അലാഉദ്ദീൻ അൽമഹാഇമി: സൂഫികളിലെ മുഫസ്സിര്‍

ആഗോള നവോത്ഥാന ചരിത്രത്തിൽ സ്തുത്യർഹമായ സംഭാവനകൾ ചെയ്തവരാണല്ലോ സൂഫികൾ. യഥാർത്ഥ ഇസ്‍ലാമിൻറെ തനിമ ആർജിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും പ്രാവർത്തികമാക്കുകയും പൊതുജന മധ്യത്തിലേക്ക് പകർന്നു കൊടുക്കുകയും ചെയ്തത് അവരാണെന്ന് പറയാം. അതിലെ പ്രധാന ഇന്ത്യൻ കണ്ണിയാണ് അലാഉദ്ദീൻ അൽമഹാഇമി. 

ജനനം പഠനം ജീവിതം

അമവികളിൽ പ്രധാനിയായിരുന്ന ഹജ്ജാജ് ബിന്‍ യൂസഫിന്റെ ഭരണകാലത്ത് ഇന്ത്യയിലേക്ക് കടന്നുവന്ന ഒരു പ്രമുഖ കുടുംബത്തിലെ പണ്ഡിതനും വ്യാപാരിയുമായിരുന്ന ശൈഖ് അഹമ്മദിന്റെ മകനായി ഹിജ്റ 776 ൽ അഥവാ ക്രിസ്താബ്ദം 1372 ലാണ് മഖ്ദൂം അൽ മഹാഇമി എന്ന അലാഉദ്ദീൻ അലി അഹ്മദ് മഹാഇമി ജനിക്കുന്നത്. തന്റെ മകന്റെ ബുദ്ധിശക്തിയും അറിവിനോടുള്ള അടങ്ങാത്ത ആർത്തിയും മനസ്സിലാക്കിയ പിതാവ് തന്റെ മേൽനോട്ടത്തിൽ നടന്നുകൊണ്ടിരുന്ന ഒരു സ്ഥാപനത്തിൽ ചേർക്കുകയും അവിടെ വെച്ച് അദ്ദേഹം പരിശുദ്ധ ഖുർആൻ മനപ്പാഠമാക്കുകയും നിരവധി വിജ്ഞാനശാഖകൾ സ്വായത്തമാക്കുകയും ചെയ്തു.

പിതാവിന്റെ മരണം തന്റെ ജീവിതത്തിൽ വലിയ ആഘാതം സൃഷ്ടിച്ചെങ്കിലും പഠന തുടർച്ചയ്ക്ക് ഉമ്മയോട് സമ്മതം ചോദിച്ച അദ്ദേഹത്തോട് ഉമ്മ ഇപ്രകാരം പറഞ്ഞു, "അടിയാറുകളുടെ പക്കൽ നിന്ന് അറിവ് കരസ്ഥമാക്കുന്നതിന് പകരം ദിവ്യബോധന സന്ദേശങ്ങൾ (ഉലൂമുൻ ലദുന്നി) നിനക്ക് അല്ലാഹു നൽകട്ടെ". അന്നേദിവസം രാത്രി തന്നെ തന്റെ പ്രിയപ്പെട്ട മകന്റെ വിഷയത്തിൽ ഉമ്മ അല്ലാഹുവിനോട് പ്രാർത്ഥിച്ചതിന്റെ അനന്തരഫലമായി തൊട്ടടുത്ത ദിവസം ഇമാം മഹാഇമി ഒരു കടൽത്തീരത്തിലൂടെ നടക്കുന്ന സമയത്ത് ഒരു ശൈഖിനെ കണ്ടുമുട്ടുകയും സലാം പറയുകയും ചെയ്തു. അദ്ദേഹം മഹാഇമിയോട് നിങ്ങളാണോ മഹാഇമിയെന്നും   ഇനിമുതൽ എല്ലാദിവസവും ദിവ്യ ബോധനം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുമെന്നും ഞാൻ ഖിള്ർ നബിയാണെന്നും ഈ രഹസ്യം മറ്റൊരാളുമായി നിങ്ങൾ പങ്കുവെക്കരുത് എന്നും ആ ശൈഖ് അദ്ദേഹത്തോട് പറഞ്ഞു. അതുവഴി നബിയുടെ പക്കൽ നിന്ന് ഒരുപാട് ദിവ്യ ബോധനങ്ങൾ കരഗതമാക്കി കൊണ്ടിരിക്കെ തന്റെ ഉമ്മ അദ്ദേഹത്തോട് തന്നെ പാഠ്യപഠനഗുരുക്കളെ കുറിച്ച് അന്വേഷിക്കുകയും ആദ്യം അദ്ദേഹം അത് പറയാൻ വിസമ്മതിച്ചെങ്കിലും ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി ആ രഹസ്യം അദ്ദേഹം ഉമ്മയോട് പറയുകയും ചെയ്തു. ഉടനെ തന്നെ ഇമാം മഹാഇമിയുടെ ദിവ്യ ബോധനം തേടിയുള്ള തൻറെ യാത്രയിൽ ഷെയ്ഖിനെ കാണാൻ സാധിക്കാതെ വരികയും വളരെ വലിയ വിഷമത്തോടു കൂടെ ഇമാം മഹാഇമി വീട്ടിലേക്ക് തിരിച്ചുവരികയും ചെയ്തു. ഇത്‌ കണ്ട ഉമ്മ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും തുടർന്ന് ഖിള്ർ നബി തന്റെ ദിവ്യ ബോധനത്തിലൂടെ ഇമാം മഹാഇമിയോട് ഇപ്രകാരം പറയുകയും ചെയ്തു, "നിങ്ങളുടെ ഉമ്മയുടെ പ്രാർത്ഥന അല്ലാഹു കേട്ടിരിക്കുന്നു, അതിനാല്‍ നിങ്ങൾക്ക് അറിവുകൾ പഠിപ്പിക്കുന്നത് തുടരാനാണ് എനിക്ക് ലഭിച്ച നിര്‍ദ്ദേശം." ലോകത്തിലെ മറ്റു പണ്ഡിതരിൽ നിന്നെല്ലാം വ്യത്യസ്തനായി ദിവ്യബോധനം എന്ന അല്ലാഹുവിന്റെ വലിയ അനുഗ്രഹം കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്‍ലാമിന്റെ ആശയാദർശങ്ങൾ പ്രചരിപ്പിക്കാനും അത് ജീവിതത്തിൽ പകർത്താനും അദ്ദേഹത്തിന് സാധിച്ചു. 

ജനഹൃദയങ്ങളിൽ സ്വാധീനം ചെലുത്തിയ ഖാദിരിയ, ചിശ്ത്തിയ, നഖ്ശബന്ദിയ്യ പോലെയുള്ള സൂഫി മദ്രസകളിലൂടെ ഔന്നത്യത്തിലെത്തിയവര്‍ ധാരാളമുണ്ടെങ്കിലും, നേരിട്ടുള്ള ദിവ്യബോധനം കൊണ്ട് മാത്രം സൂഫികളുടെ ഗണത്തിൽ പരിഗണിക്കപ്പെടാൻ കഴിയുന്ന ഒരു പണ്ഡിതജ്ഞാനിയും സൽഗുണ സമ്പന്നനുമായിരുന്നു മഹാഹിമി. അതുകൊണ്ടുതന്നെയാണ് സൂഫി ലോകം അദ്ദേഹത്തെ ആവാസി എന്ന് വിളിച്ചത് (ഒരു മാർഗ്ഗദർശിയുടെ ദർശനം കൂടാതെ സൂഫികളുടെ പദവിയിൽ എത്തിയവർക്കോ, വാക്കിലും പ്രവർത്തിയിലും തിരുചര്യ പിൻപറ്റിയവർക്കോ ഖിള്ർ നബിയോട് സഹവസിച്ചവർക്കോ പറയുന്ന പേര്)

രചനകൾ
ശൈഖ്  മഖ്ദൂം അൽ മഹാഹിമി അനവധി മേഖലകളിൽ നിരവധി ബൃഹത്തായ രചനകൾ നിർവഹിച്ചിട്ടുണ്ട്. "തബ്സീറുറഹ്മാൻ ഫീ തയ്സീരിൽ മന്നാൻ" എന്ന അദ്ദേഹത്തിൻറെ തഫ്സീർ പോലെയുള്ള രചനകൾ ലോക പണ്ഡിതർക്ക് തന്നെ ഒരു അവലംബ ഗ്രന്ഥം കൂടിയാണ്. അസ്റാറുൽ ഹഫീഖ വ അൻവാറുശരീഅ:, അൽ വുജൂദ് ഫീ ഷർഹിൽ മൗജൂദ് എന്നിവ മഹാനവർകളുടെ പ്രധാന ഗ്രന്ഥമാണ്. വൈവിധ്യമാർന്ന രചനാ ശൈലിയും ചെറുവാക്കിൽ വലിയ ആശയങ്ങൾ നൽകുന്നതും മഹാനവർകളുടെ പ്രത്യേകതയാണ്.

പതിനാലാം നൂറ്റാണ്ടിൽ ലോകം മുഴുവൻ ഖുർആനിക പഠനങ്ങളും രചനകളും മറ്റും വ്യാപിച്ചിട്ടും ഇന്ത്യയിലെ രചനാ മേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കാൻ മഹാനായ ഷെയ്ഖ് മഹാഇമി എന്നവർ നസഫി, ജലാലൈനി പോലെയുള്ള പാരമ്പര്യ തഫ്സീറുകളോട് കിടപിടിക്കുന്ന ഒരു തഫ്സീർ രചിക്കാൻ തീരുമാനിക്കുകയും രാജാക്കന്മാർ അതിനുള്ള മുഴുവൻ സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter