യഅ്ഖൂബ് (അ): ചരിത്രത്തിലെ അതുല്യനായ പിതാവ്
ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും അദ്ദേഹത്തിന്റെ സന്തതികൾക്കും നാം ദിവ്യബോധനം നൽകിയിരിക്കുന്നു, ദാവൂദിന് നാം സബൂറും നൽകി. (4:163)
പ്രവാചക പരമ്പരയിലെ ഒരു പിടി പുതിയ പാഠങ്ങളാണ് ഇബ്രാഹീം നബിയുടെ പൗത്രൻ യഅ്ഖൂബ് നബിയിലൂടെ ലോകത്തിന് ലഭിക്കുന്നത്. കഠിനഹൃദയനായ സഹോദരന്റെ ഭീഷണി സഹിക്കാതെ ദേശാതിർത്തികൾ തേടി അലയുക, പ്രിയപ്പെട്ട ഭാര്യ മരണപ്പെടുക, ഉമ്മ മരണപ്പെട്ട മക്കളോടുള്ള പിതാവിന്റെ പ്രത്യേക അനുകമ്പയിൽ അസൂയപൂണ്ട സഹോദരങ്ങളുടെ ദുഷ്ചെയ്തികൾ കാരണം തീരാദുഃഖം അനുഭവിക്കേണ്ടി വരിക, തുടങ്ങി എക്കാലത്തെയും മനുഷ്യരുടെ അവസ്ഥാവിശേഷങ്ങളെയെല്ലാമാണ് യഅ്ഖൂബ് (അ)ന്റെ ചരിത്രം ഒന്നായി വരച്ചിടുന്നത്.
ജനനം, കുടുംബം
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഏറെ ലഭ്യമായി എന്ന് ഖുർആൻ തന്നെ വിശേഷിപ്പിച്ച പ്രവാചക പരമ്പരയിലാണ് അദ്ദേഹം ജനിക്കുന്നത്. അബുൽഅമ്പിയാഅ് ഇബ്രാഹീം നബിയുടെ മകൻ, ഇസ്ഹാഖ് നബിയുടെ മകനായിട്ടാണ് അദ്ദേഹം ഫലസ്തീനിലെ കൻആനിൽ പിറവിയെടുക്കുന്നത്. റഫഖാ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉമ്മയുടെ നാമം. കഠിനഹൃദയനായ സഹോദരൻ ഐസ്വമിന്റെ ഭീഷണി കേട്ട് വേവലാതിപൂണ്ട ഉമ്മയാണ് യഅ്ഖൂബിനെ ഹാറാൻ എന്ന പ്രദേശത്തുള്ള തന്റെ സഹോദരൻ ലാബാനെ ഏൽപ്പിക്കുന്നത്. തുടർന്ന്, അഭയം തേടിയുള്ള ഈ യാത്രയിലാണ് യഅ്ഖൂബ്(അ)ന് ദിവ്യബോധനം ലഭിക്കുന്നത്. ഉറക്കത്തിൽ കണ്ട സ്വപ്നത്തിൽ ആവേശഭരിതനായി താൻ ഈ വഴി തിരിച്ചുവരികയാണെങ്കിൽ ഇവിടെ ഒരു ആരാധനാഗേഹം പണിയുമെന്ന് പ്രതിജ്ഞയെടുക്കുകയും പിന്നീട്, ബൈത്ത് ഈൽ എന്ന പേരിൽ ഒരു മസ്ജിദ് നിർമിക്കുകയും ചെയ്തു. (ഇന്ന് ബൈത്തുൽ മുഖദ്ദീസ് നിലകൊള്ളുന്ന സ്ഥലമാണിത്).
യാത്രാവസാനം, ലാബാൻ തന്റെ മകൾ ലിയയെയും ശേഷം റാഹിലിനെയും ഏഴുവർഷം ആട് മേക്കണമെന്ന ഉപാധിയിൽ യഅ്ഖൂബിന് വിവാഹം ചെയ്തുകൊടുത്തു. ചരിത്രത്തിൽ, ഈ സംഭവം ഉദ്ധരിച്ചുകൊണ്ട് ഒരാളുടെ രണ്ടു മക്കളെ ഒരേ സമയം ഒരാൾക്ക് വിവാഹം കഴിക്കാൻ പറ്റുമോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ചർച്ച നടന്നതായും കാണാം. അന്നത്തെ ശരീഅത് നിയമത്തില്‍ അതിന് വിലക്കില്ലായിരുന്നുവെന്നാണ് പ്രബലമതം. ലിയ എന്ന ഭാര്യയിലൂടെ ആറും റാഹിൽ എന്ന ഭാര്യയിലൂടെ രണ്ടും, ഇരുവരുടെയും അടിമസ്ത്രീകളിലൂടെ രണ്ടു വീതം കുട്ടികളും ജനിച്ചു. അങ്ങനെയാണ്, യഅ്ഖൂബ്(അ) പണ്ട്രണ്ട് മക്കളുടെ പിതാവായി മാറുന്നത്.
പ്രബോധന വീഥിയിൽ
പ്രവാചകൻ എന്ന രീതിയിലുള്ള യഅ്ഖൂബ്(അ)ന്റെ സേവനങ്ങൾ ഒന്നും ഖുർആൻ പ്രത്യേകം എടുത്തു പറയുന്നില്ല. മറിച്ച്, അദ്ദേഹം തന്റെ സന്തതികൾക്ക് നൽകുന്ന പല ഉപദേശങ്ങളും അദ്ദേഹം പ്രവാചകത്വം എന്ന ഉത്തരവാദിത്വം പൂർണ്ണാർത്ഥത്തിൽ നിർവഹിച്ചു എന്നതിലേക്കുള്ള സൂചകങ്ങളാണ്.
ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട് ഇത് ഉപദേശിക്കുക കൂടി ചെയ്തു: "എന്റെ മക്കളേ, അല്ലാഹു നിങ്ങൾക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തു തന്നിരിക്കുന്നു. അതിനാൽ അല്ലാഹുവിന് കീഴ്പ്പെടുന്നവരായി കൊണ്ടല്ലാതെ നിങ്ങൾ മരിക്കാനിടയാകരുത്" (സൂറതുല്‍ബഖറ:132).
മരണാസന്നനായ യഅ്ഖൂബ് തന്റെ സന്തതികളോട് ചോദിച്ചു: "എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങൾ ആരാധിക്കുക". അവർ പറഞ്ഞു: "താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കന്മാരായ ഇബ്രാഹീമിന്റെയും ഇസ്മാഈലിന്റെയും ആരാധ്യനായ ഏക ദൈവത്തെ മാത്രം ഞങ്ങൾ ആരാധിക്കും, അവന് കീഴ്പ്പെട്ട് ജീവിക്കുന്നവരുമായിരിക്കും" (സൂറതുല്‍ബഖറ: 133). സൂറത്തുൽ ബഖറയിൽ തുടരെ വന്ന ഈ രണ്ട് സൂക്തങ്ങൾ തന്റെ മക്കൾക്കിടയിലും തന്റെ സമൂഹത്തിലും നിർവഹിച്ച പ്രബോധനത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ സഹായിക്കുന്നതാണ്.
സുന്ദരഖിസ്സയിലെ പിതാവ്
ഖുർആൻ ഏറ്റവും സുന്ദരമായ സംഭവകഥ എന്ന് വിശേഷിപ്പിച്ച കഥയിലെ പിതാവാണ് യഅ്ഖൂബ് (അ). ഈ കഥയിലൂടെ യഅ്ഖൂബ്(അ) ലോകത്തോട് വിളിച്ചോതുന്ന സന്ദേശങ്ങള്‍ ഏറെയാണ്. മക്കളോടുള്ള പിതാവിന്റെ അണമുറിയാത്ത സ്നേഹം, ഉമ്മ മരണപ്പെട്ട യൂസഫിനോടും ബിന്‍യാമീനോടുമുള്ള പ്രത്യേക അനുകമ്പയിൽ അസൂയ പൂണ്ട മക്കളുടെ ദുഷ്ചെയ്തികൾ കാരണം തീരാദുഃഖമനുഭവിക്കുന്ന പിതാവ്, എല്ലാം നഷ്ടപ്പെട്ടെന്ന് എല്ലാവരും പറയുമ്പോഴും പ്രവാചകൻ എന്ന നിലയിലുള്ള 'പിതാവിന്റെ' സമീപനങ്ങളും, 'അല്ലാഹുവിന്റെ അനുഗ്രഹത്തെ തൊട്ട് ആശമുറിയരുത്, നിങ്ങൾ അറിയാത്ത പലതും എനിക്ക് അല്ലാഹുവിൽ നിന്ന് അറിയാൻ സാധിക്കും' എന്ന് പലയാവൃത്തി പറയുന്നതും, നഷ്ടപ്പെട്ട മകനുവേണ്ടി ജീവിതാന്ത്യം വരെ കാത്തിരുന്നതും ഒടുവിൽ ആശ സഫലമാകുന്നതും സൂറതുയൂസുഫില്‍ പലതവണ നാം പാരായണം ചെയ്തതാണ്.
ബനൂ ഇസ്‍റാഈൽ
യഅ്ഖൂബ്(അ)ന്റെ മറ്റൊരു നാമമാണ് ഇസ്‍റാഈൽ എന്നത്. അദ്ദേഹത്തിന് പന്ത്രണ്ട് മക്കളിലൂടെ ലോകത്ത് വ്യാപിച്ച സമൂഹമാണ് ബനു ഇസ്രായേൽ എന്ന നാമത്തിൽ അറിയപ്പെടുന്നത്. ഖുർആനിൽ യഅ്ഖൂബ് എന്നതിന് പകരം ഇസ്‍റാഈൽ എന്നും പരാമര്‍ശിക്കപ്പെട്ടതായി കാണാം. അദ്ദേഹത്തിന്റെ പിൻമുറക്കാരെ ഉദ്ധരിച്ചുകൊണ്ട് ഖുർആനിൽ നാല്പതോളം സ്ഥലങ്ങളിൽ ബനൂ ഇസ്‍റാഈൽ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.
Leave A Comment