രോഗവും മരുന്നും

നബി(സ്വ)യെ സദാ നിഴൽ പോലെ പിൻതുടർന്നവരിൽപ്പെട്ട സ്വഹാബിയാണ് അബൂഹുറൈറ (റ). നബി(സ്വ) യോടൊപ്പം ഏകദേശം നാല് വർഷവും മൂന്ന് മാസവും കഴിച്ചുകൂട്ടാനുള്ള അവസരമാണ് അദ്ദേഹത്തിന് ലഭിച്ചത്.  ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത സ്വഹാബിയും അദ്ദേഹം തന്നെ. മസ്ജിദുന്നബവിയിലും പരിസരത്തുമായി പലപ്പോഴും അബൂഹുറൈറ(റ)നെ ബോധരഹിതനായി കാണാറുണ്ടായിരുന്നു. അതുകണ്ട് അബൂഹുറൈറക്ക് ഭ്രാന്താണെന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ വിശപ്പ് സഹിക്കാനാകാതെ ബോധരഹിതനായിപ്പോവുകയായിരുന്നു എന്നതായിരുന്നു വാസ്തവം. അബൂഹുറൈറ  (റ) പറയാറുണ്ടായിരുന്നു: അല്ലാഹുവാണെ സത്യം! അവനല്ലാതെ ആരാധ്യനില്ല. വിശപ്പിനാല്‍ ഞാന്‍ നിലത്ത് കമിഴ്ന്ന് കിടക്കുമായിരുന്നു. വിശപ്പിനാല്‍ ഞാന്‍ എന്റെ വയറില്‍ കല്ല് വെച്ചുപിടിപ്പിക്കുമായിരുന്നു.

വിശപ്പിനോളം വലിയ രോഗവും ഭക്ഷണത്തോളം വലിയ മരുന്നും മറ്റൊന്നുമില്ല. ഇസ്‌ലാമില്‍ ഉത്തമമായ കര്‍മം ഏതെന്നു നബിയോട് ചോദിക്കപ്പെട്ടു. നീ ഭക്ഷണം നല്‍കുക. അറിയുന്നവനോടും അറിയാത്തവനോടും സലാം പറയുക എന്നതായിരുന്നു തങ്ങളുടെ മറുപടി (ബുഖാരി).

നബി തിരുമേനിയില്‍നിന്നു പ്രചോദനം ഉള്‍കൊണ്ട സ്വഹാബികള്‍ ഭക്ഷണം നല്‍കുന്നതില്‍ മാത്സര്യത്തിന്റെ പ്രതീകങ്ങളായി മാറി. ഇരുട്ടിന്റെ മറവില്‍ താനും കുടുംബവും പട്ടിണി കിടന്ന് അതിഥിയെ സല്‍കരിച്ചു. മരണ മുഖത്തു കിടക്കുമ്പോഴും തന്റെ ദാഹം ശമിപ്പിക്കാതെ സഹോദരനായി ദാഹജലം വച്ചുനീട്ടി. അയല്‍ക്കാരന്‍ പട്ടിണിയിലായിരിക്കെ താന്‍ വയര്‍ നിറച്ചാല്‍ മതത്തില്‍ തനിക്കു സ്ഥാനമില്ലെന്ന ബോധം അയല്‍ക്കാരന്റെ സുഭിക്ഷതയില്‍ തന്റെ ഭാഗധേയം ഉറപ്പുവരുത്തുന്ന ശീലം വളര്‍ത്തി.
സുഹൈബ്(റ) ആളുകള്‍ക്ക് ധാരാളമായി ഭക്ഷണം നല്‍കിയതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍ മറുപടി ഇതായിരുന്നു: നബി തങ്ങള്‍ പറയുമായിരുന്നു: നിങ്ങളില്‍ ഉത്തമന്‍മാര്‍ ഭക്ഷണം നല്‍കുന്നവനും സലാം മടക്കുന്നവനുമാണ്. അതാണെന്നെ ഇവ്വിധം ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കുന്നത് (അഹ്മദ്).
അന്നദാനത്തിന്റെ വിവിധങ്ങളായ ഇടങ്ങള്‍ പരിചയപ്പെടുത്തി നബി(സ്വ) പറഞ്ഞു: വല്ലവനും അല്ലാഹുവിലും അവസാന നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അതിഥിയെ ആദരിക്കട്ടെ (ബുഖാരി, മുസ്‍ലിം). അഥവാ ഭക്ഷണം നല്‍കിയും പ്രസന്ന വദനത്തോടെയും ഊഷ്മള സംഭാഷണത്തോടെയും സ്വീകരിച്ചുമാണ് ആ ആദരവ് പ്രകടിപ്പിക്കേണ്ടത്. നബി(സ്വ) പറഞ്ഞു: അബൂ ദര്‍റേ, നീ കറി വെക്കുമ്പോള്‍ വെള്ളത്തിന്റെ അളവ് കൂട്ടുക. എന്നിട്ട് അയല്‍ക്കാര്‍ക്കും നല്‍കുക. (മുസ്‍ലിം).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter