ഇമാം ഗസ്സാലി ചോദിക്കുന്നു, മകനേ, നീ പഠിച്ചതിൽ എത്രത്തോളം ജീവിച്ചു?

വർഷങ്ങളോളം പഠിച്ച ഒരു ശിഷ്യൻ. പഠിപ്പിച്ചതെല്ലാം ശ്രദ്ധയോടെ കേട്ടിട്ടുണ്ട്. പല വിജ്ഞാനശാഖകളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. സൂക്ഷ്മമായ വിഷയങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അറിവുള്ളവരുടെ കൂട്ടത്തിൽ ഇരിക്കാവുന്ന ഒരാളായി വളർന്നിട്ടുമുണ്ട്.

എന്നിട്ടും ഒരു ദിവസം അയാളുടെ ഉള്ളിൽ ഒരു ചോദ്യം ഉയരുന്നു. ഇത്രയും പഠിച്ചതിൽ യഥാർത്ഥത്തിൽ എനിക്കു പ്രയോജനപ്പെടുന്നത് എന്താണ്? മറ്റുള്ളവരുടെ മുന്നിൽ വിശദീകരിക്കാൻ കഴിയുന്ന അറിവ് എനിക്കുണ്ട്. എന്നാൽ എന്റെ ജീവിതത്തിന് വെളിച്ചമാകുന്ന അറിവ് ഏതാണ്? മരണത്തിനപ്പുറത്തേക്കുള്ള യാത്രയിൽ എന്നെ അനുഗമിക്കുന്നത് എന്താണ്?

അയാൾ തന്റെ ഗുരുവിന് ഒരു കത്തെഴുതുന്നു. വലിയ ഗ്രന്ഥങ്ങളിൽ ഉത്തരങ്ങളുണ്ടെന്ന് അറിയാം. എന്നാലും ജീവിതകാലം മുഴുവൻ കൂടെ കൊണ്ടുനടക്കാവുന്ന ചില ഉപദേശങ്ങൾ സ്വന്തം പേരിൽ എഴുതിക്കിട്ടണം. ആ അഭ്യർത്ഥനയ്ക്കുള്ള മറുപടിയായാണ് അയ്യുഹൽ വലദ് നമ്മുടെ മുന്നിൽ തുറക്കുന്നത്. ഗ്രന്ഥത്തിന്റെ ആമുഖത്തിൽ അവതരിപ്പിക്കുന്ന ഈ ശിഷ്യൻ അറിവിന്റെ തുടക്കത്തിൽ നിൽക്കുന്നയാളല്ല. ഏറെ പഠിച്ചശേഷം പഠനത്തിന്റെ അർത്ഥം അന്വേഷിക്കുന്നയാളാണ്. അതുകൊണ്ടുതന്നെ ഈ കൃതി വായിക്കുമ്പോൾ ഒരു ചെറിയ അസ്വസ്ഥത നമുക്കും അനുഭവപ്പെട്ടേക്കാം. ഇത്രയും കാലം പഠിച്ചതിൽ എന്താണ് എന്റെ ജീവിതത്തിൽ വേരുപിടിച്ചത്? ഞാൻ കേട്ട പ്രഭാഷണങ്ങൾ, പങ്കെടുത്ത പരിശീലനങ്ങൾ, നേടിയ സർട്ടിഫിക്കറ്റുകൾ, വായിച്ച പുസ്തകങ്ങൾ—ഇതിൽ ഏതെങ്കിലും എന്റെ പെരുമാറ്റത്തെ കൂടുതൽ നല്ലതാക്കിയിട്ടുണ്ടോ? മറ്റുള്ളവർക്കു വഴികാട്ടാൻ പഠിക്കുന്നതിനിടയിൽ സ്വന്തം വഴി പരിശോധിക്കാൻ ഞാൻ സമയം കണ്ടെത്തിയിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്കു മുന്നിൽ വിദ്യാർത്ഥിയും അധ്യാപകനും രക്ഷിതാവും കരിയർ ഗൈഡും ഒരുപോലെ ഇരിക്കേണ്ടിവരും. കാരണം, ഇതിലെ ശിഷ്യന്റെ സ്ഥാനത്ത് ഇരിക്കാൻ പ്രായപരിധിയില്ല.

ഗുരു മറുപടി ആരംഭിക്കുന്നത് ഒരു സ്നേഹവിളിയോടെയാണ്: പ്രിയപ്പെട്ട മകനേ എന്ന അർത്ഥത്തിലുള്ള ഒരു വിളി.

ഉപദേശത്തിനു മുമ്പ് സ്നേഹം എത്തുന്നു. തിരുത്തലിനു മുമ്പ് ബന്ധത്തിന്റെ ഊഷ്മളത അനുഭവപ്പെടുന്നു. ഈ തുടക്കത്തിൽത്തന്നെ വിദ്യാഭ്യാസത്തിനും രക്ഷാകർതൃത്വത്തിനും വലിയൊരു പാഠമുണ്ട്. നമ്മുടെ മുന്നിലിരിക്കുന്ന കുട്ടിക്ക് നാം തന്റെ നന്മ ആഗ്രഹിക്കുന്നവരാണെന്നു തോന്നുന്നുണ്ടോ? എല്ലാ നിർദേശവും കുട്ടിക്ക് ഇഷ്ടപ്പെടണമെന്നില്ല. എല്ലാ തിരുത്തലും ഉടനെ സ്വീകരിക്കപ്പെടണമെന്നുമില്ല. എന്നാൽ തന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളുടെ വാക്കും തന്നെ വിലയിരുത്താൻ മാത്രം വരുന്ന ഒരാളുടെ വാക്കും ഒരേ രീതിയിലല്ല മനസ്സിൽ പതിയുന്നത്. “നീ എവിടെയെത്തും?” എന്ന് പരിഹാസത്തോടെ ചോദിക്കുന്നതും “നമുക്ക് നിന്റെ വഴി ഒന്നു കണ്ടെത്താം” എന്നു പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ഒരു കരിയർ ഗൈഡിന്റെ മുന്നിൽ ഇരിക്കുന്ന കുട്ടിക്ക് തന്റെ മാർക്കിനെക്കുറിച്ച് ലജ്ജയുണ്ടാകാം. മാതാപിതാക്കളുടെ പ്രതീക്ഷ നിറവേറ്റാനാവാത്തതിന്റെ ഭയമുണ്ടാകാം. സ്വന്തം താൽപര്യം തുറന്നുപറഞ്ഞാൽ ആരെങ്കിലും ചിരിക്കുമോ എന്ന ആശങ്കയുണ്ടാകാം. അവിടെ ശരിയായ വിവരത്തിനു മുമ്പ് സുരക്ഷിതമായൊരു സംഭാഷണം ആവശ്യമാണ്. മനസ്സ് അടച്ചിരിക്കുന്ന കുട്ടിയിലേക്ക് എത്ര വിലയേറിയ ഉപദേശം ഒഴിച്ചാലും അത് അകത്തു കടക്കണമെന്നില്ല. അതുകൊണ്ട് ഗുണകാംക്ഷ വാക്കിന്റെ അലങ്കാരമല്ല; മാർഗദർശനത്തിന്റെ മണ്ണാണ്.

പക്ഷേ സ്നേഹത്തോടെ വിളിച്ചശേഷം ഇമാം ശിഷ്യനെ ആശ്വസിപ്പിച്ചുവിടുന്നില്ല. ചിന്തിക്കാൻ നിർബന്ധിക്കുന്ന ചോദ്യമാണ് ഉയർത്തുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നീ എന്താണ് നേടിയതെന്ന ചോദ്യം. അവിടെ നമുക്കൊരു സർട്ടിഫിക്കറ്റ് ഫയൽ തുറന്നുകാണിക്കാൻ തോന്നിയേക്കാം. എന്നാൽ കിതാബിന്റെ അന്വേഷണം അതിനെക്കാൾ ഉള്ളിലേക്കാണ് പോകുന്നത്. പഠിച്ചതിൽനിന്ന് നിന്റെ ഉള്ളിൽ എന്തു ശേഷിക്കുന്നു? ഇന്നത്തെ വിദ്യാഭ്യാസലോകത്ത് ഈ ചോദ്യം എത്ര ആവശ്യമാണ്! കുട്ടി ഏതു സ്കൂളിലാണ് പഠിച്ചത് എന്നറിയാം. ഏതു കോച്ചിങ്ങിലാണ് പോയതെന്നറിയാം. എത്ര പരിശീലനങ്ങളിൽ പങ്കെടുത്തുവെന്നറിയാം. പക്ഷേ സംശയം ചോദിക്കാൻ ധൈര്യം വളർന്നോ, പ്രയാസമുള്ള കാര്യത്തിൽ പിടിച്ചുനിൽക്കാൻ പഠിച്ചോ, തെറ്റു സമ്മതിക്കാൻ കഴിയുന്നുണ്ടോ, മറ്റൊരാളുടെ പ്രയാസം തിരിച്ചറിയുന്നുണ്ടോ—ഇതൊന്നും ചോദിക്കാതെ പോകുന്നു.

അറിവിന്റെ കണക്കെടുക്കുമ്പോൾ മനുഷ്യന്റെ വളർച്ചയും പരിശോധിക്കേണ്ടതുണ്ട്. അതിന് പിന്നാലെ വരുന്ന ഒരു വാചകം വായനക്കാരനെ സ്വന്തം ഇരിപ്പിടത്തിൽ ഒന്നു നേരെയിരുത്തും. പ്രയാസം ഉപദേശം സ്വീകരിക്കുന്നതിലാണ്. പറയുന്നതും കേൾക്കുന്നതും കഴിഞ്ഞുള്ള ഘട്ടമാണ് സ്വീകരിക്കൽ. “നല്ല കാര്യമാണ്” എന്നു സമ്മതിക്കുന്നതിൽനിന്ന് “ഇതിന്റെ വെളിച്ചത്തിൽ ഞാൻ മാറേണ്ടതുണ്ട്” എന്ന തിരിച്ചറിവിലേക്കുള്ള യാത്ര.

ഈ വാചകം വിദ്യാർത്ഥികൾക്കു വായിച്ചുകൊടുക്കുമ്പോൾ അധ്യാപകൻ അതിൽനിന്ന് ഒഴിവാകുന്നില്ല. മക്കളെ ഓർമിപ്പിക്കുമ്പോൾ രക്ഷിതാവും ഒഴിവാകുന്നില്ല. മറ്റുള്ളവരെ തിരുത്തുമ്പോൾ നമ്മുടെ നാവിന് ലഭിക്കുന്ന വേഗം, നമ്മൾ തിരുത്തപ്പെടുമ്പോൾ മനസ്സിന് ലഭിക്കാറുണ്ടോ? ഒരു വിദ്യാർത്ഥി അധ്യാപകനോട് “ഈ വിശദീകരണം എനിക്കു മനസ്സിലാകുന്നില്ല” എന്നു പറഞ്ഞാൽ അത് അധ്യാപനരീതി പരിശോധിക്കാനുള്ള അവസരമായി കാണാമല്ലോ. എന്നാൽ ചിലപ്പോൾ അത് സ്വന്തം കഴിവിനെ ചോദ്യംചെയ്യലായി തോന്നുന്നു. “അച്ഛാ, ഞാൻ സംസാരിക്കുമ്പോൾ ഒന്നു കേൾക്കാമോ?” എന്ന കുട്ടിയുടെ ചോദ്യം ഒരു ബന്ധത്തിന്റെ ആവശ്യമായിരിക്കാം. പക്ഷേ നാം അതിനെ അനുസരണക്കേടായി വായിച്ചേക്കാം. ഒരു കരിയർ ഗൈഡ് പറഞ്ഞ പ്രവേശനവിവരം തെറ്റാണെന്ന് മറ്റൊരാൾ ചൂണ്ടിക്കാണിച്ചാൽ, ഉടനെ പരിശോധിച്ചു തിരുത്താം. എന്നാൽ സ്വന്തം അനുഭവസമ്പത്തിന്റെ വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അതിനെ പ്രതിരോധിക്കാനും കഴിയും. അറിവിനെക്കാൾ സ്വന്തം പ്രതിച്ഛായ പ്രധാനമാകുന്ന നിമിഷമാണത്. കിതാബ് നമ്മെ അവിടെ പിടിച്ചുനിർത്തുന്നു. ഉപദേശം നൽകാനുള്ള യോഗ്യതയിൽ, ഉപദേശം സ്വീകരിക്കാനുള്ള വിനയവും ഉൾപ്പെടേണ്ടതില്ലേ?

തുടർന്ന് ഒരു ശക്തമായ നിർദേശമെത്തുന്നു: പ്രവൃത്തികളിൽ പാപ്പരായവനാകരുത്. പാപ്പരത്തം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ പണം വരും. ഇവിടെ കിതാബ് മറ്റൊരു ദാരിദ്ര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അറിവ് സമ്പന്നമാണ്; ജീവിതത്തിൽ അതിന്റെ പ്രവൃത്തിഫലം ദരിദ്രമാണ്. ഇതൊരു അസ്വസ്ഥമാക്കുന്ന കണ്ണാടിയാണ്. സമയനിയന്ത്രണത്തെക്കുറിച്ച് സംസാരിക്കാൻ കഴിയുന്നു. എന്നാൽ ഏറ്റെടുത്ത ജോലി സമയത്ത് പൂർത്തിയാക്കാൻ കഴിയുന്നില്ല. കാരുണ്യത്തിന്റെ മഹത്വം വിശദീകരിക്കാൻ കഴിയുന്നു. എന്നാൽ വീട്ടിൽ സഹായം ആവശ്യപ്പെടുന്ന ഒരാളോട് ക്ഷമയില്ല. സത്യസന്ധതയെക്കുറിച്ച് കുട്ടികൾക്കു ക്ലാസെടുക്കുന്നു. എന്നാൽ സ്വന്തം തെറ്റ് മറച്ചുവെക്കുന്നു. അറിയാത്തതുകൊണ്ടുള്ള വീഴ്ചയും അറിഞ്ഞിട്ടുള്ള വീഴ്ചയും ഒരുപോലെയല്ല. അറിവ് നമുക്ക് കഴിവ് നൽകുന്നതിനൊപ്പം ഉത്തരവാദിത്വവും നൽകുന്നു.

അതുകൊണ്ടാണ് ഉപയോഗിക്കാതെ കൈവശംവെച്ചിരിക്കുന്ന ആയുധങ്ങളുടെ ഉദാഹരണം പറയുന്നത്. അപകടത്തെ നേരിടാൻ അവ ഉപയോഗിക്കണം. അറിവും അതുപോലെ ജീവിതത്തിലെ പ്രവൃത്തിയുമായി ബന്ധപ്പെടണം.  ഇന്നത്തെ ഒരു വിദ്യാർത്ഥിയുടെ കൈയിൽ പഠനസാമഗ്രികളുടെ വലിയൊരു ശേഖരമുണ്ടാകാം. ഡൗൺലോഡ് ചെയ്ത കുറിപ്പുകൾ, സൂക്ഷിച്ച വീഡിയോകൾ, വാങ്ങിയ കോഴ്‌സുകൾ, മനോഹരമായി തയ്യാറാക്കിയ പഠനക്രമം. പക്ഷേ, സൂക്ഷിച്ചുവെച്ചതെല്ലാം പഠിച്ചതല്ല. പഠിച്ചതെല്ലാം മനസ്സിലാക്കിയതുമല്ല. മനസ്സിലാക്കിയതെല്ലാം ചെയ്യാൻ കഴിയുന്നതുമല്ല. ഈ ഇടവേളകൾ തിരിച്ചറിയുമ്പോഴാണ് പഠനം സത്യസന്ധമാകുന്നത്.

ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹിക്കുന്ന കുട്ടിക്ക് ദിവസവും കുറച്ചുസമയം സംസാരിച്ചുനോക്കണം. എഴുതാൻ ആഗ്രഹിക്കുന്നവൻ എഴുതണം. സാങ്കേതികവിദ്യ പഠിക്കുന്നവൻ സ്വന്തമായി ചെറിയൊരു പ്രവർത്തനം പൂർത്തിയാക്കണം. സാമൂഹികപ്രവർത്തനത്തിൽ താൽപര്യമുള്ളവൻ മനുഷ്യരോടൊപ്പം പ്രവർത്തിക്കാൻ ഇറങ്ങണം. “ഇനിയും കുറച്ചുകൂടി പഠിച്ചിട്ട് തുടങ്ങാം” എന്നു പറഞ്ഞ് തുടക്കം അനന്തമായി മാറ്റിവെക്കുന്ന ശീലത്തെയും ഇവിടെ പരിശോധിക്കാം. ചില അറിവുകൾ പരിശീലനത്തിലൂടെയാണ് വ്യക്തത നേടുന്നത്. ചെയ്തുനോക്കുമ്പോഴാണ് നമുക്കറിയാത്തതിന്റെ അതിരുകൾ കാണുന്നതും.

എന്നാൽ പ്രവൃത്തിയെ മഹത്വപ്പെടുത്തുന്നതിനിടയിൽ അറിവിനെ ചെറുതാക്കാൻ കിതാബ് അനുവദിക്കുന്നില്ല. കര്‍മ്മമില്ലാത്ത അറിവ് ഭ്രാന്താണെന്നും അറിവില്ലാതെയുള്ള കര്‍മ്മം അസാധ്യമാണെന്നും അദ്ദേഹം പറയുന്നു. അറിവിനെയും പ്രവൃത്തിയെയും പരസ്പരം ബന്ധിപ്പിക്കുന്ന വാചകം. ഉത്സാഹമുണ്ടെന്നതുകൊണ്ടുമാത്രം ഒരാൾക്ക് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കാനാവില്ല. ഒരു കുട്ടിയെ സഹായിക്കണമെന്ന നല്ല മനസ്സുണ്ടാകാം. പക്ഷേ തെറ്റായ പ്രവേശനവിവരം നൽകിയാൽ അയാളുടെ ഒരു വർഷം നഷ്ടപ്പെട്ടേക്കാം. കുടുംബത്തിന്റെ സാമ്പത്തികശേഷി പരിശോധിക്കാതെ കോഴ്‌സ് നിർദേശിച്ചാൽ വലിയ കടബാധ്യതയിലേക്കു തള്ളിയേക്കാം. അതുകൊണ്ട് കരിയർ ഗൈഡിന്റെ സേവനമനസ്സ് അറിവിന്റെ കൃത്യതയോടു ചേർന്നുനിൽക്കണം.

“കുട്ടികൾക്കുവേണ്ടി ചെയ്യുന്നതല്ലേ” എന്ന വാചകം പരിശോധന ഒഴിവാക്കാനുള്ള അനുവാദമല്ല. കുട്ടികൾക്കുവേണ്ടിയാണ് ചെയ്യുന്നത് എന്നതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഒരു നല്ല ഗൈഡിന്റെ നാവിൽ “പരിശോധിക്കാം” എന്ന വാക്കുണ്ടാകും. “ഈ വിഷയത്തിൽ കൂടുതൽ യോഗ്യനായ ഒരാളുടെ സഹായം വേണം” എന്നും അയാൾക്കു പറയാനാകും. സ്വന്തം പരിധി തിരിച്ചറിയുന്ന അറിവിന് പ്രത്യേകമായൊരു വിശ്വാസ്യതയുണ്ട്.

ഗ്രന്ഥത്തിന്റെ മറ്റൊരു ഭാഗത്ത് പഠനത്തിനായി ഉറക്കമൊഴിച്ച രാത്രികളെക്കുറിച്ച് ശിഷ്യനെ ചിന്തിപ്പിക്കുന്നു. ആ പരിശ്രമത്തിന്റെ പിന്നിലെ ഉദ്ദേശ്യം എന്തായിരുന്നു എന്ന അന്വേഷണമാണ് അവിടെ പ്രധാനം. പഠനം സ്വന്തം സ്വഭാവത്തെ സംസ്കരിക്കുന്നുണ്ടോ, അതോ മറ്റുള്ളവരേക്കാൾ വലിയവനായി കാണപ്പെടാനുള്ള വഴിയാകുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നു.  ഇവിടെ നമുക്കും കുറച്ചുനേരം നിൽക്കാം. നമ്മുടെ കുട്ടികളുടെ ആഗ്രഹങ്ങൾ രൂപപ്പെടുന്നതിൽ നാം ഉപയോഗിക്കുന്ന ഭാഷയ്ക്ക് വലിയ പങ്കുണ്ട്. “നല്ല ജോലി നേടി സ്വന്തം കാലിൽ നിൽക്കണം” എന്നു പറയുന്നതും “എല്ലാവരുടെയും മുന്നിൽ നമ്മുടെ വില കാണിച്ചുകൊടുക്കണം” എന്നു പറയുന്നതും വ്യത്യസ്തമായ ജീവിതദിശകളാണ് നൽകുന്നത്. “നിന്റെ കഴിവ് നന്നായി വളർത്തണം” എന്നു പറയുന്നതും “അവനെ തോൽപ്പിക്കണം” എന്നു പറയുന്നതും ഒരേ ലക്ഷ്യമല്ല. മത്സരം ജീവിതത്തിലുണ്ട്. പരീക്ഷകളിലും നിയമനങ്ങളിലും പരിമിതമായ അവസരങ്ങളുണ്ട്. എന്നാൽ ഒരു കുട്ടിയുടെ മുഴുവൻ വ്യക്തിത്വവും മറ്റൊരാളെ മറികടക്കുന്നതിൽ പണിയേണ്ടതില്ല. അങ്ങനെ പണിതാൽ മറ്റൊരാളുടെ നേട്ടം കാണുന്ന ഓരോ നിമിഷവും സ്വന്തം സമാധാനം നഷ്ടപ്പെടും. വിജയത്തിന്റെ സന്തോഷം പോലും അധികനേരം നിലനിൽക്കില്ല. കാരണം അടുത്ത താരതമ്യം ഉടനെ വരും.

അതുകൊണ്ട് കോഴ്‌സ് തിരഞ്ഞെടുക്കുമ്പോൾ കുട്ടിയോട് ചോദിക്കാം: “ഈ തൊഴിൽ ചെയ്യുന്നതിനിടയിലെ സാധാരണ ദിവസങ്ങൾ നിനക്കിഷ്ടമാകുമോ?” ഒരു തൊഴിൽപേരിന്റെ തിളക്കത്തിനപ്പുറം അതിന്റെ ദിവസേനയുള്ള ഉത്തരവാദിത്വങ്ങൾ കുട്ടി കാണട്ടെ. അധ്യാപകനാകാനുള്ള ആഗ്രഹത്തിൽ വീണ്ടും വീണ്ടും വിശദീകരിക്കാനുള്ള ക്ഷമ വേണം. ആരോഗ്യരംഗത്തേക്കുള്ള താൽപര്യത്തിൽ പ്രയാസപ്പെടുന്ന മനുഷ്യരോടുള്ള കരുതൽ വേണം. സംരംഭകത്വത്തിൽ ഉപഭോക്താവിന്റെ വിശ്വാസവും ജീവനക്കാരുടെ ജീവിതവും സംരക്ഷിക്കാനുള്ള ബോധം വേണം. ശമ്പളവും സുരക്ഷിതത്വവും മാന്യമായ ആഗ്രഹങ്ങളാണ്. എന്നാൽ ഒരു തൊഴിൽ നമ്മിൽ ആവശ്യപ്പെടുന്ന മനുഷ്യഗുണങ്ങളും പരിഗണിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് കൂടുതൽ പക്വമാകുന്നത്.

ഈ ചിന്ത നമ്മെ ഗ്രന്ഥത്തിലെ മനോഹരമായൊരു ഉപമയിലേക്കു കൊണ്ടുപോകുന്നു. ആത്മീയ മാർഗദർശകന്റെ പ്രവർത്തനത്തെ ഇമാം കൃഷിയുമായി ബന്ധിപ്പിക്കുന്നു. വിള വളരാൻ തടസ്സമാകുന്ന മുള്ളുകളും അനാവശ്യചെടികളും നീക്കി വളർച്ചയ്ക്ക് സഹായിക്കുന്ന കർഷകനെപ്പോലെ, വ്യക്തിത്വത്തെ സംസ്കരിക്കാൻ സഹായിക്കുന്ന ഗുരു. അറിവുള്ളവരെല്ലാം അത്തരമൊരു മാർഗദർശകന്റെ യോഗ്യത നേടണമെന്നില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.  ഈ വരികളുടെ അടുത്ത് ഒരു രക്ഷിതാവും അധ്യാപകനും ഏറെ നേരം ഇരിക്കണം. കർഷകന് വളർച്ചയോടു താൽപര്യമുണ്ട്. അതുകൊണ്ട് അയാൾ ശ്രദ്ധിക്കുന്നു. പക്ഷേ വളരാൻ സമയം വേണമെന്ന യാഥാർത്ഥ്യം അയാൾ അംഗീകരിക്കുന്നു.

നമ്മളോ? കുട്ടിക്ക് പത്തുവയസ്സാകുമ്പോഴേക്കും ഭാവിയിലെ തൊഴിൽ തീരുമാനിക്കണം. പതിനഞ്ചാകുമ്പോൾ ഉറച്ച ലക്ഷ്യം വേണം. പതിനെട്ടാകുമ്പോൾ എല്ലാ കാര്യത്തിലും പക്വത വേണം. അതിനിടയിൽ കുട്ടി സംശയിച്ചാലും ഭയന്നാലും താൽപര്യം മാറിയാലും നമുക്ക് അസ്വസ്ഥത. കുട്ടിയുടെ വളർച്ചയ്ക്ക് പരിചരണം വേണം. അതോടൊപ്പം വളരാനുള്ള ഇടവും വേണം. ശ്രദ്ധിക്കുന്ന രക്ഷിതാവ് കുട്ടിയുടെ പഠനശീലം അന്വേഷിക്കും. ഭയപ്പെടുത്തുന്ന രക്ഷിതാവ് ഓരോ സംഭാഷണവും പരിശോധനയാക്കും. സഹായിക്കുന്ന അധ്യാപകൻ തെറ്റിന്റെ കാരണം കണ്ടെത്തും. അപമാനിക്കുന്ന അധ്യാപകൻ തെറ്റിനെ കുട്ടിയുടെ സ്ഥിരമായ പേരാക്കും. വഴികാട്ടുന്ന ഗൈഡ് സാധ്യതകൾ തുറക്കും. സ്വന്തം പ്രാധാന്യം സംരക്ഷിക്കാൻ ശ്രമിക്കുന്ന ഗൈഡ് കുട്ടിയെ തീരുമാനങ്ങളിലെല്ലാം തന്നെ ആശ്രയിക്കുന്നവനാക്കും.

കർഷകന്റെ ഉപമ നമുക്കൊരു സൂക്ഷ്മമായ ചോദ്യം നൽകുന്നു: എന്റെ ഇടപെടൽ ഈ കുട്ടിയുടെ വളർച്ചയെ സഹായിക്കുന്നുണ്ടോ? എല്ലാ കുട്ടികൾക്കും ഒരേ സഹായം വേണ്ടിവരില്ല. ഒരാൾക്ക് ക്രമം വേണം. മറ്റൊരാൾക്ക് അടിസ്ഥാനപാഠത്തിൽ സഹായം വേണം. വേറൊരാൾക്ക് ഭയം കുറയ്ക്കുന്ന സംഭാഷണം വേണം. ചിലർക്ക് വീട്ടിലെ അന്തരീക്ഷത്തിൽ മാറ്റം ആവശ്യമായിരിക്കും. എല്ലാവർക്കും ഒരേ ഉപദേശം നൽകുന്നത് എളുപ്പമാണ്. വ്യക്തിയുടെ ആവശ്യം തിരിച്ചറിയാൻ ശ്രദ്ധയും ക്ഷമയും വേണം.

ഈ ഗുരുശിഷ്യചിന്തയെ ഇന്നത്തെ വിദ്യാഭ്യാസത്തിലേക്കു കൊണ്ടുവരുമ്പോൾ ആദരവിനൊപ്പം ചോദ്യംചെയ്യാനുള്ള ഇടവും സംരക്ഷിക്കണം. ഗ്രന്ഥത്തിലെ പ്രത്യേക ആത്മീയബന്ധത്തിന്റെ മര്യാദകളെ എല്ലാ ആധുനിക വിദ്യാഭ്യാസബന്ധങ്ങൾക്കും ഒരേപടി ബാധകമാക്കാനാവില്ല. അധ്യാപകനെ ബഹുമാനിക്കുന്ന വിദ്യാർത്ഥിക്ക് സംശയം ചോദിക്കാം. ഗൈഡിനെ വിശ്വസിക്കുന്ന കുടുംബത്തിന് വിവരത്തിന്റെ ഉറവിടം അന്വേഷിക്കാം. രക്ഷിതാവിനെ സ്നേഹിക്കുന്ന മകൾക്ക് സ്വന്തം താൽപര്യം തുറന്നുപറയാം. പരസ്പരബഹുമാനം നിലനിൽക്കുന്നിടത്ത് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ബന്ധത്തെ ശക്തിപ്പെടുത്തും.

അറിവിന്റെ മറ്റൊരു രോഗത്തെക്കുറിച്ചും കിതാബ് ചിന്തിപ്പിക്കുന്നു: വാദത്തിൽ സ്വന്തം ജയത്തോടുള്ള അമിതതാൽപര്യം. സത്യം വ്യക്തമാകണമെന്ന ഉദ്ദേശ്യത്തോടെ ചർച്ച നടത്താൻ ഇമാം ഇടം നൽകുന്നു. അതിന്റെ പരിശോധനകളിലൊന്ന് വളരെ സൂക്ഷ്മമാണ്: സത്യം സ്വന്തം നാവിലൂടെയാണോ മറ്റൊരാളുടെ നാവിലൂടെയാണോ തെളിയുന്നത് എന്നതിൽ വ്യത്യാസം തോന്നാതിരിക്കുക. എത്ര ലളിതമായ വാക്കുകൾ! എത്ര പ്രയാസമുള്ള പരിശീലനം! മറ്റൊരാൾ പറഞ്ഞത് ശരിയാണെന്നു ബോധ്യപ്പെട്ടിട്ടും അത് അംഗീകരിക്കാൻ നമുക്കു മടിയുണ്ടാകാം. പ്രത്യേകിച്ച് അയാൾ പ്രായം കുറഞ്ഞയാളാണെങ്കിൽ, സ്വന്തം വിദ്യാർത്ഥിയാണെങ്കിൽ, പുതുതായി രംഗത്തുവന്ന ഗൈഡാണെങ്കിൽ. അവിടെ സത്യത്തിന്റെ മൂല്യം തീരുമാനിക്കുന്നത് തെളിവാണോ, പറയുന്ന വ്യക്തിയുടെ സ്ഥാനമാണോ?

ഒരു നല്ല അധ്യാപകന് തന്റെ വിദ്യാർത്ഥി തന്നെക്കാൾ നന്നായി ഒരു കാര്യം മനസ്സിലാക്കുന്നത് സന്തോഷമാകണം. മുതിർന്നൊരു ഗൈഡിന് പുതിയ ഒരാൾ നൽകിയ കൃത്യമായ വിവരത്തിൽ ആശ്വാസം തോന്നണം. ഒരു രക്ഷിതാവിന് മക്കളുടെ ചിന്തയിൽ പക്വത കാണുമ്പോൾ അഭിമാനം തോന്നണം. അങ്ങനെയുള്ള ഇടങ്ങളിലാണ് അറിവ് വളരുന്നത്. എപ്പോഴും സ്വന്തം മികവ് തെളിയിക്കേണ്ട വേദിയായി സംഭാഷണം മാറിയാൽ, ആരും തുറന്നുപറയാതെയാകും. ചോദ്യങ്ങൾ കുറഞ്ഞുവരും. തെറ്റുകൾ മറച്ചുവെക്കപ്പെടും. കുടുംബത്തിലും ക്ലാസ് മുറിയിലും കരിയർ മാർഗദർശനത്തിലും സത്യം പറയാൻ കഴിയുന്ന അന്തരീക്ഷം വേണം. തെറ്റിപ്പോയി എന്നു പറയാൻ കഴിയുന്ന ഇടം. എനിക്കറിയില്ല എന്നു സമ്മതിക്കാവുന്ന ഇടം. എനിക്ക് ഈ വഴി ഇഷ്ടമല്ല എന്നു ഭയമില്ലാതെ പറയാവുന്ന ഇടം. അത്തരം അന്തരീക്ഷം തന്നെയാണ് പലപ്പോഴും ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ നല്ല അവസരം.

ഗ്രന്ഥത്തിൽ ഹാതിം അൽഅസ്വമും ഗുരു ശഖീഖുൽ ബൽഖിയും തമ്മിലുള്ള ഒരു ഉപദേശകഥയും വരുന്നു. വർഷങ്ങളുടെ സഹവാസത്തിൽ നേടിയതെന്തെന്ന ചോദ്യത്തിന് ശിഷ്യൻ എട്ട് ജീവിതപാഠങ്ങൾ വിവരിക്കുന്നു. വായിച്ച കാര്യങ്ങളുടെ പട്ടികയ്ക്കുപകരം തന്റെ ജീവിതത്തിൽ രൂപപ്പെട്ട ബോധ്യങ്ങളാണ് അയാൾ അവതരിപ്പിക്കുന്നത്.  ഈ കഥയുടെ വിദ്യാഭ്യാസപരമായ ഭംഗി അതിലാണ്. “എത്ര പഠിച്ചു?” എന്ന ചോദ്യത്തിന് “എങ്ങനെ മാറി?” എന്ന മറുപടി. നമ്മുടെ കുട്ടികളോട് വർഷാവസാനം ഇത്തരമൊരു സംഭാഷണം നടത്താനാകുമോ? ഈ വർഷം ഏതു കാര്യത്തിലാണ് നിനക്ക് ധൈര്യം കൂടിയത്? എന്തു തെറ്റാണ് മനസ്സിലായത്? ആരോടാണ് കൂടുതൽ നന്നായി പെരുമാറാൻ പഠിച്ചത്? ഏതു ശീലം മാറ്റാൻ കഴിഞ്ഞു? എന്താണ് ഇപ്പോഴും പ്രയാസമായി തോന്നുന്നത്? മാർക്ക് പട്ടികയും നോക്കാം. അതിനൊപ്പം ജീവിതത്തിന്റെ ഈ ചെറിയ പുരോഗതികളും കാണാം.

ഹാതിമിന്റെ പാഠങ്ങളിൽ സൽപ്രവൃത്തികൾക്ക് നൽകുന്ന സ്ഥാനത്തെക്കുറിച്ച് വായിക്കുമ്പോൾ, നാം കൈവശംവെക്കുന്ന കാര്യങ്ങളും നാം ചെയ്ത കാര്യങ്ങളും തമ്മിലുള്ള വ്യത്യാസം തെളിയും. ഒരു വ്യക്തിയുടെ പേരിനു പിന്നിൽ പല ബിരുദങ്ങളുണ്ടാകാം. എന്നാൽ അയാളെ ഓർക്കുന്ന ഒരാളുടെ മനസ്സിൽ ആദ്യം വരുന്നത് ആ ബിരുദങ്ങളാകണമെന്നില്ല. “ഞാൻ വിഷമിച്ചിരുന്നപ്പോൾ എന്നെ കേട്ടത് അയാളാണ്.” “പഠനം നിർത്താൻ വിചാരിച്ചപ്പോൾ എനിക്കു വഴി കാണിച്ചുതന്നത് ആ അധ്യാപികയാണ്.” “എനിക്കു കഴിവില്ലെന്നു കരുതിയ സമയത്ത് എന്നിൽ വിശ്വാസം വെച്ചത് ആ ഗൈഡാണ്.” അറിവ് മറ്റൊരാളുടെ ജീവിതത്തിൽ സ്പർശമായി മാറുമ്പോൾ അതിന്റെ മൂല്യം നമുക്ക് കൂടുതൽ വ്യക്തമായി കാണാം.

അതോടൊപ്പം ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള പാഠവും വരുന്നു. സ്വന്തം മനസ്സിൽ തോന്നുന്നതെല്ലാം ഉടനെ പിന്തുടരേണ്ടതില്ലെന്ന പരിശീലനം. ഇന്നത്തെ വിദ്യാർത്ഥിക്ക് ഇത് വളരെ അടുത്ത അനുഭവമാണ്. പഠിക്കാനിരിക്കുമ്പോൾ ഫോൺ നോക്കണമെന്നു തോന്നും. പ്രയാസമുള്ള ചോദ്യം വന്നാൽ ഉപേക്ഷിക്കണമെന്നു തോന്നും. ഒരു വിമർശനം കേട്ടാൽ ഉടനെ മറുപടി പറയണമെന്നു തോന്നും. സ്വയംനിയന്ത്രണം എന്നത് ഈ തോന്നലുകൾ ഇല്ലാതാകുന്ന അവസ്ഥയല്ല. അവ വന്നാലും താൻ തിരഞ്ഞെടുത്ത നല്ല പ്രവൃത്തിയിൽ തുടരാനുള്ള പരിശീലനമാണ്. അതിന് ചെറിയ ക്രമങ്ങൾ സഹായിക്കും. പഠനത്തിന് വ്യക്തമായ സമയം. ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങൾക്ക് നിയന്ത്രണം. പൂർത്തിയാക്കാവുന്ന ചെറിയ ലക്ഷ്യം. ചെയ്തതിനെക്കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തൽ. അതേസമയം, പ്രയാസപ്പെടുന്ന കുട്ടിയെ മുഴുവൻ മടിയുടെ പേരിൽ വിധിക്കരുത്. പഠനത്തിലെ അടിസ്ഥാനക്കുറവും ഭയവും വീട്ടിലെ സംഘർഷവും ആരോഗ്യപ്രശ്നവും തടസ്സമായേക്കാം. കാരണമറിയാനുള്ള ശ്രമമില്ലാതെ നൽകുന്ന ശാസന ഫലപ്രദമാകണമെന്നില്ല. അച്ചടക്കത്തിന് കരുതലിന്റെ സഹായം വേണം.

ഹാതിമിന്റെ പാഠങ്ങൾ അസൂയയെയും സാമൂഹികമാന്യതയെയും ചിന്തിപ്പിക്കുന്നു. ഇന്നത്തെ കരിയർ ലോകത്തിൽ ഇവ പരസ്പരം ചേർന്നുനിൽക്കുന്ന വിഷയങ്ങളാണ്. ഏതു കോഴ്‌സിൽ ചേർന്നു എന്നു ചോദിക്കുമ്പോൾ നമ്മുടെ മുഖഭാവം മാറുന്നത് കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്. ചില തൊഴിൽപേരുകൾ കേൾക്കുമ്പോൾ അഭിനന്ദിക്കുന്നു. മറ്റുചിലത് കേൾക്കുമ്പോൾ “വേറൊന്നും കിട്ടിയില്ലേ?” എന്നു ചോദിക്കുന്നു. അങ്ങനെ നാം അറിയാതെ തൊഴിൽലോകത്തെ ചെറുതാക്കുകയും കുട്ടികളുടെ കഴിവുകളെ അപമാനിക്കുകയും ചെയ്യുന്നു.

സത്യസന്ധമായി ചെയ്യുന്ന തൊഴിൽ മനുഷ്യന്റെ മാന്യതയുടെ ഭാഗമാണ്. മികവുള്ള ടെക്നീഷ്യനെയും കരുതലുള്ള ആരോഗ്യപ്രവർത്തകനെയും ഉത്തരവാദിത്വമുള്ള ഡ്രൈവറെയും നല്ല കർഷകനെയും സമൂഹത്തിന് ആവശ്യമുണ്ട്. കുട്ടിയുടെ കഴിവും താൽപര്യവും സാഹചര്യവും പരിഗണിച്ച് അനുയോജ്യമായ വഴി കണ്ടെത്താൻ സഹായിക്കുമ്പോഴാണ് കരിയർ മാർഗദർശനം നീതിയുള്ളതാകുന്നത്. അതിന് മറ്റുള്ളവരുടെ നേട്ടം കാണാനുള്ള മനസ്സും വേണം. ഒരു സുഹൃത്തിന് അവസരം കിട്ടിയാൽ സ്വന്തം ശ്രമം വിലയിരുത്താം. അയാളിൽനിന്നു പഠിക്കാം. എന്നാൽ അയാളുടെ സന്തോഷം സ്വന്തം അപമാനമായി അനുഭവിക്കേണ്ടതില്ല.

ഈ പക്വത കുട്ടിക്ക് പറഞ്ഞുകൊടുക്കുന്നതിനു മുമ്പ് മുതിർന്നവരുടെ പെരുമാറ്റത്തിൽ കാണിക്കണം. മറ്റൊരു കുടുംബത്തിന്റെ നേട്ടത്തെക്കുറിച്ച് നാം സംസാരിക്കുന്ന രീതി കുട്ടിയുടെ മനസ്സിൽ ലോകത്തെക്കുറിച്ചുള്ള ഒരു പാഠമാകുന്നുണ്ട്. പങ്കുവെക്കലിനെക്കുറിച്ചുള്ള ചിന്തയും അതുപോലെ വിശാലമാണ്. പണം നൽകുന്നതിനു പുറമേ സമയം നൽകാം. അറിവ് നൽകാം. ശ്രദ്ധ നൽകാം. ഒരു അവസരത്തിന്റെ വിവരം നൽകാം. തന്റെ വഴിയിൽ പുതുതായി വരുന്ന ഒരാളെ വളർത്താം. മുതിർന്നൊരു കരിയർ ഗൈഡ് പുതുതായി വരുന്നവനെ പഠിപ്പിക്കുമ്പോൾ സ്വന്തം അനുഭവം അടുത്ത തലമുറയിലേക്കു പകരുകയാണ്. വിദ്യാർത്ഥിക്ക് മറ്റൊരു വിദഗ്ധന്റെ സഹായം കൂടുതൽ ഉചിതമാണെങ്കിൽ അവിടേക്കു അയയ്ക്കുന്നതിലും സേവനമുണ്ട്.

എല്ലാവരുടെയും ജീവിതത്തിൽ സ്വന്തം പേര് വേണമെന്ന നിർബന്ധം കുറയുമ്പോൾ മറ്റുള്ളവർക്കു കൂടുതൽ സഹായമാകാൻ കഴിയും. ഇവിടെയാണ് ഉപജീവനത്തെയും തവക്കുലിനെയും കുറിച്ചുള്ള ചിന്തകൾക്കും പ്രസക്തിയുള്ളത്. ജീവിക്കാൻ തൊഴിൽ വേണം. അതിനായി പഠിക്കുകയും പരിശീലിക്കുകയും അപേക്ഷിക്കുകയും അവസരങ്ങൾ അന്വേഷിക്കുകയും വേണം. എന്നാൽ ഫലം മുഴുവൻ നമ്മുടെ നിയന്ത്രണത്തിലല്ലെന്ന തിരിച്ചറിവും വേണം. പരിശ്രമിച്ചിട്ടും ഒരു പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കിട്ടാതിരിക്കാം. മികച്ച തയ്യാറെടുപ്പുണ്ടായിട്ടും ഒരു നിയമനം ലഭിക്കാതിരിക്കാം. അപ്പോൾ ഫലം പരിശോധിക്കാം. കുറവ് കണ്ടെത്താം. അടുത്ത വഴി തീരുമാനിക്കാം. സ്വന്തം മനുഷ്യവിലയെ മുഴുവൻ ആ ഫലത്തിൽ ബന്ധിച്ചുവെക്കാതിരിക്കാനും പഠിക്കണം.

വിശ്വാസം ശ്രമത്തിന് ശക്തിയും പ്രതിസന്ധിയിൽ ആശ്വാസവും നൽകട്ടെ. ചെയ്യേണ്ടത് ഒഴിവാക്കാനുള്ള കാരണമായി അത് ഉപയോഗിക്കാതിരിക്കാം. പ്രാർത്ഥിക്കുന്ന വിദ്യാർത്ഥി പുസ്തകം തുറക്കട്ടെ. തൊഴിൽ തേടുന്ന യുവാവ് കഴിവ് മെച്ചപ്പെടുത്തട്ടെ. മക്കളുടെ നന്മ ആഗ്രഹിക്കുന്ന രക്ഷിതാവ് അവരെ കേൾക്കട്ടെ. പ്രതീക്ഷയ്ക്ക് ജീവിതത്തിൽ പ്രവർത്തനത്തിന്റെ രൂപം ലഭിക്കണം.

തുടർന്ന് ഉപദേശിക്കുന്നവന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും കിതാബ് ചിന്തിപ്പിക്കുന്നു. അധികാരവും നേട്ടങ്ങളും ഒരാളുടെ നിലപാടിനെ സ്വാധീനിക്കാമെന്ന മുന്നറിയിപ്പിന്റെ വെളിച്ചത്തിൽ ഇന്നത്തെ മാർഗദർശനരംഗത്തെയും നോക്കാം. ഒരു കുട്ടിക്ക് കോഴ്‌സ് നിർദേശിക്കുമ്പോൾ പ്രധാനമാകുന്നത് കുട്ടിയുടെ അനുയോജ്യതയാണോ? നിർദേശിക്കുന്നയാളുടെ സാമ്പത്തികനേട്ടമാണോ? ഒരു സ്ഥാപനവുമായി ബന്ധമുള്ളതിനാൽ അതിന്റെ പരിമിതികൾ മറച്ചുവെക്കുന്നുണ്ടോ? കുട്ടിയുടെ കുടുംബത്തിന് താങ്ങാനാവാത്ത ചെലവ് അറിഞ്ഞിട്ടും പ്രവേശനത്തിന് പ്രേരിപ്പിക്കുന്നുണ്ടോ? ഇവിടെയാണ് അറിവിന്റെ ധാർമ്മികത പരീക്ഷിക്കപ്പെടുന്നത്. സേവനത്തിന് പ്രതിഫലം സ്വീകരിക്കുന്നതിൽ മാത്രം പ്രശ്നമില്ല. എന്നാൽ ആ പ്രതിഫലം നിർദേശത്തിന്റെ സത്യസന്ധതയെ വാങ്ങിക്കളയുന്നുണ്ടോ എന്ന പരിശോധന വേണം. ഒരു കുടുംബം ഗൈഡിന്റെ മുന്നിൽ വയ്ക്കുന്നത് വിവരത്തിനുള്ള അപേക്ഷ മാത്രമല്ല. അവരുടെ പ്രതീക്ഷയും വിശ്വാസവുമാണ്. ആ വിശ്വാസം സൂക്ഷിക്കേണ്ട അമാനത്താണ്.

അതുപോലെ സ്വന്തം വാക്കുകൾ സ്വന്തം ജീവിതവുമായി ബന്ധപ്പെടുന്നുണ്ടോ എന്നും പരിശോധിക്കണം. ഉപദേശിക്കുന്നവൻ ആദ്യം സ്വയം ഉപദേശത്തിന്റെ മുന്നിൽ നിൽക്കണമെന്ന് ഗ്രന്ഥം ഓർമിപ്പിക്കുന്നു. ഇവിടെ രക്ഷിതാവിന് മക്കളുടെ ഫോൺ ഉപയോഗത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് സ്വന്തം ശീലം കാണാം. അധ്യാപകന് കുട്ടികളുടെ സമയനിഷ്ഠ ആവശ്യപ്പെടുന്നതിനൊപ്പം സ്വന്തം സമയനിഷ്ഠ പരിശോധിക്കാം. ഗൈഡിന് വിദ്യാർത്ഥിയോട് അറിവ് പുതുക്കാൻ പറയുന്നതിനൊപ്പം സ്വന്തം വിവരങ്ങൾ പുതുക്കാം. ഇതിന്റെ അർത്ഥം തെറ്റില്ലാത്തവർക്കേ മറ്റുള്ളവരെ സഹായിക്കാനാകൂ എന്നല്ല. സ്വന്തം തെറ്റുകൾക്ക് സ്ഥിരമായി ഇളവ് നൽകുകയും മറ്റുള്ളവരുടെ തെറ്റുകൾ കഠിനമായി വിധിക്കുകയും ചെയ്യുന്ന ഇരട്ടനിലപാട് പരിശോധിക്കണം എന്നതാണ്. “ഞാനും ഇതിൽ മെച്ചപ്പെടാൻ ശ്രമിക്കുകയാണ്” എന്നു സത്യസന്ധമായി പറയുന്ന മുതിർന്നയാളിൽനിന്ന് കുട്ടിക്ക് പഠിക്കാനുണ്ട്. മാപ്പു പറയുന്ന രക്ഷിതാവിൽനിന്നും വിവരം തിരുത്തുന്ന അധ്യാപകനിൽനിന്നും സഹായം തേടുന്ന ഗൈഡിൽനിന്നും കുട്ടി വിലപ്പെട്ട പാഠങ്ങൾ പഠിക്കും. അവിടെ ഉപദേശം ഒരു ജീവനുള്ള മാതൃകയായി മാറുന്നു.

ഗ്രന്ഥത്തിന്റെ അവസാനഭാഗത്തെ മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള നിർദേശവും നമുക്ക് അടുത്തുവായിക്കാം: മറ്റുള്ളവരിൽനിന്ന് തനിക്കിഷ്ടമുള്ള സമീപനം സ്വന്തം ഇടപെടലിലും പുലർത്തുക എന്ന ആശയം.  സ്വന്തം മകൻ പഠനത്തിൽ പിന്നിലായാൽ ഒരു അധ്യാപകൻ എങ്ങനെ പെരുമാറണമെന്നാണ് നാം ആഗ്രഹിക്കുന്നത്? സ്വന്തം മകൾക്ക് കോഴ്‌സ് തിരഞ്ഞെടുക്കാനുണ്ടെങ്കിൽ ഒരു ഗൈഡ് എത്ര ശ്രദ്ധയോടെ സഹായിക്കണമെന്നാണ് ആഗ്രഹിക്കുന്നത്? സ്വന്തം തെറ്റിനെക്കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പോൾ എത്ര മാന്യതയാണ് നാം പ്രതീക്ഷിക്കുന്നത്? ആ പ്രതീക്ഷകൾ മറ്റുള്ളവർക്കു നൽകാൻ കഴിയുമോ? കുട്ടിയുടെ സ്വകാര്യമായ പ്രയാസം മറ്റുള്ളവരുടെ മുന്നിൽ പറയാതിരിക്കുക. മാർക്കിന്റെ പേരിൽ പരിഹസിക്കാതിരിക്കുക. അറിയാത്തതിനെ അപമാനിക്കാതിരിക്കുക. ഉപദേശം നൽകുന്നതിനു മുമ്പ് സാഹചര്യം കേൾക്കുക.

ഇത്തരം ചെറിയ പ്രവൃത്തികളിലാണ് വിദ്യാഭ്യാസത്തിന്റെ വലിയ ധാർമ്മികത പ്രത്യക്ഷപ്പെടുന്നത്. ഇന്നത്തെ നിർമിതബുദ്ധിയുടെയും അതിവേഗ വിവരലഭ്യതയുടെയും കാലത്തും ഈ ചോദ്യങ്ങൾക്കു പ്രാധാന്യമുണ്ട്. മറുപടി ലഭിക്കുന്നതും മനസ്സിലാക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മനോഹരമായ എഴുത്ത് കൈവശമുണ്ടാകുന്നതും സ്വന്തം ചിന്ത വളരുന്നതും വ്യത്യസ്തമാണ്. തയ്യാറായ പരിഹാരം കാണുന്നതും പുതിയ സാഹചര്യത്തിൽ സ്വയം പരിഹാരം കണ്ടെത്തുന്നതും വ്യത്യസ്തമാണ്. പഠനസഹായികൾ ഉപയോഗിക്കാം. വിശദീകരണം തേടാം. മാതൃകകൾ പരിശോധിക്കാം. എന്നാൽ സഹായം സ്വീകരിച്ചശേഷം സ്വന്തം ബോധ്യവും കഴിവും പരിശോധിക്കണം.

“ഇത് എനിക്ക് സ്വന്തം ഭാഷയിൽ വിശദീകരിക്കാമോ?”

“ഇതിൽ ചെറിയൊരു മാറ്റം വന്നാൽ എനിക്ക് ചെയ്തുനോക്കാനാകുമോ?”

“ഈ മറുപടി ശരിയാണെന്ന് ഉറപ്പാക്കാൻ എന്താണ് പരിശോധിക്കേണ്ടത്?”

അറിവിന്റെ സൗകര്യങ്ങൾ വർധിക്കുമ്പോൾ പഠനത്തിലെ സത്യസന്ധതയ്ക്കും കൂടുതൽ ശ്രദ്ധ വേണം. ഒടുവിൽ ഈ കിതാബിന്റെ വരികളിലൂടെ നടക്കുമ്പോൾ ജീവിതത്തിന്റെ പരിധിയെക്കുറിച്ചുള്ള ഓർമയും നമ്മോടൊപ്പം വരുന്നു. നമ്മുടെ സമയം അനന്തമല്ല. അതുകൊണ്ട് എല്ലാം വേഗത്തിൽ തീർക്കണമെന്നല്ല. വിലപ്പെട്ട കാര്യങ്ങൾ അനന്തമായി മാറ്റിവെക്കരുത് എന്ന ബോധമാണ് ഇവിടെ ആവശ്യം. ഇന്ന് സംസാരിക്കാൻ വന്ന കുട്ടിയെ കേൾക്കാം. തിരുത്തേണ്ട തെറ്റ് തിരുത്താം. പഠിക്കണമെന്ന് ആഗ്രഹിച്ച കാര്യം തുടങ്ങാം. നന്ദി പറയേണ്ടവനോട് പറയാം. ബന്ധത്തിലെ അകലം കുറയ്ക്കാൻ ഒരു ചുവടുവെക്കാം. ജീവിതത്തിൽ വലിയതായി തോന്നുന്ന പല കാര്യങ്ങളും കാലം കടക്കുമ്പോൾ ചെറുതാകും. ചെറിയതായി തോന്നിയ ചില കരുതലുകൾ മനുഷ്യരുടെ ഓർമയിൽ വലിയതായി നിലനിൽക്കും. ഒരു ഗൈഡ് നൽകിയ കോളേജ് പട്ടിക മറന്നുപോയേക്കാം. എന്നാൽ തനിക്ക് സാധ്യതയുണ്ടെന്നു വിശ്വസിപ്പിച്ച സംഭാഷണം ഒരു വിദ്യാർത്ഥി മറക്കാതിരിക്കാം. ഒരു അധ്യാപകൻ പഠിപ്പിച്ച പാഠഭാഗം മറന്നേക്കാം. എന്നാൽ തെറ്റിപ്പോയപ്പോൾ അപമാനിക്കാതെ വീണ്ടും ശ്രമിക്കാൻ അനുവദിച്ച ദിവസം ഓർമയിലുണ്ടാകും. രക്ഷിതാവ് വാങ്ങിത്തന്ന പല വസ്തുക്കളും മറന്നേക്കാം. എന്നാൽ പരാജയപ്പെട്ട ദിവസം വീട്ടിലെ സ്നേഹം കുറഞ്ഞില്ലെന്ന ഓർമ കുട്ടിയോടൊപ്പം തുടരും.

അയ്യുഹൽ വലദിന്റെ വായന ഇത്തരം ഓർമകൾ സൃഷ്ടിക്കുന്ന ജീവിതത്തിലേക്കു നമ്മെ ക്ഷണിക്കുന്നു. ഈ കൃതി വായിച്ചശേഷം മറ്റുള്ളവർക്കു നൽകാൻ കുറെ നല്ല വാചകങ്ങൾ കിട്ടിയെന്ന സന്തോഷത്തിൽ മാത്രം നാം നിൽക്കാതിരിക്കാം. സ്വന്തം ജീവിതത്തിൽ പരിശോധിക്കാനുള്ള ഒരു ചോദ്യമെങ്കിലും കൂടെ കൊണ്ടുപോകാം. ഞാൻ പറയുന്നതിൽ ഒരു കാര്യമെങ്കിലും കൂടുതൽ സത്യസന്ധമായി ജീവിക്കാനാകുമോ? ഒരു കുട്ടിയെക്കുറിച്ചുള്ള എന്റെ വിധി പുനഃപരിശോധിക്കാനാകുമോ? ഒരു തെറ്റ് സമ്മതിക്കാനാകുമോ? അറിയുന്ന ഒരു കാര്യം ഒരാൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ പങ്കുവെക്കാനാകുമോ?

അത്തരം ചെറിയൊരു മാറ്റം സംഭവിക്കുമ്പോൾ കിതാബിലെ ഒരു വരി പുസ്തകത്തിന്റെ പേജിൽനിന്ന് നമ്മുടെ ജീവിതത്തിലേക്ക് ഇറങ്ങുന്നു. അപ്പോഴാണ് നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്നുള്ള ആ സ്നേഹവിളി നമ്മുടേതാകുന്നത്. “മകനേ” എന്നു വിളിക്കപ്പെടുന്ന സ്ഥാനത്ത് വിദ്യാർത്ഥി മാത്രമല്ല ഇരിക്കുന്നത്. വർഷങ്ങളുടെ അനുഭവമുള്ള അധ്യാപകനും മക്കളെ വളർത്തിയ രക്ഷിതാവും അനേകർക്ക് വഴികാട്ടിയ കരിയർ ഗൈഡും അവിടെ ഇരിക്കുന്നു. എല്ലാവരും പഠിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരാണ്. എല്ലാവർക്കും തിരുത്താനുള്ള ഇടമുണ്ട്. എല്ലാവർക്കും കൂടുതൽ നല്ലതായി വളരാനുള്ള സാധ്യതയുമുണ്ട്. ആ തിരിച്ചറിവോടെ വീണ്ടും പുസ്തകം തുറക്കുമ്പോൾ, ആദ്യം അന്വേഷിക്കേണ്ടത് മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാവുന്ന വരിയായിരിക്കില്ല. ഇന്ന് ഞാൻ ജീവിച്ചുതുടങ്ങേണ്ട വരി ഏതാണ് എന്നായിരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter