ഇറാനോടും ഇസ്രായേലിനോടുമുള്ള അമേരിക്കയുടെ ഇരട്ടത്താപ്പ്
തിങ്കളാഴ്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി (എഐപിഎസി) ഉച്ചകോടിയിൽ വെച്ച് പറഞ്ഞു: സമീപകാലത്ത് ഇസ്രായേൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്ത് ഇറാൻ ഭരണകൂടമാണ്. കാരണം ഇസ്രായേലിനെ നിരന്തരമായി ആക്രമിച്ച് തകർക്കുമെന്ന് അവർ പ്രസ്താവിച്ചിട്ടുണ്ട്.
"ഇസ്രായേൽ നേരിടുന്ന എല്ലാ പ്രതിസന്ധികളും കൃത്യമായി അറിയുന്നവരാണ് ഞങ്ങൾ. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് ഇറാനിയൻ ഭരണകൂടം ഉയർത്തുന്നതിനേക്കാൾ ഗുരുതരമായ ഒരു അപകടവും ഇസ്രായേൽ അഭിമുഖീകരിക്കുന്നില്ല. ലോക ഭൂപടത്തിൽ നിന്ന് ഇസ്രായേലിനെ തുടച്ചുനീക്കുമെന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ് ഇറാൻ."
ഇസ്രയേലിനെ നാമാവശേഷമാക്കാൻ സജ്ജരായ ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ ഭീകര സംഘടനകൾക്ക് ഇപ്പോഴും ഇറാൻ ആയുധങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഉക്രേനിയൻ സിവിലിയന്മാരെ കൊല്ലുകയും അവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന റഷ്യ ഇറാന് അത്യാധുനിക ആയുധങ്ങൾ നൽകി സഹായിക്കുന്നുണ്ട്.
ഇസ്രായേൽ സംരക്ഷകനെന്ന പുറം മോഡി ഈ ഭാഷണത്തിൽ ബ്ലിങ്കൻ നന്നായി അണിയുന്നുണ്ട്. ഫലസ്തീനികളുടെ ചോരയിൽ രൂപം കൊണ്ട് എഴുപത്തഞ്ചു വർഷമായി അവരെ അക്രമിക്കുന്ന ഒരു രാഷ്ട്രത്തിന്റെ പ്രവർത്തനങ്ങളെ ന്യായീകരിക്കാനും കുറ്റകൃത്യങ്ങളെ വെള്ളപൂശാനും അവർക്ക് ഇപ്പോഴും വക്താക്കളും പ്രചാരകരും ആവശ്യമാണ്. അതിലൊരു വേഷമാണ് ബ്ലിങ്കനും അണിഞിരിക്കുന്നത്.
പക്ഷേ അതിശയകരം എന്തെന്നാൽ ഇസ്രയേലിനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന ഭീഷണിയെക്കുറിച്ച് അമേരിക്ക എന്തിനാണ് ആശങ്കപ്പെടുന്നത്? അധിനിവേശ രാഷ്ട്രമായ ഇസ്രായേൽ രൂപം കൊള്ളാൻ യഥാർത്ഥത്തിൽ ഭൂപടത്തിൽ നിന്ന് ആരാണ് തുടച്ചുനീക്കപ്പെട്ടത് എന്നത് ഒരിക്കലും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?
ഇസ്രായേലിനെതിരെ തീവ്രവാദികൾക്ക് ഇറാൻ നൽകുന്ന പിന്തുണയെ അമേരിക്ക വിമർശിക്കുന്നത് ലോകമെമ്പാടുമുള്ള തീവ്രവാദ സംഘടനകൾക്ക് വിരുന്നൂട്ടുന്ന സ്വഭാവത്തെ മറച്ചു വെച്ചാണ്.
തീരദേശ നഗരമായ അൽ-റംലയിൽ നിന്ന് കുടുംബത്തോടൊപ്പം പുറത്താക്കപ്പെട്ട ഒരു ഫലസ്തീൻ യുവാവെന്ന നിലയിൽ ഫലസ്തീനിനെ മുച്ചൂടം നശിപ്പിക്കാൻ നടത്തിയ സയണിസ്റ്റ് സംഘങ്ങളുടെ കൂട്ടക്കൊലകളെക്കുറിച്ച് എനിക്കറിയാം. അൽ-റംലയിൽ നിന്ന് ഗാസയിലേക്ക് എന്റെ സഹോദരങ്ങൾ, സഹോദരിമാർ, അച്ഛൻ, തളർവാതം ബാധിച്ച അമ്മ എന്നിവരോടൊപ്പം 60 കിലോമീറ്ററോളം നടന്നതെങ്ങനെയെന്ന് അച്ഛൻ എന്നോട് പറഞ്ഞു തന്നിട്ടുണ്ട്.
സയണിസ്റ്റ് സംഘങ്ങൾ നടത്തുന്ന കൂട്ടക്കൊലകളിൽ നിന്ന് രക്ഷപ്പെടാനായി, വെസ്റ്റ് ബാങ്കിലേക്കും പിന്നീട് ജോർദാനിലേക്കും മറ്റിടങ്ങളിലേക്കും നാട് വിടാന്‍ തീരുമാനിച്ചതിന്റെ ഫലമായി നിരവധി കുടുംബം ഛിന്നഭിന്നമായി. സയണിസ്റ്റ് അധിനിവേശത്തിൻകീഴിൽ അവർ എത്രമാത്രം കഷ്ടപ്പാടുകളും വേദനകളും അനുഭവിച്ചിട്ടുണ്ടെന്നും അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ അവർ സഹിച്ച മനോവേദനയും അദ്ദേഹം എന്നോട് പറഞ്ഞു.
ഈ വിധി അനുഭവിക്കേണ്ടിവന്ന ലക്ഷക്കണക്കിന് ഫലസ്തീൻ കുടുംബങ്ങളിൽ ഒന്ന് മാത്രമാണ് എന്റേത്. അവരെയെല്ലാം പാർപ്പിടത്തിൽ നിന്ന് ആട്ടിയകറ്റിയാണ് ഇസ്രായേൽ എന്ന ജൂതരാഷ്ട്രം രൂപംകൊണ്ടത്. എന്നാൽ ഈ കുടുംബങ്ങളെ കുറിച്ചൊന്നും ബ്ലിങ്കന്റെ പ്രസംഗത്തിൽ പരാമർശമേ ഇല്ല, അദ്ദേഹത്തിന് അതിലൊന്നും ആശങ്കയേ ഇല്ല.
സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്താനും സംസ്കാരങ്ങൾ മാറ്റാനും പ്രകൃതി വിഭവങ്ങൾ മോഷ്ടിക്കാനും യുഎസ് ഉൽപ്പന്നങ്ങൾക്ക് സ്വതന്ത്ര വിപണി നിലനിർത്താനും സഹായിക്കുന്ന രാഷ്ട്രങ്ങൾ, സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ, തീവ്രവാദ ഗ്രൂപ്പുകൾ തുടങ്ങി നിരവധി സഹായികൾ യുഎസിനുണ്ട്.
സദ്ദാം ഹുസൈന്റെ കൈവശം വൻ നശീകരണ ആയുധങ്ങൾ ഉള്ളതിനാലാണ് ഇറാഖിൽ സദ്ദാം ഹുസൈനെ താഴെയിറക്കുന്നതെന്നാണ് അമേരിക്ക അവകാശപ്പെട്ടത്. എന്നാൽ ഈ അവകാശവാദങ്ങൾക്ക് മറവിൽ സമൃദ്ധമായി എണ്ണയുള്ള രാഷ്ട്രത്തെ ആക്രമിച്ച് അവിടെ ഒരു തീവ്രവാദ സംഘത്തെ വളർത്തിയെടുക്കുകയും വിഭവങ്ങൾ കൊള്ളയടിക്കലുമായിരുന്നു അമേരിക്ക ലക്ഷ്യം വെച്ചതെന്ന് ഇന്ന് ആര്‍ക്കാണ് അറിയാത്തത്.
രാജ്യത്ത് ആദ്യമായി സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുർസിയെ പുറത്താക്കി രക്തരൂക്ഷിതമായ സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സീസിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ ഭരണകൂടത്തെയാണ് യുഎസ് പിന്തുണയ്ക്കുന്നതെന്നും അവരുടെ ഇരട്ടത്താപ്പ് തന്നെയാണ് തുറന്ന് കാട്ടുന്നത്. തുർക്കിയെ നേരിടുന്നതിനും അമേരിക്കൻ സ്വാധീനം ശക്തമാക്കാനും സിറിയയിലും യുഎസിന് അവരുടെ പ്രധിനിധികൾ ഉണ്ട്. പരോക്ഷമായി അമേരിക്കയും ലോകത്ത് നിലവിലുള്ള തീവ്രവാദ സംഘടനയും തമ്മിൽ അഭേധ്യമായ ബന്ധമാണ് നിലനിൽക്കുന്നത് എന്നര്‍ത്ഥം.
അമേരിക്കയും ഇറാനും പയറ്റുന്നത് ഒരേ രാഷ്ട്രീയ കളികള്‍ തന്നെയാണ്. പക്ഷെ ഇറാൻ അമേരിക്കയെ പോലെ ഒരു ആഗോള ശക്തിയല്ല എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. എല്ലായ്‌പ്പോഴും പ്രാദേശിക രാഷ്ട്രീയത്തിൽ അതിക്രമ സ്വഭാവം കാണിക്കുന്നതും ആളുകളെ കൊല്ലുന്നതും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതും ഇസ്രായേലാണ്. അവര്‍ക്ക് അതിനുള്ള ധൈര്യവും പിന്തുണയും നല്കുന്നത് അമേരിക്കയും. അതിലൂടെ, തങ്ങളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് കൂടി അവരെ ഉപയോഗിക്കുകയും ചെയ്യുന്നു.
വിവർത്തനം : നിയാസ് അലി
അവലംബം : Middle East Monitor
Leave A Comment