മൗളൂആയ ഹദീസുകള്‍: തുടക്കവും ചരിത്രവും
കൃത്രിമമായി നിർമ്മിക്കപ്പെട്ട ഹദീസുകൾക്കാണ് മൗളൂആയ ഹദീസ് എന്ന് പറയുക. അതായത് നബി(സ്വ) പറയാത്തൊരു കാര്യത്തെ തങ്ങളിലേക്ക് ചേർത്തിപ്പറയലാണ് ഇത് കൊണ്ടുള്ള ഉദ്ദേശ്യം. ഹദീസ് രേഖപ്പെടുത്തിയ വ്യക്തി തന്നെ സമ്മതിക്കൽകൊണ്ടോ അല്ലെങ്കിൽ സമ്മതിക്കുന്നതിന്റെ സ്ഥാനത്തു നിൽക്കുന്ന എന്തെങ്കിലും തെളിവുകളെ കൊണ്ടോ മൗളൂആയ ഹദീസിനെ തിരിച്ചറിയാൻ സാധിക്കും. ഇല്ലാത്ത ഹദീസ് ഇത്തരത്തില്‍ ഉണ്ടാക്കുന്നതിനെ വള്അ് എന്നും വിളിക്കുന്നു.
എന്നിൽ നിന്നുള്ള നിങ്ങളുടെ ഉദ്ധരണികൾ ധാരാളമുണ്ട്. എന്റെ മേൽ കളവ് കെട്ടിച്ചമച്ചവന്റെ സ്ഥാനം നരകമാണെന്ന നബി(സ്വ)യുടെ വചനത്തെ ചൂണ്ടിക്കാണിച്ച് പ്രവാചകർ(സ്വ) യുടെ കാലത്ത് തന്നെ ഹദീസുകൾ പടച്ചുണ്ടാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു എന്ന് ഹദീസ് നിഷേധികൾ വാദിക്കാറുണ്ട്. വാസ്തവത്തിൽ അവർക്ക് ഈ ഹദീസിന്റെ പശ്ചാത്തലം ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പ്രവാചകർ(സ്വ)യുടെ കാലത്ത് തന്നെ വള്അ് (ഹദീസ് നിര്‍മ്മാണം) നടന്നിട്ടുണ്ട് എന്ന് വാദിക്കുന്നവർക്കെതിരെ പ്രധാനമായും രണ്ടു ന്യായങ്ങള്‍ ചൂണ്ടിക്കാട്ടാവുന്നതാണ്.
നബി(സ്വ) യുടെ കാലത്ത് വള്അ് നടന്നിരുന്നു എങ്കിൽ അതിനെ ഇമാമുമാർ രേഖപ്പെടുത്തുമായിരുന്നു. പക്ഷേ അവരാരും അങ്ങനെ രേഖപ്പെടുത്തിയത് കാണുന്നില്ല. ഹിജ്റ 40 കളിൽ ഉസ്മാൻ (റ)ന്റെ വഫാത്തോട് കൂടെയാണ് സ്വഹീഹിന്റെയും മൗളൂഇന്റെയും വേർതിരിവ് നടന്നത്. താബിഈ പണ്ഡിതനായ ഇബ്നു സീരീൻ (റ) ഉദ്ധരിച്ചതായി കാണാം. ഇസ്‍ലാമിനെ കുറിച്ച് ചോദിച്ചിരുന്ന ഞങ്ങൾ ഫിത്നക്ക് ശേഷമാണ് ഹദീസ് നിവേദനം ചെയ്യുന്നവരുടെ നാമത്തെ സംബന്ധിച്ച് ചോദിക്കാൻ തുടങ്ങിയത്. അഹ്‍ലുസ്സുന്നയിൽ നിന്ന് സ്വീകരിക്കുകയും ബിദഇകളിൽ നിന്ന് സ്വീകരിക്കാതിരിക്കുകയും ചെയ്തിരുന്നു. നബിയുടെ(സ്വ) കാലത്ത് വള്അ് നടന്നിട്ടില്ലെന്നും ഉസ്മാൻ (റ) വിന്റെ വഫാത്തിന് ശേഷമാണ് ഇത് തുടക്കം കുറിച്ചതെന്നും ഈ ഉദ്ധരണിയിൽ നിന്നും വ്യക്തമാണ്.
നബി(സ്വ) പറഞ്ഞ من كذب عليَّ متعمداً فليتبوأ مقعده من النار എന്ന ഹദീസ് കളവുമായി ബന്ധപ്പെട്ടതല്ല. മറിച്ച് ദിവ്യബോധനത്തിനെ ജനമനസ്സുക ളിലേക്ക് എത്തിച്ച് കൊടുക്കുന്നിടത്താണ് ഇതിനെ ഉദ്ധരിച്ചതെന്ന് വിവിധ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്. ഒരു ആയത്തെങ്കിലും എന്നിൽ നിന്ന് എത്തിച്ചു കൊടുക്കുക എന്ന ബുഖാരി(റ)ന്റെ റിപ്പോർട്ടും ഖുർആൻ അല്ലാതെ മറ്റൊന്നും എഴുതി വെക്കരുത് എന്ന മുസ്‍ലിം (റ) ന്റെ റിപ്പോർട്ടുകളും ഇത് വ്യക്തമാക്കുന്നുണ്ട്.
നബി(സ്വ) നിങ്ങളിലേക്ക് എന്റെ അഭിപ്രായവുമായി നിയോഗിച്ചിട്ടുണ്ട് എന്ന വാദവുമായി വന്ന വ്യക്തിയെക്കുറിച്ച് നബിയോട് അന്വേഷണം നടത്തിയപ്പോൾ എൻറെ മേൽ കളവ് കെട്ടിച്ചമച്ചാൽ നരകത്തിലാണ് അവൻറെ സ്ഥാനം എന്ന് നബി(സ്വ) പറയുകയും തുടർന്ന് അവൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവനെ വധിക്കുക, ഇനി മരിച്ചു എങ്കിൽ അവനെ കരിച്ചു കളയുക എന്നുമായിരുന്നു നബി(സ്വ) കൽപ്പിച്ചത്. തുടർന്ന് മരിച്ച നിലയിൽ എത്തിച്ച ആ വ്യക്തിയെ അവർ കരിച്ച് കളയുകയായിരുന്നു. ഇബ്നു ജൗസി(റ) ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇത് തബ്‍ലീഗുമായി ബന്ധപ്പെട്ട ഹദീസിന് (പ്രബോധനത്തെ എത്തിച്ചു കൊടുക്കുക) ഉദാഹരണമാണ്. എങ്കിലും ഇതിൻറെ സ്വീകാര്യതയുടെ വിഷയത്തിൽ ളുഅ്ഫിന്റെ (ബലഹീനം) പരിധിയിലും മർദ്ദൂദിലും (തള്ളപ്പെടേണ്ടത്) ആണ്. ഒരുപാട് സനദിലൂടെ ത്വഹാവി(റ) എന്നവർ ഈ ഹദീസിനെ രേഖപ്പെടുത്തിയതിനാല്‍, ഇത് സ്വീകാര്യമാവില്ലേ എന്ന ചോദ്യം ഉയരാവുന്നതാണ്. സ്വാലിഹ് ബിനു ഹിബ്ബാനിൽ നിന്ന് വ്യത്യസ്ത നിവേദന വഴികളിലേക്ക് തിരിയുന്ന ഈ ഹദീസ് ഇദ്ദേഹത്തിൽ ഏകസ്രോതസ്സിലേക്ക് തന്നെയാണ് എത്തുന്നത് എന്നതിനാലാണ് ഇതിന് അത്തരത്തില്‍ സ്വീകാര്യത ലഭിക്കാത്തത്. അദ്ദേഹത്തെക്കുറിച്ച് فيه نظر എന്ന് ബുഖാരിയും ليس بثقة ഇന്ന് ഇമാം നസാഇയും ضعف الحديث എന്ന് ഇബ്നു ഹിബ്ബാനും രേഖപ്പെടുത്തിയിട്ടുണ്ട്. ആയതിനാൽ ഈ ഹദീസ് വളരെ ബലഹീനവും തള്ളപ്പെടേണ്ടതും തന്നെയാണ്.
ഇറാഖില്‍നിന്നാണ് ആദ്യമായി വ്യാജ ഹദീസുകള്‍ പ്രചരിച്ചത്. അവര്‍ക്കിടയില്‍ ഏറെ വീക്ഷണ വൈവിധ്യങ്ങളുണ്ടായിരുന്നു. സ്വന്തം അഭിപ്രായത്തിനു വേണ്ടി എന്തും ചെയ്യാന്‍ അവര്‍ ഒരുക്കമായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ റാഫിദുകളായിരുന്നു. ഇമാം മാലിക് (റ) പറയുന്നു: 'റാഫിദുകളുമായി സഹവസിക്കരുത്. അവരില്‍നിന്ന് ഹദീസ് ഉദ്ധരിക്കുകയും അരുത്. അവര്‍ കളവ് പറയുന്നവരാണ്'.
ഇമാം ശാഫിഈ (റ) പറയുന്നു: 'റാഫിദുകളേക്കാള്‍ കള്ള സാക്ഷ്യം വഹിക്കുന്ന ഭൗതിക തല്‍പരരെ ഞാന്‍ കണ്ടിട്ടില്ല'. ഇങ്ങനെ ഹദീസ് എന്നതും സ്വജനപക്ഷപാതികളുടെ വിഹാരരംഗമായി മാറി. ആയിരക്കണക്കിന് വ്യാജ ഹദീസുകള്‍ പ്രചരിപ്പിക്കപ്പെട്ടു. പൊതുവെ ഹദീസുകളിലുള്ള വിശ്വാസം ദുര്‍ബലമാകാന്‍ ഇത് കാരണമായി എന്നു പറയേണ്ടതില്ലല്ലോ.
വ്യാജ ഹദീസുകള്‍ പ്രചരിപ്പിക്കുന്നതോടൊപ്പം ശരിയായ ഹദീസുകള്‍ തള്ളിക്കളയുക കൂടി ചെയ്തപ്പോഴാണ് റാഫിദുകള്‍ക്ക് ലക്ഷ്യം നേടാനായത്. അങ്ങനെ ചരിത്രത്തിലെ ആദ്യ ഹദീസ് നിഷേധികളും ശീഈകള്‍ തന്നെ. അവര്‍ വിശുദ്ധരായി അംഗീകരിച്ച സ്വഹാബികളും ഇമാമുകളും ഉദ്ധരിക്കുന്ന ഹദീസുകള്‍ മാത്രമേ റാഫിദുകള്‍ സ്വീകരിക്കുകയുള്ളൂ. മുസ്‍ലിംകള്‍ പൊതുവായി അംഗീകരിക്കുന്ന ബുഖാരി, മുസ്‍ലിം, തിര്‍മിദി, അബൂദാവൂദ്, നസാഈ, ഇബ്‌നു മാജ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളൊന്നും ശീഈകള്‍ക്ക് സ്വീകാര്യയോഗ്യമല്ല. ഇതിന്റെ സ്ഥാനത്ത് അവര്‍ക്ക് സ്വന്തം ഹദീസ് ഗ്രന്ഥങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനമാണ് കുലൈനി രചിച്ച 'അല്‍ കാഫി' എന്ന ഗ്രന്ഥമാണ്.
ദൈവശാസ്ത്ര ചിന്തയുടെ പേരില്‍ പൊതു സമൂഹത്തില്‍നിന്ന് മാറിപ്പോയ ചിന്താസരണിയാണ് മുഅ്തസിലുകള്‍. ചിന്താസ്വാതന്ത്ര്യം അവകാശപ്പെടുന്നതിനാല്‍ ഇവര്‍ ഇരുപതിലേറെ വിഭാഗങ്ങളായി പിരിഞ്ഞു. ഓരോ വിഭാഗത്തിലും ഹദീസിന്റെ നേരെയുള്ള സമീപനം വ്യത്യസ്തമായിരുന്നു. ഹദീസുകളില്‍ ഒറ്റ റിപ്പോര്‍ട്ടര്‍ (ആഹാദ്) മാത്രമുള്ളവ ഊഹം മാത്രമേ പ്രദാനം ചെയ്യുകയുള്ളൂ. ഒരു സംഘം ആളുകള്‍ (മുതവാതിര്‍) റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ജ്ഞാനത്തിന് അവലംബമാകൂ. എന്നാല്‍ ഇത്തരം ഹദീസുകള്‍ തുലോം കുറവാണ്. ഭൂരിപക്ഷം ഹദീസുകളും ഏക റിപ്പോര്‍ട്ടര്‍മാരുള്ളതാണ്.
മുഅ്തസിലഃയില്‍ പ്രധാനിയായ അബൂ അലിയ്യില്‍ ജൂബാഈ ഈ ഹദീസുകളൊന്നും അവലംബമാക്കാന്‍ പാടില്ല എന്ന പക്ഷക്കാരനാണ്. ഹദീസുകള്‍ പ്രമാണയോഗ്യമാണെന്ന പൊതുസമൂഹത്തിന്റെ ഏകകണ്ഠമായ അഭിപ്രായം ഖണ്ഡിക്കുകയായിരുന്നു ഇവര്‍. സ്വഹാബികള്‍ ഫാസിഖുകളായെന്നും അവരുടെ ഉദ്ധരണികള്‍ അവലംബമാക്കി ശരീഅത്ത് നിയമങ്ങള്‍ നിര്‍ധാരണം ചെയ്യാവതല്ലെന്നുമാണ് അംറ് ബിന്‍ ഉബൈദിന്റെ കാഴ്ചപ്പാട്.
നള്ളാമികള്‍ (نظّامية) എന്ന വിഭാഗം സുന്നത്തും ഇജ്മാഉം ഖിയാസും നിഷേധിക്കുന്നവരാണ്. അബൂ ഇസ്ഹാഖ് ഇബ്‌റാഹീം ബിന്‍ സയ്യാര്‍ ആണ് അവരുടെ നേതാവ്. ഇവര്‍ ഭ്രഷ്ടരാണെന്ന് ഇതര വിഭാഗങ്ങള്‍ വിശ്വസിക്കുന്നു. സുന്നത്തിന്റെയും സ്വഹാബിയുടെയും വിഷയത്തില്‍ മുഅ്തസിലുകള്‍ സ്വീകരിച്ച വീക്ഷണം മുസ്‍ലിം പൊതുസമൂഹവുമായി വാഗ്വാദവും വിദ്വേഷവുമുണ്ടാകാന്‍ കാരണമായി. ഹിജ്‌റ രണ്ടാം നൂറ്റാണ്ട് ആരംഭിക്കുമ്പോഴേക്കും സുന്നത്തിന്റെ പ്രാമാണികത നിഷേധിക്കുന്ന ഒരു നിര തന്നെ രൂപപ്പെട്ടു. മൗളൂആയ ഹദീസുകളെ നിരുപാധികം തള്ളപ്പെടേണ്ടതും ഹദീസിനെ വക്രീകരിച്ച് അവതരിപ്പിക്കാൻ ശ്രമിച്ചവരുടെ കുതന്ത്രങ്ങളെ തിരിച്ചറിയലും അനിവാര്യമാണ്.
Leave A Comment