മുത്ത്നബി, സ്നേഹത്തിന്‍റെ തിരുവസന്തം

അബൂയസീദില്‍ ബിസ്താമി (റ)യോടൊരാള്‍ ചോദിച്ചു, ഏറ്റവും വേഗത്തില്‍ അല്ലാഹുവിലെത്താനുള്ള വഴിയേതാണ് ? അദ്ദേഹം പറഞ്ഞു, നിന്റെ മുഴുവന്‍ കരുത്തുമുപയോഗിച്ച് നീയവനെ സ്‌നേഹിക്കുക. ചോദ്യകര്‍ത്താവ്, അത് താന്‍ നേരത്തേ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ‘എങ്കില്‍ നീ മറ്റുള്ളവരാല്‍ സേനേഹിക്കപ്പെടേണ്ടിയിരിക്കുന്നു’ എന്നായിരുന്നു ബിസ്താമിയുടെ മറുപടി. പക്ഷെ എന്തിനെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘അല്ലാഹു ഓരോ ഹൃദയവും സന്ദര്‍ശിക്കാറുണ്ട്. നിന്റെ ഹൃത്തടം സന്ദര്‍ശിക്കുമ്പോള്‍ അവനോടുള്ള നിന്റെ സ്‌നേഹം ദര്‍ശിക്കുകയും സന്തുഷ്ടനാവുകയും ചെയ്യും. മറ്റുള്ളവരുടെ മനോഭിത്തിയില്‍ സ്‌നേഹാക്ഷരങ്ങള്‍കൊണ്ട് നിന്റെ നാമം കുറിച്ച് വെക്കപ്പെട്ടത് കണ്ടാല്‍ നിന്നെയവന്‍ കൂടുതല്‍ സ്‌നേഹിക്കുമെന്നതില്‍ സന്ദേഹമില്ല’.

കുതിച്ചൊഴുകുന്ന  നദിയുടെ അണകെട്ടി നിര്‍ത്താനാവാത്ത സമുദ്രത്തോടുള്ള അഭിനിവേശമാണ് സ്‌നേഹം. ദൈവം പരകോടിയരുവികള്‍ പടച്ച് താനാകുന്ന മഹാസമുദ്രത്തിലേക്കൊഴുകാന്‍ മനുഷ്യന് നല്‍കിയ കല്‍പനയത്രെ ഇസ്ലാം. പകയും വെറുപ്പും വിദ്വേഷവും ഭീകരസത്വങ്ങളായി പുനര്‍ജനിച്ച് വറ്റിച്ചും വിഷം കലക്കിയും മലിനമാക്കിയും മൃതപ്രായമായ ഈ അരുവികളില്‍ സ്‌നേഹത്തിന്റെ കണങ്ങള്‍ നിറച്ച് കൊണ്ടേയിരിക്കാന്‍ അവധൂതരായവരാണ് പുണ്യാത്മാക്കളായ പ്രവാചകന്മാര്‍.

അന്ധകാരം വെളിച്ചത്തിന്നുമേല്‍ ശാശ്വതമെന്ന പ്രതീതി ജനിപ്പിക്കുംവിധം അധീശത്വം  നേടിയ ചരിത്രത്തിന്റേ ഒരു ഭീതിദദശാസന്ധിയെ മനുഷ്യന്‍ എന്നെന്നുമോര്‍ക്കുന്ന മാനവിക മൂല്യങ്ങളുടേയും സാംസ്‌കാരിക നവജാഗരണത്തിന്റേയും ഹൃദയഹാരിയായ വസന്തമാക്കി മാറ്റിയ  അല്‍ഭുത പ്രതിഭാസത്തിന്ന് ചരിത്രം നല്‍കിയ നാമമാണ് അന്ത്യദൂതര്‍ മുഹമ്മദ് എന്നത്. നൃശംസനീയതകളുടെ സര്‍വ്വസംഹാരതാണ്ഡവത്തില്‍ അടിവേരിളകി കടപുഴകി വീണ നന്മപൂക്കുന്ന വൃക്ഷങ്ങളെ തിരുസ്‌നേഹത്തിന്റെ വെള്ളവും വെളിച്ചവും വളവും നല്‍കി സുകൃതങ്ങള്‍ കായ്ക്കുന്ന ദിവ്യതരുക്കളായി അവിടുന്ന് നട്ടുവളര്‍ത്തി. ഹിജാസിന്റെ മാറിടത്തില്‍ ദൈവിക സ്‌നേഹത്തിന്റെ അനശ്വര പ്രവാഹം അണപൊട്ടി. തൗബയുടെ സ്വഛന്ദങ്ങളിലൂടെ കരകവിഞ്ഞൊഴുകിയ ആ പ്രണയ സദസ്സിലേക്ക് മീവല്‍ പക്ഷികള്‍ ദാഹാര്‍ത്തരായി പാറിവന്ന് ആത്മാവിന്റെ ആഴങ്ങളിലേക്ക് ആ സൗരഭ്യത്തെ ആവാഹിച്ചെടുത്തു. ആ പവിത്രകണങ്ങളിറ്റുവീണ് ഊഴിയുടെ വ്രണങ്ങള്‍ കരിഞ്ഞുണങ്ങി. ആത്മാവ് പുഷ്ടിച്ച് തരുക്കളില്‍ സ്നേഹത്തിന്റെ നീര്‍മാതാളം പൂത്തു. മാനസങ്ങളില്‍  ചെമ്പകപ്പൂവിന്റെ സുഗന്ധം  നിറഞ്ഞു. വിശുദ്ദ പ്രവാചകന്‍ പുണ്യസ്നേഹത്തിന്റെ തിരുനെയ്യൊഴിച്ച് തിരിതെളിയിച്ചുവെച്ച മാനവികതയുടെ മഹാവിളക്കുമരങ്ങള്‍, ആധുനിക കാലത്ത് മനുഷ്യസ്‌നേഹത്തിന്റെയും ലോകസമാധാനത്തിന്റെയും മഹാപ്രതീകങ്ങളും മൂര്‍ത്തബിംബങ്ങളുമായി അവതിരിപ്പിക്കപ്പടുന്നവരുടെ നേട്ടങ്ങളെയെല്ലാം  പ്രഭാശൂന്യവും തൃണ സമാനവുമാക്കുന്നതായിരുന്നു. ആ സ്നേഹമാസ്മരികതയില്‍ പതിറ്റാണ്ടുകള്‍ പ്രായമുള്ള വൈരത്തിന്റെയും വിദ്വേഷത്തിന്റെയുംവടവൃക്ഷങ്ങള്‍ കടപുഴകി വീഴുകമാത്രമല്ല, മനുഷ്യനും ജിന്നും എന്തിന്ന് മരങ്ങളും മൃഗങ്ങളും പറവകളും വരെ സ്‌നേഹവും സ്വാസ്ഥ്യവും ആവോളം നുകര്‍ന്ന് സാഹ്ലാദം വസിച്ചു.

എന്റെ നിയന്താവായ അല്ലാഹു തന്നെ സത്യം, നിങ്ങള്‍ വിശ്വസിക്കുന്നത് വരെ സ്വര്‍ഗ്ഗ പ്രവേശം സാധ്യമല്ല, നിങ്ങള്‍ പരസ്പരം  സ്‌നേഹിക്കുന്നത് വരെ  വിശ്വാസികളാവുകയുമില്ല. എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞ് വെച്ചതിലൂടെ സ്‌നേഹമാണ് വിശ്വാസത്തിന്റെ ആത്മാവും ആണിക്കല്ലുമെന്ന മഹാസന്ദേശം മുത്ത് നബി(സ) ലോകത്തിന്ന് പകര്‍ന്ന് നല്‍കി.

ഇരുട്ടിന്ന്  ഓശാന പാടി  ശപിക്കപ്പെട്ട പിശാചിന്റെ വിലോഭനങ്ങള്‍ക്ക് വശംവദനായി സ്രഷ്ടാവിനേയും സൃഷ്ടിലക്ഷ്യത്തേയും വിസ്മരിച്ച് കഴിഞ്ഞ് കൂടേണ്ടവനല്ല ദൈവത്തിന്റെ ഉത്കൃഷ്ട സൃഷ്ടിയായ മാനവന്‍ എന്ന അവിടുത്തെ ഉദ്ഘോഷം കര്‍ണ്ണപുടങ്ങളില്‍ അലയൊലി തീര്‍ത്തപ്പോള്‍ മോഹാലസ്യത്തില്‍ നിന്നും പിടഞ്ഞുണര്‍ന്ന ലോകം പിഴവിന്റെ പാതയിലൂടെയുള്ള അപഥസഞ്ചാരം തങ്ങളുടെ ആത്മാവില്‍ തെറിപ്പിച്ച ചേറും ചെളിയും പരസ്പര സ്‌നേഹത്തിന്റെ പനിനീര്‍ കൊണ്ട് ശുദ്ധമാക്കുകയും ധരണിയെ നന്മയുടെ മൊട്ടുകള്‍ മാത്രം വിരിയുകയും സുകൃതങ്ങളുടെ കുളിര്‍ തെന്നല്‍ മാത്രം പരിമളം പരത്തുകയും ചെയ്യുന്ന ഒരു മനോഹര മലര്‍വാടിയാക്കുവാന്‍ അക്ഷീണം യത്‌നിക്കുകയും ചെയ്തതാണ് ചരിത്രം നമുക്ക് കാണിച്ചുതരുന്നത്.

ശത്രുവിനെ പകയുടേയും വിദ്വേഷത്തിന്റേയും ഖഡ്ഗങ്ങള്‍ കൊണ്ട് ഗളഛേദം നടത്തുന്നതിന്ന് പകരം സ്വഭാവസംശുദ്ദതയെന്ന വജ്രായുധം കൊണ്ട് അവന്റെ തിന്മകളുടെ വേരറക്കുന്നതാണ് യഥാര്‍ത്ഥ മാനവികതയുടെ വഴിയെന്ന് തിരുനബി (സ) പ്രയോഗത്തിലൂടെ ലോകത്തെ പഠിപ്പിച്ചു. ഇരുട്ടത്ത് നില്‍ക്കുന്നവനെ ഘനാന്ധകാരത്തിന്റെ ഉള്ളറകളില്‍ ഉപേക്ഷിച്ച്  പോരാതെ വെളിച്ചക്കീറ് കൊണ്ടുവന്ന്  നന്മയിലേക്കുള്ള വഴി കാണിക്കാനാണ് അവിടുന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അശാന്തിയുടേയും അസമാധാനത്തിന്റേയും തീപ്പൊരി ചിതറിച്ചു കൊണ്ടല്ല മാനവകുലത്തിന്റെ ആത്മാവിന്റെ ആളലടക്കേണ്ടതെന്ന് ലോകത്തിന്ന് മുമ്പില്‍ കാണിച്ചു കൊടുത്ത അവിടുന്ന് തിന്മയെ തിന്മകൊണ്ടല്ല, മറിച്ച് നന്മകൊണ്ടാണ് കൂച്ചുവിലങ്ങിടേണ്ടതെന്ന മഹനീയസത്യം ലോകത്തോടുദ്ഘോഷിച്ചു.

അനശ്വര സ്നേഹത്തിന്റെ  അണമുറിയാത്ത പ്രവാഹത്തിന്ന് വിളുമ്പത്താണ് തങ്ങളെ പുണ്യദൂതര്‍ (സ)പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന സത്യസന്ധമായ തിരിച്ചറിവ് തന്റെ അനുയായികളില്‍ ജനിപ്പിക്കാന്‍ അവിടുത്തേക്ക് കഴിഞ്ഞത് കൊണ്ടാണ് ‘മുഹമ്മദ് നബി യുടെ അനുയായികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് പോലെ ഒരു നേതാവും തന്റെ അനുയായികളാല്‍ സ്‌നേഹാദരവുകള്‍ക്ക് പാത്രമാകുന്നതിന്ന് ഞാന്‍ സാക്ഷിയായിട്ടില്ലെന്ന് ഹുദൈബിയയില്‍ പ്രവാചകസന്നിധി സന്ദര്‍ശിച്ച ഖുറൈശി പ്രമുഖന്ന് അംഗീകരിക്കേണ്ടിവന്നത്. ചരിത്രം ദര്‍ശിച്ച ധിഷണാശാലികളും വിജിഗീഷുക്കളും തത്വജ്ഞാനികളും  സാഹിത്യ പടുക്കളുമെല്ലാം അവിടുത്തെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടിയതും മറ്റൊന്നുകൊണ്ടുമല്ല. അബൂയസീദില്‍ ബിസ്താമി സൂചിപ്പിച്ചത് പോലെ ജനതതികളുടെ ഹൃദയത്തില്‍ സ്‌നേഹാക്ഷരങ്ങള്‍ കൊണ്ട് തന്റെ നാമം കൊത്തി വെക്കപ്പെട്ടാന്‍ മാത്രം തീവ്രവും ഗാഢവും വശ്യസുന്ദരവുമായിരുന്നു ആ ദിവ്യ സ്‌നേഹം. പാരസ്പര്യത്തിന്റേയും സഹജീവി സ്‌നേഹത്തിന്റേയും കലവറകളില്ലാത്ത മാനുഷിക ബന്ധങ്ങളുടേയും പ്രസരണങ്ങളിലൂടെ ദൈവിക സ്‌നേഹത്തിന്റ പാനപാത്രം കയ്യിലേന്തി മുന്നോട്ട് ഗമിക്കാന്‍ ശ്രമിക്കാന്‍ ആമഹദ്ജീവിതം സര്‍വ്വര്‍ക്കും പ്രചോദനം നല്‍കി. വിശുദ്ധ ഖുര്‍ആന്‍ പുണ്യനബി (സ) യെ വിശേഷിപ്പിക്കുന്നത് മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ മനോ വേദനയനുഭവിക്കുന്നവരും അവരുടെ കാര്യങ്ങളില്‍ അമിത താല്‍പര്യം കാണിക്കുന്നവരും കൃപാകാരുണ്യസാഗരവുമായിട്ടാണ്.(തൗബ 128). മരണത്തിന്റെ മാലാഖ മുഖാമുഖം നിന്ന വേളയില്‍ പോലും വിശേഷണങ്ങളിലൊതുങ്ങാത്ത വിധം സമുദായ സ്‌നേഹത്തിന്റെ മാതൃക തീര്‍ത്ത്, സ്വയം സ്‌നേഹത്തിന്റെ ഇടുങ്ങിയപരിസരങ്ങളില്‍ രമിച്ച് സ്വാര്‍ത്ഥതയുടെ തമ്പുകെട്ടിപ്പാര്‍ക്കേണ്ടവനല്ല മനുഷ്യന്‍ എന്ന ഇസ്ലാമികദര്‍ശനം ജീവിതവ്രതമാക്കിയ ആ വിശുദ്ധിയുടെ പ്രതീകത്തിന്ന് ദേഹവും ദേഹിയും സമര്‍പ്പിക്കാതെ ഒരാളുടെ വിശ്വാസം പൂര്‍ണ്ണതയുടെ ബിന്ദുതൊടില്ലെന്ന് അവിടുന്ന് പ്രസ്താവിച്ചതിന്റേയും ഹേതുകം മറ്റൊന്നല്ല. ഈ തിരുസ്‌നേഹവസന്തത്തിന്റെ പരിമളം ആത്മാവിലേറ്റു വാങ്ങി നന്മയുടെ പ്രയോക്താക്കളും പ്രചാരകരുമായിത്തീരാനാണ് ഓരോ റബീഇന്റേയും തിരുപ്പിറവി നമ്മോടാവശ്യപ്പെടുന്നത്. ആലസ്യത്തിന്റേയും നിസ്സംഗതയുടേയും കുംഭകര്‍ണ്ണനിദ്രയില്‍ നിന്നും ഉണര്‍ത്തെണീറ്റ് മനുഷ്യകുലത്തിന്റെ വഴിയെ സഞ്ചരിക്കാന്‍ നാം തയ്യാറായാല്‍ മാത്രമേ ആ പുണ്യാത്മാവിന്റെ ജീവിതത്തോടും അവിടുന്ന്‌ മെയ്യും മനസ്സുമര്‍പര്‍പ്പിച്ച് പടുത്തുയര്‍ത്തിയ ഇസ്ലാമിക ദര്‍ശനത്തോടും നീതി പുലര്‍ത്താനും അതു വഴി ഇരുലോകവിജയം നേടിയെടുക്കാനും നമുക്ക് കഴിയൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter