സീറാരചനകളുടെ ചരിത്രം

മുഹമ്മദ്‌നബി(സ)യുടെ ജീവചരിത്ര കൃതികളെയാണ് സീറത്തുന്നബവിയ്യ' എന്ന് വിളിക്കുന്നത്. ചര്യ, മാർഗ്ഗം എന്നൊക്കെയാണ് 'സീറ' എന്ന പദത്തിന്റെ ഭാഷാർത്ഥം. തിരുനബി(സ)യുടെ ജീവചരിത്രരചനകൾ സ്വഹാബത്തിന്റെ കാലം മുതൽ ആരംഭിച്ചിട്ടുണ്ട്. ഹദീസുകളുടെ ക്രോഡീകരണത്തിന് പ്രാരംഭം കുറിച്ച ഉമറുബ്‌നു അബ്ദുൽ അസീസ്(റ)വിന്റെ കാലത്താണ് സീറാഗ്രന്ഥങ്ങൾ ഉടലെടുക്കുന്നത്. മഹാനവർകളുടെ നിർദ്ദേശപ്രകാരം ഹിജ്റ 124ൽ വഫാത്തായ പ്രമുഖ മുഹദ്ദിസും ഹദീസിൽ മാലികി ഇമാമിന്റെ ശിഷ്യനുമായ ഇബ്നു ശിഹാബ് അസ്സുഹ്‌രി(റ)വാണ് ആദ്യ സീറരചന നടത്തിയത്. സീറ എന്ന പദപ്രയോഗം ആദ്യമായി ഉപയോഗിക്കുന്നതും അദ്ദേഹമാണ്. 

ഇബ്‌നു ഇസ്ഹാഖിന്റെ 'സീറത്തുറസൂൽ' എന്ന ഗ്രന്ഥമാണ് ആദ്യ സീറയായി ഗണിക്കപ്പെടുന്നത്. ആദം നബി(അ) മുതലുള്ള പ്രവാചകൻമാരുടെ ചരിത്രങ്ങൾ, പ്രധാന സംഭവങ്ങൾ, അറേബ്യയുടെ ചരിത്രം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ചരിത്രരചനയാണിത്. കാലക്രമം പരിഗണിച്ചും നിവേദന പരമ്പരകൾ ഉദ്ധരിച്ചുമുള്ള ശൈലിയാണ് ഇതിൽ സ്വീകരിച്ചിട്ടുള്ളത്. അനസുബ്നു മാലി ക്(റ), മഹ്‌മൂദ്ബ്‌നു റബീഅ്(റ) തുടങ്ങിയ സ്വഹാബികളെയും അബ്ബാനുബ്നു ഉസ്‌മാൻ(റ), ഖാസിമുബ്നു മുഹമ്മദ്(റ) തുടങ്ങിയ താബിഈ പ്രമുഖ രെയും നേരിട്ടുകണ്ട വ്യക്തിയാണ് ഇബ്നു ഇസ്ഹാഖ്. ഹിജ്റ 207ൽ വഫാത്തായ മുഹമ്മദ്ബ്നു ഉമർ വാഖിദിയുടെ 'കിതാബുൽമഗാസി'യാണ് പിന്നീട് രചിക്കപ്പെട്ട സീറാഗ്രന്ഥം. ലോകമെമ്പാടും രചിക്കപ്പെട്ട സീറാഗ്രന്ഥങ്ങളെ മഗാസീ, ഷമാഇൽ, ദലാഇൽ, തറാജിം, ഖസാഇസ്‌ എന്നിങ്ങനെ അഞ്ചായി വിഭജിക്കാം.

1. മഗാസീ 

ചരിത്രരചനകളിൽ ആദ്യമായി രൂപപ്പെട്ടുവെന്ന് കരുതപ്പെടുന്നത് മഗാസിയെന്ന വിജ്ഞാനശാഖയാണ്. യുദ്ധങ്ങളെ കുറിച്ചുള്ള വിവരണമാണ് പ്രധാനമായും ഇതിന്റെ ഉള്ളടക്കം. മഗാസീ ഗ്രന്ഥങ്ങൾ സീറയുടെ ക്രോഡീകരണത്തിന് ഏറെ സഹായകമായിട്ടുണ്ട്. പക്ഷേ പിന്നീട് പൊതുവെ നബി(സ)യുടെ ജീവിതത്തെ മുഴുവനായും പരാമർശിക്കുന്ന സീറയുടെ പര്യായപദമായി 'മഗാസി' മാറിയിട്ടുണ്ട്. സ്വഹാബത്തിന്റെ കാലത്ത് തന്നെ മഗാസീ ഗ്രന്ഥങ്ങൾ പിറവിയെടുത്തിട്ടുണ്ട്. ഉർവതുബ്നു സുബൈർ(റ), അബ്ബാനുബ്നു ഉസ്മ‌ാൻ(റ) എന്നീ സ്വഹാബികൾ യുദ്ധചരിത്രങ്ങൾ ഏടുകളിൽ രേഖപ്പെടുത്തിട്ടുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ), സഈദുബ്നു മുസയ്യബ്(റ) എന്നിവരും ഇതിൽ പങ്കാളികളാണ്. അവരുടെ കൃതികൾ ഇന്നു ലഭ്യമല്ലെങ്കിലും പിൽക്കാല രചനകളിൽ വന്ന പരാമർശങ്ങളിലൂടെ ഇത്തരം രചനകൾ നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.


2. ശമാഇൽ

തിരുനബി(സ്വ)യുടെ വ്യക്തിവിശേഷണങ്ങൾ, സ്വഭാവമഹിമ, പ്രകൃതം, ജീവിതരീതി, ശീലങ്ങൾ, ഭക്ഷണം, പാനീയം, ഉപയോഗിച്ച വസ്‌തുക്കൾ, ശാരീരിക ഘടന, സൗന്ദര്യം തുടങ്ങിയവക്ക് പ്രാധാന്യം നൽകിയുള്ള രചനകളാണിത്. ഹിജ്റ 279ൽ വഫാത്തായ ഇമാം തുർമുദിയുടെ 'അശ്ശമാഇലുൽമുഹമ്മദിയ്യ' ഈ ഗണത്തിലെ പ്രഥമ കൃതിയായി ഗണിക്കപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടുകാരായ അബുൽഅബ്ബാസ് മുസ്തഅ്ഫിരിയുടെ 'അശ്ശമാഇലുന്നബവിയ്യ വൽഖസാഇസുൽ മുസ്തഫവിയ്യ', മാലിക്കീ മദ്ഹബിൽ പ്രധാനിയായ ഇമാം ഖാളി ഇയാളിന്റെ 'കിതാബുശ്ശിഫാ' തുടങ്ങിയവ ഈ ശാഖയിലെ പ്രധാനകൃതികളാണ്.


3. ദലാഇൽ:

അടയാളങ്ങൾ എന്നാണ് ഈ പദത്തിന്റെ ഭാഷാർത്ഥം. മുഅ്‌ജിസത്തുകളെ മുൻനിർത്തിയുള്ള ചരിത്രരചനയാണിത്. വേദഗ്രന്ഥങ്ങളിലൂടെ മുൻകാല നബിമാർ നബി(സ്വ)യുടെ ആഗമനത്തെക്കുറിച്ചു നൽകിയ സന്തോഷവാർത്തകൾ, നിയോഗത്തിനു മുമ്പ് വേദപണ്ഡിതരും ജ്യോത്സ്യരും ലക്ഷണം നോക്കി പ്രവചിച്ചത്, ജനനസമയത്ത് സംഭവിച്ച അത്ഭുതങ്ങൾ, ഉമ്മിയ്യായ നബി(സ്വ) നടത്തിയ ചെറുതും വലുതുമായ പ്രവചനങ്ങൾ, മുൻകാല ചരിത്ര പരാമർശങ്ങൾ തുടങ്ങിയ വിഷയങ്ങൾക്ക് ഈ ശാഖയിൽ പ്രാധാന്യം നൽകിയിരിക്കുന്നു. ഹിജ്റ 212ൽ വഫാത്തായ പ്രമുഖ മുഹദ്ദിസും ഹദീസ് പണ്ഡിതർക്കിടയിൽ വിശ്വസ്തനുമായ മുഹമ്മദ്ബ്നു യൂസുഫ് ഫിർയാബിയുടെ 'ദലാഇലുന്നുബുവ്വ', അഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട അബൂബക്കർ അൽ ബൈഹഖിയുടെ 'ദലാഇലുന്നുബുവ്വ' തുടങ്ങിയവ ഈ ഗണത്തിലെ രചനകളാണ്.


4. കുതുബുത്തറാജിം

സ്വഹാബികൾ, പ്രമുഖരായ താബിഉകൾ തുടങ്ങിയ മഹാരഥന്മാരുടെ ജീവചരിത്രം പറയുന്ന കൃതികളാണിവ. സ്വഹാബത്തിന്റെ ചരിത്രം നബി(സ്വ)യുടെ ചരിത്രത്തിന്റെ കൂടി ഭാഗമായതുകൊണ്ടാണ് ഇത്തരം കൃതികൾ കൂടി സീറയുടെ അവലംബമായി ഗണിക്കപ്പെടുന്നത്. ഹിജ്റ 230ൽ വഫാത്തായ ഇബ്നു സഅദിന്റെ 'ത്വബഖാത്തുൽ കുബ്റാ', ഇബ്നുഅബ്ദുൽ ബറിന്റെ 'ഇസ‌്തീആബ്', ഇബ്നു അസീറിന്റെ 'ഉസ്ദുൽ ഗാബ', ഇബ്‌നുഹജറുൽ അസ്ഖലാനി(റ)വിന്റെ 'അൽഇസ്വാബ ഫീ തംയീസിസ്സ്വഹാബ' തുടങ്ങിയവ ഇതിലെ മുഖ്യരചനകളാണ്.


5. ഖസാഇസ്

മുൻകാല നബിമാർക്കില്ലാത്തതും നമ്മുടെ നബി(സ്വ)ക്ക് മാത്രമുള്ളതുമായ പ്രത്യേകതകൾ, സമൂഹത്തിൽ നബി(സ്വ)ക്ക് മാത്രമുള്ള പ്രത്യേകതകൾ, മുൻകാല സമുദായങ്ങളിൽ നിന്ന് വ്യത്യസ്‌തമായി മുഹമ്മദ് നബി(സ്വ) യുടെ സമുദായത്തിനുള്ള പ്രത്യേകതകൾ തുടങ്ങിയവയാണ് ഇവയുടെ പ്രമേയം. ഇമാം സുയൂഥി(റ)വിന്റെ 'അൽ ഖസാഇസുൽ കുബ്റാ', ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനി(റ)വിന്റെ 'അൽ അൻവാർ ബി ഖസാഇസിൽ മുഖ്‌താർ' തുടങ്ങിയവ ഈ ഗണത്തിലെ പ്രധാന രചനകളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter