തിരുനബി എന്റെ വായനയില്‍
മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ പ്രവാചകനായിട്ടാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയെ ഞാന്‍ കാണുന്നത്. വിശുദ്ധ ഖുര്‍ആനില്‍ ദൈവം പ്രവാചകനോടു പറയുന്നുണ്ട്: ''മുഹമ്മദേ, നിനക്കു മുന്‍പും എത്രയോ പ്രവാചകരെ നാം ഭൂമിയിലേക്ക് അയച്ചിരുന്നു. പ്രവാചകന്മാരെ അയക്കാത്തതായി ഒരു ഭൂപ്രദേശവും ലോകത്തില്ല''.
ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തോളം പ്രവാചകരുണ്ടെന്നാണു കരുതപ്പെടുന്നത്. അന്ത്യ പ്രവാചകരായ മുഹമ്മദ് നബി തിരുമേനി അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി നില്‍ക്കുന്നത് ഒരു പ്രധാന കാര്യം കൊണ്ടാണ്. അദ്ദേഹത്തിനു തന്റെ വിശ്വാസപ്രമാണങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും അനുസരിച്ചുള്ള ഒരു രാഷ്ട്രം സാക്ഷാല്‍ക്കരിക്കാന്‍ തന്റെ ജീവിത കാലത്തു തന്നെ സാധിച്ചു. അതിന്റെ ആധിപത്യം ലോകത്തു വ്യാപിക്കുന്നതു കാണാനും അദ്ദേഹത്തിന് അധിക കാലം കാത്തിരിക്കേണ്ടിവന്നില്ല.
അന്ത്യപ്രവാചകന്‍ ഈ ലോകത്തോടു വിടപറയും മുന്‍പു തന്നെ ലോകത്ത് അല്ലാഹു ഇസ്‌ലാമിനെ സമ്പൂര്‍ണമാക്കി. അദ്ദേഹത്തിനു മുന്‍പു വന്ന പ്രവാചകരില്‍ മൂസാ നബിയെന്ന് ഇസ്‌ലാംമത വിശ്വാസികള്‍ വിളിക്കുന്ന മോശ പ്രവാചകനു തന്റെ അനുയായികള്‍ക്കു വാഗ്ദത്ത ഭൂമി കാണിച്ചുകൊടുക്കാനല്ലാതെ അവരെ അങ്ങോട്ട് എത്തിക്കാന്‍ സാധിച്ചിട്ടില്ല. ഈസാ നബിയെന്ന് ഇസ്‌ലാംമത വിശ്വാസികള്‍ കരുതിപ്പോരുന്ന യേശു ദേവനു തന്റെ അനുയായികള്‍ക്കിടയില്‍ തന്നെ ക്രൂശിതനാവേണ്ടി വന്നു.
എന്നാല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി തിരുമേനി തന്റെ കാലത്തു തന്നെ ഇസ്‌ലാമിന്റെ പതാക ലോകനഭസ്സിലുയര്‍ത്തി. 14 നൂറ്റാണ്ടു പിന്നിട്ടു കഴിഞ്ഞിട്ടും ഇസ്‌ലാമിന്റെ സ്വാധീനം ലോകമെമ്പാടും കൂടിക്കൂടി വരികയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. മുഹമ്മദ് നബി പ്രബോധനം ചെയ്ത ദൈവസന്ദേശം കപടമോ വ്യാജമോ ആയിരുന്നെങ്കില്‍ ഇതിനോടകം അതു ചരിത്രത്താല്‍ പുറന്തള്ളപ്പെടുമായിരുന്നു. അന്ത്യ പ്രവാചകനാണ് മുഹമ്മദ് നബി എന്ന വിശ്വാസത്തിന് ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമില്ലല്ലോ!
പ്രവാചകത്വലബ്ധിക്കു മുന്‍പ് 40 വര്‍ഷക്കാലം സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിച്ച മുഹമ്മദ് പുലര്‍ത്തിപ്പോന്ന സത്യസന്ധതയും വിശ്വസ്തതയും ത്യാഗസന്നദ്ധതയും ഒപ്പം ദൈവാനുഗ്രഹവുമായിരുന്നു അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെ കൈമുതല്‍. ആദ്യമായി പ്രബോധനം തുടങ്ങിയ ഘട്ടത്തില്‍ തന്നെ കേള്‍ക്കാനായി തടിച്ചുകൂടിയ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘത്തോടു പ്രവാചകന്‍ ചോദിച്ചു: ''ഈ കാണുന്ന മലയുടെ പിന്നില്‍ നിന്ന് ഇപ്പോഴൊരു സൈന്യം നമ്മെ ആക്രമിക്കാന്‍ വരുന്നുവെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?'' അവിടെ കൂടിയവര്‍ ഒന്നടങ്കം ഒരുമിച്ചു പറഞ്ഞു: ''മുഹമ്മദേ, താങ്കള്‍ പറഞ്ഞാല്‍ ഞങ്ങള്‍ വിശ്വസിക്കും. കാരണം താങ്കള്‍ അല്‍ അമീന്‍ ആണ്.'' എല്ലാവരാലും വിശ്വസിക്കപ്പെട്ട ഈ സ്വഭാവ വൈശിഷ്ട്യത്തിന്റെ ഉല്‍കൃഷ്ടത തന്നെയായിരുന്നു കഠിന പരിശ്രമത്തിലൂടെയും മഹാത്യാഗത്തിങ്ങളിലൂടെയും ഇസ്‌ലാമിനെ ലോകത്തിന്റെ മഹല്‍ സന്ദേശമാക്കിത്തീര്‍ക്കാന്‍ പ്രവാചകനെ പ്രാപ്തമാക്കിയത്.
അദ്ദേഹത്തിന്റെ മനസില്‍ ഒരിക്കലും ശത്രുക്കളുണ്ടായിരുന്നില്ല. ശത്രുക്കളെ പോലും മിത്രങ്ങളാക്കുന്ന അസുലഭ മഹത്വം ആ വ്യക്തിത്വത്തിലുണ്ടായിരുന്നു. പ്രവാചകനൊരിക്കലും യുദ്ധമോ ഏറ്റുമുട്ടലോ ആഗ്രഹിച്ചില്ല. വാളിന്റെ മതമായിരുന്നില്ല ഒരിക്കലും പ്രവാചകന്റെ ഇസ്‌ലാം. ബദറില്‍ പ്രതിരോധത്തിനു വേണ്ടി ആയുധമെടുക്കേണ്ടി വന്നതാണ്. ആ ചെറുത്തുനില്‍പിനു ശേഷം കുറച്ചു ശത്രുപടയാളികളെ ബന്ധികളായി പിടിച്ചുകെട്ടിയിട്ടുണ്ടായിരുന്നു. അന്നു രാത്രി പതിവു സമയം കഴിഞ്ഞിട്ടും പ്രവാചകന്‍ ഉറങ്ങുന്നില്ല. അനുയായികളിലാരോ ചോദിച്ചു: ''പ്രവാചകരേ, ഉറങ്ങാത്തതെന്താണ്?''
''ആരോ കരയുന്നുണ്ട്'', പ്രവാചകന്‍ പറഞ്ഞു. അനുയായികള്‍ ചുറ്റുപാടും അന്വേഷിച്ചു തിരിച്ചുവന്നു പറഞ്ഞു: ''ഇല്ല പ്രവാചകരേ, ആരും കരയുന്നില്ല. കൈകള്‍ ബന്ധിച്ചിരിക്കുന്നതിനാല്‍ ശത്രുപടയാളികള്‍ ഉറക്കത്തില്‍ അല്‍പം ഞെരുങ്ങുന്നുണ്ടെന്നതൊഴിച്ചാല്‍ മറ്റൊരു വേദനയുടെ ശബ്ദം എവിടെയുമില്ല''. പ്രവാചകന്‍ പറഞ്ഞു: ''അവരുടെ കെട്ടഴിച്ചു വിടൂ.'' ''അവര്‍ നമ്മുടെ ശത്രുക്കളാണ് '', അനുയായികള്‍ പരിഭ്രാന്തരായി. ''അല്ല, അവര്‍ നമ്മുടെ മിത്രങ്ങളാണ് '', പ്രവാചകന്‍ ദൃഢമായി പറഞ്ഞു. അനുയായികള്‍ ശത്രുപടയാളികളുടെ കെട്ടഴിച്ചു മാറ്റിയതും അവര്‍ ഞെരുക്കം നിര്‍ത്തി സുഖമായി ഉറക്കത്തിലായി. അപ്പോള്‍ മാത്രമാണു പ്രവാചകന്‍ ഉറങ്ങിയത്.
സഹിഷ്ണുതയും സ്‌നേഹവും കാരുണ്യവുമായിരുന്നു പ്രവാചകന്റെ മതം. പ്രബോധനം നടത്തിക്കൊണ്ടിരുന്ന കാലത്ത് അദ്ദേഹം എന്നും പോകുന്ന വഴിയില്‍ ഒരു മട്ടുപാവിന്റെ മുകളില്‍ നിന്ന് ഒരു ജൂത സ്ത്രീ അദ്ദേഹത്തിനു നേരെ ചപ്പുചവറുകള്‍ വലിച്ചെറിയുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്യുമായിരുന്നു. എല്ലാ ദിവസവും ഇതു തുടര്‍ന്നു. പ്രവാചകന്‍ കാരുണ്യപൂര്‍ണമായ മന്ദഹാസത്തോടു കൂടി അവരെയൊന്നു തലയുയര്‍ത്തി നോക്കുകയല്ലാതെ മറ്റൊന്നും പ്രതികരിച്ചില്ല. ഒരു ദിവസം ജൂത സ്ത്രീയെ മട്ടുപാവില്‍ കണ്ടില്ല.
എന്തു പറ്റി നമ്മുടെ മിത്രത്തിന്, പ്രവാചകന്‍ അന്വേഷിച്ചു. അപ്പോഴാണ് അവര്‍ സുഖമില്ലാതെ കിടക്കുന്ന വിവരം നബി അറിയുന്നത്. തിരക്കിട്ടു മറ്റെവിടേക്കോ പോകുകയായിരുന്ന അദ്ദേഹം അവരുടെ രോഗശയ്യയ്ക്കിടയില്‍ ചെന്നു സമാശ്വസിപ്പിക്കുകയും രോഗശാന്തിക്കായി അല്ലാഹുവോടു പ്രാര്‍ഥിക്കുകയും ചെയ്തു. അടുത്തുടന്‍ തന്നെ അവര്‍ പ്രവാചകന്റെ അനുയായിയായിത്തീര്‍ന്നു. ക്ഷമിച്ചും പൊറുത്തും ശത്രുക്കളോടു പോലും കാരുണ്യം കാട്ടിയുമാണു പ്രവാചകന്‍ തന്റെ പ്രബോധനത്തിലൂടെ ഒരു സമൂഹത്തെയൊന്നാകെ സത്യത്തിലേക്കു നയിച്ചത്.
അന്ധവിശ്വാസികളും വിഗ്രഹപൂജകരും ബഹുദൈവാരാധകരുമായിരുന്ന അക്കാലത്തെ അറബ് സമൂഹത്തെ അദ്ദേഹം സത്യവിശ്വാസത്തിലേക്കു പരിവര്‍ത്തിപ്പിച്ചതു ത്യാഗനിഷ്ഠയോടു കൂടിയ പ്രബോധനം കൊണ്ടായിരുന്നു. മനുഷ്യനും മനുഷ്യത്വവുമായിരുന്നു പ്രവാചകനു പ്രധാനം. അല്ലാഹുവിന്റെ ഖലീഫയായി പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഓരോ അനുയായിയകളെയും അദ്ദേഹം നിത്യപ്രബോധനം കൊണ്ടും സ്വജീവിത മാതൃക കൊണ്ടും സത്യവിശ്വാസത്തിലേക്കാനയിച്ചു.
നബി ചര്യകള്‍ സമുന്നതമായൊരു മനുഷ്യ ജീവിതത്തിന്റെ ഓര്‍മകളാണ്. ഒരു മനുഷ്യനു ചെന്നെത്താന്‍ കഴിയുന്ന ഏറ്റവും പരമോന്നതമായ അവസ്ഥയിലുള്ള ജീവിതമായിരുന്നു മുഹമ്മദ് നബിയുടേത്. ത്യാഗനിര്‍ഭരമായ, കാരുണ്യപൂര്‍ണമായ ആ മഹല്‍ ജീവിതം അനുസ്മരിക്കുമ്പോള്‍ മതജാതി വിഭാഗീയതകള്‍ക്കതീതമായി ഭൂമുഖത്തുള്ള എല്ലാ മനുഷ്യര്‍ക്കും സത്യത്തിന്റെ പ്രകാശം തിരിച്ചറിയാനാകും. നബിദിനം ഈ വിശുദ്ധ സ്മരണയുടെ അപാരമായ സ്‌നേഹത്താല്‍ വിമലീകരിക്കപ്പെട്ടിരിക്കുന്നു.
Leave A Comment