സ്വപ്ന സിദ്ധാന്തങ്ങളുടെ ആഗോള പഠനങ്ങൾ

I DREAM MY PAINTING AND I PAINT MY DREAM

(VINCENT VAN GOGH)

മനുഷ്യ ജീവിതത്തിന്റെ ശൂന്യതയിൽ, ഭാവിയുടെ വെളിപാടുകൾ മിക്കപ്പോഴും സന്നിവേശിപ്പിക്കപ്പെടുന്നത് സ്വപ്നങ്ങളിലൂടെയാണ്. സ്വപ്നങ്ങൾ മനുഷ്യനെ മായികാനുഭൂതിയുടെ ലോകത്തേക്ക് കൊണ്ടെത്തിക്കുന്നു. അപരിമിതമായ ഭാവനകളെ പോലെ, സ്വപ്നവും മനസ്സിനെ സർവ്വ ചിന്തകളുടെ ഭാരങ്ങളിൽ നിന്ന് മോചനം നൽകി, സ്വതന്ത്രമായ വഴികളിലൂടെ അവന്റെ അതിരുകവിഞ്ഞ ആഗ്രഹങ്ങളെ സഫലീകരിക്കുന്നുണ്ട്. ഇച്ഛാ പൂർത്തീകരണമായിട്ടാണ് (wish fulfilment) സ്വപ്ന വ്യവഹാരങ്ങളെ സിഗ്മണ്ട് ഫ്രോയിഡ് കാണുന്നത്. മതവും സമൂഹവും തടഞ്ഞുവെക്കുന്ന മനുഷ്യന്റെ ചോദനകൾക്ക് എപ്പോഴും ആത്മാവ് നൽകുന്നത് സ്വപ്നങ്ങളായിരിക്കും. സ്വപ്ന ശാസ്ത്രത്തെ (oneirology) പലപ്പോഴും പാശ്ചാത്യ ചിന്തകരും മുസ്‍ലിം പണ്ഡിതരും ഒരുപോലെ ചര്‍ച്ചക്കെടുത്തിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും സ്വപ്നവ്യാഖ്യാനത്തിന്റെ ഭാവഭേദങ്ങളെ പല മുഖങ്ങളിൽ പരിചയപ്പെടുത്തുന്നതായി കാണാം.

ഇസ്‍ലാമിലെ സ്വപ്ന മുഖങ്ങൾ

സ്വപ്ന വ്യാഖ്യാനത്തെ ഏറെ ഗൗനിച്ച മതമാണ് ഇസ്‍ലാം. സ്വപ്നങ്ങൾ ദൈവത്തിന്റെ നിഗൂഢമായ സന്ദേശങ്ങളായിട്ടാണ് സൂഫിയാക്കൾ വിശ്വസിക്കുന്നത്. ഐഹിക ലോകത്തെ സുഖങ്ങളും സൗഭാഗ്യങ്ങളും സ്വാഭാവികമായും ഇസ്‍ലാം സ്വപ്നങ്ങളായിട്ടാണ് താരതമ്യം ചെയ്യുന്നത്. സ്വപ്നത്തെ പോലെ നിമിഷങ്ങൾ മാത്രം അവശേഷിക്കുന്നതാണ് ഈ ജീവിതവും എന്ന് സാരം. സ്വപ്നങ്ങളെ വിശകലനം ചെയ്ത പണ്ഡിതർ അനേകമാണ്. സ്വപ്നത്തെ നുബുവ്വത്തിന്റെ ഭാഗമായിട്ട് പ്രവാചകര്‍ എണ്ണുന്നുണ്ട്. ഇസ്‍ലാമിക ചരിത്രത്തിൽ പല സംഭവങ്ങളെയും നിർണയിച്ചത് സ്വപ്നങ്ങളായിരുന്നു. പ്രവാചകൻ കാണുന്ന സ്വപ്നങ്ങളെല്ലാം പകൽ വെളിച്ചം പോലെ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു എന്ന് പ്രിയ പത്നി ആയിശ(റ) സാക്ഷ്യപ്പെടുത്തുന്നു. പ്രവാചകന്റെ കാലത്ത് മുസ്‍ലിംകൾക്ക് നിസ്കാരത്തിന്റെ സമയമായി എന്ന് അറിയിക്കുന്ന ബാങ്ക് (أذان) പോലും ഇസ്‍ലാമിക നിയമത്തിന്റെ ഭാഗമായത് അബ്ദുല്ലാഹ് ബിന്‍സൈദ്(റ)വും മറ്റുപലരും കണ്ട സ്വപ്നത്തിലൂടെയാണ്.

മനുഷ്യ സൃഷ്ടിപ്പിന്റെ പ്രാരംഭഘട്ടത്തിൽ, ആദമിന്റെ വാരിയെല്ലിൽ നിന്ന് ഹവ്വയെ സൃഷ്ടിക്കുമ്പോഴും, ശാന്തമായ നിദ്രക്കിടിയിൽ ആദം ഹവ്വായെ സ്വപ്നം കണ്ടതായി ഇബ്നു സീറീൻ തൻറെ തഫ്സീറുൽ അഹ്‍ലാമിൽ പ്രതിപാദിക്കുന്നുണ്ട്. തുടർന്ന് നിരവധി പ്രവാചകർക്കും ദിവ്യ വെളിച്ചം സ്വപ്നങ്ങളിലൂടെയായിരുന്നു കടന്നുവന്നത്. യൂസുഫ് നബിയുടെ സ്വപ്ന വ്യാഖ്യാനത്തിന്റെ പരിജ്ഞാനം ഖുർആൻ മനോഹരമായ രീതിയിൽ ആഖ്യാനിക്കുന്നുണ്ട്. തന്റെ മകനായ യൂസുഫിനെ ചെന്നായ്ക്കൾ വലയം വെക്കുന്നതും, തുടർന്ന് ഭൂമി വിശാലമാകുന്നതോടെ ചെന്നായ്ക്കൾ പിന്മാറുന്നതും യാക്കൂബ്(അ) സ്വപ്നം കണ്ടിരുന്നു. അതിനെ തുടർന്നാണ് യൂസുഫ് നബിയെ ചെന്നായ്ക്കൾ പിടിച്ചേക്കാം എന്ന ആശങ്ക മക്കളോട് അദ്ദേഹം പങ്ക് വെക്കുന്നത്.

ഇസ്‍ലാമിൻറെ മൂന്നാം ഖലീഫ ഉസ്മാന്‍(റ)ന്റെ കാലത്ത് ജീവിച്ച ഇബ്നു സീരീൻ്റെ തഫ്സീറുൽ അഹ്‍ലാം ഇന്നും സ്വപ്ന വ്യാഖ്യാനങ്ങളിൽ ഏറെ ആശ്രയിക്കപ്പെടുന്ന കൃതിയാണ്. മനുഷ്യൻ കാണുന്ന പല സ്വപ്നങ്ങളുടെയും നിഗൂഢമായ വ്യാഖ്യാനമാണ് ഈ കൃതി. നിരവധി സ്വപ്ന സമാഹാരങ്ങളും വ്യാഖ്യാനവും ഉള്‍ക്കൊള്ളുന്ന ഇത് ഇന്നും പണ്ഡിതരുടെ അവലംബമാണ്.

ഇസ്‍ലാമിക ചരിത്രത്തിൽ വിഭിന്ന കാലഘട്ടങ്ങളിലായി സ്വപ്ന ശാസ്ത്രത്തെ പറ്റി പല പഠനങ്ങളും നടന്നിട്ടുണ്ട്. അബ്ബാസി ഭരണാധികാരി മഅ്മൂന്റെ കാലത്താണ്, എ ഡി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ഗ്രീക്ക് ചിന്തകൻ ആർട്ട്മിടോസറിന്റെ (Artemidorus) അഞ്ച് വാള്യം വരുന്ന ഒനിറോക്രിറ്റിക്ക (oneirocritica) എന്ന പുസ്തകം അറബിയിലേക്ക് തർജുമ ചെയ്യുന്നത്. ഇബ്നു ഖുതൈബുടെ തഅ്ബീറുറുഅ്‍യയും സ്വപ്നത്തിന്റെ അനന്തമായ ലോകത്തേക്ക് വായനക്കാരെ കൊണ്ട് പോകുന്നുണ്ട്. പുസ്തകത്തിന്റെ തുടക്കഭാഗത്ത് സ്വപ്നങ്ങളെക്കുറിച്ച് എഴുതപ്പെട്ട കവിതയും ഏറെ പ്രസിദ്ധമാണ്.

ഇസ്‍ലാമിൽ അതീന്ദ്രിയജ്ഞാന സ്വപ്നങ്ങൾക്ക് (clairvoyant dreams) ഏറെ പ്രാധാന്യമുണ്ട്. പ്രവാചക സ്വപ്നങ്ങളെല്ലാം നൽകുന്നത് ഭാവിയുടെ സൂചനകളായിരിക്കും. ടിപ്പുസുൽത്താന്റെ ക്വാബ് നാമ (the book of dreams) മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നു. ടിപ്പുസുൽത്താന്റെ സ്വപ്നസമാഹാരങ്ങളും, അതിൻറെ വ്യാഖ്യാനങ്ങളുമാണ് പുസ്തകത്തിൻറെ ഇതിവൃത്തം. പുസ്തകത്തിൻറെ പഠനക്കുറിപ്പിൽ ഓ.കെ ജോണി പറയുന്നത്, "ജീവിതത്തിലെ അത്യന്തം കലുഷമായ ഒരു ഘട്ടത്തിൽ ആത്മവിശ്വാസം ആർജിക്കുവാനുള്ള ഒരു ഭൗതിക വ്യായാമം ആയിട്ടാവാം അത്തരത്തിലുള്ള സ്വപ്നങ്ങൾ മാത്രം തിരഞ്ഞെടുത്തു അപഗ്രഥിക്കുവാൻ അദ്ദേഹം മുതിർന്നത്. സ്വപ്നങ്ങൾ എല്ലാം ദൈവം തെരഞ്ഞെടുത്ത ഭൂമിയിലെ പ്രതിനിധിയാണ് ഈ സ്വപ്നദർശകൻ, ദൈവത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്ന ഗൂഢ സന്ദേശങ്ങളാണ് സ്വപ്നങ്ങൾ എന്ന് സൂഫി സന്യാസികളെ പോലെ ടിപ്പുവും വിശ്വസിച്ചിരുന്നു". തൻറെ സാമ്രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ ടിപ്പു കണ്ട സ്വപ്നങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.

സ്വപ്നങ്ങൾ പാശ്ചാത്യ ചിന്താപഥങ്ങളിൽ

സ്വപ്നം എങ്ങനെയാണ് രൂപാന്തരപ്പെടുന്നത് എന്ന ചോദ്യത്തിൽ നിന്നാണ് പലരും ഗവേഷണം തുടങ്ങുന്നത്. സ്വപ്നങ്ങൾക്ക് ദൈവവുമായി പങ്കുണ്ടോ എന്ന ചോദ്യവും ഏറെ പ്രസക്തമാണ്. ഗ്രീക്ക് ഫിലോസഫർ അരിസ്റ്റോട്ടിൽ, സ്വപ്നങ്ങളിൽ ദൈവത്തിന് പങ്കില്ല എന്നും, സ്വപ്നം ഒരു മാനസിക പ്രശ്നമായിട്ടാണ് കരുതപ്പെടേണ്ടത് എന്നുമാണ് വാദിക്കുന്നത്. ഒട്ടുമിക്ക പാശ്ചാത്യ ചിന്തകരും ഈ പ്രസ്താവനയെ പിന്താങ്ങുന്നുണ്ട്. ഓസ്ട്രിയൻ ന്യൂറോളജിസ്റ്റ് സിഗ്മണ്ട് ഫ്രോയിഡിന്റെ സ്വപ്നങ്ങളുടെ അപഗ്രഥനം (the interpretation of dreams) എന്ന പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്വപ്നങ്ങളെ അബോധാവസ്ഥയിലേക്കുള്ള രാജകീയ പാതയായിട്ടാണ് അദ്ദേഹം വിശദീകരിക്കുന്നത്. കാണുന്ന സ്വപ്നങ്ങളെ എഴുതിവെക്കാനും അതിനെ വ്യാഖ്യാനിക്കാനും ഫ്രോയിഡ് ശ്രമിച്ചു. ഓർമ്മകളുടെ പുനരാവിഷ്കാര പ്രക്രിയയായും അദ്ദേഹം സ്വപ്നത്തെ പരിചയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ, കാണപ്പെടുന്ന സ്വപ്നങ്ങള്‍ക്ക് ഭൂതക്കണ്ണാടിയുടെ പ്രതിഫലനത്തിലാണ് ഫ്രോയിഡ് വ്യാഖ്യാനം നൽകുന്നത്. തന്റെ സന്ദർശകരിൽ നിന്നും മക്കളിൽ നിന്നും കേട്ട നിരവധി സ്വപ്നങ്ങളുടെ വ്യാഖ്യാനം പുസ്തകത്തിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്.

 

ഫ്രോയിഡിനെ പോലെ സ്വപ്ന സിദ്ധാന്തങ്ങളെ പഠിച്ചറിഞ്ഞ ചിന്തകനാണ് സ്വിറ്റ്സർലാൻഡിലെ കാൾ ജംഗ്. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രമുഖ ചിന്തകനായ ഇദ്ദേഹവും സ്വപ്നങ്ങളെ അപഗ്രഥിച്ചു കൊണ്ട് നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. മനുഷ്യന്റെ സ്വപ്നങ്ങളെ മസ്തിഷ്ക പ്രവർത്തനങ്ങൾക്കപ്പുറം, ബോധ തലങ്ങൾക്ക് നേടിയെടുക്കാൻ ആകാത്ത മറ്റു മാനസിക വശങ്ങളിലേക്കുള്ള പ്രതീകാത്മക സന്ദേശം(symbolic message) ആയിട്ടാണ് സ്വപ്നത്തെ വിശദമാക്കുന്നത്. ഫ്രോയിഡിനെ പോലെ ഇ.ബി ടൈലറിന്റെ വാദങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. സര്‍വജീവത്വവാദം (animism) പോലോത്ത ആശയങ്ങളെ ടൈലർ വിശദമാക്കുന്നത് സ്വപ്ന സിദ്ധാന്തങ്ങളുടെ വെളിച്ചത്തിലൂടെയാണ്.

 

ഗവേഷണങ്ങൾക്കപ്പുറം, ശാസ്ത്രയുഗത്തിൽ മനുഷ്യന്റെ സ്വപ്നങ്ങൾ പലപ്പോഴും നവോത്ഥാന ചിന്തകൾക്ക് ഹേതുവായിട്ടുണ്ട്. ഉത്തരം കിട്ടാതിരുന്ന ചില ചോദ്യങ്ങൾക്ക് തീർപ്പ് കൽപ്പിക്കപ്പെട്ടത് സ്വപ്നങ്ങളിലൂടെയാണ്. ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ് രാമാനുജന്റെ പല കണ്ടെത്തലുകളും റഷ്യൻ ഗെമിസ്സായ ദിമിർത്തിമെൻഡലീവിന്റെ പൂർത്തിയാകാത്ത പിരിയഡിക് ടേബിളും പൂർണ്ണമാകുന്നത് അവർ കണ്ട സ്വപ്നങ്ങളിലൂടെയാണ്. എലിയാസ് ഹൗയുടെ തൈയ്യല്‍ യന്ത്രാവിഷ്‌ക്കാരത്തിന് ഭാഗികമായി പ്രചോദനം നല്‍കിയത് അദ്ദേഹം കണ്ടൊരു സ്വപ്നമാണ്. ആ സ്വപ്നത്തില്‍ അദ്ദേഹത്തെ വേട്ടയാടുന്ന നരഭോജികള്‍ ഭ്രമിച്ചു നൃത്തം ചെയ്യുന്നതിനിടയില്‍ അറ്റത്ത് ചുരണ്ടിയ ഭാഗത്തിനടുത്ത് ദ്വാരമുള്ള കുന്തങ്ങളാണ് അവരുടെ കൈയിലുണ്ടായിരുന്നത്. ഈ കാഴ്ച അദ്ദേഹത്തിന് തൈയ്യല്‍ യന്ത്രത്തിലെ സൂചിയുടെ താലി അതിന്റെ അഗ്ര ഭാഗത്തായിരിക്കണമെന്നതിലേക്ക് വെളിച്ചം നല്‍കി. മെക്കാനിക്കല്‍ തൈയ്യലിന് ഇത് അത്യന്താപേക്ഷിതമായൊരു നവോപകരണമായിരുന്നു.

 

യുഗയുഗാന്തരങ്ങളായി സ്വപ്ന സിദ്ധാന്തങ്ങളെ മുൻനിർത്തിയുള്ള പഠനങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്നു. പഠനങ്ങൾക്കപ്പുറംക്കപ്പുറം, കവിതകളും നോവലുകളും മറ്റു സിനിമകളിൽ പോലും സ്വപ്നത്തിന്റെ അനന്തമായ സാധ്യതകളെ വിനിയോകിക്കുന്നുണ്ട്. സ്വപ്നങ്ങളുടെ മനോഹരമായ മുഖങ്ങൾ ഇനിയും വിഭിന്ന കലകളിലൂടെ ആവിഷ്കരിക്കപ്പെടേണ്ടതുണ്ട്.

 

REFERENCE:

  • The religious and cultural of dreams and visions in Islam, Nile green
  • The dreaming mind; waking the mysteries of sleep
  • The interpretation of dreams, Sigmund Freud
  • تفسير الأحلام ، ابن سيرين
  • ക്വാബ് നാമ, ടിപ്പുസുൽത്താൻ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter