രോഗിയെ സന്ദര്‍ശിക്കല്‍ പുണ്യമാണ്
അല്ലാഹു മനുഷ്യന് നല്‍കിയ ഒരനുഗ്രഹമാണ് രോഗം. രോഗം നമ്മെ അല്ലാഹു ഓര്‍ക്കാനും അവനിലേക്ക് പശ്ചാതപിത്ത് മടങ്ങാനും പ്രാപ്തരാക്കുന്നു. തെറ്റുകള്‍ മനസ്സിലാക്കാനും അവയുടെ തിക്തഫലങ്ങളെ കുറിച്ച് മനസ്സിലാക്കി അതുവഴി തെറ്റുകള്‍ തിരുത്താനും രോഗം പ്രധാന ഹേതുവായി ഭവിക്കുന്നു. രോഗം സംജാതമാവുന്നതിലൂടെ 'നശ്വരത' എന്ന മഹാസത്യം മനുഷ്യന്‍ തിരിച്ചറിയുന്നു. അതിലൂടെ തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ രോഗമൊരു അനുഗ്രഹമാണ്, നിഗ്രഹമല്ല, പ്രബലാഭിപ്രായത്തില്‍ രോഗിയെ സന്ദര്‍ശക്കില്‍ ഫര്‍ള് കിഫായത്ത് ആണ്. അതിനാല്‍ തന്നെ രോഗിയെ ആരെങ്കിലും ഒരാള്‍ സന്ദര്‍ശിച്ചാല്‍ മതി. എന്നാല്‍ ഒരാളും സന്ദര്‍ശിച്ചില്ലെങ്കില്‍ രോഗവിവരം ലഭിച്ചവന് സന്ദര്‍ശനം നടത്തല്‍ നിര്‍ബന്ധമാവുന്നു. കാരണം, പ്രവാചക പ്രഭു(സ്വ) അതിനെ മുസ്‌ലിമിന്റെ കടമകളില്‍പെടുത്തിയിട്ടാണ് എണ്ണിയത്.
രോഗിയോട് അവന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കല്‍, ഇബാദത്തിനെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ആരായല്‍ എന്നിവ രോഗിയെ സന്ദര്‍ശിക്കുന്നവന് സുന്നത്താവുന്നു. രോഗിക്കോ, അവന്റെ കുടുംബത്തിനോ, ബുദ്ധിമുട്ട് ഉണ്ടാകുംവിധം സന്ദര്‍ശകന്‍ കൂടുതല്‍ സമയം അവിടെ ചെലവഴിക്കരുത്. എന്നാല്‍, കൂടുതല്‍ രോഗം രോഗിയുടെ അടുത്ത് തങ്ങുന്നതുകൊണ്ട് രോഗിക്ക് അത് ഗുണകരമാവുന്നുവെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രശ്‌നമില്ല. കാരണം രോഗമുക്തിക്ക് രോഗിയെ സഹായിക്കുന്നത് സന്തോഷം നിറഞ്ഞ കാര്യങ്ങള്‍ പരയലും മറ്റുമാണ്. അത് പോലെ തന്നെ, രോഗിയെ കൂടുതല്‍ രോഗാതുരനാക്കുന്നത് പ്രതീക്ഷയറ്റ സംസാരങ്ങളും മറ്റുമാണ്. അതിനാല്‍, ഇത്തരത്തിലുള്ള കാര്യങ്ങല്‍ രോഗിയുടെ സാന്നിധ്യത്തില്‍ സംസാരിക്കരുത്. പ്രത്യേക തരം രോഗമുണ്ടെങ്കിലെ രോഗിയെ സന്ദര്‍ശിക്കേണ്ടതുള്ളൂ എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നില്ല. മറിച്ച്, തന്റെ സഹോദരന് ചെറിയ ഒരു ബുദ്ധിമുട്ടുണ്ടായാല്‍ പോലും അവനെ സന്ദര്‍ശിക്കണമെന്നാണ് മതം അനുശാസിക്കുന്നു. സൈദ് അര്‍ഖം(റ) പറയുന്നു: ''കണ്ണ് സംബന്ധമായി ഒരു വേദനയുണ്ടായപ്പോള്‍ പ്രവാചകന്‍(സ്വ) എന്നെ സന്ദര്‍ശിച്ചിരുന്നു.' സന്ദര്‍ശകന്‍ രോഗിയെ തൗബ.യെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്യണം. രോഗാവസ്ഥയില്‍ മരണം സംഭവിക്കാന്‍ ബാധ്യതയേയെയുള്ളതുകൊണ്ട് തന്നെ, ഈ ഘട്ടത്തില്‍ തൗബക്ക് അപരിമേയമായ സ്ഥാനമാണുള്ളത്. സന്ദര്‍ശകന്‍ രോഗിയെ തന്റെ വസിയ്യത്ത് എഴുതിവെക്കല്‍ ഓര്‍മപ്പെടുത്തുകയും വേണം. കാരണം, പ്രവാചകര്‍(സ്വ) പറയുകയുണ്ടായി. തന്റെ വസ്വിയ്യത്ത് എഴുതിവെക്കാതെ ഒരു മുസ്‌ലിം രണ്ട് രാത്രി കഴിച്ചുകൂട്ടാന്‍ പാടില്ല. രോഗിയെ സന്ദര്‍ശിക്കുന്നവര്‍ രോഗിയെ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ പരമാവധി പ്രോത്സാഹിപ്പിക്കണം.
രോഗിയെ സന്ദര്‍ശിക്കേണ്ടതിന്റെ പ്രാധാന്യം രോഗിയെ സന്ദര്‍ശിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരിക്കല്‍ പ്രാവചകന്‍(സ്വ) പറഞ്ഞു: ''തീര്‍ച്ചയായും വിചാരണ നാളില്‍ അല്ലാഹു പറയും.'' ഓ ആദം സന്തതീ, ഞാന്‍ രോഗിയായിരുന്നു. എന്നാല്‍, നീ എന്നെ സന്ദര്‍ശിച്ചില്ല. അന്നേരം അടിമ ഇപ്രകാരം പ്രതവചിക്കും. അല്ലാഹുവെ, സര്‍വ ലോകങ്ങളുടെയും രക്ഷിതാവായ നിന്നെ എങ്ങനെയാണ് എനിക്ക് സന്ദര്‍ശിക്കാന്‍ കഴിയുക. അന്നേരം അല്ലാഹു പറയും, എന്റെ ഇന്നാലിന്ന അടിമ രോഗിയായത് നീ അറിഞ്ഞില്ലേ? എന്നിട്ടും ഇത് വരെ നീ അവനെ സന്ദര്‍ശിച്ചില്ലേ? നീ അവനെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ നിനക്കിവിടെ എന്നെ കാണാമായിരുന്നു. ഉപരിയുക്ത ഹദീസില്‍ നിന്നും രോഗിയെ സന്ദര്‍ശിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. വിചാരണ നാളില്‍ രോഗിയായ തന്റെ സഹോദരന്റെ കാര്യത്തില്‍ പോലും ഒരു മുസ്‌ലിം കണക്ക് ബോധിപ്പിക്കേണ്ടിവരും എന്ന വസ്തുതയാണ് ഈ ഹദീസ് മുന്നറിയിപ്പ് തരുന്നത്. രോഗിയെ സന്ദര്‍ശിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന അനവധി ഹദീസുകള്‍ പുണ്യനബി(സ്വ)യുടെ ജീവിതത്തില്‍ നിന്ന് കണ്ടെത്താനാവും. ഇമാം മുസ്‌ലിം റിപോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ തിരുമേനി(സ്വ) പറയുന്നു. ഒരു മുസ്‌ലിം തന്റെ രോഗിയായ മുസ്‌ലിം സഹോദരനെ സന്ദര്‍ശിച്ചാല്‍ മടങ്ങുന്നതുവരെ അവന്‍ സ്വര്‍ഗത്തിന്റെ മധ്യത്തിലായിരിക്കും. ഇമാം ബുഖാരി(റ) റിപോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍ നബി(സ്വ) അവിടുത്തെ നക്ഷത്രതുല്യരായ അനുയായികളോടായി പറയുന്നത് കാണാം. നിങ്ങള്‍ രോഗിയെ സന്ദര്‍ശിക്കുക, വിശന്നവ് ഭക്ഷണം നല്‍കുക, ബിന്ദിയെ മോചിപ്പിക്കുക, ഈ മൂന്ന് കാര്യങ്ങളില്‍ പ്രവാചകര്‍(സ്വ) രോഗിയെ സന്ദര്‍ശിക്കുന്നതിന് മുന്‍ഗണന നല്‍കിയതില്‍ നിന്ന് ഇതിന്റെ പ്രസക്തി എത്രത്തോളമെന്ന് മനസ്സിലാക്കാം. സന്ദര്‍ശനത്തിന്റെ മര്യാദകള്‍ 1) രോഗിയെ സന്ദര്‍ശിക്കുന്നതുവഴി പ്രവാചകരുടെ കല്‍പനയെ അനുധാവനം ചെയ്യുന്നു എന്ന് കരുതുക. 2) സന്ദര്‍ശനം കൊണ്ട് തന്‍രെ സഹോദരന് നിന്മ ആഗ്രഹിക്കുക. കാരണം, ഒരാള്‍ തന്റെ രോഗിയായ സഹോദരനെ സന്ദര്‍ശിച്ചാല്‍ പ്രസ്തുത സഹോദര് അതുവഴി വലിയ സമാശ്വാസവും ഹൃദയത്തിന് കുളിരുമാണ് നല്‍കുക. 3) സന്ദര്‍ശനത്തിലൂടെ രോഗിയെ നന്മയിലേക്ക് നയിക്കാന്‍ ശ്രമിക്കുക. 4) ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതിന്റെ കാര്യത്തില്‍ രോഗിക്ക് ചിലപ്പോള്‍ കൃത്യമായ അറിവുണ്ടായിക്കൊള്ളണമെന്നില്ല. അതിനാല്‍ തന്നെ സന്ദര്‍ശിക്കുന്നവന്‍ അറിവുള്ളവനാണെങ്കില്‍ അവയെക്കുറിച്ച് രോഗിക്ക് കൃത്യമായി പറഞ്ഞുകൊടുക്കുക. 5) ആവശ്യമില്ലാതെ സന്ദര്‍ശനം പെരുപ്പിക്കുകയോ പ്രയാസമാംവിധം അധികസമയം രോഗിയുടെ അടുത്ത് തങ്ങുകയോ ചെയ്യാതിരിക്കുക. 6) സന്ദര്‍ശകന്‍ തനിക്കുവേണ്ടി രോഗിയില്‍ നിന്ന് പ്രാര്‍ത്ഥനയെ ആഗ്രഹിക്കുക. കാരണം, രോഗിയുടെ പ്രാര്‍ത്ഥനക്ക് വേഗത്തില്‍ ഇജാബത്ത് ലഭിക്കുന്നതാണ്. അന്യമതസ്തരെ സന്ദര്‍ശിക്കല്‍ ഇതര മതരസ്ഥരായ രോഗികളെ പ്രവാചകര്‍(സ്വ) സന്ദര്‍ശിച്ചിരുന്നു എന്നതിന് ചരിത്രത്തില്‍ നിരവധി തെളിവുകളുണ്ട്. പുണ്യനബി(സ്വ)യുടെ സേവകനായി വര്‍ത്തിച്ചിരുന്നത് ഒരു യഹൂദ ബാലനായിരുന്നു. ഒരിക്കല്‍ അവന്‍ രോഗിയാവുകയും പ്രവാചകര്‍(സ്വ) അവനെ സന്ദര്‍ശിക്കുകയും ചെയ്തു. അവന്റെ തലയുടെ അടുത്തിരുന്ന് പ്രവാചകര്‍(സ്വ) ഇപ്രകാരം പറഞ്ഞു:''നീ മുസ്‌ലിമാവുക.'' അന്നേരം പിതാവിലേക്ക് നോക്കിയ ആ ബാലനോട് നീ അബൂ കാസിമിനെ അനുസരിക്ക് എന്നായിരുന്നു ആ പിതാവ് പ്രതിവചിച്ചത്. അങ്ങനെ ആ ബാലന്‍ മുസ്‌ലിമായി. അന്നേരം ''അവനെ നരകത്തില്‍നിന്ന് രക്ഷിച്ച അല്ലാഹുവിനാകുന്ന സര്‍വസ്തുതിയും എന്ന് പറഞ്ഞുകൊണ്ട് പ്രവാചകര്‍(സ്വ) അവിടന്നു പുറപ്പെട്ടു. (മുസ്‌ലിം) ഈ ഹദീസില്‍ നിന്നും വ്യക്തമാകുന്നത്: 1) നിര്‍ഭയരായിരിക്കവോടെ അന്യമതസ്ഥരെ സേവകരാക്കി നിര്‍ത്തല്‍ 2) രോഗാതുരരരായ അന്യമതക്കാരെ സന്ദര്‍ശിക്കാം. 3) രോഗിയെ സല്‍പാന്ഥാവിലേക്ക് നയിക്കലും അതില്‍ ആഗ്രഹം ജനിപ്പിക്കലും ആവശ്യമാണ്. അതിനാല്‍ തന്നെ, ഒരു കാഫിറായ മനുഷ്യനില്‍ രോഗിയായാല്‍ പ്രസ്തുത സന്ദര്‍ശനത്തിലൂടെ നന്മ ഉദ്ദേശിക്കുന്നുവെങ്കില്‍ അവനെ സന്ദര്‍ശിക്കല്‍ അനിവാര്യമാണ്. അവര്‍ക്ക് ചെയ്ത് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മ ഇസ്‌ലാമില്‍ വെളിച്ചത്തെ കുറിച്ച് അവബോധം നല്‍കലാണ്. അതിലൂടെ ഒരു പക്ഷേ, അവന്‍ ഇസ്‌ലം ആശ്ലേഷിച്ചേക്കാം. സഅദ്(റ) രോഗിയായ അവസരത്തില്‍ നബി(സ്വ) അവരെ സന്ദര്‍ശിക്കുകയും 'അല്ലാഹുമ്മ ഇശ്ഫി സഅദ്' എന്ന് മൂന്ന് പ്രാവശ്യം പറയുകയുണ്ടായി. (മുസ്‌ലിം) ഈ ഹദീസിന്റെ പ്രേരണയില്‍ രോഗിയെ സന്ദര്‍ശികകുന്നവന് മൂന്ന് പ്രാവശ്യം ഇങ്ങനെ പറയല്‍ സുന്നത്താകുന്നു എന്ന് വ്യക്തം. തനിക്ക് പിടിപെട്ട രോഗം കാരണമായോ മറ്റോ രോഗി മരണത്തെ ആഗ്രഹിക്കാന്‍ പാടില്ല. പ്രവാചകര്‍(സ്വ) പറഞ്ഞു. തീര്‍ച്ചയായും തന്നെ ബാധിച്ച ദുരിതം കാരണമായി ഒരാളും മരണത്തെ ആഗ്രഹിക്കരുത്. ആരെങ്കിലും മരണത്തെ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ ഇപ്രകാരം പറയട്ടെ: ''അല്ലാഹുവെ ജീവിതമാണ് എനിക്ക് നല്ലതെങ്കില്‍ നീ എന്നെ ജീവിപ്പിക്ക്, മരണമാണ് നല്ലതെങ്കില്‍ നീ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ.'' രോഗിയെ അവന്‍ ആഗ്രഹിക്കാതെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിപ്പിക്കരുത്. അങ്ങനെ ചെയ്യുന്നപക്ഷം, അത് രോഗിയെ തളര്‍ത്തുകയും പ്രതീക്ഷയില്ലാതാക്കുകയും ചെയ്യും. അതുവഴി രോഗമുക്തി കൂടുതല്‍ നീണ്ടുപോകുന്നതുമാണ്. തുര്‍മുദിയും ഇബ്‌നുമാജയും റിപോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ പ്രവാചകര്‍(സ്വ) പറയുന്നതായി കാണാം: ''രോഗിയെ നിങ്ങള്‍ നിര്‍ബന്ധിപ്പിച്ച് ഭക്ഷിപ്പിക്കരുത്. എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അല്ലാഹുവാണ് അവരെ ഭക്ഷിപ്പിക്കുന്നതും അവര്‍ക്ക് വെള്ളം നല്‍കുന്നതും. രോഗി ആഗ്രഹിക്കുന്ന ഭക്ഷണം അവന് നല്‍കണം. ഒരിക്കല്‍ പ്രവാചകര്‍(സ്വ) ഒരു രോഗിയെ സന്ദര്‍ശിക്കുകയും അവനോട് നീ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. അതിന് മറുപടിയായി രോഗി താന്‍ ആഗ്രഹിക്കുന്നത് പ്രവാചകരോട് പറഞ്ഞു. അന്നേരം അവിടുന്ന് രോഗിക്ക് ഒരു ഭക്ഷണസാധനം കൊണ്ടുവരാന്‍ കല്‍പ്പിക്കുകയും ചെയ്തു.(ഇബ്‌നുമാജ) ആരോഗ്യമുണ്ടായിരിക്കുന്ന വേളയില്‍ സമയം വ്യര്‍ത്ഥമായി ചെലവഴിക്കുന്നതിനു പകരം സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ സമയം വിനിയോഗിക്കുക. എന്തെന്നാല്‍ ആരെങ്കിലും ആരോഗ്യമുള്ള കാലത്ത് ചെയ്തിരുന്ന സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് രോഗം കാണരമായി ഇടര്‍ച്ച സംഭവിച്ചാല്‍ പോലും ആ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലം അവര്‍ക്ക് ലഭിക്കുക തന്നെ ചെയ്യും. അബൂമൂസല്‍ അശ്അരി(റ ഉദ്ധരിച്ച അബൂ ദാവൂദ് റിപോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകര്‍(സ്വ) പറയുന്നു. ഒരു അടിമക്ക് രോഗമോ യാത്രയോ കാരണമായി താന്‍ പതിവായി ചെയ്യാറുണ്ടായിരുന്ന ഒരു സല്‍കര്‍മം ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ അവന് അത് ആരോഗ്യമോ നാട്ടില്‍ സ്ഥിരതാമസക്കാരനോ ആയിരിക്കെ ചെയ്ത പ്രതിഫലത്തിന്റെ പ്രതിഫലവം പോലെ അവന്റെ മേല്‍ എഴുതപ്പെടും.
Leave A Comment