എവ്‌ലിയ ചെലേബി; ഒട്ടോമന്‍ ചരിത്രം രചിച്ച സഞ്ചാരി

യാത്രകള്‍ നിങ്ങളെ നിശബ്ദരാകുന്നു, ശേഷം മെല്ലെ നിങ്ങളൊരു കാഥികനായി മാറുന്നു -  ഇബ്‌നു ബത്തൂത്ത

ചരിത്രത്തില്‍ ധാരാളം ലോക സഞ്ചാരികളും സഞ്ചാര സാഹിത്യങ്ങളും ഉണ്ടായിട്ടുണ്ട്. ആ യാത്രകളെല്ലാം ശക്തമായ ഒരു കാരണത്തില്‍ നിന്നുമുണ്ടായതാകാം. മനുഷ്യര്‍ കാണുന്നതിലും കേള്‍ക്കുന്നതിലും അനഭവിക്കുന്നതിലെല്ലാം സദാ പുതുമയെ തേടികൊണ്ടിരിക്കുന്നു. അതിനാല്‍ യാത്രകള്‍ പൂര്‍ണ്ണമാകുന്നത് അവയിലെ പുതുമകള്‍ പങ്ക് വെക്കുന്നതിലൂടെയാണ്. യാത്രകളില്‍ ഏകാന്തതയെ തേടുന്നവര്‍ പോലും തന്റെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഒരു കേള്‍വിക്കാരനെ തേടുന്നുണ്ടാകും. അത്തരത്തില്‍ തന്റെ യാത്രകളിലുടനീളം കഥകള്‍ പറഞ്ഞും അനുഭവങ്ങള്‍ കുറിപ്പുകളാക്കിയും യാത്രകളില്‍ ജീവിക്കാനിഷ്ടപ്പെട്ടൊരാളാണ് എവ്‌ലിയാ ചെലേബി.

ഒട്ടോമന്‍ പ്രവിശ്യയായ കുതാഹ്യയില്‍ നിന്നും ഇസ്താബൂളിലേക്ക് കുടിയേറിയ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു 1611-ല്‍ എവ്‌ലിയ ചെലേബി എന്നറിയപ്പെടുന്ന ദര്‍വേശ് മുഹമ്മദ് സെല്ലി ജനിക്കുന്നത്. പിതാവ് സൈനികനും കൊട്ടാരം സ്വര്‍ണ്ണപ്പണിക്കാരനുമായിരുന്നതിനാല്‍ ചെറുപ്പം മുതല്‍ തന്നെ രാജകൊട്ടാരവുമായി ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. പിതൃപരമ്പര അത്മജ്ഞാനിയായ ഖാജ അഹ്‌മ്മദ് യസേവിയിലേക്കാണ് ചേരുന്നത്. മുഫ്തി ഹാമിദ് എഫന്ദിയില്‍ നിന്നും പ്രാഥമിക പഠനവും അഖ്ഫഷ് എഫന്ദി, എവ്‌ലിയ മുഹമ്മദ് എഫന്ദി എന്നിവരില്‍ നിന്നുമാണ് ചെലേബി തുടര്‍ പഠനം നടത്തിയത്. ഓട്ടോമന്‍ സാമ്രാജ്യത്തിന് കീഴിലുള്ള ഉന്നത പൗരന്മാര്‍ക്ക് ബഹുമാനാര്‍ത്ഥം നല്‍കിയിരുന്ന 'ചെലേബി' എന്ന സ്ഥാനപ്പേരിലേക്ക് തന്റെ ഗുരുവായ എവ്‌ലിയ മുഹമ്മദ് എഫന്ദിയുടെ 'എവ്‌ലിയ' കടമെടുത്താണ് തന്റെ തൂലിക നാമം രൂപപ്പെടുത്തിയത്.

സുന്ദരമായ സ്വരത്തിനുടമയായിരുന്ന അദ്ദേഹം ചെറുപ്പം മുതല്‍ തന്നെ പള്ളിയില്‍ ഖുര്‍ആന്‍ പാരയണം ചെയ്യുകയും നിസ്‌ക്കാരത്തിനായി ബാങ്ക് കൊടുക്കുകയും ചെയ്തിരുന്നു. സുല്‍ത്താന്‍ മുറാദ് നാലാമന്‍ പങ്കെടുത്ത ആയാ സോഫിയയിലെ ഒരു രാത്രി സദസ്സില്‍ നടത്തിയ ഖുര്‍ആന്‍ പാരായണം സുല്‍ത്താന് ഇഷ്ടപ്പെടുന്നതോടെ അദ്ദേഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് അമ്മാവന്‍ മുഹമ്മദ് പാഷയുടെ സഹായത്താല്‍ കൊട്ടാരത്തിലെത്തി ചേരുന്ന അദ്ദേഹം സുല്‍ത്താന്റെ നിര്‍ദേശപ്രകാരം തന്റെ പഠനം പൂര്‍ത്തിയാക്കുകയും ഉയര്‍ന്ന വേതനമുള്ള സൈനിക ഉദ്യോഗസ്ഥനായി നിയമിതനാവുകയും ചെയ്തു. കൊട്ടാരോദ്യോഗം തന്റെ സ്വതന്ത്രമായ യാത്രകള്‍ക്ക് തടസ്സമാകുമെന്ന് തിരിച്ചറിഞ്ഞ് 1640ല്‍ ഉദ്യോഗം ഒഴിവാക്കി യാത്രകളില്‍ സജീവമായി.


എവ്‌ലിയ ചെലേബിയുടെ സ്വതന്ത്രമായ ആദ്യ യാത്ര 1640ല്‍ ബുര്‍സയിലേക്കായിരുന്നു. ഏകദേശം അര നൂറ്റാണ്ടു കാലം നീണ്ടു നിന്ന ദീര്‍ഘമായ സഞ്ചാര പരമ്പരയുടെ തുടക്കമായിരുന്നു ഇത്. ഈ കാലത്ത് ഏഷ്യാ മൈനര്‍, ബ്ലാക് സീയുടെ തീരങ്ങള്‍, ബാല്‍ക്കന്‍, പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ പ്രവശ്യകള്‍ അടങ്ങിയ ഒട്ടോമന്‍ സാമ്രാജ്യത്തിന്റേതായ പ്രദേശങ്ങളെല്ലാം ചെലേബി സഞ്ചരിച്ച് കഴിഞ്ഞിരുന്നു. ഓട്ടോമന്‍ പ്രവിശ്യകള്‍ക്കപ്പുറം പേര്‍ഷ്യയും റഷ്യയുമെല്ലാം അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. സന്ദര്‍ശനങ്ങള്‍ക്കപ്പുറം തന്റെ സൈനികോദ്യോഗത്തിന്റെ ഭാഗമായി ഇരുപത്തിരണ്ടോളം യുദ്ധങ്ങള്‍ക്കായി അദ്ദേഹം വ്യത്യസ്ത നാടുകള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ യുദ്ധങ്ങളിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. 

ഒരിടത്തെത്തിയാല്‍ ഓരുപാടു കാലം അവിടത്തുകാരുമായി ഇടപഴകിയും അവര്‍ക്കൊപ്പം കഥകള്‍ പറഞ്ഞും പാട്ടുകള്‍ പാടിയും ജീവിച്ച് അവ കുറിപ്പുകളാക്കുകയായിരുന്നു അദ്ദേഹത്തിന്റെ യാത്രയുടെ ശൈലി.
വരുമാനമില്ലാതെയുള്ള ഈ യാത്രകളില്‍ അദ്ദേഹം തന്റെ നൈസര്‍ഗകിമായ കഴിവുകളെ ഉപയോഗപ്പെടുത്തി യാത്രക്കായുള്ള പണം കണ്ടെത്തി. അതിന്റെ ഭാഗമായി പടക്കപ്പലിലെ, എര്‍സറുമിലെ പാഷയുടെ മുഅദ്ദിനായും, കസ്റ്റം ഓഫീസ് ക്ലര്‍ക്കായും സേവനമനുഷ്ടിച്ചിരുന്നു.

ഒരിക്കല്‍ എവ്‌ലിയ ചെലേബി നബി(സ്വ)യെയും, അനുചരന്മാരെയും, ഖുലഫാഉ റാശിദീങ്ങളെയും സ്വപ്‌നത്തില്‍ ദര്‍ശിക്കുകയുണ്ടായി. യാത്രാ തല്‍പരനനായ അദ്ദേഹം നബി(സ്വ)യില്‍ നിന്നും യാത്രക്കായുള്ള അനുമതി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ നബി(സ്വ) യാത്രാനുമതിക്കൊപ്പം ശഫാഅത്ത് കൂടി നല്‍കുകയും, യാത്ര മുഴുവനായും കുറിപ്പുകളാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഈ സ്വപ്നത്തിന്റെ പ്രേരണാര്‍ത്ഥമായിരുന്നു എവ്‌ലിയ ചെലേബി തന്റെ ദീര്‍ഘമായ യാത്രകള്‍ ആരംഭിക്കുന്നത്. തന്റെ ഇരുപതാം വയസ്സില്‍ ആരംഭിക്കുന്ന യാത്ര എണ്‍പതാം വയസ്സില്‍ ഈജിപ്തിലാണ് അവസാനിപ്പിക്കുന്നത്. പിന്നീട് മരണം വരെ അദ്ദേഹം ഈജിപ്തിലെ കയ്‌റോയിലായിരുന്നു താമസിച്ചിരുന്നത്. അര നൂറ്റാണ്ട് കാലം നീണ്ടു നിന്ന യാത്ര മുഴുവനായും അദ്ദേഹം കുറിപ്പുകളായി സൂക്ഷിച്ചിരുന്നു. അവ കേവലം കുറിപ്പുകള്‍ക്കപ്പുറം പ്രവിശാലമായ ഒരു സാമ്രാജ്യത്തിന്റെ ചരിത്ര രേഖകളായി മാറി. യൂറോപ്പിലും, ആഫ്രിക്കയിലും, ഏഷ്യയിലുമായി പടര്‍ന്നു കിടക്കുന്ന ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതിനേഴാം നൂറ്റാണ്ടിലെ ചരിത്ര രേഖകള്‍.

സിയാഹത്ത്‌നാമ

യാത്രകളില്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതെല്ലാം എവ്‌ലിയാ ചെലേബി കുറിച്ച് വെച്ചു. ആ കുറിപ്പുകള്‍ 'സിയാഹത്ത്‌നാമ' എന്ന പേരില്‍ പത്ത് വാള്യങ്ങളുള്ള ഗ്രന്ഥമായി രൂപപ്പെട്ടു. ഓരോ നാടിന്റെയും ചരിത്രം, ഭൂമിശാസ്ത്രം, കാലാവസ്ഥ, ജനങ്ങള്‍, ജീവിതം, ഭാഷ, വിശ്വാസം, സംസ്‌കാരം അങ്ങനെ ഓരോ ഘടകങ്ങളും സൂക്ഷ്മമായി ചെലേബി സിയാഹത്ത്‌നാമയില്‍ വിവരിക്കുന്നുണ്ട്. സരളമായ ദൈനംദിന ഭാഷയിലുള്ള രചന സമൂഹത്തിനിടയില്‍ ഗ്രന്ഥം കൂടുതല്‍ ജനകീയമാകാന്‍ കാരണമായി. ഇടക്കിടെ പ്രതിപാദിക്കുന്ന കഥകളും കവിതകളും സ്വപ്‌നങ്ങളും വായന സുഗമമാക്കുന്നു. ഇവകള്‍ ഗ്രന്ഥത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഗ്രന്ഥം മൂല്യമേറിയ ധാരാളം മറ്റു വിവരണങ്ങള്‍ സംഭാവന ചെയ്യുന്നുണ്ട്.  

കോണ്‍സ്റ്റാന്റ്‌നോപ്പിളിന്റെ വിവരണങ്ങളിലൂടെ തുടങ്ങി സ്വപ്‌നത്തിലെ പ്രവാചക ദര്‍ശനവും യുദ്ധങ്ങളും തന്റെ ഹജ്ജും ഒടുവില്‍ ആഫ്രിക്കന്‍ നാടുകളെ ക്കുറിച്ചും പറഞ്ഞാണ് ഗ്രന്ഥമവസാനിക്കുന്നത്. ഓരോ വാള്യങ്ങളിലും ഓരോ നാടുകളെയാണ് ചെലേബി വിവരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ ഓട്ടാമന്‍ സാമ്രാജ്യത്തിന്റെ ചരിത്രമാണ് സിയാഹത്ത് നാമയില്‍ എവ്‌ലിയ ചെലേബി അടയാളപ്പെടുത്തുന്നത്. സിയാഹത്ത്‌നാമ ഒരു സഞ്ചാര സാഹിത്യത്തിനപ്പുറം ഒരു ചരിത്ര ഗ്രന്ഥമാണ്.

തുര്‍ക്കി ഭാഷയില്‍ രചിച ഗ്രന്ഥത്തിന്റെ ആദ്യ വിവര്‍ത്തനം 1834ല്‍ ഇംഗ്ലീഷിലേക്ക് ഓസ്ട്രിയന്‍ ഓറിയന്റലിസ്റ്റായ ജോസഫ് വോണ്‍ ഹാമ്മര്‍ ആണ് നിര്‍വ്വഹിച്ചത്. ആദ്യ രണ്ട് വാള്യങ്ങളുടെ വിവര്‍ത്തനങ്ങളായിരുന്നു അത്. പിന്നീട് റോബര്‍ട്ട് ഡങ്കോഫ്, സൂയങ് കിം എന്നിവര്‍ പത്ത് വാള്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. നിലവില്‍ സിയാഹത്ത് നാമയുടെ അഞ്ച് കോപ്പികള്‍ ഇസ്തംബൂള്‍ ലൈബ്രറിയുടെ സംരക്ഷണത്തിലായുണ്ട്. നഷ്ടമായെന്ന് കരുതിയ ഗ്രന്ഥത്തെ 1742ല്‍ കയ്‌റോയിലെ ലൈബ്രറിയില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ചീഫ് ആയ ഹാജി ബഷീര്‍ ആഗയായിരുന്നു വീണ്ടെടുത്തത്. ഇത്തരത്തില്‍ വ്യത്യസ്തമായ നാടുകളെയും സംസ്‌കാരങ്ങളെയും കുറിച്ച് സംസാരിക്കുന്ന ആദ്യ ഓട്ടോമന്‍ സഞ്ചാരി കൂടിയാണ് എവ്‌ലിയ ചെലേബി. സഞ്ചാര സാഹിത്യത്തിന് ബൃഹത്തായ സംഭാവന നല്‍കയതിന്റെ പേരില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി ചെലേബിയുടെ 400-ാംജന്മദിനം 2011ല്‍ യുനെസ്‌കോ ആഘോഷിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter