ഹനാൻ ലിഹാം: സാഹിത്യത്തിൽ നിന്നും തഫ്സീറിലേക്ക്

പ്രശസ്ത  ഖുർആൻ വ്യാഖ്യാതാവായ ഹനാൻ ലിഹാമും ഖുർആൻ വ്യാഖ്യാനത്തിൽ അവർ സ്വീകരിച്ച രീതിശാസ്ത്രവും പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. 1943 സിറിയയിലാണ് മഹതിയുടെ ജനനം. വിജ്ഞാനസമ്പാദനത്തിന് വേണ്ടിയായിരുന്നു അവർ മിക്കസമയവും നീക്കിവെച്ചിരുന്നത്. അറിവിനെ അഭിനിവേശത്തോടെ സമീപിക്കുകയും അത് ഉപകാരപ്രദമാക്കുകയും ചെയ്ത സ്ത്രീകളിൽ അതുല്യയായിരുന്നു ഹനാന്‍. കഥകളും വിവർത്തനങ്ങളും സ്ത്രീയും ചരിത്രവുമാണ് അവരുടെ രചനകളിൽ നിറഞ്ഞുനിന്നിരുന്നത്. 

ഡമസ്കസിൽ ഒരു ചിൽഡ്രൻസ് ക്ലബ്ബ് മഹതി രൂപീകരിച്ചിട്ടുണ്ട്. അത് കേവലം സ്കൂൾ മാത്രമായിരുന്നില്ല, നാകരികാനുഭവങ്ങൾ പകർന്നു തന്ന ഒരിടം കൂടിയായിരുന്നു. ദുഷിച്ച സ്വഭാവത്തിൽ നിന്നും അകലം പാലിക്കാൻ മനുഷ്യനെ പ്രാപ്തരാക്കുന്ന സ്വഭാവഗുണങ്ങൾ പകർന്നു നൽകാൻ മാത്രം ഉയർന്ന തലത്തിലായിരുന്നു പ്രസ്തുത വിദ്യാഭ്യാസ കേന്ദ്രം സംവിധാനിച്ചിരുന്നത്. നിലവിൽ സിറിയ നേരിട്ടുകൊണ്ടിരിക്കുന്ന തീക്ഷ്ണാനുഭവങ്ങൾക്കിടയിലും മഹതി ആ മണ്ണിൽ തന്നെ നിലകൊണ്ടു. പ്രയാസത്തിന്റെ കൈപ്പുനിറക്കുന്ന ആ ഭൂമികയിൽ സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറപ്പിക്കാൻ തന്നാലാകുന്നതെല്ലാം മഹതി ചെയ്തുവരുന്നുണ്ട്. വിവാഹത്തിനു മുമ്പേയുള്ള കാലഘട്ടം വിജ്ഞാനവുമായി  ബന്ധപ്പെട്ടു തന്നെയായിരുന്നു ചിലവഴിച്ചിരുന്നത്.

വിവാഹത്തിനു മുന്നേ ആളിപ്പടർന്ന ആ വിജ്ഞാന ദാഹം വിവാഹശേഷം മെല്ലെ കെട്ടടങ്ങി. എങ്കിലും ഒരു ചെറിയ ഇടവേളക്ക് ശേഷം അവർ തിരിച്ചുവരികയായിരുന്നു. സാഹിതീയ ചിന്തകളുടെ ലോകത്തേക്കും ആ വേളയിൽ മഹതി കടന്നുവന്നു. പിന്നീട് ഭർത്താവിന്റെ ജോലിയുടെ ഭാഗമായി സൗദി അറേബ്യയിലേക്ക് മാറി താമസിച്ചു. അവിടെ നിന്നാണ് തഫ്സീറിന്റെ ലോകത്തേക്കുള്ള പ്രയാണമാരംഭിക്കുന്നത്. ആ കാലഘട്ടത്തിൽ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ പെൺകുട്ടികള്‍ക്ക് തഫ്സീര്‍ ക്ലാസുകളെടുത്തു. ആ ഇടയ്ക്കു തന്നെ അവർ പ്രൊഫസർ ഫാത്തിമനാസ്വീഫിന്റെ സഹായത്തോടെ സൂറത്തുന്നിസാഇന്റെ വ്യാഖ്യാനം എഴുതിത്തുടങ്ങി. അതിലൂടെയാണ് അധ്യായങ്ങള്‍ക്കനുസരിച്ചു എഴുത്തിനെ ചിട്ടപ്പെടുത്താൻ അവർ പഠിക്കുന്നത്. അതിനു ശേഷം പല സൂറത്തുകളുടെ വ്യാഖ്യാനവും മഹതി എഴുതിയിട്ടുണ്ട്.

ഭർത്താവിന്റെ ജോലി അവസാനിച്ചപ്പോൾ സൗദിയിൽ നിന്നും അവർ സ്വദേശമായ സിറിയയിലേക്ക് തന്നെ മടങ്ങി. പിന്നീടുള്ള കാലം മുഴുവൻ ഖുർആൻ വ്യാഖ്യാന രചനയിലും പുസ്തക പ്രസിദ്ധീകരണത്തിലും വ്യാപൃതയായിരുന്നു അവർ. രചനയിലുടനീളം ഖുർആനിന്റെ പ്രാവർത്തികവും വസ്തുതാപരവും സാമൂഹികവുമായ ശബ്ദം പ്രതിഫലിപ്പിക്കുന്നതിൽ അവർ വിജയിച്ചു. ജനങ്ങൾക്കു മുന്നിലേക്ക് സ്വർഗ്ഗ നരക ചിന്തകൾ വലിച്ചിടുന്ന വിശ്വാസ സംബന്ധിയായ കാര്യങ്ങൾ മഹതി തഫ്സീറിൽ കൊണ്ടുവന്നതേയില്ല. നാഗരിക ബോധത്തോടെ വർത്തിക്കാൻ ബുദ്ധിയെ പാകപ്പെടുത്താനുതകുന്ന ചിന്തകള്‍ക്കായിരുന്നു ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അവര്‍ പ്രാമുഖ്യം നല്കിയത്. തന്റെ രചനകളിലൂടെ അവർ പകർന്നു തന്നതും പ്രധാനമായും അത് തന്നെ.
അവർ മുൻകൈയെടുത്ത് നടത്തിയ പ്രോജക്ടുകളെ കുറിച്ചും സഫലമാക്കിയ ആഗ്രഹത്തെ കുറിച്ചും നാട്ടിലേക്ക് മടങ്ങിയ ശേഷം അവർ തന്നെ പറയുന്നത് ഇങ്ങനെയാണ്, ഞാൻ സൗദിയിലായിരുന്ന കാലത്ത് എന്റെ നാട്ടിൽ ഒരു മദ്‍റസ തുടങ്ങാൻ വേണ്ടി ഞാൻ ഒരുപാട് സ്റ്റുഡൻസ് നഴ്സറികൾ അന്വേഷിച്ചിരുന്നു. വിദ്യാഭ്യാസ പ്രക്രിയകൾക്കും സിലബസ് രൂപീകരണത്തിനും വേണ്ടി ഞാൻ ഒരുപാട് ചിന്തകളും രൂപപ്പെടുത്തിയെടുക്കുകയുണ്ടായി. യു.എന്നിൽ നിന്നും സ്വീകരിച്ച ഒരു രീതിയിലേക്ക് യഥാര്‍ത്ഥ ഇസ്‍ലാമിക ആശയങ്ങൾ കൂടി സന്നിവേശിപ്പിച്ചായിരുന്നു പുതിയ ഉദ്യമത്തെ ഞാൻ രൂപപ്പെടുത്തിയെടുത്തത്. സിറിയയിലേക്ക് മടങ്ങിയ ഉടനെ തന്നെ കുട്ടികൾക്ക് വേണ്ടി ഞാൻ ഒരു മദ്‍റസ പണിതു. അക്രമണത്തിൽ നിന്നും കുട്ടിയെ സുരക്ഷിതനാക്കിക്കൊണ്ട് സ്നേഹത്തിന്റെ ഭാഷയിൽ കുട്ടിയെ തെറ്റിൽനിന്ന് തടഞ്ഞു നിർത്തുന്നതായിരുന്നു രീതി. സ്വയാഭിനിവേശത്തോടെ ഉപദേശങ്ങൾ സ്വീകരിക്കാൻ കുട്ടിയെ പ്രാപ്തനാക്കുന്ന തരത്തിലായിരുന്നു അവിടത്തെ സിലബസ് രൂപീകരണം.

തന്റെ സ്വകാര്യ ജീവിതം രചനയെയും രചനാ ശൈലിയെയും സ്വാധീനിച്ചിട്ടുണ്ട്. താൻ എഴുതിയ ചെറുകഥകളിൽ മിക്കതും തന്നെ തന്റെ സ്വകാര്യജീവിതവും ജനങ്ങളുമായുള്ള ഇടപെടലിനെയും തുടർന്നു രൂപപ്പെട്ടവ തന്നെയായിരുന്നു.  നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടമാടിക്കൊണ്ടിരിക്കുന്ന അക്രമണങ്ങളിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചതായി കാണാം. പുതിയ ജന്മദിനം, സൂര്യനും കാറ്റും, ദാഹിക്കുന്ന തലമുറ, ഷാഹ്‌സാദ് പ്രഭാതത്തെ കണ്ടെത്തിയിരിക്കുന്നു, എന്നിങ്ങനെ നാല് ബാല കഥാസമാഹാരങ്ങളും അവര്‍ ഇതിനകം രചിച്ചിട്ടുണ്ട്. പ്രവാചക ചരിത്രങ്ങളിലും സ്വഹാബി സ്ത്രീകളുടെ ചരിത്രങ്ങളിലും ഇവർക്ക് രചനകൾ ഉണ്ട്. ആദ്യ രക്തസാക്ഷിയായ സുമയ്യ ബീവിയെ സംബന്ധിച്ചും രക്തസാക്ഷിയായ മണവാട്ടി ഉമ്മുഹകീം ബിൻത് ഹാരിസിനെ കുറിച്ചും ഉത്തമ സഹധർ മിണിയായ ഉമ്മു സുലൈം ബിൻത് മിൽഹാനെ കുറിച്ചുമെല്ലാം ഇവർക്ക് കൃതികളുണ്ട്. ലൈലത്തുൽ ഖദ്ർ, സൂറ ഇഖ്ലാസ്, സൂറ കൗസർ, അസ് ഹാബുൽഫീൽ, സൂറ ആദിയാത്, ദുൽ ഖർനൈൻ എന്നിവയെ കുറിച്ചും ഇവര്‍ ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്.

ഖുർആനിലെ പല സൂറത്തുകൾക്കും തഫ്സീറെഴുതിക്കൊണ്ട് അനേകം പുസ്തകങ്ങൾ ഇവർക്കുണ്ട്. സൂറത്തു യാസീൻ ത്വാഹാ, ലുഖ്മാൻ, ആലു ഇംറാൻ, സൂറത്തുന്നിസാ, സൂറതുന്നൂറ്, സൂറതുത്തൗബ എന്നിവ  അതിൽ പെട്ടതാണ്. ഖുർആനിൽ സ്ത്രീയുടെ സ്ഥാനം എന്ന തലക്കെട്ടോടെ ഒരു പുസ്തകം ഇവർക്കുണ്ട്. തത്ത്വങ്ങളുടെ വെളിച്ചത്തിൽ പരിശുദ്ധ ഖുർആനിനെ പറ്റി ഒരു പുനർവിചിന്തനം എന്ന കൃതിയാണ് കൃതികളിൽ അവസാനത്തേത്. എഴുത്ത് പൂർത്തീകരിച്ചുവെങ്കിലും അച്ചടിക്കപ്പെട്ടിട്ടില്ല. ഈ പുസ്തകത്തിൽ ഗ്രന്ഥകാരി ഇപ്രകാരം പറയുന്നു: പരിശുദ്ധ ഖുർആൻ പഠിപ്പിക്കുന്ന ഓരോരുത്തരും അതിന്റെ അടിസ്ഥാനപരമായ കാര്യങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം. നന്മകൾ വ്യാപിപ്പിക്കാനും ഖുർആനിന്റെ സുന്ദര ചിന്തകൾ പകർന്നു നൽകാനും അവർ ബാധ്യസ്ഥരാണ്.

പ്രവർത്തനങ്ങൾ വിജയകരമാകാത്ത വേളയിൽ ഈമാനിന്റെ കുറവ് മാത്രമല്ല മറിച്ച് അറിവിന്റെയും അത് സ്വായത്തമാക്കാനുള്ള  മാർഗങ്ങളുടെയും കുറവ് കൂടി പരിശോധിക്കേണ്ടതുണ്ട്.കാരണം പ്രവർത്തന വിജയത്തിന് ആത്മാർത്ഥതയും ശരിയായ മാർഗങ്ങളും അത്യാവശ്യം തന്നെ.  അറിവ് പകർന്നു കൊടുക്കാതിരിക്കല്‍ അത് ഉപകാരപ്പെടുത്താത്തതിനേക്കാൾ അപലപനീയമാണ്.

പ്രവാചകനെ പറ്റി

സാമൂഹിക പരിവർത്തനത്തിന് തിരുനബി കാട്ടിയ മാർഗദർശനം എന്ന മഹത്തായ രചനയാണ് അവസാനത്തെ അച്ചടിക്കപ്പെട്ട കൃതി. തിരുനബി ചരിത്രത്തിൽ തിരുസുന്നത്തുകൾക്ക് ഏറെ പ്രാധാന്യം നൽകുന്നതായി കാണാം. രചയിതാവിന്റെ അഭിപ്രായങ്ങളും ചിന്തകളും ഒട്ടും സ്വാധീനിക്കാതെ വളരെ നിഷ്പക്ഷമായാണ് ചരിത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യൻ എന്ന നിലയിലുള്ള പ്രവാചകന്റെ ഇടപെടലുകളും വിശ്വാസിയായ മനുഷ്യനെ പ്രവാചകന്‍ എങ്ങനെ ഉത്തമര രീതിയിൽ വാർത്തെടുത്തു എന്നതിലുമാണ് മഹതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നബിയുടെ ജീവിതം മനസ്സിലാക്കാൻ ചരിത്രത്തിന്റെ സഹായം തേടുക വഴി പുതിയ ശൈലി തെരഞ്ഞെടുക്കുകയായിരുന്നു അവർ. അദ്ദേഹം നമുക്കിടയിൽ ഉണ്ടായിരുന്നുവെങ്കിൽ (لو كان بيننا) എന്ന പരിപാടിയിൽ ഉസ്താദ് അഹമ്മദ് ശകീരി ഹനാനിന്റെ പുസ്തകം വായിക്കാൻ നിർദ്ദേശിച്ചിരുന്നു.


നമ്മുടെ ജീവിത സാഹചര്യങ്ങളോട് ബന്ധപ്പെടുത്തി ആയത്തുകളെ മനസ്സിലാക്കി തരാനാണ് ഹനാൻ ശ്രമിക്കുന്നത്. അതോടൊപ്പം തന്നെ ഖുർആനിക മൂല്യങ്ങൾ എങ്ങനെ ജീവിതത്തിൽ പകർത്താമെന്നും അവർ പഠിപ്പിക്കുന്നു. ഇന്ന് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വിജ്ഞാന വിസ്ഫോടനത്തിനു മുന്നിൽ നമ്മുടെ അവലംബമാണ് ഖുർആനിക അധ്യാപനങ്ങൾ. 

എല്ലാ വിഭാഗക്കാരും വാദിക്കുന്നത് തങ്ങളാണ് യഥാർത്ഥ ഖുർആൻ സുന്നത്ത് അനുയായികൾ എന്നാണ്. അവരുടെ സാധുത  ഹനാൻ  പരിശോധിക്കുന്നത് അവ ഖുർആനിക മൂല്യങ്ങളോട് എത്രത്തോളം പാരസ്പര്യത്തോടെ നിലകൊള്ളുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഇതിനുവേണ്ടി അഗ്രഗണ്യരായ പണ്ഡിതന്മാരെയും ഇവർ സമീപിച്ചിരുന്നു. ക്ഷമാ ശീലവും പരിശ്രമവുമായിരുന്നു ഇവരുടെ മുഖ മുദ്ര. തഫ്സീർ രചന നിരുത്സാഹപ്പെടുത്തി കൊണ്ട് പലരും അവരോട് കഥാ രചനയിൽ മാത്രം ഒതുങ്ങാൻ പറഞ്ഞിരുന്നു എന്ന കാര്യം അവർ രചനയിൽ സൂചിപ്പിക്കുന്നുണ്ട്. ഡമസ്കസിലെ ഒരു സഹോദരിയായിരുന്ന ലൈലാ സഈദ്  തഫ്സീർ ഗ്രന്ഥങ്ങൾ നൽകിക്കൊണ്ടും പുതിയ ചിന്തകൾ പകർന്നു കൊടുത്തുകൊണ്ടും തന്നെ സഹായിച്ചിരുന്നു എന്നും ഹനാന്‍ ഓര്‍ക്കുന്നുണ്ട്. പലപ്പോഴും ലൈലയുടെ  സഹോദരൻ ജൗത സഈദും തുണയായിരുന്നു. ഇബ്നു കസീറിന്റെ താഫ്സീറുൽ  ഖുർആൻ അൽ അലീമും, സയ്യിദ് ഖുതുബിന്റെ ഫീ ലിലാളിൽ ഖുർആനും റഷീദ് റിളയുടെ തഫ്സീറുൽ മനാറുമാണ് മഹതി പ്രധാനമായും അവലംബിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കാം.

തർക്കങ്ങൾ നിലനിൽക്കുന്ന വിഷയങ്ങളെക്കുറിച്ച് അധികം സംസാരിക്കാതെ അവഗണിക്കുകയാണ് അവർ ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള ചർച്ചകൾ ചെയ്ത് സമയം പാഴാക്കരുത് എന്ന അഭിപ്രായമായിരുന്നു അവർക്ക്. സൂറത്ത് ആലുഇംറാനിലെ 55-ാം വചനം: നിന്നെ മരിപ്പിക്കുന്നവനും എന്നിലേക്ക് ഉയർത്തുന്നവനും എന്ന് അല്ലാഹു പറഞ്ഞ സന്ദർഭം. ഇവിടെ ഉയർത്തുന്നവൻ എന്ന പദത്തിനും മരിപ്പിക്കുന്നവൻ എന്ന പദത്തിനും വ്യാഖ്യാതാക്കൾ ഒരുപാട് അർത്ഥതലങ്ങൾ കല്പിക്കുന്നുണ്ട്. യഥാർത്ഥ മരണം കൊണ്ടാണോ അതോ ഉറക്കുകൊണ്ടാണോ, ഉയർത്തൽ വെറും ആത്മാവിനെ മാത്രമാണോ അതോ ആത്മാവിനെയും ശരീരത്തെയുമാണോ തുടങ്ങി അല്ലാഹുവിന് മാത്രം അറിയുന്ന  കാര്യങ്ങളില്‍നിന്നെല്ലാം  മഹതി തന്റെ തഫ്സീർ രചനയിൽ അകലം പാലിച്ചതായി കാണാം. ഇത്തരത്തിലുള്ള ചർച്ചകൾ ഉപേക്ഷിക്കപ്പെടേണ്ടതാണെന്നും ഇതിൽ വാദിക്കുന്നവരുടെ പക്കൽ വ്യക്തമായ തെളിവുകളില്ല എന്നുമാണ് കാരണം. അതു പോലെ 56 ആം  വചനം: സത്യനിഷേധികളെ നാം ഇഹലോകത്ത് വച്ചും പരലോകത്ത് വച്ചും കഠിനമായി ശിക്ഷിക്കുക തന്നെ ചെയ്യും, അവർക്ക് രക്ഷാധികാരികൾ ഉണ്ടാവുകയില്ല തന്നെ. ഈ കാര്യത്തെ ഇഹലോകവുമായി കൂടി ബന്ധിപ്പിച്ച്  വ്യാഖ്യാനിക്കുകയാണ് അവർ ചെയ്യുന്നത്. എയ്ഡ്‌സ് രോഗത്തെ ദുനിയാവിൽ നിന്നുള്ള അല്ലാഹുവിന്റെ ശിക്ഷകളിൽ ഒന്നാണെന്ന് തരത്തില്‍ വ്യാഖ്യാനിക്കുന്നത് ഉദാഹരണം. തഫ്സീറുൽ മനാറിന്റെ രചയിതാവായ റഷീദ് രിളയുടെ അഭിപ്രായങ്ങളോട് പലപ്പോഴും മഹതി ആഭിമുഖ്യം പുലർത്തുന്നുണ്ട്. പ്രഗൽഭ പണ്ഡിതനായ ജൗദത് സഈദിന്റെ രീതിശാസ്ത്രങ്ങളും അവരിൽ വലിയ തോതിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്.  ചിന്തകളെയും ആലോചനകളെയും വൈജ്ഞാനിക മുന്നേറ്റങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പരിശ്രമങ്ങളാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ശരീരത്തെക്കുറിച്ചും ഗോളത്തെ കുറിച്ചും പറയുന്ന ആയത്തുകളെ ഗഹനത്തിൽ മനസ്സിലാക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ സൂറത്തുൽ ബഖറയുടെ  തഫ്സീറിന്റെ ആമുഖത്തിൽ അവർ കൂട്ടിച്ചേർത്തതായി കാണാം.

തഫ്സീറിൽ സൂറത്ത് മക്കിയാണോ മദനിയ്യാണോ എന്നും ആയത്തുകളുടെ എണ്ണവും അവയുടെ ശ്രേഷ്ഠതകളും അറിയിക്കുന്ന ഹദീസുകളും അതിന്റെ ചരിത്രപരമായ പശ്ചാത്തലങ്ങളും മഹതി ഉൾപ്പെടുത്തിയിട്ടുണ്ട്. സൂറത്ത് ആലുഇംറാനിലെ വിശദീകരണത്തിൽ മഹതി പറയുന്നു: ബദ്ർ യുദ്ധാനന്തരമാണ് ഈ ആയത്ത് ഇറങ്ങുന്നത്, അതിലെ പതിമൂന്നാമത്തെ വചനം ബദ്ർ യുദ്ധത്തിലേക്ക് വിരൽചൂണ്ടുന്നു. ഉഹദ് യുദ്ധാനന്തരം വരെ ഈ സൂറത്തിലെ ആയത്തുകൾ ഇറങ്ങിക്കൊണ്ടേയിരുന്നു.

ഒരു സൂറത്ത് അതിന്റെ മുമ്പുള്ള സൂറത്തുമായി പുലർത്തി പോരുന്ന യോജിപ്പുകൾ മഹതി ചുരുക്കി വിവരിച്ചതായി കാണാം. ഈ കൂട്ടത്തിൽ മുമ്പത്തെ സൂറത്തുമായി ശേഷമുള്ള സൂറത്ത് കാണിക്കുന്ന വ്യത്യാസങ്ങളും മഹതി എടുത്ത് ക്കാണിക്കുന്നുണ്ട്. സൂറത്തുൽ ബഖറ അധികമായും ജൂതരെ കുറിച്ച് പറയുമ്പോൾ ക്രിസ്തീയരെ കുറിച്ചാണ് സൂറത്ത് ആലു ഇംറാൻ സംസാരിക്കുന്നത്. സൂറത്തുൽ ബഖറ സാമൂഹിക ഘടനയെയും സാമ്പത്തിക ക്രയവിക്രയങ്ങളെയും കുറിച്ച് ഊന്നി പറയുമ്പോൾ ശരിയായ വിശ്വാസത്തെയും വേദക്കാരെയും കുറിച്ചുള്ള ചർച്ചകളാണ് സൂറത്ത് ആലു ഇംറാൻ മുന്നോട്ട് വെക്കുന്നത്. ഓരോ സൂറത്തിനെയും വ്യാഖ്യാന സൌകര്യത്തിന് അവർ ഒന്നിലധികം ചാപ്റ്ററുകൾ ആക്കി വിഭജിച്ചിട്ടുണ്ട്.  എല്ലാ ചാപ്റ്ററുകൾക്കും അതിനനുസൃതമായ പേരുകളും നൽകി. ഉദാഹരണമായി സൂറത്ത് ആൽ ഇംറാനിനെ അവർ എട്ടു ഭാഗങ്ങളാക്കി. ആയത്തുകളിലടങ്ങിയ പ്രധാന ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി അവക്ക് പേരും നൽകിയിരിക്കുന്നു.

"നിങ്ങൾ കാര്യങ്ങൾ എളുപ്പമാക്കുക, നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക, നിങ്ങൾ വെറുപ്പിക്കരുത്" എന്ന പ്രവാചക വചനത്തെ വലിയൊരു ഇസ്‍ലാമിക വ്യവസ്ഥയായാണ് അവര്‍ അവതരിപ്പിക്കുന്നത്.

പല മുഫസ്സിരീങ്ങളെയും വിമർശിക്കാനും ഹനാൻ ധൈര്യം കാണിച്ചിട്ടുണ്ട്. ചിലയാളുകൾ അതിക്രമം എന്ന് വിശേഷിപ്പിച്ച തരത്തിൽ പോലും തന്റേതായ ഗവേഷണ അഭിപ്രായങ്ങൾ ഇവർ തുറന്നു പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള ഇടപെടലുകൾ ശ്രദ്ധേയമാണ്. സാക്ഷി പറയുന്ന വിഷയത്തിൽ ഒരു പുരുഷന് പകരം രണ്ട് സ്ത്രീകൾ എന്ന നിലക്ക് ആണല്ലോ. എങ്കിൽ പ്രസ്തുത വിഷയത്തിൽ ഹനാൻ പറയുന്നത് ഇങ്ങനെയാണ്. തെറ്റുപറ്റലും മറവി ഉടലെടുക്കലും പരിചയത്തിന്റെ അഭാവം മൂലമാണ്. സ്ത്രീ സംഭവത്തിന് സാക്ഷിയാകുകയും സംഭവസ്ഥലത്ത് സന്നിഹിതയാകുകയും വിശ്വസ്ത ആകുകയും അറിവും ബോധവും ഉള്ളവളാവുകയും ചെയ്തുവെങ്കിൽ ഒരു പുരുഷനെപ്പോലെ തന്നെ ഒരു സ്ത്രീയും സാക്ഷി നിൽക്കാൻ യോഗ്യയാണ്. പണ്ടുകാലങ്ങളിൽ സ്ത്രീസംബന്ധമായ വിഷയങ്ങളിൽ ഒരു സ്ത്രീയുടെ സാക്ഷ്യവും കർമ്മ ശാസ്ത്ര പണ്ഡിതന്മാർ സ്വീകരിച്ചതായി നമുക്ക് കാണാനാകും.  പണ്ടുകാലങ്ങളിൽ സാമ്പത്തിക തർക്കങ്ങളും ഇടപാടുകളിലും സ്ത്രീ വലിയ നിലയിൽ പങ്കാളിയായിരുന്നില്ല, അതിനാലാണ് അന്ന് ഒരു പുരുഷന് പകരം രണ്ട് സ്ത്രീകൾ ആവശ്യമായി വന്നത്. എന്നാൽ ഇന്ന് സ്ഥിതി വേറെയാണ്. വിധികൾ മുഴുവനും സന്ദർഭവുമായി ബന്ധപ്പെട്ട് കിടക്കുന്ന മാത്രമാണെന്നാണ് ഹനാനിന്റെ ഭാഷ്യം. എന്നാല്‍ ഇത്തരം ചിന്തകളെ അതിര് കടന്ന ചിന്തകളായാണ് പലരും പരിഗണിച്ചിരിക്കുന്നത്. പണ്ഡിതര്‍ക്കിടയില്‍ ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിട്ടുമുണ്ട്.

സമകാലിക പണ്ഡിതരിലെ, സജീവ സ്ത്രീസാന്നിധ്യമാണ് ഹനാന്‍ ലിഹാം എന്ന് പറയാം. സമൂഹത്തിന് ഉപകാരപ്രദമായ ഏറെ സംഭാവനകള്‍ ഇനിയും ചെയ്യാന്‍ തൌഫീഖ് ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter