അധികാരം ആ തിരുകൈകളിലെത്തിയപ്പോള്‍
ക്രിസ്ത്വബ്ദം 623. ഹിജ്റയുടെ ഒന്നാം വര്‍ഷം. പ്രവാചകര്‍ മദീനയിലെത്തി ഇസ്ലാമികരാഷ്ട്രത്തിന്റെ സംസ്ഥാപനം പടിപടിയായി നടന്നുകൊണ്ടിരിക്കയാണ്. മക്കയില്‍നിന്ന് വ്യത്യസ്തമായി മദീനയില്‍ വിവിധ മതക്കാരുണ്ട്, ജൂതവിശ്വാസികളായ കുടുംബങ്ങള്‍ ഏറെയുണ്ട്. ബനൂഖുറൈള, ബനൂഖൈനുഖാഅ്, ബനുന്നളീര്‍ എന്നീ ഗോത്രങ്ങളായി അറിയപ്പെട്ടിരുന്ന അവര്‍ മദീനയിലെ പ്രബല വിഭാഗം തന്നെയാണ്. എന്നാല്‍ മദീനക്കാരില്‍ ഭൂരിഭാഗവും പ്രവാചകനില്‍ വിശ്വസിച്ചവരായിരുന്നതിനാല്‍ ഇസ്ലാമികരാഷ്ട്രത്തെ നിരാകരിക്കാനോ അതിനെതിരെ യുദ്ധം നയിക്കാനോ അവര്‍ക്കാകുമായിരുന്നില്ല.
മദീനയിലെത്തിയ പ്രവാചകര്‍ ഈ സാമൂഹ്യചുറ്റുപാടുകള്‍ മനസ്സിലാക്കി. താന്‍ സ്ഥാപിച്ച ഇസ്ലാമിക രാഷ്ട്രത്തിലെ പൌരന്മാരായി നിലകൊള്ളുന്നവര്‍ക്ക് യാതൊരു വിധ പ്രയാസവും ആരില്നിന്നും ഉണ്ടാവരുതെന്ന് പ്രവാചകര്ക്ക് നിര്ബന്ധമുണ്ടായിരുന്നു. അവിടുന്ന് അവരുമായി ഒരു കരാര്‍പത്രത്തിലൊപ്പിട്ടു. ആ കരാറിന്റെ രണ്ടാം ഭാഗം മദീനയിലെ ജുതരെയും ഇതരഗോത്രവിഭാഗങ്ങളെയും സംബന്ധിക്കുന്നതായിരുന്നു. അവരുമായുള്ള സമീപനത്തില്‍ മുസ്ലിംകള് സ്വീകരിക്കേണ്ട നിലപാടുകളും അവര്ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകതയും കണിശമായി വരച്ച് വെക്കുന്നതായിരുന്നു ആ കരാറിലെ നല്ലൊരു ഭാഗം. റോമന്‍ ഓറിയന്റലിസ്റ്റുകാരനായ ജ്യോര്‍ജിയോ ഇതേകുറിച്ച് പറയുന്നത് ഇങ്ങനെയാണ്, മുഹമ്മദ് മദീയിലെത്തിയശേഷം അവിടത്തുകാരുമായുണ്ടാക്കിയ കരാര്‍ മദീനയുടെ ഭരണഘടനയായാണ് പരിഗണിക്കപ്പെടുന്നത്. അതിലെ അമ്പത്തിരണ്ട് ഖണ്ഡികകളില്‍ ഇരുപത്തഞ്ചെണ്ണം മുസ്ലിംകളെ സംബന്ധിക്കുന്നതും ഇരുപത്തിയേഴെണ്ണം ഇതരമതസ്ഥരെ, വിശിഷ്യാ ജൂതരെയും ബഹുദൈവാരാധകരെയും അവരുമായി സ്വീകരിക്കപ്പെടേണ്ട നിലപാടുകളെയും സംബന്ധിക്കുന്നവയുമായിരുന്നു. ഇതരമതസ്ഥര്‍ക്ക് ആരാധനാസ്വാതന്ത്ര്യം ഉള്‍പ്പെടെ, പൂര്‍ണ്ണമായ സ്വാതന്ത്ര്യം അനുവദിക്കുന്നതായിരുന്നു ആ നിയമാവലി.
മതത്തിന്റെ പേരില്‍ തമ്മിലടിക്കുകയും ചോരച്ചാലുകള്‍ തീര്‍ക്കുകയും ചെയ്യുന്നത് പതിവായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ആ മഹനീയമാതൃകയിലേക്ക് തിരിഞ്ഞുനടക്കാന്‍ മാനവരാശിക്ക് സാധിച്ചിരുന്നെങ്കില്‍…
ക്രിസ്ത്വബ്ദം 631. പ്രവാചകര്‍ അനുയായികളോടൊപ്പം തന്റെ ജന്മ നാടായ മക്കയിലേക്ക് തിരിച്ചുവരുന്നു. ഏകദൈവവിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു എന്ന ഏകകാരണം കൊണ്ട് ഒമ്പത് വര്‍ഷം മുമ്പ് തന്നെയും അനുയായികളെയും ജന്മനാട് ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയവരാണ് മക്കാനിവാസികള്‍. ഇന്ന് പ്രവാചകരുടെ അനുയായികള്‍ ഏറെയാണ്, ശക്തിയും സന്നാഹവും വേണ്ടത്രയുണ്ട്. മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും പ്രതിരോധിക്കണമെന്നും ആദ്യമൊക്കെ പലരും അഭിപ്രായപ്പെട്ടെങ്കിലും പ്രവാചകരും അനുയായികളും കടന്നുവരുന്നത് കണ്ടതോടെ അവരെല്ലാം ആ ചിന്ത ഉപേക്ഷിച്ച്, സുരക്ഷിത താവളങ്ങള്‍ തേടി ഉള്‍വലിഞ്ഞു. വിജയശ്രീലാളിതനായ പ്രവാചകര്‍ കഅ്ബാലയത്തിന് സമീപമെത്തി. രക്ഷപ്പെടാനാവാതെ പലരും അവിടെ കുടുങ്ങിനില്‍പ്പുണ്ട്. ചുറ്റുപാടുമുള്ള കുന്നുകളിലൊളിച്ചവരും വീടുകള്‍ക്കുള്ളില്‍ വാതിലടച്ചിരുന്നവരും ആ രംഗം വീക്ഷിക്കുന്നുണ്ട്. തന്നെയും അനുയായികളെയും പീഢിപ്പിച്ചവരോട് എന്തെങ്കിലും പ്രതികാരനടപടി ഉണ്ടാവാതിരിക്കില്ലെന്ന് അവരൊക്കെ ന്യായമായും പ്രതീക്ഷിച്ചു. എന്നാല്‍ ചരിത്രം പോലും മൂക്കത്ത് വിരല്‍ വെച്ചുപോയ രംഗങ്ങളാണ് പിന്നീട് അവിടെ കാണാനായത്. സ്വതസിദ്ധമായ പുഞ്ചിരിയോടെ പ്രവാചകര്‍ അവരെ അഭിസംബോധനചെയ്തു, അവിടന്ന് ചോദിച്ചു, നിങ്ങളോട് ഞാന്‍ എങ്ങനെ പെരുമാറുമെന്നാണ് നിങ്ങള്‍ കരുതുന്നത്? പ്രതീക്ഷ ഒട്ടുമില്ലെങ്കിലും അവര്‍ ഇങ്ങനെ പ്രതിവചിച്ചു, താങ്കള്‍ മാന്യനായ ഒരു സഹോദരനാണ്, താങ്കളുടെ പിതാവും അങ്ങനെത്തന്നെയായിരുന്നല്ലോ. അത് പറയുമ്പോഴും അവരുടെ കാല്‍മുട്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു, വാക്കുകള്‍ പുറത്തുവരാതെ അവര്‍ ഗദ്ഗദകണ്ഠരാവുന്നുണ്ടായിരുന്നു.
അവരുടെ ഭീതമനസ്സുകളില്‍ ആശ്വാസത്തിന്റെ തെളിനീര്‍ പൊഴിച്ച് പ്രവാചകര്‍ ഇങ്ങനെ പറഞ്ഞു, പ്രവാചകനായ യൂസുഫ് തന്റെ സഹോദരങ്ങളോട് പറഞ്ഞതേ എനിക്കും നിങ്ങളോട് പറയാനുള്ളൂ, ഇന്നേ ദിവസം നിങ്ങളെ ഞാന്‍ ആക്ഷേപിക്കുന്നേയില്ല, പോയിക്കൊള്ളുക, നിങ്ങളെല്ലാം സ്വതന്ത്രരാണ്, അല്ലാഹു എനിക്കും നിങ്ങള്‍ക്കും പൊറുത്തൂതരട്ടെ. ആ അധരങ്ങളില്‍ അപ്പോഴും വിടര്‍ന്നുനിന്നത് പുഞ്ചിരിയായിരുന്നു.
തന്റെ മുന്നില്‍ വിറയലോടെ നില കൊണ്ട ആ ജനക്കൂട്ടത്തെ സ്വതന്ത്രരായി പറഞ്ഞയക്കുമ്പോള്‍ അവിടെ പ്രവാചകര്‍ കീഴടക്കിയത് അവരുടെ മനസ്സുകളെയായിരുന്നു.
പോരാട്ടങ്ങളുടെയും സൈനിക ഇടപെടലുകളുടെയും അതുവരെയുള്ള ചരിത്രത്താളുകള്‍ വീര്‍പ്പടക്കി നിന്ന സന്ദര്‍ഭമായിരുന്നു അത്. ശേഷം വരാനിരിക്കുന്ന ദിനങ്ങളും ആ ചരിത്രമുഹൂര്‍ത്തത്തെ മനസ്സാ നമിക്കാതിരിക്കില്ല.
Leave A Comment