നമ്മുടെ നീതിപീഠങ്ങള്‍ പലരുടേയും തടവറയിലാണ്

ഇന്ത്യയില്‍ ജനങ്ങള്‍ക്ക് പൊതുവില്‍ വിശ്വാസയോഗ്യമായ സംവിധാനം എന്നു പറയാവുന്നത് കോടതിയാണ്. എന്നാല്‍ ആ കോടതിവിധികളും ന്യായാധിപന്‍മാരും അടുത്തകാലത്തായി പല കോണുകളില്‍ നിന്നും വിമര്‍ശനവിധേയമാകുന്നത് നാം കാണുന്നു. അത്തരം വിമര്‍ശനങ്ങള്‍ വരുന്നത് സാധാരണക്കാരില്‍ നിന്നല്ല മറിച്ച് നിയമ നിര്‍മാതാക്കള്‍, നിയമവ്യാഖ്യാതാക്കള്‍, നിയമപണ്ഡിതര്‍ തുടങ്ങി കാര്യങ്ങള്‍ വിലയിരുത്താന്‍ യോഗ്യരെന്നു സാമാന്യമായി അംഗീകാരം നേടിയവരില്‍ നിന്നു തന്നെയാണ് എന്നതാണ് ശ്രദ്ധേയം. സോഷ്യല്‍മീഡിയകളിലും അടുത്തകാലത്തായി കോടതിവിധികള്‍ക്കുനേരെ സ്ഥാനത്തും അസ്ഥാനത്തും രൂക്ഷവിമര്‍ശനങ്ങളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ നിലനില്‍പ്പ് അതിന്റെ ഭരണഘടനയും നിയമവ്യവസ്ഥയും എത്രമാത്രം നീതിപൂര്‍വ്വമായി സംരക്ഷിക്കപ്പെടുകയും കാലോചിതമായി നവീകരിക്കപ്പെടുകയും ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ന്യായീകരിക്കപ്പെടാറ്. അടുത്തിടെയായി പുറത്തുവന്ന ഹാദിയ അടക്കം പല കേസുകളുടെയും പശ്ചാത്തലത്തില്‍ ഈ ചര്‍ച്ച പ്രസക്തമാണ്.

ജനങ്ങള്‍ തെരഞ്ഞെടുത്ത രാഷ്ട്രപതിയാല്‍ നിയമിക്കപ്പെട്ടവരാണ് ജഡ്ജിമാര്‍. അതായത് ജഡ്ജിമാരുടെ നിയമനവും ജനാധിപത്യപരമാണെന്നര്‍ത്ഥം. എന്നാല്‍ അതിരുവിട്ടാല്‍ ജഡ്ജിമാരോളം വലിയ ഏകാധിപതികള്‍ വേറെയുണ്ടാവില്ല എന്നതിന് ചരിത്രത്തില്‍ നിരവധി തെളിവുകളുണ്ട്. കോടതിവിധികളെ വിമര്‍ശനാത്മകമായി പരിശോധിക്കാമെങ്കിലും ജഡ്ജ്മാരെ വ്യക്തിപരമായി വിലയിരുത്തുന്നത് നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയ്ക്കും വിശ്വാസ്യതയ്ക്കും ഭൂഷണമല്ല എന്നതാണ് പൊതുധാരണ. എന്നാല്‍ അത്തരം സവിശേഷാനുകൂല്യത്തിന്റെ പഴുതില്‍ അരുതാത്തത് സംഭവിച്ചുകൂടാ, അതിനായുള്ള ജനാധിപത്യജാഗ്രത നിര്‍ബന്ധമായും ഉണ്ടാവുകയും വേണം. 1980-കള്‍ക്കു ശേഷമാണ് ജുഡീഷ്യല്‍ ആക്ടിവിസം ഇന്ത്യയില്‍ സജീവമാകുന്നത്. അതിന്റെ ഫലമെന്നോണം കോടതിവ്യവഹാരം നിരന്തരമായി തലനാരിഴകീറിയ അന്വേഷണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരുന്നു. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്കെതിരെ, സ്ഥാനമൊഴിഞ്ഞ പരിണതപ്രജ്ഞരായ ജഡജിമാര്‍തന്നെ അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിലവന്നു. കേന്ദ്രം ഭരിക്കുന്നവര്‍ തങ്ങളുടെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി ഉന്നത നീതിപീഠങ്ങളെപ്പോലും ഉപയോഗപ്പെടുത്തുന്നതായി മുറവിളികളുയര്‍ന്നു. ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചരിത്രത്തിലാദ്യമായി ഒരു റിട്ടേഡ് ചീഫ് ജസ്റ്റിസിനെ കേരളത്തില്‍ ഗവര്‍ണറായി നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിസ്വരം ഉയര്‍ന്നത്. നേരത്തെ സൂചിപ്പിച്ച കേസ്‌വിധികളുമായി ബന്ധപ്പെട്ടും ഏറെക്കുറെ സമാനസാഹചര്യമാണ് സംജാതമായിട്ടുള്ളത്. 

''ജഡ്ജിമാര്‍ രാഷ്ട്രീയക്കാരുടെ തിണ്ണനിരങ്ങികളാണെന്നും സുപ്രീംകോടതിയിലെ ജഡ്ജി കേരളത്തിലെ അബ്കാരികളുടെ കൈയ്യില്‍നിന്ന് കാശുവാങ്ങുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെും'' പരസ്യമായി മുമ്പ് പറഞ്ഞത് കേരളത്തിലെ ഒരു ലോകസഭാ എം. പി യാണ്. ''നമ്മുടെ നിയമം ഒരു നുണയാണ് എന്ന് കൂടെക്കൂടെ മനുഷ്യര്‍ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു''. ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ നിരീക്ഷണം, കൃത്യമായി കാലത്തെ വായിക്കുന്ന നമ്മുടെ നീതിന്യായവ്യവസ്ഥയുടെ വര്‍ത്തമാനാവസ്ഥയില്‍ വേദനിക്കുന്ന ഒരഭിഭാഷകന്റെ ആശങ്കയായിവേണം കാണാന്‍. ഈ സാഹചര്യം ഒരു ജനാധിപത്യസമൂഹത്തിന് അശാസ്യമല്ല. വേലിതന്നെ വിളവുതിന്നു അവസ്ഥയുണ്ടെങ്കില്‍ അത് തിരുത്ത് ആവശ്യപ്പെടുന്നുണ്ട്. അല്ലാത്തപക്ഷം രാജ്യത്തിന്റെ ഭരണഘടനയും നിലനില്‍പ്പും അചിന്തനീയമാംവിധം അപകടത്തിലാവും.

വിചാരണ പൂര്‍ത്തിയാവാതെ കാല്‍കോടിയോളം മനുഷ്യര്‍ കാലങ്ങളായി ജയിലില്‍ കഴിയുന്ന, നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് ഉദ്‌ഘോഷിക്കുന്നു ഒരു രാജ്യത്താണ്  പല സെലിബ്രിറ്റികള്‍ക്കും ജാമ്യം ലഭിക്കുന്നത്. സാധാരണക്കാരനായ ഒരു ലക്ഷത്തില്‍പരം വിചാരണത്തടവുകാര്‍ ജാമ്യം ലഭിക്കാതെ കഴിയുമ്പോഴാണ് ഇത്തരം വിധികള്‍. അത്യന്തം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടാലും ധനാഢ്യര്‍ക്കും സ്വാധീനമുള്ളവര്‍ക്കും ജാമ്യംകിട്ടല്‍ എളുപ്പമാണ് എന്ന തോന്നലിനു ആക്കംകൂട്ടുന്നതാണ് പല സംഭവങ്ങളും. ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട ജഡ്ജിമാരുടെ തീരുമാനങ്ങളെ നിര്‍വ്വചിക്കാനുള്ള സ്പഷ്ടമായ തത്വങ്ങളൊന്നും നമ്മുടെ നീതിന്യായ സംവിധാനത്തിനകത്തില്ല എന്നതാണ് മറ്റൊരു വസ്തുത. ആത്മനിഷ്ഠതയുടെ സ്പര്‍ശം ഇവയില്‍ മിക്കപ്പോഴും കണ്ടെത്താനാകും.

സമ്പന്നരും രാഷ്ട്രീയ സ്വാധീനമുള്ളവരും അഴിമതിക്കുറ്റങ്ങളില്‍ നിന്ന് പഴുതുകളുണ്ടാക്കി രക്ഷപ്പെടുന്നതോ, ശിക്ഷിക്കപ്പെട്ടവര്‍ തന്നെ ആശുപത്രിവാസവും പരോളും, പ്രത്യേകാനുകൂല്യങ്ങളുമായി വ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച് മാന്യന്‍മാരായി പുറത്തിറങ്ങി വിലസുന്നതും ഇവിടെ പലരുടെയും കാര്യത്തില്‍ നാം കണ്ടതാണ്.  പക്ഷെ നമ്മുടെ ന്യായാധിപന്‍മാര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടുന്നില്ല. ഇവിത്തെ ചര്‍ച്ച ചെയ്യപ്പെട്ട പല കേസിലടക്കം ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന ഇന്ദ്രപ്രസ്ഥത്തിലെ വക്കീലന്‍മാരാണ് ഹാജരാവുന്നത്; സാധാരണക്കാരന് ഇത് തീര്‍ത്തും അപ്രാപ്യമാണ്. ഇവിടെയാണ് ഉള്ളവനും ഇല്ലാത്തവനും രണ്ട് നീതി എന്ന ലളിതയുക്തി മറനീക്കി പുറത്തുവരുത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter