ജര്‍മന്‍ വനിതാ അത്‌ലറ്റുകള്‍ ലോകത്തോട് പറയുന്നത്
നിത്യ ജീവിതത്തില്‍ കാണുന്ന എല്ലാം കച്ചവടച്ചരക്കായ ഒരു പ്രത്യേക സാമൂഹിക വ്യവസ്ഥിതിയിലാണ് ആധുനിക മനുഷ്യന്‍ ജീവിച്ച് കൊണ്ടിരിക്കുന്നത്. വ്യവസായിക വിപ്ലവവും തുടര്‍ന്ന് വന്ന സാമ്പത്തിക മുന്നേറ്റങ്ങളും മുതലാളിത്ത വ്യവസ്ഥിതിയുടെ അടിത്തറ പാകി. തുടര്‍ന്നങ്ങോട്ട് സകല മാനുഷിക വ്യവഹാരങ്ങളും 'മാര്‍ക്കറ്റ്' അധിഷ്ടിതമായി മാറി. എല്ലാ മൂല്യങ്ങള്‍ക്കുമപ്പുറം വിപണന മൂല്യം പരിഗണിക്കപ്പെടാന്‍ തുടങ്ങി.
സ്വാഭാവികമായും ഈ വ്യവസ്ഥിതിയില്‍ മനുഷ്യനും മാര്‍ക്കറ്റിലെ വില്പനച്ചരക്കായി മാറി. മാനുഷിക മൂല്യങ്ങള്‍ക്കും മാനവ സ്‌നേഹത്തിനും അപ്പുറം അവന്റെ 'പ്രൊഡക്റ്റിവിറ്റി' കൊണ്ടാടപ്പെട്ടു. പുരുഷന്റെ സോകോള്‍ഡ് പൗരുഷവും സ്ത്രീയുടെ സോകോള്‍ഡ് സ്‌ത്രൈണതയും വില്‍പനയുടെ ഭാഗമായി. എന്നത്തെയും പോലെ നിയന്ത്രണാധികാരം പുരുഷന്റെ കയ്യിലായിരുന്നു. അങ്ങനെ പുരുഷാധിപത്യ കച്ചവട താല്‍പര്യങ്ങളുടെ ഇരകളായി ലോകവും അതിലെ വിഭവങ്ങളും മാറി. അതില്‍ ചൂഷണം ചെയ്യപ്പെടുന്നവയുടെ കൂട്ടത്തില്‍ സ്ത്രീയുടെ സ്വത്വവും ഉണ്ടായിരുന്നു.
ആധുനിക മുതലാളിത്ത കച്ചവട താല്‍പര്യങ്ങളില്‍ സ്ത്രീ എന്നും പ്രദര്‍ശന വസ്തുവും വശീകരണ തന്ത്രവും ആയിരുന്നു. പരസ്യ ചിത്രങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന അല്‍പ വസ്ത്ര ധാരിണികളായ സ്ത്രീ രൂപങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്. സ്ത്രീകളുമായി പ്രത്യേക ബന്ധമില്ലാത്ത വസ്തുക്കളുടെ പരസ്യങ്ങളില്‍ പോലും ഇത്തരം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കേവലം യാദൃശ്ചികമാണെന്ന് വിശ്വസിക്കാനാവില്ല. ബിസിനസ് മാമാങ്കങ്ങളുടെ വിളനിലമായ സ്‌പോര്‍ട്‌സ് മേഖലയിലും ഹോട്ടല്‍ റിസപ്ഷനിസ്റ്റ് പോലെയുള്ള ജോലികളിലും സ്ത്രീകള്‍ക്കായി നിര്‍ണയിക്കപ്പെട്ടിട്ടുള്ള യൂനിഫോമും ഡ്രസ്സ് കോഡും വിലയിരുത്തുമ്പോഴും നമ്മളെത്തിച്ചേരുന്ന നിഗമനം അതുതന്നെയാണ്. ഇതേ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്മാരുടെ വസ്ത്രധാരണാ രീതികള്‍ ഇതിനോട് താരതമ്യം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കുറേകൂടി വ്യക്തമാ വും. സ്‌പോര്‍ട്‌സ് രംഗത്ത് വസ്ത്ര ധാരണയുടെ പേരില്‍ ചൂഷണങ്ങള്‍ നേരിടുന്ന സാഹചര്യങ്ങളെ കുറിച്ച് ഒരുപാട് സ്ത്രീ കായിക താരങ്ങള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സ്ത്രീകളുടെ കായിക ശേഷിയേക്കാള്‍ മത്സര സമയങ്ങളില്‍ ശരീരം ഹൈലൈറ്റ് ചെയ്യപ്പെടുന്നതിനെ കുറിച്ചും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ചും എല്ലാം നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്.
Also Read:ട്രാന്‍സ്ജന്‍ഡര്‍ ആക്റ്റീവിസവും ഇരകളും
സ്ത്രീയുടെ വ്യക്തിത്വത്തേക്കാള്‍ ലൈംഗികതയും പ്രദര്‍ശന പരതയും ഹൈലൈറ്റ് ചെയ്യപ്പെട്ടു. ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും സഹപ്രവര്‍ത്തകരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും താന്‍ നിലകൊള്ളുന്ന സംവിധാനത്തില്‍ നിന്നും ഇത്തരം ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ വിധേയരായി കൊണ്ടേയിരുന്നു. മാര്‍ക്കറ്റ് ആവശ്യപ്പെടുന്ന രീതിയില്‍ ശരീരം മെയിന്റയിന്‍ ചെയ്യാന്‍ ഓരോ സ്ത്രീയും അവരറിയാതെ തന്നെ നിര്‍ബന്ധിതരായി. നിരന്തരമായ പ്രചരണങ്ങളിലൂടെ സൃഷ്ടിച്ചെടുക്കപ്പെട്ട സ്ത്രീ സൗന്ദര്യ സങ്കല്പങ്ങളുടെ സ്റ്റീരിയോടൈപ്പുകളുമായി ഒത്തുപോകാന്‍ അവര്‍ പാടുപെട്ടു. സൗന്ദര്യ വര്‍ദ്ധക ഉല്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നതും സൗന്ദര്യ വര്‍ദ്ധക സര്‍ജറികള്‍ ഏറ്റവും കൂടുതല്‍ നടത്തപ്പെടുന്നതും സ്ത്രീകള്‍ക്കിടയിലാണെന്നത് ഈ വസ്തുതക്ക് അടിവരയിടുന്നു. ഇത് സ്ത്രീകളില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദവും അരക്ഷിതാവസ്ഥയും ചെറുതല്ല. (shorturl.at/cvHLN)
സ്വാതന്ത്ര്യം, തുല്യത, ചോയിസ് എന്നൊക്കെ പറഞ്ഞ് 'സ്ത്രീ സ്വാതന്ത്ര്യത്തിന്' വേണ്ടി മുറവിളി കൂട്ടുന്ന പലരുടെയും ആശയങ്ങള്‍ ഇത്തരം ചൂഷണങ്ങളിലേക്കും മാനസിക സമ്മര്‍ദ്ദത്തിലേക്കും സ്ത്രീകളെ കൊണ്ടെത്തിച്ചു. പാരമ്പര്യത്തിന്റെയും മതങ്ങളുടെയും ചട്ടക്കൂടുകളില്‍ നിന്ന് പുറത്ത് കടന്ന് സോകോള്‍ഡ് സ്വതന്ത്രവാദി ആവുമ്പോള്‍ മാത്രമേ സ്ത്രീ വിമോചിത ആവുന്നുള്ളൂ എന്ന നരേറ്റീവുകള്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ സമര്‍ത്ഥമായി ഉണ്ടാക്കിയെടുത്തു. അപ്പോഴും അറിഞ്ഞോ അറിയാതെയോ അവര്‍ 'ആധുനികതയുടെ' 'അടിമകള്‍' ആവുകയായിരുന്നു. അവര്‍ പറയുന്ന ചോയിസും അനുബന്ധ വ്യവഹാരങ്ങളും ഏതോ ശക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബോധപൂര്‍വം നിര്‍മിച്ചെടുത്തവയാണെന്ന് അവര്‍ തിരിച്ചറിയാതെ പോയി. അവര്‍ പറയുന്ന ആധുനികതയെ പുല്‍കാനും പുല്‍കാതിരിക്കാനും ഉള്ള ഓരോ വ്യക്തിയുടെയും പൂര്‍ണ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നതും അതിനെ പുല്‍കാത്തവരും എതിര്‍ക്കുന്നവരും സംസ്‌കാര ശൂന്യരായി മുദ്ര കുത്തപ്പെടുകയും ചെയ്യുന്നത് അങ്ങനെയാണ്.
എന്നാല്‍, ഈയിടെയായി ലോകത്തിന്റെ പല കോണുകളില്‍ നിന്നായി വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ ചിലതെങ്കിലും ശൂഭസൂചകങ്ങളാണെന്ന് പറയാതെ വയ്യ. ടോക്കിയോ ഒളിമ്പിക്‌സില്‍ മല്‍സരിക്കുന്ന ജര്‍മന്‍ ജിംനാസ്റ്റിക് ടീം അംഗങ്ങളുടെ സ്വിംസ്യൂട്ട് മാതൃകയിലുള്ള ലിയോടാര്‍ഡിന് പകരം കണങ്കാല്‍ വരെയെത്തുന്ന വേഷം ധരിക്കാനുള്ള തീരുമാനമാണ് അതില്‍ ഏറ്റവും പുതിയത്. ഞങ്ങള്‍ ഏറ്റവും അധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ് എന്ന് ഒളിമ്പിക്‌സിനെിത്തിയ ടീമംഗം പൗലീന്‍ ഷേഫര്‍ പറയുന്നു. ജര്‍മന്‍ ടീമിന്റെ അടക്കമുള്ളവരുടെ അഭ്യര്‍ത്ഥന മാനിച്ച് സ്ത്രീ ശരീര ഭാഗങ്ങളെ ഹൈലൈറ്റ് ചെയ്യാതെ മത്സരത്തിന് മുന്‍ഗണന ലഭിക്കുന്ന രീതിയിലായിരിക്കും ഇനി മുതല്‍ മത്സരങ്ങള്‍ ടെലികാസ്റ്റ് ചെയ്യുക എന്ന ഒളിമ്പിക് അധികൃതരുടെ പ്രഖ്യാപനവും ആശാജനകമാണ്. അല്പ വസ്ത്രങ്ങള്‍ തങ്ങളുടെ സ്വത്വത്തിനും സ്വാതന്ത്ര്യത്തിനും എതിരാണെന്നും ശരീരം മറക്കുന്നത് ചൂഷണങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ആത്മധൈര്യവും സുരക്ഷിതത്വ ബോധവും പകരുന്നു എന്നുമാണ് അവര്‍ പറഞ്ഞു വെക്കുന്നത്.
ചുരുക്കത്തില്‍, സ്ത്രീകളുടെ ശരീരവും സൗന്ദര്യവും ലൈംഗികതയും ചൂഷണം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന ആധുനിക ലോക ക്രമത്തില്‍ ശരീരം മറക്കാനുള്ള സ്വാതന്ത്ര്യം ഒരിക്കലും ഹനിക്കപ്പെട്ടു കൂടാ. മനുഷ്യനെ ലിംഗ ഭേദമന്യേ മനുഷ്യനായി കാണാനും ജൈവിക മാനസിക വ്യത്യാസങ്ങളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇസ്്‌ലാമാണ് ഇത്തരം ചൂഷണങ്ങള്‍ക്കുള്ള പ്രതിവിധിയെന്ന് പറയാതിരിക്കാന്‍ വയ്യ.
അവലംബം:
https://www.thejasnews.com/latestnews/body-will-not-display-german-gymnasts-in-full-body-clothing-at-the-olympics-179011
https://www.npr.org/2021/07/23/1019343453/women-sports-sexualization-uniforms-problem
https://theconversation.com/uniform-discontent-how-women-athletes-are-taking-control-of-their-sporting-outfits-164946
Women athletes are taking control of their Olympic sporting uniforms - ABC News https://www.abc.net.au/news/2021-07-26/women-athletes-reject-skimpy-olympic-sport-uniforms/100323220
https://www.nbcnews.com/feature/nbc-out/photo-series-explores-sexploitation-athletic-uniforms-n635781
https://www.unicefusa.org/stories/not-object-sexualization-and-exploitation-women-and-girls/30366
Leave A Comment