ഗ്യാന്‍വാപി മസ്ജിദ് : പുരാവസ്തു വകുപ്പിന്റെ സര്‍വേയ്ക്ക് അനുമതി നല്‍കി അലഹബാദ് ഹൈക്കോടതി
ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേയ്ക്ക് അനുമതി നല്‍കി അലഹബാദ് ഹൈക്കോടതി. 1500 വർഷത്തോളം പഴക്കമുള്ള വാരാണസി ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് സർവേ നടത്തുന്നത്. അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി.
വാരണാസി കോടതി വിധി അംഗീകരിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി ശാസ്ത്രീയ സര്‍വേയ്ക്ക് അനുമതി നല്‍കിയിരിക്കന്നത്. ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. സര്‍വേ നടത്തുന്നത് മസ്ജിദിന് കേടുപാടുകളുണ്ടാക്കും എന്ന മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളിയാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകർ വിധി പ്രഖ്യാപിച്ചത്.
പര്യവേക്ഷണം കൊണ്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്താണുദ്ദേശിക്കുന്നതെന്നും കുഴിക്കാതെ അത് സാധ്യമല്ലേ എന്നും ചീഫ് ജസ്റ്റിസ് പുരാവസ്തു വകുപ്പിനോട് ആരാഞ്ഞിരുന്നു. എന്നാൽ കേടുപാടുകൾ വരുത്തില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു. ക്രമസമാധാന പ്രശ്നമുണ്ടാകാതെ നോക്കിക്കോളാമെന്ന് യു.പി സർക്കാറിന്റെ അഡ്വക്കറ്റ് ജനറൽ ഉറപ്പു നൽകി.
ക്ഷേത്രത്തോടും പള്ളിയോടുമുള്ള യു.പി സർക്കാറിന്റെ ഉത്തരവാദിത്തം ഒരുപോലെയാണോ എന്നും കോടതി അഡ്വക്കറ്റ് ജനറലിനോട് ആരാഞ്ഞിരുന്നു. മറുപടിയായി, തങ്ങൾ ഒരു പക്ഷത്തുമില്ലെന്നും ക്രമസമാധാനമാണ് തങ്ങളുടെ ചുമതലയെന്നും അഡ്വക്കറ്റ് ജനറൽ അവകാശപ്പെട്ടു.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ജ്ഞാന്‍വാപി മസ്ജിദില്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു വാരണാസി ജില്ലാ കോടതിയില്‍ ഹരജി എത്തിയിരുന്നത്.
അതേസമയം, ഗ്യാന്‍വാപിയെ പള്ളിയെന്ന് വിളിക്കുന്നത് തര്‍ക്കത്തിന് കാരണമാകുന്നു, ചരിത്രപരമായ ‘അബദ്ധം’ മുസ്‌ലിംകള്‍ തിരുത്തണമെന്ന വാദവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നിരുന്നു. പള്ളിക്കുള്ളില്‍ ത്രിശൂലം എന്താണ് ചെയ്യുന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഗ്യാന്‍വാപിക്കുള്ളില്‍ ശിവലിംഗം ഉണ്ടെന്നും യോഗി ആദിത്യനാഥ് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മസ്ജിദ് എന്ന് പറഞ്ഞാൽ തർക്കമുണ്ടാകും. അത് നിർത്തായാൽ പ്രശ്‌നം പരിഹരിക്കാം. ഹിന്ദു ചിഹ്നമായ ത്രിശൂലം എന്താണ് പള്ളിക്കുള്ളിൽ ചെയ്യുന്നത്. ഞങ്ങളാരും അത് അവിടെ കൊണ്ടുവെച്ചതല്ല’. ജ്ഞാൻവാപി പരിസരത്ത് ഹിന്ദു ചിഹ്നങ്ങളും ഘടകങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും യോഗി അവകാശപ്പെട്ടു.
ജ്ഞാൻവാപി വിഷയത്തിൽ ഒരു നിർദ്ദേശം കൊണ്ടുവരണമെന്ന മുസ്‌ലിം പക്ഷത്തോടുള്ള ആദിത്യനാഥിന്റെ അഭിപ്രായത്തെ അംഗീകരിച്ച് അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് രംഗത്തെത്തി. മുസ്‌ലിം പക്ഷത്തിന് സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം നൽകാനുള്ള നല്ല അവസരമാണിതെന്നും സ്വാമി പറഞ്ഞു.
Leave A Comment