കര്‍മവും സന്തോഷവും
കര്‍മവും സന്തോഷവും


ഇബ്‌നു ഉമര്‍ (റ)വില്‍ നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: ''എന്റെ ചുമലില്‍ പിടിച്ചുകൊണ്ട് റസൂല്‍ (സ) പറഞ്ഞു, ദുന്‍യാവില്‍ നീ ഒരു പരദേശിയെപ്പോലെയോ ഒരു യാത്രക്കാരനെപ്പോലെയോ ആകുക. നിന്റെ ദേഹത്തെ നീ ഖബ്‌റില്‍ വസിക്കുന്നവനായിട്ട് ഗണിക്കുക.

നശ്വരമായ ഇഹലോകജീവിതം ഒരു നൂല്‍പ്പാലമാണ്. ഏതു സമയവും അതിലൂടെ കടന്നുപോകുന്നവര്‍ ഏറെ ജാഗരൂകരായിരിക്കണം. കാരണം, മരണമെന്ന അപകടം അതിന്റെ ഓരോ ബിന്ദുവിലും പതിയിരിക്കുന്നുണ്ട്. എപ്പോഴും അത് പൊട്ടിത്തകര്‍ന്ന് മരണത്തിന്റെ അറ്റമില്ലാക്കയത്തിലേക്ക് ആഴ്ന്നുപോകാനുള്ള സാധ്യത നിലനില്‍ക്കുന്നു. അതേത് നിമിഷത്തിലുമാകാം. എന്നാല്‍ തന്നെയും ഒരു വസ്തുത അനിഷേധ്യമാണ്. അഥവാ എത്ര മുന്‍കരുതലെടുത്താലും എന്ത് ജാഗ്രത പുലര്‍ത്തിയാലും ഒരു നാള്‍ ആ അപകടം സംഭവിക്കുക തന്നെ ചെയ്യും.
Also read: https://islamonweb.net/ml/01-June-2017-242
നാശത്തിന്റെ വീടായ ഐഹികലോകത്ത് നിന്നും ശാശ്വതമായ പരലോകത്തേക്കുള്ള ഒരു സ്ഥാനാന്തരമാണ് മരണമെന്ന പ്രതിഭാസം. ജനിമൃതികള്‍ക്കിടയിലെ വളരെ തുച്ഛമായ ഐഹിക ജീവിതത്തില്‍ നമുക്ക് ചെയ്തുതീര്‍ക്കാന്‍ കര്‍മങ്ങളേറെയാണ്. ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമാണെന്ന തിരുമൊഴി സാക്ഷ്യപ്പെടുത്തുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ, കര്‍മങ്ങള്‍കൊണ്ട് മനുഷ്യന്‍ അവന്റെ ജീവിതത്തെ സമ്പന്നമാക്കേണ്ടതുണ്ട്. തിരുമേനി (സ) സൂചിപ്പിക്കുന്ന പോലെ, അനന്തമായ ഒരു പ്രയാണത്തിലാണ് മനുഷ്യന്‍. ലക്ഷ്യപ്രാപ്തിക്ക് ഇനിയും കാതങ്ങളോളം യാത്ര ചെയ്യേണ്ട അവന്‍, തന്റെ ലക്ഷ്യം കൈവരിക്കാനുള്ള സാധനസാമഗ്രികളും പാഥേയങ്ങളും കരുതിയിരിക്കേണ്ടതുണ്ട്. കേവലമൊരു സത്രസമാനമായ ഇവിടത്തെ സൗഖ്യപൂര്‍ണവും ആഡംബരം നിറഞ്ഞതുമായ ജീവിതം കൊണ്ടൊന്നും മരണാനന്തരം യാതൊരു പ്രയോജനവുമുണ്ടാകാന്‍ പോകുന്നില്ല.

മഹാനായ ഇബ്‌നു ഉമര്‍ (റ) വിന്റെ വാക്കുകള്‍ക്ക് ഇവിടെ പ്രസക്തിയേറുകയാണ്. നീ വൈകുന്നേരമായാല്‍ പ്രഭാതം പ്രതീക്ഷിക്കരുതെന്നും പ്രഭാതത്തില്‍ അടുത്തൊരു പ്രദോഷം കൂടി വരാനുണ്ടെന്ന് ഓര്‍ത്ത് സന്തോഷിക്കേണ്ടതില്ലെന്നും ആരോഗ്യദൃഡഗാത്രനായിരിക്കെ നിന്റെ രോഗാവസ്ഥയിലേക്കുള്ള വസ്തുവകകള്‍ നീ സംഭരിക്കണമെന്നും ജീവിതകാലത്ത് നീ മരണാനന്തര ജീവിതത്തിലെ വിജയത്തിനാവശ്യമുള്ളത് ആര്‍ജിക്കണമെന്നും അദ്ദേഹം സമൂഹത്തെ തെര്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ സദാ കര്‍മപ്രതിയായിരിക്കല്‍ അത്യാവശ്യമാണ്. കര്‍മ നൈരന്തര്യത്തിലൂടെയേ വിജയകരമായൊരു പാരത്രിക ജീവിതം ലഭ്യമാക്കാന്‍ നേരിയ സാധ്യതയെങ്കിലും കല്‍പ്പിക്കാന്‍ മനുഷ്യന് കഴിയുകയുള്ളൂ. മഹാനായ ജുനൈദുല്‍ ബഗ്ദാദി (റ)യുടെ ചരിത്രം ഇവിടെ സ്മരണീയമാണ്. അദ്ദേഹത്തിന്റെ വിയോഗാനന്തരം തന്റെ അരുമശിഷ്യരിലൊരാള്‍ സ്വപ്നത്തില്‍ ഗുരുവിനെ ദര്‍ശിക്കാനിടയായി. തദവസരം ശിഷ്യന്‍ ചോദിച്ചു: ''ഓ അബുല്‍ഖാസിം, എന്താണ് അവിടുത്തെ അവസ്ഥകള്‍?'' ജുനൈദുല്‍ ബഗ്ദാദി (റ) പ്രതികരിച്ചു. ''ജനങ്ങളില്‍ നിന്നുള്ള സ്തുതിവചനങ്ങളും പ്രകീര്‍ത്തനങ്ങളുമെല്ലാം വൃഥാവിലായിരിക്കുന്നു.
രാത്രിയാമങ്ങളില്‍ നാമനുഷ്ഠിച്ചിരുന്ന ഏതാനും ചെറിയ റക്അത്തുകളല്ലാതെ ഒന്നും നമുക്കൊരുപകാരവും ചെയ്തിട്ടില്ല''. ഇവിടെ എത്രപ്രതാപിയായി ജീവിച്ചാലും എത്ര പ്രശസ്തി നേടിയെടുത്താലും സ്രഷ്ടാവിന്റെ കോടതിയില്‍ അംഗീകാരം നേടിയെടുക്കാന്‍ സല്‍കര്‍മങ്ങള്‍ മാത്രമേ സഹായകമാകൂ എന്നാണ് ചരിത്രം നല്‍കുന്ന പാഠം.
ക്രൂരനായ ഫറോവയുടെയും നംറൂദിന്റെയും അത്തരം അഹങ്കാരമൂര്‍ത്തികളുടെയും അവസാനം എന്തുമാത്രം ദയനീയമായിരുന്നുവെന്നതിന് ചരിത്ര സാക്ഷ്യങ്ങള്‍ അനവധിയാണ്. ഭൗതികതയുടെ സുഖാഢംബരങ്ങളില്‍ സ്വയം മറന്ന് രമിച്ച് കഴിഞ്ഞിരുന്ന ഇത്തരക്കാര്‍ സ്രഷ്ടാവായ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് പുല്ലുവിലപോലും കല്‍പ്പിക്കാതെ അവനെ ധിക്കരിച്ച് മാത്രം കഴിഞ്ഞുകൂടിയതുകൊണ്ടാണ് ഇത്തരം ദുരന്തങ്ങളായി അവരുടെ ജീവിതങ്ങള്‍ പര്യവസാനിച്ചത്.

വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ കണ്ണോടിക്കുമ്പോഴും ഈ യാഥാര്‍ത്ഥ്യം പകല്‍ വെളിച്ചം കണക്കെ വ്യക്തമായി കാണാന്‍ സാധിക്കുന്നു. മനുഷ്യന് താന്‍ പ്രവര്‍ത്തിച്ചത് മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന ആശയം ധ്വനിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തം ഇവിടെ പ്രസ്താവ്യമാണ്. എന്നാല്‍, ഈ വക ചിന്തകളെല്ലാം വിസ്മരിച്ച് യുവത്വത്തിന്റെ കര്‍മൗത്സുക്യം വ്യര്‍ത്ഥവും അനാവശ്യവുമായ രീതിയില്‍ കളഞ്ഞുകുളിച്ച്, അവസാനകാലങ്ങളില്‍ ആരാധനകളില്‍ മുഴുകാമെന്ന അര്‍ത്ഥശൂന്യമായ നിലപാട് ഇന്നു സാര്‍വത്രികമായി കണ്ടുവരുന്നു. പക്ഷെ, ഒരു പരിപൂര്‍ണ വിശ്വാസിയുടെ മനസില്‍ ഒരിക്കലും നാമ്പെടുക്കാന്‍ പാടില്ലാത്തതാണീ നിലപാട്. കാരണം, ദൃശ്യാദൃശ്യകാര്യങ്ങളില്‍ ഒരുപോലെ വിശ്വാസമര്‍പ്പിക്കേണ്ട അവന് തന്റെ അന്ത്യം എപ്പോഴും സംഭവിക്കാവുന്നതാണെന്നും അതിന് ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യാദി വൈജാത്യങ്ങളൊന്നുമില്ലെന്നുമുള്ള വിചാരം സദാകര്‍മവ്രതിയായിരിക്കാനുള്ള പ്രേരകമായി മാറുന്നു.
ഒരു ശരീരത്തെയും അവധിയെത്തിയാല്‍ അല്ലാഹു പിന്തിക്കുകയില്ലെന്ന വിശുദ്ധ വാക്യം ഇത്തരം ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് വ്യക്തമായ താക്കീത് നല്‍കുന്നുണ്ട്.
അതിനാല്‍, നാളേക്ക് കാത്തുനില്‍ക്കാതെ, പോയ ഇന്നലെകളില്‍ നഷ്ടമായവയെക്കുറിച്ചോര്‍ത്ത് ദുഃഖിക്കാതെ ഓരോ ദിവസവും കര്‍മങ്ങള്‍കൊണ്ട് നിര്‍ഭരമാക്കി മാറ്റുക. ഋതുക്കള്‍ മാറുന്നതിനനുസരിച്ച് കൃഷികളിറക്കാമെന്ന ചിന്ത വികലവും വ്യര്‍ത്ഥവുമാണെന്ന് മനസിലാക്കുക. ക്രമവും നിഷ്ടയുമുള്ള പ്രവര്‍ത്തനരീതികളിലൂടെ നിര്‍ണായകമായ ദിനം വരുമ്പോഴേക്ക് സുകൃതങ്ങള്‍കൊണ്ട്, സല്‍ക്കര്‍മങ്ങള്‍കൊണ്ട് വിജയം വരിക്കാന്‍ ശ്രമം തുടങ്ങുക.
(സുന്നിഅഫ്കാര്‍ വാരിക, 2005, ജനുവരി: 5, സുന്നിമഹല്‍, മലപ്പുറം)


Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter