ഫാസിസം ഇന്ത്യയുടെ മാധ്യമരംഗത്ത് ചെയ്യുന്നത്

സക്രിയ ഇടപെടലുകളുടെയും തിരുത്തലുകളുടെയും മാധ്യമ വ്യവഹാരങ്ങളല്ല ഇപ്പോള്‍ ഇന്ത്യയില്‍. ഗവണ്‍മെന്റ് സ്‌പോണ്‍സേഡ് മീഡിയ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തിന്റെ ഗതിയും സ്ഥിതിയും നിര്‍ണ്ണയിക്കേണ്ടതെന്ന തെറ്റിദ്ധാരണകള്‍ പരക്കെ വ്യാപിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളിലെ ആഴത്തിലുള്ള ഗവേഷണങ്ങള്‍ ചര്‍ച്ചാവേദികളിലൂടെ രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന കണ്ടെത്തലുകള്‍ എങ്ങനെയാണ് ഭരണകൂട വിരുദ്ധതയാവുക. പെയ്ഡ് ന്യൂസുകളിലൂടെ പാര്‍ട്ടികളുടേയും വ്യക്തികളുടേയും മുഖംമൂടി മിനുക്കുന്ന നെറികെട്ട മാധ്യമപ്രവര്‍ത്തനം. ആടിനെ പട്ടിയാക്കുക മാത്രമല്ല പേപ്പട്ടിയാക്കി പേവിഷ ബാധ പെരുപ്പിച്ചു കാണിച്ച് വാദിയെ പ്രതിയാക്കുന്ന അര്‍ണബുമാരുടെ മാധ്യമശിങ്കിടികള്‍ ആണ്ടിരിക്കുന്ന മീഡിയാ സംഘങ്ങള്‍ ഭരണത്തിന്റെ തണലില്‍ തടിച്ചു കൊഴുക്കുകയാണ്.

      സത്യത്തോടും നീതിയോടും പുലര്‍ത്തിപ്പോന്ന പ്രതിബദ്ധത പൂര്‍ണ്ണമായും നശിപ്പിച്ച്, മാധ്യമ ധര്‍മ്മങ്ങള്‍ അന്തി ചര്‍ച്ചയില്‍ ബലാല്‍ക്കാരം ചെയ്യപ്പെടുകയാണിന്ന്. അതുകൊണ്ടുതന്നെ, ഭരിക്കുന്നവരുടേയും മുതലാളിമാരുടേയും വ്യവസായികളുടേയും കുഴലൂത്തുകള്‍ മാത്രമാണ് പുറത്തുവരുന്നത്. സര്‍ക്കാറിന്റെ തിരുത്തപ്പെടേണ്ട തെറ്റുകളെ ന്യായീകരിച്ചുണ്ടാക്കുന്ന നുണക്കഥകള്‍ വ്യാപിപ്പിക്കുന്ന, സമ്പന്ന വര്‍ഗങ്ങള്‍ക്ക് ദാസ്യവേല നടത്തുന്ന, കോര്‍പറേറ്റുകള്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കുന്ന കേവലം ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളായി മാറി മാധ്യമ സ്ഥാപനങ്ങള്‍.

     രാഷ്ട്രീയ ലക്ഷ്യത്തോടെ മറ്റു താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി അസത്യത്തെ പ്രചരിപ്പിക്കാനും ജനത്തെ കബളിപ്പിക്കാനും പയറ്റുന്ന ഗീബല്‍സിയന്‍ തന്ത്രങ്ങളാണ് ജനാധിപത്യം ചര്‍ച്ച ചെയ്യേണ്ടത്. ചര്‍ച്ചക്ക് വിളിച്ച് വരുത്തി തങ്ങളുടെ സ്വാധീന വലയത്തില്‍പെട്ട നേതാക്കളുടെ വാദങ്ങളെ ഉയര്‍ത്തിക്കാട്ടി, മര്‍ദ്ദിതന്റെ ശബ്ദങ്ങളെ പുറത്തുവിടാതെ വണ്‍മാന്‍ ഷോ നടത്തുന്ന അര്‍ണബുമാര്‍, നിജസ്ഥിതികളെ തമസ്‌കരിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് വളം നല്‍കാന്‍ മത്സരിക്കുകയാണ്.

      സംഘ്പരിവാറിന് വളക്കൂറില്ലാത്ത കേരളത്തെ ദേശീയതലത്തില്‍ ഇകഴ്ത്തിക്കാട്ടി ബി.ജെ.പി ക്ക് വോട്ട് ബാങ്ക് കണ്ടെത്താനാണ് ചില മാധ്യമ പോരാളികളുടെ അജണ്ട. ആര്‍.എസ്.എസ് അനുഭാവി വെട്ടേറ്റ് മരിക്കുമ്പോള്‍ കേരളം കലാപഭൂമിയായിമാറുന്നു അവരുടെ ദൃഷ്ടിയില്‍. ശാന്തിയും സമാധാനവുമില്ലാത്ത പ്രദേശമായി മാറിപ്പോകുന്നു ഈ മണ്ണ്. ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്നും ഭയമില്ലാത്തവരായി കേരളത്തിലാരുമില്ലെന്നും അവര്‍ ഫീച്ചറുകളിലൂടെയും ന്യൂസ് ഹവറുകളിലൂടെയും നിരന്തരം വിളിച്ചു കൂവിക്കൊണ്ടിരുന്നു.

       ഉത്തര്‍പ്രദേശിലെ ഖൊരക്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുവീണ ശിശുക്കളുടെ വാര്‍ത്തകളല്ല ഇവരുടെ ചാനലുകള്‍ എക്‌സ്‌ക്ലൂസിവായി നല്‍കിയത്. മദ്രസകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും വന്ദേമാതരം പാടാനും വീഡിയോയില്‍ പകര്‍ത്തി സര്‍ക്കാറിനെ ഏല്‍പിക്കാനും ന്യൂനപക്ഷ വിഭാഗങ്ങള്‍ തയ്യാറാവണമെന്ന ധാര്‍ഷ്ഠ്യത്തിന്റെ ഭാഷകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ഭരണകൂട വീഴ്ചകളെ ന്യായീകരിക്കാനും മറച്ചുവെക്കാനുമാണ് ഫാഷിസ്റ്റ് മാധ്യമങ്ങള്‍ ആപല്‍ക്കരമായ ശ്രമം നടത്തിയത്.

     യോഗി ഭരണമേറ്റ ശേഷം 729 കൊലപാതകങ്ങള്‍ നടന്ന യു.പിയില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താന്‍ അഭിപ്രായപ്പെടാനുള്ള നട്ടെല്ലില്ലാത്തവര്‍ക്ക് കേരളത്തെ ആക്ഷേപിക്കാനും പരിഹസിക്കാനുമുള്ള മനസ്സ് ആര്‍.എസ്.എസ് പാകപ്പെടുത്തിയതാണ്. കാസറഗോട്ടെ പോക്കറ്റ് റോഡിന് ഗാസ സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തതിന് തീവ്രവാദ ബന്ധമുണ്ടെന്ന് വിളിച്ചു പറഞ്ഞ് കേന്ദ്ര ഇന്റലിജന്‍സിനെ വിളിച്ചുവരുത്തിയവരാണിവര്‍. അതേ നാട്ടില്‍ കാര്‍ഗില്‍ യുദ്ധ സ്മാരകമായി പാലം പണിതവരാണ് അന്നാട്ടുകാര്‍. ഇതൊന്നും വാര്‍ത്തയായിട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങളെ തീവ്രവാദ ബന്ധം ആരോപിച്ച് വിഷയങ്ങളെ സങ്കീര്‍ണ്ണ വത്കരിച്ച് ജനമനസ്സുകളില്‍ വിഭാഗീയ വിത്തുകളിറക്കുകയാണ് ദേശീയ തലങ്ങളിലെ സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങള്‍.

      ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ സ്വത്ത് കണക്കിലും ഭീമമായ വര്‍ധനവുണ്ടെന്ന് വാര്‍ത്തകള്‍ നല്‍കിയ ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങള്‍ നിമിഷങ്ങള്‍ക്കകം വാര്‍ത്ത പിന്‍വലിച്ചത് കേന്ദ്രത്തിന്റെ കണ്ണുരുട്ടല്‍ മൂലമായിരുന്നു.

    തങ്ങള്‍ക്ക് വഴങ്ങാത്ത, തങ്ങളെ വിമര്‍ശിക്കുന്നവരുടെ നാവ് താഴിട്ട് പൂട്ടാനുള്ള ഭ്രാന്തമായ ദേശീയ വികാരമാണ് അര്‍ണബുമാര്‍ നയിക്കുന്ന ഫാഷിസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. ടൈംസ് നൗവില്‍ തന്റെ വാദങ്ങളെ ആര്‍ത്ത് അട്ടഹസിച്ച് സ്ഥാപിച്ചെടുക്കാനുള്ള ശ്രമം ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ടൈംസ് നൗവില്‍ നിന്ന് പുറത്തിറങ്ങി റിപ്പബ്ലിക് ചാനലിന് തുടക്കമിട്ടപ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന നിഷ്പക്ഷ ചാനലായിരിക്കുമെന്നാണ് അര്‍ണബ് പറഞ്ഞത്. എന്‍.ഡി.എ ഉപാദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എം.പിയും, സിനിമാനടനും ബി.ജെ.പി എം.പിയുടെ ഭര്‍ത്താവുമായ അനൂപ് ഖേറും മുഖ്യ സാമ്പത്തിക പിന്‍ബലമായി പ്രവര്‍ത്തിക്കുന്ന റിപ്പബ്ലിക് ചാനല്‍ എങ്ങനെയാണ് നിഷ്പക്ഷത പുലര്‍ത്തുക?!

      കാശ്മീരിലെ പാവങ്ങളെ മനുഷ്യകവചമാക്കിയതുമായി ബന്ധപ്പെട്ട് എന്‍.ഡി.ടിവി (24-7)യില്‍ നടന്ന ചര്‍ച്ചയില്‍ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ എയ്ത ബി.ജെ.പി വക്താവ് സംബിത് പത്ര ചര്‍ച്ചയില്‍ ഉത്തരം മുട്ടി. ചാനലിന് ബി.ജെ.പി വിരുദ്ധ അജണ്ടയെന്ന് തുറന്നടിച്ചു. സഹികെട്ട അവതാരക നിധി റിബ്ദാന്‍ അങ്ങനെ തോന്നുകയാണെങ്കില്‍ താങ്കള്‍ക്ക് ഇറങ്ങിപ്പോകാമെന്ന് പറഞ്ഞു. ഈയൊരു സംഭവത്തിന് ശേഷമാണ് എന്‍.ഡി.ടി.വി ഉടമകളായ പ്രണോയ് റോയ്ക്കും പത്‌നി രാധിക റോയ്ക്കും എതിരെ നടന്ന സി.ബി.ഐ റെയ്ഡ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പകപോക്കല്‍ മോഡി സര്‍ക്കാറിന് അന്താരാഷ്ട്ര തലത്തില്‍ ഏറെ ചീത്തപ്പേരുണ്ടാക്കി. രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരെല്ലാം തെരുവിലിറങ്ങിയതും ഇന്ത്യയിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എത്രത്തോളമുണ്ടെന്ന് തെളിയിച്ചു. തങ്ങളുടെ വഴിക്ക് വരാത്തവരെ ഭയപ്പെടുത്തി നിര്‍ത്താനുള്ള ഭരണകൂട ശ്രമമാണ് ഇവിടെ പ്രതിഫലിച്ചത്. 

    വാക്കുകള്‍ അളന്ന് മുറിച്ച് കൃത്യതയും സത്യവും ചേര്‍ത്ത് പയറ്റാനുള്ള ആര്‍ജ്ജവമാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ കാതല്‍. അത് അങ്ങനെത്തന്നെ ആവുകയും വേണം. അപ്പോഴാണ് മാധ്യമപ്രവര്‍ത്തനം നീതിയുക്തവും സത്യസന്ധവുമാകുന്നത്. അധികാര വര്‍ഗത്തിന്റെ ചെരുപ്പ് തുടക്കുന്ന നെറികെട്ട മാധ്യമ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ നശിപ്പിക്കാനേ സഹായിക്കൂ. സ്വേഛാധിപത്യ താല്‍പര്യങ്ങളുടെ കപട ജനാധിപത്യ സ്‌നേഹങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതയെ തല്ലിക്കൊല്ലും. അതൊരിക്കലും അനുവദിച്ചകൂടാ. ഫോര്‍ത്ത് എസ്റ്റേറ്റെന്ന് വിളിപ്പേര് മാത്രമാക്കരുത്, മര്‍ദ്ദിത വിഭാഗത്തിന്റെ, ശബ്ദിക്കാന്‍ കഴിയാത്തവന്റെ ശബ്ദമായാണ് മാധ്യമപ്രവര്‍ത്തനം നിലനില്‍ക്കേണ്ടത്. അപ്പോഴേ രാജ്യത്തിനും പൗരന്മാര്‍ക്കും അത് ഉപകാരപ്രദമാകുന്നുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter