കുടിയേറ്റ നിരോധനം, ഇസ്രയേല്‍: ട്രംപ് യുഗത്തിലെ മുസ്‌ലിം ചോദ്യങ്ങള്‍
അധികാരത്തിലേറി നാള്‍ക്കുനാള്‍ ട്രംപ് ഒരു ഭയമായി വളരുന്നു. ആഗോള മുസ്‌ലിംകള്‍ക്കിടയില്‍ ട്രംപിന്റെ തീവ്ര ഇസ്രാഈല്‍ അനുഭാവം ഊന്നല്‍ നല്‍കും വിധം യു.എസ് എംബസി തെല്‍അവീലില്‍ നിന്ന് അധിനിവേശ ജറുസലേമിലേക്ക് മാറ്റുമെന്ന പ്രഖ്യാപനം അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. എങ്കിലും അദ്ദേഹം ഒരു ബിസിനസ്മാന്റെ സ്വതസിദ്ധമായ ലാഘവത്തോടെ അദ്ദേഹം തീവ്ര സയണിസ്റ്റ് ആശയ പ്രചാരകനും ഇലക്ഷന്‍ കാമ്പയിന്‍ ഉപദേശകനുമായ ഡേവിസ് എം ഫ്രീഡ്മാനെ അംബാസഡറായി നിയമിച്ച് തന്റെ ഇസ്രാഈലി അനുകൂല നിലപാട് ഒന്നുകൂടി ബലപ്പെടുത്തി. വെസ്റ്റ് ബാങ്ക് ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുന്നതില്‍ ഒരു തെറ്റും താന്‍ കാണുന്നില്ല എന്ന് ഒട്ടും നയതന്ത്ര പരിജ്ഞാനമില്ലാതെ ഫ്രീഡ്മാന്‍ എന്ന അംബാസഡര്‍ പുലമ്പുന്നു. സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികലള്‍ക്കുമിടയിലെ ഇത്തരം നയങ്ങളുടെ പ്രായോഗികത പോലും ഈ മത ഭ്രന്തന്‍മാര്‍ ആലോചിക്കുന്നില്ല.
ഏതാനും വര്‍ഷങ്ങളിലെ മാത്രം കണക്കു പ്രകാരം 13 യുദ്ധങ്ങള്‍ക്കായി 40 ലക്ഷം കോടി ഡോളര്‍ ചെലവിട്ടപ്പോള്‍ അത് നേരെ ചൊവ്വേ മുസ്ലിം പ്രീണനത്തിന് ഉപയോഗിക്കുമ്പോള്‍ വളരെ ഫലപ്രദമാകുമെന്ന് പറയാതെ പറഞ്ഞുകഴിഞ്ഞു ഡൊണാള്‍ഡ് ട്രംപ്. മുസ്ലിം വര്‍ധനവ് തങ്ങളുടെ നിലനില്‍പ്പിന്റെ അടിയാധാരം പറിച്ച് കൊണ്ടുപോവുമെന്ന ഇന്ത്യയിലെയും റോഹിങ്ക്യയിലെയും ഫാസിസ്‌ററുകള്‍ക്കിടയിലെ പച്ചയായ മിഥ്യബോധമാണ് ട്രംപിനെ നയിക്കുന്നത്. അഭയാര്‍ത്ഥികളെ ക്ഷണിക്കുന്ന പ്രൗഢമായ പാരമ്പര്യമണ് അമേരിക്കക്ക് ഉള്ളത് എന്നു പറഞ്ഞ് വേപഥു കൊള്ളുന്നവര്‍ക്കൊക്കെ അതീതമായി നിലക്കൊള്ളുന്നു ട്രംപ്. (അവിടത്തെ പൗരന്‍മാര്‍ക്കനുസരിച്ചാണ് പ്രസിഡന്റിന്റെ സ്ഥാനാരോഹണം എന്ന വീക്ഷണത്തെ കാണാതെയൊന്നുമല്ലിതെഴുതുന്നത്).
കുടിയേറ്റക്കാര്‍ക്കും മുസ്ലിം സ്വത്വത്തിനും ഭീഷണിയായിരുന്ന പ്രചാരണ വേളയിലെ പ്രഖ്യാപനങ്ങളെല്ലാം തന്നെ മുറപോലെ നടപ്പില്‍ വരുത്തുന്നതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെല്ലാം ചെന്നുപതിയുന്നത് ബധിര കര്‍ണ്ണങ്ങളിലാണ്. സിറിയ, ഇറാഖ് അടങ്ങുന്ന ഏഴോളം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് ഭീഷണിയായി നയപ്രഖ്യപനങ്ങള്‍ വരെ വന്നു തുടങ്ങി. അര്‍ഹിക്കാത്തത് നേടിയ അല്‍പ്പന്റെ ധാര്‍്ഷ്ഠ്യമെന്നാണ് ട്രംപിന്റെ അധികാരാരോഹണത്തെ വിശേഷിപ്പിക്കാനാവുക. അമേരിക്കയുടെ അന്ധമായ അധിനിവേശങ്ങളൊക്കെയും ജനം കണ്ണും പൂട്ടി നോക്കിനില്‍ക്കുമെന്ന മിഥ്യാധാരണയില്‍ ട്രംപ് നില്‍ക്കുമ്പോള്‍ കുറച്ചുകൂടി പഠിക്കാതിരിക്കാന്‍ വയ്യ. അധിനിവേശ നൈരന്തര്യങ്ങളാല്‍ നികുതി ദുരുപയോഗത്തിനെതിരെ സിംഹമടയില്‍ നിന്നു തന്നെ ചോദ്യങ്ങളുയര്‍ന്ന കാലമുണ്ടായിരുന്നു. 'മിസ്റ്റര്‍ ബുഷ്, ഇത് ലജ്ജാകരമാണ്. ഈ യുദ്ധത്തിന് ഞങ്ങളുടെ പിന്തുണയില്ല, നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുന്നു' എന്ന് അമേരിക്കയുടെ സാംസ്‌കാരിക വൈകല്ല്യങ്ങളെ വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്ന 'ബൗളിങ്ങ് ഫോര്‍ കൊളംബന്‍' എന്ന ഡോക്യുമെന്ററി ചിത്രത്തിനുള്ള അംഗീകാര അവാര്‍ഡ് സ്വീകരിച്ച് പൊട്ടിത്തെറിച്ച മൈക്കല്‍ റൂമില്‍ നിന്നും ട്രംപിന് ചില വസ്തുതകള്‍ ഉള്‍കൊള്ളേണ്ടിയിരിക്കുന്നു. അമേരിക്കയിലെ ഏറ്റവും വലിയ നോവലിസ്റ്റായ നോര്‍മന്‍ വെയിലറുടെ ശക്തി അധിനിവേശം അമേരിക്കയുടെ മാറ്റാന്‍ പറ്റാത്ത രോഗമാണെന്ന് നെഞ്ചുറപ്പോടെ അധികാരികളെ ബോധ്യപ്പെടുത്തിയ ചങ്കുറപ്പാണ്. അമേരിക്കയില്‍ ട്രംപ് കുന്തിരിയെടുത്ത് ചാടാന്‍ തുടങ്ങിയപ്പോള്‍ വെളിവായ പ്രതിഷേധ ജ്വാല വൈവിദ്ധ്യങ്ങളുടെ സംഘഭൂമിയേക്കാള്‍ മനോഹരമായ ഒരു രാജ്യമല്ല എന്ന് മനസ്സിലാക്കുന്നയിടത്താണ് ട്രംപ് ആദ്യം തോറ്റത്. മുഖ്യധാര രാഷ്ട്രീയം മുസ്‌ലിം വിരുദ്ധമാണെന്നും ആ ഭൂരിപക്ഷ താല്‍പര്യത്തിനനുസരിച്ച് രാഷ്ട്രീയ ചലനങ്ങള്‍ക്ക് തന്നെ മഹത്വവല്‍ക്കരിക്കാനും പുണ്യാളനാക്കാനും കഴിയുമെന്ന കല്‍പനിക തത്വങ്ങളില്‍ നിന്ന് ട്രംപ് മോചിതനാവുമ്പോഴാണ് അമേരിക്കയിലെ സമകാലിക സങ്കീര്‍ണതകളുടെ കെട്ടഴിയുന്നത്. വര്‍ഷങ്ങളുടെ സ്വപ്‌നമായ അധികാരം കയ്യില്‍ക്കിട്ടിയപ്പോഴുള്ള അന്താളിപ്പില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് ഇത്തിരി മണ്ടത്തരങ്ങള്‍ കൂടി ചെയ്തു കഴിച്ചാല്‍ ആത്മനിര്‍വൃതിയടയുമെന്ന് ചുരുക്കം. മുസ്‌ലിം വിരോധം തള്ളുന്ന സയണിസ്റ്റ് സിദ്ധാന്തങ്ങളില്‍ നിന്നും ഉപദേശമുള്‍ക്കൊള്ളുന്ന അമേരിക്കയുടെ പുതിയ പ്രസിഡന്റ് മുസ്‌ലിം അപരവല്‍കരണത്തിന്റെ പുതുരൂപങ്ങള്‍ തൊഴില്‍ മേഖലയിലും ജീവിത പരിസരങ്ങളില്‍ തന്നെയും ആവിഷ്‌കരിച്ച് കൊണ്ടിരിക്കും.
24മണിക്കൂറിനകം കോടതി സ്‌റ്റേ ചെയ്ത് ഉത്തരവായ 'മുസ്ലിംകളെ (ഭീകരവാദികളെ) യു.എസ്സില്‍ നിന്നും അകറ്റുന്നതിന്റെ ഭാഗമായി ഇറാന്‍, ഇറാഖ്, സിറിയ, യമന്‍, ലിബിയ, സോമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ വിലക്ക് ഒരു മുന്നറിയിപ്പും, ഉണര്‍ത്തുപാട്ടുമാണ് മുസ്ലിംകള്‍ക്കും പടിഞ്ഞാറിനെ കെട്ടിപ്പുണരുന്ന നാമമാത്ര മുസ്‌ലിം പൗരന്മാര്‍ക്കും. ഇനിയും ഉറക്കം നടിച്ചിരുന്നാല്‍ പൗരാവകാശത്തിന്റെ പച്ച കാര്‍ഡ് പുറത്താക്കപ്പെടലിന്റെ, ചുവപ്പ് കാര്‍ഡായേക്കുമെന്നുള്ള ഭീകരമായ സൂചനകളാണ്.
ട്രംപും പോപ്പും;സമാന്തര രേഖകള്‍
മതങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദത്തിന്റെ പാലം പൊളിക്കുന്നവനാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് വലിയ വായില്‍ പറഞ്ഞ് തെരെഞ്ഞെടുപ്പിന്റെ ആദ്യ കാലങ്ങളില്‍ തന്നെ ട്രംപിന്റെ നേതൃപരിവേഷത്തിന് കരിനിഴല്‍ വീഴ്ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ സാക്ഷാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ മറക്കാന്‍ മാത്രം സമയമായിട്ടൊന്നുമില്ല. പക്ഷെ ട്രംപിലൂടെ പോപ്പിനും ചില ലക്ഷ്യങ്ങളുണ്ട് എന്ന തരത്തില്‍ മാറ്റിച്ചിന്തിപ്പിക്കുന്നതാണ് സമകാലിക സാഹചര്യങ്ങള്‍. മുസ്‌ലിംകളെ രാജ്യത്ത്‌നിന്നും പുറത്താക്കുമെന്ന് ഈ മതഭ്രന്തന്‍ അനുയായികളില്‍ ആവേശത്തിരയിളക്കം സൃഷ്ടിക്കാന്‍ മാത്രം പറഞ്ഞതായിരുന്നില്ല. ആസൂത്രിതമായ ഈ നീക്കങ്ങളില്‍ വത്തിക്കാന്‍ സിറ്റിയില്‍ നിന്നും പോപ്പ് ചിരിക്കുന്നതിനാലാകാം 'ട്രംപിന്റെ കാര്യത്തില്‍ വിധി പറയാനായിട്ടില്ല' എന്ന് മാര്‍പ്പാപ്പയെക്കൊണ്ട് പറയിച്ചത്. ആധുനിക നാഗരിക കാഴ്ച്ചപ്പാടുകള്‍ക്ക് വിരുദ്ധമായ നയമാണ് ട്രംപിന്റെതെങ്കിലും ക്രിസ്ത്യന്‍ മതാശയങ്ങളുടെ വളര്‍ച്ച മുസ്‌ലിം സാന്നിധ്യം കൊണ്ട് ശുഷ്‌കിക്കുന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മാര്‍പ്പാപ്പക്ക് ചില ദീര്‍ഘമായ മൗനങ്ങള്‍ വേണ്‍ണ്ടിവരുന്നു.
പ്രതിരോധ മന്ത്രാലയത്തില്‍ ചെന്ന് ട്രംപ് പ്രഖ്യാപിച്ചു; 'നമുക്ക് അവരെ വേണ്ട, രാജ്യത്തിന് പുറത്ത് നമ്മുടെ സ്ത്രീകളും പുരുഷന്മാരും ആര്‍ക്കെതിരെയാണോ പോരാടുന്നത് അവരെ നമുക്ക് ഇവിടെയും വേണ്ട. നമ്മുടെ രാജ്യത്തെ പിന്തുണക്കുകയും അഗാധമായ് സ്‌നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ നമുക്കാവിശ്യമുള്ളൂ. 'ക്രിസ്ത്യാനികള്‍ക്ക് മാത്രം പ്രവേശനമുള്ളുവെന്ന് ചുരുക്കം. ക്രസ്ത്യന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖം വിദ്വാന്റെ ചില ഒളിയജണ്‍ണ്ടകളാണ്. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും ക്രിസ്ത്യാനികളോട് ഭീകരമായാണ് പെരുമാറുന്നത്.' സിറിയയില്‍ ക്രിസ്ത്യാനികള്‍ പ്രയാസപ്പെടുന്നുവെന്ന് ആ മതഭ്രാന്തന്‍ വേപഥുകൊള്ളുമ്പോള്‍ 'ഇസ്രാഈല്‍' ജൂതര്‍ക്ക് തീറെഴുതിയ പ്രകാരം ഇതര മുസ് ലിം രാജ്യങ്ങളിലെ പ്രീണിത സമൂഹമാണ് ക്രിസ്ത്യാനികളെന്ന് വരുത്തിതീര്‍ക്കുകവഴി അവര്‍ക്ക് അമേരിക്കയില്‍ അഭയം പ്രാപിക്കാം എന്ന പ്രഖ്യപനത്തിന്റെ ഉദ്ദേശം 'അമേരിക്ക ക്രിസ്ത്യന്‍ രാജ്യമാക്കുക' എന്നതിലേക്കുള്ള കരുക്കളാകാം.
കുടിയേറ്റ നിരോധനത്തിലെ ചതി
മാറാത്ത രോഗമായ അധിനിവേശത്തിന്റെ സര്‍വ്വ പാര്‍ശ്വഫലങ്ങളും ഏറ്റുവാങ്ങി ശുഷ്‌കിച്ച രാജ്യങ്ങളാണ് ട്രംപ് കുടിയേറ്റം നിരോധിച്ച രാജ്യങ്ങളത്രയും. ഇസ്ലാമിക റിപ്പബ്ലിക്കിന്റെ കാലത്തും ശേഷവും വിഭവസമൃദ്ധിയില്‍ അദ്ഭുത വളര്‍ച്ച പ്രാപിച്ച രാജ്യങ്ങള്‍ അമേരിക്കയുടെ വിദേശനയങ്ങളില്‍ കണ്ണടച്ച് വിശ്വസിച്ചതില്‍ വഞ്ചിതരായി. പിന്നീട് അഭയാര്‍ത്ഥിജീവിതം തുടരുന്ന ഈ രാജ്യങ്ങള്‍ സമ്പല്‍ സമൃദ്ധിയുടെയും വിഭവ വൈശിഷ്ട്യങ്ങളുടെയും സുന്ദര നാടായിരുന്നു. സാംസ്‌കാരിക ഉന്നമനത്തിന്റെ വക്കിലായിരുന്ന ഇരുപതാം നൂറ്റാണ്‍ണ്ടിന്റെ ഇറാഖ് ജനത പടിഞ്ഞാറിന്റെ ഇംഗിതങ്ങള്‍ക്ക് ചെവികൊടുത്തു തുടങ്ങിയതുമുതല്‍ അമേരിക്ക തങ്ങളുടെ സാമ്രാജ്യത്വ അജണ്‍ണ്ടകള്‍ ഒന്നൊന്നായി വെച്ചുകെട്ടി തുടങ്ങി. മരീചിക കാണിച്ച് കൊടുത്ത് പൊട്ടക്കിണറ്റില്‍ ചാടിക്കുന്ന മുത്തശ്ശി്ക്കഥയിലെ ഭൂതമായിരുന്നു അമേരി്ക്കയുടെ ആത്മാവില്‍ കുടികൊണ്ടിരുന്നത്. അസൂത്രിത നീക്കങ്ങളുടെ ചലനങ്ങളായിരുന്നു അണുബോംബെന്ന ഓലപ്പാമ്പിനെ കാണിച്ചുള്ള ഇറാഖ് അധിനിവേശവും സദ്ദാം കൊലയും. ടൈഗ്രീസിന്റെയും യൂഫ്രട്ടീസിന്റെയും തീരത്തുള്ള മുഴുവന്‍ എണ്ണയും ഊറ്റിക്കുടിക്കാനുള്ള വ്യഗ്രതയും അവിടെ ഇസ് ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്ക് തഴച്ചു വളരാനുള്ള രംഗമെരുക്കി അവര്‍ അണിയറയിലേക്ക് ഉള്‍വലിഞ്ഞു. പുതിയ ചില ദൗത്യങ്ങള്‍ ഐസിസിനെ ഏല്‍പ്പിച്ച് ലോക പോലിസ് ചമഞ്ഞ് പുതിയ നാടകം തുടങ്ങി.
ജര്‍മനിയിലും ഫ്രാന്‍സിലും ബെല്‍ജിയത്തിലും സംഭവിച്ച പ്രകാരം അമേരിക്കയില്‍ അനുവദിക്കില്ലെന്നും മാധ്യമങ്ങളുടെ പടപ്പ് മാത്രമാണ് ഈ പുകിലൊക്കെ സൃഷ്ടിച്ചതെന്നും പറഞ്ഞ് ട്രംപ് പ്രതിരോധത്തിലായ സാഹചര്യത്തില്‍ യൂറോപ്പിലെ തീവ്ര വലതുപക്ഷം പിന്തുണ പ്രഖ്യാപിച്ചതിലുള്ള ഉള്‍കള്ളികള്‍ വ്യക്തമാണല്ലൊ.
ട്രംപിന്റെ കമ്പനികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ സാമ്പത്തികമായ തിരിച്ചടിയൊന്നുമുണ്ടാവില്ല എന്ന ഒരൊറ്റ വീക്ഷണത്തിന്റെ മേലാണ് ഈ നിരോധനത്തിന്റെ ചേതോവികാരം. അഷ്ടദിക്കുകളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ മനോഹരമായ വൈവിധ്യത്തില്‍ നിര്‍മിതമായ ഒരുരാജ്യം പുതിയ തരംഗം കാരണം കുടിയേറ്റക്കാര്‍ക്കെതിരെ വാതില്‍ കൊട്ടിയടക്കുകയാണെങ്കില്‍ അമേരിക്കന്‍ ജനത തന്നെ അതിനെതിരെ രംഗത്ത് വരുന്നതിന്റെ നിറഞ്ഞ തെളിവുകളാണ് സമകാലിക പ്രതിഷേധ പരിസരങ്ങള്‍. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ചാലിട്ടൊഴുകുന്നതാണ് ട്രംപിന്റെ അരങ്ങൊരുക്കുന്നത് എന്ന ആക്രോശം വരെ അമേരിക്കയില്‍നിന്നും ഉയര്‍ന്നുകേട്ടു. രണ്‍ണ്ടാം ലോകയുദ്ധകാലത്ത് സെന്റ് ലൂയിസ് കപ്പലില്‍ നാസി ക്രൂരതയില്‍ നിന്ന് രക്ഷതേടി മിയാമി തുറമുഖത്ത് ചെന്നിറങ്ങിയ ജൂതന്മാരെ തിരിച്ചയക്കുകയും നാസിപട്ടാളത്തിന്റെ കൊടും ക്രൂരതക്ക് ഇരയായതിന്റെ ഓര്‍മകളില്‍ വേപഥുകെണ്ട് ഇനിയിങ്ങനെ സംഭവിക്കരുതെന്ന ദൃഢനിശ്ചയത്തിലാണ് അമേരിക്കന്‍ ജനത.
കുറച്ചുകൂടി ഭീകര രംഗം പരാവര്‍ത്തിതമായിരിക്കുന്നു. ഭ്രാന്തമായ ചിലജല്‍പനങ്ങളാണ് ട്രംപിനെ ഇതില്‍ കടിച്ചു തൂങ്ങാന്‍ ഇത്ര മാത്രം നിര്‍ബന്ധിപ്പിക്കുന്നത്. അന്ധമായ മുസ്‌ലിം വിരുദ്ധതയുടെ ഒരു പകര്‍പ്പ് മാത്രമായും ഇതിനെ കാണാവുന്നതാണ്. മതസഹിഷ്ണുതയുടെയും ഐക്യമനോഭാവത്തിന്റെയും കണിക അന്യം നിന്ന ഒരുകോട്ടിട്ട പ്രാകൃതനെന്നും വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. അമേരിക്കയിലെ 500 ലധികം വരുന്ന വ്യവസായ സംരംഭങ്ങളില്‍ 200 ലേറെ നടത്തുന്നത് കുടിയേറ്റക്കാരോ അവരുടെ മക്കളോ ആണെന്ന് പ്രമുഖര്‍ വെളിപ്പെടുത്തുമ്പോഴും മതേദ്വഷത്തില്‍ അധിഷ്ടിതമായ വിവേചനവും വിലക്കും കൊണ്ട് സ്വന്തം സാമ്രാജ്യം സുരക്ഷിതമാകുമെന്ന് കണക്കുകൂട്ടുന്ന ട്രംപാണ് ഇസ്‌ലാമോഫോബിയയുടെ നിലവിലെ മുഖ്യ പ്രചാരകന്‍. ഫേസ്ബുക്കിന്റെയും, ഗൂഗിളിന്റെയും തലവന്മാര്‍ ഈ നീചമായ നീക്കത്തിനെതിരെ രംഗത്ത് വന്നത് കൊണ്ട് ട്രംപ് തന്നെയാണ് സ്വയം നിന്ദ്യനാവുന്നത്. കുടിയേറ്റ ജനതയുടെ എണ്ണത്തില്‍ ലോകത്തെ 179 രാജ്യങ്ങളില്‍ 34ാം സ്ഥാനത്താണ് അമേരിക്ക. കൊളോണിയല്‍ കാലം മുതല്‍ ഇങ്ങോളം കുടിയേറ്റക്കാരെ കൊണ്ട് വളര്‍ന്ന രാജ്യവുമതു തന്നെ. യൂറോപ്പില്‍നിന്ന് കുടിയേറിയ വലിയൊരളവിലുള്ളവരാണ് ഇന്ന് അമേരിക്കയുടെ ഗതിയും, ദിശയും, രാഷ്ട്രീയവും നിയന്ത്രിക്കുന്നത്.
യു.എസ് സഖ്യസേനയുടെ അഫ്ഘാന്‍-ഇറാഖ് അധിനിവേശങ്ങള്‍ അവിടുത്തെ ക്രമസമാധാന നില എടുത്തെറിഞ്ഞ് പകരം സ്ഥാപിതമായ അനിശ്ചിതത്വത്തിന് മറുമരുന്നായിട്ടായിരുന്നു ഏഷ്യയില്‍ നിന്നുമുള്ള അമേരിക്കന്‍ കുടിയേറ്റങ്ങള്‍. ചെയ്ത പാപത്തിന് ശിക്ഷയായോ, പ്രായശ്ചിത്വമായോ അവരത് സ്വീകരിച്ചു പോന്നു. അങ്ങനെയിരിക്കെയാണ് ട്രംപിന്റെ നയപ്രഖ്യാപനങ്ങള്‍ ഭ്രാന്തമായി വന്നടിഞ്ഞത്. ദശലക്ഷക്കണക്കിന് ഇറാനികള്‍ അമേരിക്കയില്‍ വസിക്കുമ്പോള്‍ അവര്‍ക്കൊന്ന് പുറത്ത് പോയാല്‍ തിരിച്ചുവരാന്‍ കഴിയാത്ത വിധം സങ്കീര്‍ണതയാണ് ട്രംപ് ഒരുക്കിയിട്ടുള്ളത്. കുട്ടിക്കാലത്ത് തന്നെ അഭയാര്‍്ത്ഥികളായി എത്തിയവര്‍ വേറെയും കാണും. ഭയരഹിതരായി വസിക്കാനുള്ള ഒബാമയുടെ സുതാര്യമായ പദ്ധതിക്ക് തുരങ്കം വെക്കുന്ന തരത്തിലാണ് ഓരോ നീക്കങ്ങളും. യുദ്ധമുഖത്ത് നിന്നും മാതാപിതാക്കളുള്‍പ്പെടേ സര്‍വവ്വും നഷ്ടപ്പെട്ട് നിരാലംബരായി പലായനം ചെയ്യുന്ന ജനതയെ പോലും മതത്തിന്റെ ലേബലൊട്ടിച്ച് തിരിച്ചയക്കുന്ന തരത്തിലെ അധഃപതനമാണ് ട്രംപ് യുഗം അടയാളപ്പെടുത്തുന്നത്.
Leave A Comment