്നര്‍ത്ഥം വരുന്ന റസ്സാഖ് അല്ലാഹുവിന്റെ ഉല്‍കൃഷ്ട നാമങ്ങളില്‍ പെട്ടതാണ്.
‘തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനു’മെന്ന് വിശുദ്ധ ഖുര്‍ആന്‍ (അദ്ദാരിയാത്: 38). ജീവന്റെ നിലനില്‍പിനു ഭക്ഷണം അനിവാര്യമാണ്. പട്ടിണിയേക്കാള്‍ വലിയ രോഗമില്ല. 

അതുകൊണ്ടുതന്നെ, പട്ടിണിയുടെ നിര്‍മാര്‍ജനത്തിനു ഇസ്‌ലാം വളരെ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. ഭക്ഷണം നല്‍കുന്നവരെ അല്ലാഹു പുകഴ്ത്തുകയും സമാധാനത്തോടെയുള്ള സ്വര്‍ഗ പ്രവേശം വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്.

വിശന്നവനെ ഭക്ഷിപ്പിക്കുന്ന സ്വഭാവം ഒരു സംസ്‌കാരവും പാരമ്പര്യവുമായി ഇസ്‌ലാം വളര്‍ത്തിക്കൊണ്ടുവന്നു. സ്‌നേഹവും സൗഹാര്‍ദവും വളരാനും സാമൂഹിക സമ്പര്‍ക്കം ശക്തിപ്പെടാനും അതുവഴി പഴുതുകളടച്ച ദാരിദ്ര്യനിര്‍മാര്‍ജനം ഉറപ്പുവരുത്താനും ആവശ്യമായ വ്യവസ്ഥിതിക്ക് വേണ്ടതെല്ലാം ചെയ്തു. സ്വദഖ, സകാത് തുടങ്ങി ബലി കര്‍മങ്ങളില്‍വരെ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന കുടുംബ ബന്ധ-അയല്‍പക്ക സങ്കല്‍പങ്ങളിലും കനിവിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങളിലും പട്ടിണിനിർമ്മാർജ്ജനത്തിനുള്ള കരുതലുണ്ട്.

ഇസ്‌ലാമില്‍ ഉത്തമമായ കര്‍മം ഏതെന്നു നബിയോട് ചോദിക്കപ്പെട്ടു. ‘ നീ ഭക്ഷണം നല്‍കുക. അറിയുന്നവനോടും അറിയാത്തവനോടും സലാം പറയുക’ എന്നതായിരുന്നു തങ്ങളുടെ മറുപടി (ബുഖാരി).
നബി തിരുമേനിയില്‍നിന്നു പ്രചോദനം ഉള്‍കൊണ്ട സ്വഹാബികള്‍ ഭക്ഷണം നല്‍കുന്നതില്‍ മാത്സര്യത്തിന്റെ പ്രതീകങ്ങളായി മാറി. താനും കുടുംബവും പട്ടിണി കിടന്നിട്ടാണെങ്കിലും അതിഥിയെ സല്‍കരിക്കാന്‍ അവര്‍ മല്സരിച്ചു. തങ്ങള്‍ കഴിക്കുന്നില്ലെന്നത് അതിഥി കാണാതിരിക്കാനായി വിളക്കണച്ചായിരുന്നു അവര്‍ ഊട്ടാനിരുന്നത്. മരണ മുഖത്തു കിടക്കുമ്പോഴും തന്റെ ദാഹം ശമിപ്പിക്കാതെ സഹോദരനായി ദാഹജലം വച്ചുനീട്ടി. അയല്‍ക്കാരന്‍ പട്ടിണിയിലായിരിക്കെ താന്‍ വയര്‍ നിറച്ചാല്‍ മതത്തില്‍ തനിക്കു സ്ഥാനമില്ലെന്ന ബോധം അയല്‍ക്കാരന്റെ സുഭിക്ഷതയില്‍ തന്റെ ഭാഗധേയം ഉറപ്പുവരുത്തുന്ന ശീലം വളര്‍ത്തി.

പട്ടിണിക്കെതിരെയുള്ള പരിശ്രമങ്ങളില്‍ മതമോ ജാതിയോ നോക്കേണ്ടതില്ലെന്ന് മാത്രമല്ല, മനുഷ്യര്‍ക്കപ്പുറം എല്ലാ ജീവജാലങ്ങളിലേക്കും നീളുന്നതാവണം നമ്മുടെ ഔദാര്യത്തിന്റെ കൈകള്‍. ‘ മൃഗങ്ങളിലും ഞങ്ങള്‍ക്ക് കൂലിയുണ്ടോ?’ എന്ന് സ്വഹാബാക്കള്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ പറഞ്ഞ മറുപടി എത്ര പ്രസക്തം, ‘ ജീവന്‍ തുടിക്കുന്ന എല്ലാ കരളിലും കൂലിയുണ്ട്.’ (ബുഖാരി).

സുഹൈബ് (റ) ആളുകള്‍ക്ക് ധാരാളമായി ഭക്ഷണം നല്‍കിയതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍ മറുപടി ഇതായിരുന്നു: നബി തങ്ങള്‍ പറയുമായിരുന്നു: നിങ്ങളില്‍ ഉത്തമര്‍ ഭക്ഷണം നല്‍കുന്നവനും സലാം മടക്കുന്നവനുമാണ്. അതാണെന്നെ ഇവ്വിധം ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കുന്നത് (അഹ്‌മദ്).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter