മതേതര ഇന്ത്യയില്‍ ഇപ്പോള്‍ നിയമം നടപ്പാക്കുന്നത് ബുള്‍ഡോസറുകളാണ്
ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യമായ ഇന്ത്യയില്‍ പ്രതിഷേധിക്കാന്‍ പോലും അവകാശം നഷ്ടപ്പെടുന്നിടത്തേക്ക് കാര്യങ്ങളെത്തുന്നതിനെ ദുരന്തമെന്നേ പറയാനൊക്കൂ. താന്‍ വിശ്വസിക്കുന്ന മതത്തിലെ പുണ്യവ്യക്തിത്വത്തെ പൊതുവേദിയില്‍ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ തികച്ചും മാന്യമായും ന്യായമായും പ്രതിഷേധം അറിയിച്ചതിനാണ്, നിമയപാലകര്‍ തന്നെ, മുന്നൂറിലേറെ പേരെ ഒരു വാറണ്ടിയും ഇല്ലാതെ ജയിലറകളില്‍ കൊണ്ടു പോയി തല്ലിച്ചതച്ചിരിക്കുന്നത്. വെറി തീരാതെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ കാണ്‍പൂരിലെ പ്രയാഗ്‍രാജില്‍ യോഗിയുടെ ബുള്‍ഡോസറുകള്‍ പട്ടിണിപ്പാവങ്ങളുടെ കൂരകള്‍ നിലം പരിശാക്കിയതും, ലോകത്തിന് കാണിച്ചു കൊടുക്കുന്നത്, ഏറ്റവും വലിയ 'കാവ്യ' നീതി തന്നെ.
നിയമവിരുദ്ധ നിര്‍മാണമെന്ന്ചൂണ്ടിക്കാട്ടി ഈ ഭരണ ഭീകരതയെ വെള്ളപൂശാന്‍ പാര്‍ട്ടി നേതാക്കള്‍ തിരക്ക് കൂട്ടുന്നതിനിടയിലായിരുന്നു വംശീയവെറി മൂത്ത് ഭ്രാന്ത് പിടിച്ച സാക്ഷാല്‍ യോഗി ആദിത്യനാഥിന്റെ ഉറ്റതോഴനും ഉപദേഷ്ടാവുമായ മൃത്യുജ്ഞയ്കുമാര്‍ ന്യൂനപക്ഷത്തിന്റെ പാര്‍പ്പിടങ്ങള്‍ കര്‍ത്തുകളയുന്ന രംഗങ്ങള്‍ ട്വിറ്റെറില്‍ പങ്ക് വെച്ച് ഇങ്ങനെ കുറിച്ചത് 'എല്ലാ വെള്ളിയാഴ്ചക്കും ശേഷം ഒരു ശനിയാഴ്ചയുണ്ട്'.
തങ്ങളുടെ അജണ്ടകള്‍ കൃത്യമായി ഒളിഞ്ഞും തെളിഞ്ഞും നടപ്പാക്കിയിരുന്ന ആര്‍എസ്എസിന്റെ പടയാളികള്‍ക്ക് ഇന്ന് വംശീയ വിദ്വേഷം തുളുമ്പി, എന്തും എവിടെയും എങ്ങനെയും പറയാമെന്നും നടപ്പിലാക്കാമെന്നും ഉള്ള ധൈര്യം എവിടെ നിന്നാണ് കിട്ടുന്നത്? ന്യൂനപക്ഷങ്ങള്‍ക്ക് നേരെ പരസ്യമായി കൈ ചൂണ്ടാന്‍ പോലും മടിച്ചിരുന്ന ഒരു രാജ്യത്ത്, പച്ചക്ക് വംശീയ വിദ്വേഷം വിളിച്ചു പറയുകയും അതിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്ന വര്‍ഗ്ഗീയ സര്‍ക്കാരിന്റെ കാലത്താണ് നാം ഇന്ന് ജീവിക്കേണ്ടി വന്നത് എത് ഏറെ സങ്കടകരമാണ്, അതിലുപരി അപമാനകരവും.
Also Read : ഇന്ത്യന്‍ മുസ്‍ലിംകളോട് രണ്ട് കാര്യം
ഇന്ത്യന്‍ ശിക്ഷ നിയമം 295എ വകുപ്പ് പ്രകാരം രാജ്യത്തെ ഏതെങ്കിലും പൗര സമൂഹത്തിന്റെ മതവികാരങ്ങളെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ ഇവരുടെ ചെയ്തികള്‍ ഇന്ത്യന്‍ ഭരണ കൂടത്തോടും ജുഡീഷ്യല്‍ സിസ്റ്റത്തോടും ഉള്ള വെല്ലുവിളിയും അഹങ്കാരവുമാണ്. യോഗി സര്‍ക്കാരും സംഘപരിവാരും മുസ്‍ലിം ന്യൂനപക്ഷത്തിന്റെ മേല്‍ ബുള്‍ഡൊസര്‍ നീതി നടപ്പിലാക്കുന്നത് ഇതാദ്യമല്ല. 2020 ല്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍.ആര്‍.സി കൊണ്ടുവന്നപ്പോള്‍ പ്രതിഷേധത്തിനിറങ്ങിയ മുസ്‍ലിം ജനതക്ക് നേരെ, മധ്യപ്രദേശിലും ഡല്‍ഹിയിലും ഇന്ത്യന്‍ ഫാഷിസത്തിന്റെ ബുള്‍ഡൊസറുകള്‍ കയറിനിരങ്ങിയത് നാം കണ്ടതാണ്.
ഇവയെല്ലാം കണ്ടിട്ടും, മതേതര കക്ഷികളും മതനിരപേക്ഷത വീമ്പു പറയുന്ന പാര്‍ട്ടികളും മൌനം പാലിക്കുന്നതാണ്, ഇതേക്കാളെല്ലാം ആശങ്ക ഉണര്‍ത്തുന്നത്. ഈ മൌനം തുടര്‍ന്നാല്‍ ലോകത്തെ ഏറ്റവും വലിയ മതേതരരാജ്യമായ ഇന്ത്യ മറ്റൊരു ജര്‍മ്മനിയോ ഇറ്റലിയോ അതോ മ്യാന്മാറോ ആയി മാറി ലോകത്തിന് മുന്നില്‍ മാനം കെടുന്ന കാലം അധിക വിദൂരമല്ല.
Leave A Comment