നാല് പതിറ്റാണ്ടിലധികം നീണ്ട ദര്‍സ് ജീവിതത്തിന്റെ ഓര്‍മകള്‍

വയസ്സ് എണ്‍പത് പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ വിശ്രമത്തിലാണ്. ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍, കഴിഞ്ഞ ദിവസത്തെ പനിയുടെ ക്ഷീണത്തിലാണ്. എങ്കിലും അതൊന്നും വകവെക്കാതെ സ്വീകരിച്ചിരുത്തി. ഭൗതിക ലോകത്തിന്റെ സുഖാഡംബരത്തിലൊന്നും മനസ്സ് രമിക്കാതെ, വിട്ട്‌നിന്ന് ദിക്റിലും ഔറാദിലുമായി സൂഫി ജീവിതവുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം ഇപ്പോള്‍. ആ ജീവിതം വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഇവിടെ.

തയ്യാറാക്കിയത്- അബ്ദുല്‍ ഹഖ് ഹുദവി മുളയങ്കാവ്


ഉസ്താദിന്റ ജനനത്തില്‍ നിന്ന് തന്നെ തുടങ്ങാം?

ഹിജ്‌റ വര്‍ഷം 1360 ശഅബാന്‍ മാസത്തിലാണ് ജനനം. (1940 ക്രിസ്തു വര്‍ഷം). പിതാവ് അയിനിക്കുന്നന്‍ സൈതാലി, മാതാവ് ഖദീജ. ഇരിങ്ങാവൂരാണ് ജനിച്ചത്. ഉപ്പയുടെ പിതാമഹന്‍ (ഉപ്പയുടെ ഉപ്പ) പോക്കര്‍മൊല്ല എന്നവര്‍ വലിയ സൂഫിവര്യനായിരുന്നു, ആ പേര് തന്നെയാണ് എനിക്കും നല്‍കിയത്.

പഠനത്തിന്റെ തുടക്കം?

പ്രാഥമിക മതപഠനം കുടുംബത്തില്‍ നിന്ന് തന്നെയായിരുന്നു. പിതൃസഹോദരന്‍ അയിനിക്കുന്നന്‍ മുഹമ്മദ് മുസ്‌ലിയാരാണ് ആദ്യ ഉസ്താദ്.

ദര്‍സിന്റെ തുടക്കം?

ദര്‍സ് പഠനം തുടങ്ങുന്നത് പന്ത്രണ്ടാം വയസ്സിലാണ്. വൈലത്തൂര്‍ പറപ്പൂത്തടം ചെറിയമുണ്ടം കുഞ്ഞീദുമുസ്‌ലിയാരുടെ ദര്‍സിലായിരുന്നു അത്. നീണ്ട പത്ത് വര്‍ഷം അവിടെ പഠിച്ചു. ഉസ്താദ് വലിയ നഹ്‌വീ പണ്ഡിതന്‍ കൂടിയായിരുന്നു. രാമനാട്ടുകര അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, കള്ളിക്കല്‍ അബൂബക്കര്‍ മുസ്‌ലിയാര്‍, അനന്താവൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ വൈലത്തൂര്‍ പറപ്പൂത്തടം ദര്‍സിലെ സഹപാഠികളായിരുന്നു.

ഫത്ഹുല്‍ മുഈന്‍ പോലോത്ത കിതാബുകള്‍ കുഞ്ഞീദുമുസ്‌ലിയാരില്‍ നിന്നാണോ ഓതിയത്?

ഫത്ഹുല്‍ മുഈന്‍, മഹല്ലി, ചഗ്മീനി ഒക്കെ അവിടുന്ന് തന്നെയാണ് ഓതിയത്. ഫിഖ്ഹിലാണല്ലോ പൊതുവെ നാം കൂടുതല്‍ ശ്രദ്ധ ചെലുത്താറുള്ളത്. തഫ്സീറും മിശ്കാത് പോലെയുള്ള ഹദീസ് ഗ്രന്ഥങ്ങളുമൊക്കെ ബര്‍കതിന് മാത്രമേ ഓതാറുണ്ടായിരുന്നുള്ളൂ. ഇമാമുമാര്‍ പറഞ്ഞിടത്ത് നില്ക്കുക എന്നതാണല്ലോ നമ്മുടെ ശൈലി. അതിനപ്പുറത്തേക്ക് പോയാല്‍ അറ്റം കാണാനാവില്ലെന്നത് തന്നെ കാരണം, അത് തന്നെയാണ് കരണീയമായ ശൈലിയും. 

കുഞ്ഞീദുമുസ്‌ലിയാരുടെ ദര്‍സിന് ശേഷം?

ഉസ്താദിന്റെ സമ്മതപ്രകാരം തലക്കടുത്തൂര്‍ പള്ളി ദര്‍സില്‍ ചേര്‍ന്നു. മഹാനായ നെല്ലിക്കുത്ത് ബാപ്പുട്ടി മുസ്‌ലിയാര്‍ ആയിരുന്നു അവിടുത്തെ മുദരിസ്. പയ്യനാടായിരുന്നു ഉസ്താദിന്റെ സ്വദേശം. അവിടെ നിന്ന് മൂന്ന് വര്‍ഷം പഠിച്ചു. നെല്ലിക്കുത്ത് ബാപ്പുട്ടി ഉസ്താദ് എല്ലാ മേഖലയിലും അവഗാഹമുള്ള പണ്ഡിതനായിരുന്നു. അവരില്‍ നിന്നാണ് ദര്‍സ് ഓതിയിരുന്നത്.തഫ്സീര്‍,ഫിഖ് ഹ്, ഹദീസ്,തസവ്വുഫ് തുടങ്ങി വിവിധ ഫന്നുകളിലെ കിതാബുകള്‍ ഓതാന്‍ സാധിച്ചു, തഫ്സീറുകള്‍,ഹദീസുകള്‍,ജംഅ്, മൈബദി, ഖുതുബി, ശറഹു തഹ്ദീബ്, മുല്ലാഹസന്‍, രിസാല, ഹിസാബ്, ഖുലാസ, ജ്യോമെട്രി, ഹന്‍ദസ, ഹൈഅത്ത്, മീഖാത്ത്, ഖിബ്‌ല നിര്‍ണ്ണയം തുടങ്ങിയവയൊക്കെ തലക്കടുത്തൂരില്‍ നിന്നാണ് ഓതിയതും അഭ്യസിച്ചതും.

ബാഖിയാത്തിലെ പഠനം, ഉസ്താദുമാര്‍, സഹപാഠികള്‍ എന്നിവ വിശദീകരിക്കാമോ?

തലക്കടുത്തൂരിലെ മൂന്ന് വര്‍ഷത്തെ പഠനശേഷം ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്തിലേക്ക് പോയി. അവിടെ മുതവ്വലിലാണ് ചേര്‍ന്നത്, രണ്ട് വര്‍ഷം പഠിച്ചു. അബൂബക്കര്‍ ഹസ്രത്ത്, കെ.കെ അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയവരായിരുന്നു അന്ന് ബാഖിയാത്തിലെ പ്രധാന ഉസ്താദുമാര്‍. കെ.കെ ഹസ്രത്ത് എന്നവര്‍ കൊച്ചി എടവനക്കാട് സ്വദേശിയാണ്. 

കാപ്പ് ഉമര്‍ മുസ്‌ലിയാരും പി കുഞ്ഞാണി മുസ്‌ലിയാരും ഒരു വര്‍ഷം ഒപ്പം  ബാഖിയാത്തില്‍ ഉണ്ടായിരുന്നു. കാട്ടിപ്പരുത്തി കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍ രണ്ട് വര്‍ഷം ഒപ്പമുണ്ടായിരുന്നു. രാമന്തളി അഹമദ് കോയതങ്ങള്‍, ചെമ്പ്ര മരക്കാര്‍ മുസ്‌ലിയാര്‍, ക്ലാരി മഹ്മൂദ് മുസ്‌ലിയാര്‍, കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പൊന്മള ഫരീദ് മുസ്‌ലിയാര്‍, നിറമരുതൂര്‍ മുഹമ്മ്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരും ബാഖിയാത്തിലെ സഹപാഠികളാണ്.

പട്ടിക്കാട് ജാമിഅ അന്ന് തുടങ്ങിയിരുന്നില്ലേ?

ഞാന്‍ ബാഖിയാത്തില്‍ പോവുന്ന ആ കാലങ്ങളില്‍ ജാമിഅ തുടങ്ങിയിട്ടുണ്ട്, ആരംഭ കാലമായിരുന്നു അത്. ഒപ്പമുള്ള ഒന്നുരണ്ട് പേര്‍ ഉപരിപഠനത്തിനായി പട്ടിക്കാട്ടേക്ക് പോവുകയാണെന്ന് പറഞ്ഞിരുന്നത് ഓര്‍ക്കുന്നുണ്ട്. ബാഖിയാതിലേക്ക് പോവുക എന്നതായിരുന്നു ഞങ്ങളുടെ സ്വപ്നം.

ബാഖിയാത്തില്‍ ഓതിയ കിതാബുകള്‍?

ബാഖിയാത്തില്‍ നിന്ന് ഹദീസ് കിതാബുകളാണ് പ്രധാനമായും ഓതിയത്. മുത്വവ്വലില്‍ ആയതുകൊണ്ട് എല്ലാം ഉണ്ടാകും, ബുഖാരി അല്ലാത്ത കിതാബുകളൊക്കൊ അന്ന് ബാഖിയാത്തില്‍ മുത്വവ്വലില്‍ സബ്ഖിനുണ്ടായിരുന്നു. ബുഖാരി അന്ന് മുഖ്തസറിലായിരുന്നു ഓതിയിരുന്നത്.

ബാഖിയാത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്നെ അധ്യാപനം ആരംഭിച്ചിരുന്നോ?

ബാഖിയാത്തില്‍ നിന്ന് ഇറങ്ങി കോഴിക്കോടടുത്ത്  ബേപ്പൂര്‍ എന്ന സ്ഥലത്താണ് ദര്‍സ് നടത്താന്‍ അവസരം ലഭിച്ചത്. ആദ്യദര്‍സിലേത് പോലെ, ആദ്യസ്ഥലത്ത് മുദരിസായും പത്ത് വര്‍ഷം നിന്നു. 

സി.എം മടവൂരുമായി ബന്ധം ഉണ്ടായിരുന്നോ?

ബേപ്പൂരില്‍ ദര്‍സ് നടത്തുന്ന കാലത്ത് രണ്ട് പ്രാവശ്യം അദ്ദേഹം അവിടെ വന്നിട്ടുണ്ട്. അദ്ദേഹം ആദ്യകാലത്ത് നല്ല മുദരിസായിരുന്നു. വെള്ള വസ്ത്രവും തലേകെട്ടുമെല്ലാം ആയിരുന്നു ആദ്യകാലത്തെ വേഷം. ശേഷം അവസ്ഥയെല്ലാം മാറി, ആളെ തിരിച്ചറിയാത്ത വിധമായിരുന്നു പലപ്പോഴും നടന്നിരുന്നത്. മഖ്ബറയില്‍നിന്ന് മഖ്ബറയിലേക്ക്  നടത്തുന്ന സിയാറതുകളിലായിരുന്നു സി.എം പലപ്പോഴും. ആ രൂപത്തിലായിരുന്നു എന്റെ ദര്‍സിലും വന്നത്. നേരെ വന്ന് കുട്ടികളോടൊപ്പം ഇരുന്ന് ദര്‍സ് കേട്ടു. ശേഷം ചായ വേണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം ചായയും അപ്പവും വരുത്തിച്ചുകൊടുത്തു. അത് ചെറിയ കഷ്ണങ്ങളാക്കി എല്ലാവര്‍ക്കും കൊടുക്കുകയും ഒരു കഷ്ണം അദ്ദേഹം കഴിക്കുകയും ചെയ്തു. പോയ ശേഷമാണ്, അത് സി.എം. ആയിരുന്നു എന്ന് മനസ്സിലായത്. എന്നാലും, അദ്ദേഹം ദര്‍സില്‍ വന്ന് ഇരുന്നത് വലിയ ഭാഗ്യമായി കാണുന്നു. 

ബേപ്പൂരിലെ ദര്‍സിന് ശേഷം പിന്നീട് എവിടെയായിരുന്നു അധ്യാപനം?

ബേപ്പൂരിലെ ദര്‍സിന് ശേഷം പിന്നീട് എന്നെ ക്ഷണിച്ചത് കടലുണ്ടി ജമലുല്ലൈലി തങ്ങന്മാരുടെ അടുത്ത്, ആനങ്ങാടി ദര്‍സിലേക്കായിരുന്നു. കടപ്പുറം ആയത് കൊണ്ട് തന്നെ പലരും അവിടെ ദര്‍സ് ഏല്‍ക്കാന്‍ വിസമ്മതിച്ചിരുന്നു. ഇടക്ക് ഒരു വര്‍ഷം സ്വന്തം നാട്ടില്‍ ദര്‍സ് നടത്തിയത് ഒഴിച്ചാല്‍, പതിനൊന്ന് വര്‍ഷം ഞാന്‍ ആനങ്ങാടിയില്‍ ദര്‍സ് നടത്തി. 

ദര്‍സ് കാലഘട്ടത്തെ മൊത്തത്തില്‍ ഓര്‍ത്തെടുക്കാമോ?

ബേപ്പൂര്‍, ആനങ്ങാടി എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ, പത്ത് വര്‍ഷത്തോളം ചാവക്കാടിനടുത്ത് കറുകമാട് എന്ന പ്രദേശത്തും നാല് വര്‍ഷം ഓണമ്പിള്ളിയിലും ദര്‍സ് നടത്തിയിട്ടുണ്ട്. ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്റെ ദര്‍സില്‍ ഓതുന്നത് അവിടെ വെച്ചാണ്. കൂടെ എന്റെ  മകന്‍ അബ്ദു സമദ് റശാദിയും ഉണ്ടായിരുന്നു. പൊന്നാനിക്കടുത്ത ബിയ്യം എന്ന സ്ഥലത്ത് മൂന്ന് വര്‍ഷവും കാട്ടിപ്പരുത്തി ഒരു വര്‍ഷവും ദര്‍സ് നടത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി നാല്‍പത് വര്‍ഷത്തിലധികം ദര്‍സ് നടത്താനായി, അതൊരു വലിയ തൌഫീഖ് ആയാണ് ഞാന്‍ കാണുന്നത്.

പഴയ കാല ഉസ്താദുമാരുടെ ദര്‍സ് രീതി, വിദ്യഭ്യാസ സമ്പ്രദായം?

അന്നത്തെ മുദരിസുമാരൊക്കെ, എല്ലാ മേഖലകളിലും അവഗാഹമുള്ളവരായിരുന്നു.നഹ്‌വ് സ്വര്‍ഫ്, ഭാഷ, ഫിഖ്ഹ് ,തഫ്സീര്‍,ഹദീസ്, തസവ്വുഫ്,അഖീദ, തുടങ്ങി എല്ലാ വിഷയങ്ങളും അവര്‍ കുട്ടികളെ അഭ്യസിപ്പിക്കും. നാട്ടില്‍ നിന്ന് അജ്‌നാസ്, സന്‍ജാന്‍ തുടങ്ങിയ ചെറിയ ചെറിയ കിതാബുകള്‍ ഓതിയ ശേഷമാണ് ഞാന്‍ കുഞ്ഞീദു മുസ്‍ലിയാരുടെ ദര്‍സില്‍ ചേരുന്നത്. എല്ലാം അടുക്കും ചിട്ടയുമൊപ്പിച്ച് പഠിക്കാനായത് അവിടെ വെച്ചാണ്. 
 
ഉസ്താദിന്റെ ശിഷ്യന്മാരെ കുറിച്ച്?

നിരവധി ശിഷ്യന്മാര്‍ വിവിധ മേഖലകളില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്നു, അല്‍ഹംദുലില്ലാഹ്. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (കോഴിക്കാട് ഖാളി), ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങള്‍, ബേപ്പൂര്‍ ഖാളിയായിരുന്ന അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, നല്ലളം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ അങ്ങനെ പലരും ശിഷ്യന്മാരില്‍ ഉള്‍പ്പെടുന്നവരാണ്. 

ആത്മീയ വഴിയിലെ ശൈഖുമാര്‍?

പഴയകാലത്ത് അറിയപ്പെട്ടിരുന്ന പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കണ്ണൂര്‍ സിറ്റിയിലുണ്ടായിരുന്ന സി.അബ്ദുറഹ്മാന്‍ ബുഖാരി തങ്ങള്‍ (കണ്ണൂര്‍ മുഹമ്മദ് മൗലല്‍ ബുഖാരിയുടെ പൗത്രനാണ് കണ്ണൂര്‍ അബ്ദുറഹ്മാന്‍ ബുഖാരി എന്നവര്‍. ഖാദിരിയ്യ ത്വരീഖത്തിന്റെ മശാഇഖന്മാരില്‍ പ്രമുഖനാണ് അദ്ധേഹം). ദര്‍സ് നടത്തുന്ന കാലത്ത് അവിടുന്ന് ചില ദിക്‌റുകളും ഇജാസത്തുകളും കിട്ടി. അത് പതിവാക്കി കൊണ്ട് നടന്നു. അദ്ദേഹം തന്നെയാണ് പ്രധാന ശൈഖ് എന്ന് പറയാം.

ആലുവായ് അബൂബക്കര്‍ മുസ്‌ലിയാരുമായി ബന്ധമുണ്ടായിരുന്നോ?
കണ്ടിട്ടുണ്ട്, ദുആ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. ബന്ധപ്പെടാന്‍ പറ്റിയ അവസ്ഥ ആയിരുന്നില്ല അന്ന്. ആര് പോയാലും കാണാമെന്ന് മാത്രം. ഹാല് മറിഞ്ഞുകൊണ്ടുള്ള വര്‍ത്തമാനമേ  അന്നൊക്കെ പറയുമായിരുന്നുള്ളൂ.


ഉസ്താദിന് പഠന കാലത്ത് തന്നെ സംഘടന പ്രവര്‍ത്തനത്തില്‍ താത്പര്യമില്ലായിരുന്നുവല്ലോ, കാരണം.?

എന്റെ രണ്ട് ഉസ്താദുമാരാണ് അതിന് കാരണം എന്ന് പറയാം. കുഞ്ഞീദുസ്താദും നെല്ലിക്കുത്ത് ഉസ്താദും അത്തരം കാര്യങ്ങള്‍ക്കൊന്നും വിടുമായിരുന്നില്ല. പഠിക്കുക എന്നതാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നതായിരുന്നു അവരുടെ രീതി. പത്രം വായിക്കാന്‍ പോലും പുറത്ത് പോകാന്‍ അവര്‍ അനുവദിക്കുമായിരുന്നില്ല. മുഴുസമയവും ഇല്‍മ് പഠിക്കുന്നതില്‍ ചെലവഴിക്കണമെന്നതായിരുന്നു അവരുടെയൊക്കെ നിര്‍ദ്ദേശം. എല്ലാ പണ്ഡിതരും നേതാക്കന്മാരുമായുമൊക്കെ ബന്ധം സൂക്ഷിച്ചിരുന്നുവെങ്കില്‍ സംഘടനയിലൊന്നും സജീവമായില്ല.

പാണക്കാട് തങ്ങന്മാരുമായുള്ള ബന്ധം?

പാണക്കാട് തങ്ങന്മാരില്‍, അടുത്തിട പഴകിയത് ഹൈദരലി തങ്ങളുമായാണ്. കാട്ടിപ്പരുത്തി കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സിലായിരുന്നല്ലോ തങ്ങള്‍ പഠിച്ചത്. ബാഖിയാതില്‍ എന്റെ സഹപാഠിയായിരുന്ന അദ്ദേഹം ദര്‍സ് നടത്തിയിരുന്നത് എന്റെ ഭാര്യവീടിനടുത്താണ്. അപ്പോള്‍ അവിടെ പോകുമ്പോള്‍ ഹൈദരലി തങ്ങളെ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. 

ഉസ്താദ് വിവിധ കിതാബുകള്‍ ഓതിയല്ലോ അതില്‍ വീണ്ടും ഓതണമെന്ന് തോന്നുന്ന കിതാബ്/ ഗ്രന്ഥം?

കിതാബ് എന്ന നിലക്കല്ല, തലക്കടുത്തൂര്‍ ബാപ്പുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇനിയും ഓതണമെന്ന് ആഗ്രഹമുണ്ട്. അത് വല്ലാത്തൊരു അനുഭവമായിരുന്നു.

പുതിയ തലമുറയോട് പറയാനുള്ളത്?

ഇന്ന് കാലം കുറെ മാറിയില്ലേ, പഴയ പോലെ അല്ലല്ലോ. ഒരുപാട് സൗകര്യങ്ങളും ഉപകരണങ്ങളും എല്ലാമുണ്ട്. അതുകൊണ്ട് എല്ലാറ്റിനും എളുപ്പമാണ്. കമ്പ്യൂട്ടറും മൊബൈലും എല്ലാമുണ്ടല്ലോ, അന്ന് ഇതൊന്നുമില്ല.
അന്ന് കടലാസില്‍ എഴുതിയത് മാത്രമല്ലേ ഉള്ളൂ. പുതിയ സൗകര്യങ്ങളെല്ലാം നല്ലരീതിയില്‍ ഇല്‍മിന് വേണ്ടി ഉപയോഗപ്പെടുത്തണം. അവയെല്ലാം ഉപയോഗിച്ച് ദീനീവിജ്ഞാന മേഖലയില്‍ ബഹുദൂരം മുന്നേറാനായിരിക്കണം പുതിയ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter