സഅ്ദുബ്‌നു മുആദ് (റ), പ്രവാചകരുടെ മടിയില്‍ കിടന്ന് മരണം വരിച്ച ഭാഗ്യവാന്‍

ആരോഗ്യദൃഢഗാത്രനും സുന്ദരനും പ്രസന്നവദനനുമായ സഅദ്(റ) തന്‍റെ മുപ്പത്തൊന്നാമത്തെ വയസ്സിലാണ് ഇസ്‍ലാം ആശ്ലേഷിച്ചത്. മുപ്പത്തിഏഴാം വയസ്സില്‍ രക്തസാക്ഷിയാവുകയും ചെയ്തു. ഹ്രസ്വമായ കാലയളവില്‍ അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെയ്ത സേവനങ്ങള്‍ മഹത്തായിരുന്നു.

ഒരിക്കല്‍ കയ്യില്‍ ചാട്ടുളിയുമായി,  മദീനയിലെ ആ ജനനേതാവ്, തന്‍റെ പിതൃസഹോദരിയുടെ പുത്രനായ അസ്അദുബ്നു സുറാറയുടെ ഭവനത്തിലേക്ക് കയറിച്ചെന്നു. പ്രവാചകരുടെ ദൂതനായ മിസ്അബ്(റ) മദീനയിലെ മുസ്‍ലിംകള്‍ക്ക് ദീന്‍ പഠിപ്പിച്ചുകൊണ്ട് അവിടെയാണ് കഴിഞ്ഞ് കൂടിയിരുന്നത്. മദീനാ നിവാസികളെ അവരുടെ പൂര്‍വ്വിക വിശ്വാസാചാരങ്ങളില്‍ നിന്ന് വ്യതചലിപ്പിച്ച്, ഒരു പുത്തന്‍ പ്രസ്ഥാനത്തില്‍ അണിനിരത്താന്‍ വന്ന നവാഗതനെ പിരടിക്ക് പിടിച്ച് പുറംതള്ളാനും അങ്ങനെ പൂര്‍വ്വിക വിശ്വാസാചാരങ്ങള്‍ സംരക്ഷിക്കാനുമായിരുന്നു അദ്ദേഹത്തിന്‍റെ പരിപാടി.
മിസ്അബി(റ)നോട് അദ്ദേഹം തട്ടിക്കയറി. സുസ്മേരനായ മിസ്അബ്(റ) സഅദിനോട് ഒരു നിമിഷം ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി. തൗഹീദിന്‍റെ മാസ്മര ശക്തി സഅദിന്‍റെ സിരകളെ ശീതളമാക്കിത്തീര്‍ത്തു. അദ്ദേഹം തന്‍റെ കയ്യിലുണ്ടായിരുന്ന ആയുധം ദൂരെയെറിഞ്ഞു. മിസ്അബിന്‍റെ കൈപിടിച്ചാശ്ലേഷിച്ചു. ഇസ്‍ലാം സ്വീകരിച്ചു.

സഅദി(റ)ന്റെ മതപരിവര്‍ത്തനം മദീനയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു. വളരെയധികം പേര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. നബി(സ)യും അനുയായികളും മദീനയില്‍ അഭയം തേടിയശേഷം സഅ്ദിന്‍റെ ഗോത്രമായ ബനൂഅബ്ദില്‍ അശ്ഹല്‍ മുഹാജിറുകള്‍ക്ക് കയ്യും കണക്കുമില്ലാത്ത സാമ്പത്തിക സഹായം നല്‍കി. അവരുടെ സമ്പത്ത് മുഴുവനും ഇസ്‍ലാമിന്ന് വേണ്ടി നിര്‍ലോഭം ചിലവഴിച്ചു.

ബദര്‍യുദ്ധം സമാഗതമായപ്പോള്‍ നബി(സ) തന്‍റെ അനയായികളെ വിളിച്ച് അഭിപ്രായമാരാഞ്ഞു. അന്‍സാരികളോട് നബി(സ) ചോദിച്ചു. “പറയൂ, നിങ്ങളുടെ അഭിപ്രായം കേള്‍ക്കട്ടെ.”
സഅദ് (റ) എഴുന്നേറ്റുനിന്നു പറഞ്ഞു: നബിയേ, ഞങ്ങള്‍ അങ്ങില്‍ വിശ്വാസമര്‍പ്പിച്ചു. അങ്ങ് ഞങ്ങള്‍ക്ക് സമര്‍പ്പിച്ചത് പരിപൂര്‍ണ്ണ സത്യമാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അതിന്ന് വേണ്ടി സര്‍വ്വസ്വവും അര്‍പ്പണം ചെയ്യാനുള്ള ഉറപ്പും ഞങ്ങള്‍ അങ്ങയ്ക്കു തന്നു കഴിഞ്ഞു. അതുകൊണ്ടു ഉദ്ദേശിച്ചിടത്തേക്ക് അങ്ങ് ഞങ്ങളെ നയിക്കുക. ഞങ്ങള്‍ കൂടെയുണ്ടാകും! അഗാധമായ ഒരു പാരാവാരത്തിലേക്കാണ് ഞങ്ങളെ നയിക്കുന്നതെങ്കിലും ഞങ്ങള്‍ അങ്ങയുടെ കൂടെ നിസ്സങ്കോചം അതിന്‍റെ ആഴത്തിലേക്ക് ഊളിയിടും! ശത്രുക്കളെ നേരിടുന്നതില്‍ ഞങ്ങള്‍ ഒട്ടും ഭീരുക്കളല്ല. യുദ്ധക്കളത്തില്‍ ക്ഷമാശീലരായിരിക്കും! ദൈവഹിതമുണ്ടെങ്കില്‍ സമരമുഖത്ത് ഞങ്ങളെ അങ്ങ് കാണുന്ന പക്ഷം അങ്ങയുടെ കണ്‍കുളിര്‍ക്കാന്‍ അത് ഇടയായി തീര്‍ന്നേക്കും. അതുകൊണ്ട് അല്ലാഹുവിന്‍റെ നാമത്തില്‍ ഞങ്ങളെ നയിച്ചാലും.!

സഅദ് (റ)ന്‍റെ പ്രഖ്യാപനം കേട്ട് നബി (സ്വ) സന്തുഷ്ടനായി, അവിടുന്ന് പറഞ്ഞു: “മുന്നേറുക, വിജയം സുനിശ്ചിതമാകുന്നു. അല്ലാഹു രണ്ടിലൊരു വിഭാഗത്തെ എനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു. ഖുറൈശി പ്രമുഖരുടെ പതനം ഞാനിതാ നോക്കിക്കാണുന്നു.”

ഉഹ്ദ് രണാങ്കണത്തില്‍ ശത്രുസൈന്യം പിന്നിലൂടെ ആഞ്ഞടിക്കുകയും മുസ്‍ലിംകള്‍ അണിചിതറുകയും ചെയ്ത നിര്‍ണ്ണായക ഘട്ടത്തില്‍ സഅദ്(റ) തന്‍റെ പാദങ്ങള്‍ നബി(സ)യുടെ സന്നിധിയില്‍ ആണിയടിച്ചപോലെ ഉറപ്പിച്ചുനിര്‍ത്തി, നബി(സ)യെ സഹായിച്ചുകൊണ്ടിരുന്നു.

ഖന്ദഖ് യുദ്ധത്തിന് ശത്രുക്കള്‍ വട്ടംകൂട്ടി. പ്രസ്തുത സമരം മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം കയ്പേറിയ ഒരനുഭവമായിരുന്നു. ഉഹ്ദ് യുദ്ധത്തിന്നുശേഷം പ്രശാന്തമായ ഒരന്തരീക്ഷത്തില്‍ നബി(സ്വ)യും അനുചരന്മാരും മദീനയില്‍ കഴിയുകയായിരുന്നു. തദ്ദേശീയരായ ജൂതന്മാര്‍ രഹസ്യമായി മക്കയിലെത്തി, ഖുറൈശിപ്രമുഖരെ സമീപിച്ചു. ഒരു പുതിയ സമരത്തിന്ന് അവരെ പ്രേരിപ്പിച്ചു.

മദീനയിലെ ജൂതഗോത്രമായ ബനൂഖുറൈളയും നബി(സ്വ)യും തമ്മില്‍ ഒരു സമാധാനക്കരാര്‍ അന്ന് നിലവിലുണ്ടായിരുന്നു. പ്രസ്തുത കരാറിന്‍റെ ലംഘനമായിരുന്നു അത്. ഖുറൈശികള്‍ സര്‍വ്വസന്നാഹങ്ങളോടുംകൂടി മദീനയെ പുറത്ത് നിന്ന് അക്രമിക്കാനും തക്കംനോക്കി ജൂതര്‍ മദീനയില്‍ ആഭ്യന്തരകലാപം സൃഷ്ടിക്കാനുമായിരുന്നു പ്ലാന്‍. തീരുമാനമനുസരിച്ചു ഖുറൈശികള്‍ യുദ്ധത്തിന്ന് പുറപ്പെട്ടു. വഴിമദ്ധ്യേ മറ്റൊരു ഗോത്രമായ ഗത്ഫാനും അവരെ അനുഗമിച്ചു.

ശത്രുസൈന്യത്തിന്‍റെ പടപ്പുറപ്പാടറിഞ്ഞ നബി(സ്വ) അനുയായികളെ വിളിച്ചു കൂടിയാലോചന നടത്തുകയും പ്രതിരോധത്തിന്ന് വട്ടംകൂട്ടുകയും ചെയ്തു. ബനൂഖുറൈളയുടെ നിലപാട് സൂക്ഷ്മമായി അറിഞ്ഞുവരാന്‍ സഅദുബ്നുമുആദ്(റ)നെയും സഅദ്ബ്നു ഉബാദ(റ)നെയും ജൂത ഗോത്രത്തിന്‍റെ നേതാവായ കഅബുബ്നു അസദിന്‍റെ അടുത്തേക്കയച്ചു. നബി(സ്വ)യുടെ ദൂതന്മാരെ കണ്ടമാത്രയില്‍ കഅബ് അവരോടിങ്ങനെ പറഞ്ഞു: “ഞങ്ങളും മുഹമ്മദും തമ്മില്‍ ഒരു കരാറും നിലവിലില്ല.”

അനിവാര്യമായ ഒരു യുദ്ധത്തില്‍ നിന്ന് മദീനയെ സംരക്ഷിക്കാന്‍ നബി(സ്വ) ആലോചിച്ചു. ശത്രുസൈന്യത്തിലെ ഒരു പ്രധാനഘടകമായ ഗത്ഫാന്‍ ഗോത്ര നേതാക്കളെ വിളിച്ചുവരുത്തി അവരോട് യുദ്ധത്തില്‍നിന്ന് പിന്തിരിയാന്‍ നബി (സ്വ) ആവശ്യപ്പെട്ടു. ശത്രുസൈന്യത്തിലെ വലിയ ഒരു ശക്തിയായ അവര്‍ പിന്തിരിഞ്ഞുകഴിഞ്ഞാല്‍ ഖുറൈശികളെ അത് സാരമായി ബാധിക്കുകയും അങ്ങനെ മദീനയെ നിഷ്പ്രയാസം രക്ഷിക്കാന്‍ കഴിയുകയും ചെയ്യുമെന്നായിരുന്നു നബി(സ്വ) കണക്ക് കൂട്ടിയത്. അവര്‍ അത് സമ്മതിച്ചു. പിന്തിരിയാന്‍ തയ്യാറായി. അനന്തരം നബി (സ്വ) അനുയായികളെ വിളിച്ചു. ഗത്ഫാന്‍ നേതാക്കളുമായി നടന്ന സംഭാഷണം വിശദീകരിച്ചു കൊണ്ടിങ്ങനെ പറഞ്ഞു: “ഈ തീരുമാനം കൊണ്ട് ഞാനുദ്ദേശിക്കുന്നത് ഘോരമായ ശത്രുസൈന്യത്തിന്‍റെ കടന്നാക്രമണത്തില്‍നിന്ന് മദീനയെ സംരക്ഷിക്കുക എന്നതാണ്.

ഇത്കേട്ട സഅദ്(റ) നബിയോട് ചോദിച്ചു: “നബിയേ, ഇത് അങ്ങയുടെ സ്വന്തം തീരുമാനമാണോ അതല്ല അല്ലാഹുവിന്‍റെ കല്‍പനയാണോ?”

നബി (ﷺ) പറഞ്ഞു: “അല്ല, അറബികള്‍ ഒന്നടങ്കം നിങ്ങള്‍ക്കെതിരെ ഒരേ ഞാണില്‍നിന്നുള്ള അമ്പുകള്‍ പോലെ ഏകലക്ഷ്യത്തോടുകൂടി പുറപ്പെട്ടിരിക്കുന്നു. അവരുടെ പ്രതാപം നശിപ്പിക്കാന്‍ വേണ്ടി എന്‍റെ സ്വാഭിപ്രായമനുസരിച്ച് എടുത്ത തീരുമാനമാകുന്നു ഇത്.

സഅദ് (റ) പറഞ്ഞു: “നബിയേ, ഞങ്ങളും അവരും ബിംബാരാധകരും ബഹുദൈവവിശ്വാസികളുമായിരുന്നു. ഞങ്ങള്‍ അല്ലാഹുവിനെ അറിയുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല. അക്കാലത്ത് പോലും മദീനയിലെ ഒരീത്തപ്പഴം ഞങ്ങളുടെ അതിഥികളെന്ന നിലക്കല്ലാതെ അവര്‍ ഭക്ഷിച്ചിട്ടില്ല. ഇന്ന് അല്ലാഹു ഞങ്ങളെ ഇസ്‍ലാം കൊണ്ട് ആദരിക്കുകയും സന്‍മാര്‍ഗത്തിലാക്കുകയും അങ്ങയെക്കൊണ്ട് ഉന്നത നിലവാരത്തിലെത്തിക്കുകയും ചെയ്ത ശേഷം ഞങ്ങളുടെ വിഭവങ്ങള്‍ അവര്‍ അനുഭവിക്കുകയോ? അല്ലാഹുവാണ് സത്യം, അതിന്ന് യാതൊരനിവാര്യതയും ഞങ്ങള്‍ കാണുന്നില്ല. അവര്‍ക്ക് ഈ വാള്‍ അല്ലാതെ മറ്റൊന്നും ഞങ്ങളുടെ പക്കലില്ല. അല്ലാഹു ഞങ്ങള്‍ക്കിടയില്‍ വിധിച്ചത് പോലെ വരട്ടെ.”

നബി (സ്വ) തന്‍റെ അഭിപ്രായത്തില്‍ നിന്ന് പിന്തിരിയുകയും ഈ വിവരം ഗത്ഫാന്‍ നേതാക്കളെ അറിയിക്കുകയും ചെയ്തു.

ദിവസങ്ങള്‍ക്കുശേഷം മദീന വളയപ്പെട്ടു. മുസ്‍ലിംകള്‍ യുദ്ധത്തിന്ന് തയ്യാറായി. സഅദ്ബ്നു മുആദ്(റ) തന്‍റെ വാളും കുന്തവുമെടുത്തു പുറപ്പെട്ടു. യുദ്ധക്കളത്തില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. അതിനിടയില്‍ ശത്രുപക്ഷത്തു നിന്ന് ഒരു ശരം അദ്ദേഹത്തിന്‍റെ കയ്യില്‍ പതിച്ചു. രക്തം വാര്‍ന്നുകൊണ്ടിരുന്നു. പരവശനായ അദ്ദേഹത്തെ നബി(സ്വ)യുടെ ആജ്ഞയനുസരിച്ച് പള്ളിയുടെ സമീപത്ത് ഒരു പ്രത്യേകസ്ഥലത്ത് ശുശ്രൂഷാര്‍ത്ഥം താമസിപ്പിച്ചു. രോഗശയ്യയില്‍ കിടക്കുന്ന സഅദ് (റ) അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: “നാഥാ, ഖുറൈശികളോടുള്ള ഈ സമരത്തില്‍ നീ വല്ലവരെയും അവശേഷിപ്പിക്കുന്നുവെങ്കില്‍ എന്നെ അവശേഷിപ്പിക്കേണമേ. നിന്‍റെ പ്രവാചകനെ ഉപദ്രവിക്കുകയും സ്വന്തം നാട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്ത ഈ ജനതയോട് യുദ്ധം ചെയ്യുന്നതിനേക്കാള്‍ സന്തോഷകരമായ കാര്യം എനിക്കു മറ്റൊന്നില്ല. അവരും ഞങ്ങളും തമ്മിലുള്ള സമരം ഇതോടുകൂടി അവസാനിക്കുന്നുവെങ്കില്‍ എനിക്കീ സംഭവിച്ചത് എന്‍റെ രക്തസാക്ഷിത്വത്തിനുള്ള കാരണമാക്കണമേ! ബനൂഖുറൈളയുടെ വഞ്ചനക്കുള്ള പ്രതികാരം കണ്‍കുളിര്‍ക്കെ നോക്കിക്കാണുന്നതിന് മുമ്പ് എന്നെ നീ മരിപ്പിക്കരുതേ.”

രോഗശയ്യയില്‍ അദ്ദേഹം ചെയ്ത പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. ഒരു മാസത്തിന്നുശേഷം അദ്ദേഹം രക്തസാക്ഷിയായി. മരണത്തിന്ന് മുമ്പ് തന്നെ ബനൂഖുറൈള അനുഭവിച്ച ശിക്ഷ കണ്‍കുളിര്‍ക്കെ അദ്ദേഹം കാണുകയും ചെയ്തു. ഖന്ദഖ് യുദ്ധത്തില്‍ ശത്രുസൈന്യം പരാജയപ്പെട്ടു. ഖുറൈശികള്‍ നിരാശരായി മക്കയിലേക്ക് മടങ്ങി.

ബനൂഖുറൈള കടുത്ത വഞ്ചനയായിരുന്നു മുസ്‍ലിംകളോട് ഇതിലൂടെ ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ അതിന് തക്ക ശിക്ഷയും നല്കേണ്ടതുണ്ടായിരുന്നു. അവരെ മദീനയില്‍ അവശേഷിപ്പിക്കുന്നത് ഇസ്‍ലാമിന്ന് ദോഷമാണെന്ന് ബോധ്യമായ നബി(സ്വ) തന്‍റെ അനുയായികളില്‍ ഒരു വിഭാഗത്തെ ബനൂഖുറൈളയുടെ അടുത്തേക്കയച്ചു. ഇരുപത്തഞ്ചു ദിവസം മുസ്‍ലിംകള്‍ അവരെ വളഞ്ഞു. രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ വന്നപ്പോള്‍ അവര്‍ സന്ധിക്ക് ഒരുങ്ങി. മരണശയ്യയില്‍ കിടക്കുന്ന സഅ്ദിന്‍റെ വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്നവര്‍ അറിയിച്ചു. വിധി നല്‍കാന്‍ സഅ്ദ് (റ) ജീവിക്കുകയില്ലെന്ന് കരുതിയുള്ള കുത്സിതമായ ഒരു നീക്കമായിരുന്നു ജൂതന്‍മാരുടെ കീഴടങ്ങാനുള്ള ഈ നിബന്ധന. ജാഹിലിയ്യാ കാലത്ത് അവരുമായി സന്ധിയിലായിരുന്ന സഅ്ദിന്‍റെ തീരുമാനത്തിന് നബി (സ്വ)യും അവരെ വിട്ടുകൊടുത്തു.

നബി(സ്വ)യുടെ ആജ്ഞയനുസരിച്ച് രോഗശയ്യയില്‍ അവശനായി കിടക്കുന്ന സഅദ് (റ) ആനയിക്കപ്പെട്ടു. മദീനാനിവാസികളെ ആകമാനം അപകടത്തില്‍ അകപ്പെടുത്തുമായിരുന്ന ബനൂഖുറൈളയുടെ വഞ്ചനകള്‍ സഅ്ദ് (റ) ഓരോന്നായി എണ്ണാന്‍ തുടങ്ങി. അനന്തരം അദ്ദേഹം ബനൂഖുറൈളയിലെ എല്ലാ യോദ്ധാക്കളെയും കൊന്നുകളയാനും സ്ത്രീകളെ തടവുകാരാക്കാനും വിധി കല്‍പ്പിച്ചു. ജൂതന്മാര്‍ തങ്ങള്‍ക്ക് പറ്റിയ അബദ്ധമോര്‍ത്ത് വിരല്‍ കടിച്ചു.

സഅ്ദിന്‍റെ മുറിവ് കൂടെക്കൂടെ മാരകമായിത്തീര്‍ന്നു. ഒരു ദിവസം നബി(സ്വ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. സഅദ്(റ) അന്ത്യനിമിഷം തള്ളിനീക്കുകയായിരുന്നു. നബി(സ്വ) പ്രിയങ്കരനായ തന്‍റെ അനുയായിയുടെ ശിരസ്സ് മടിയില്‍ വെച്ച് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: നാഥാ, സഅദ് നിന്‍റെ മാര്‍ഗത്തില്‍ സമരംചെയ്തു, നിന്‍റെ പ്രവാചകനെ അംഗീകരിച്ചു, തന്റെ ബാധ്യത നിര്‍വ്വഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനെ നീ നന്മയോടുകൂടി സ്വീകരിക്കേണമേ.”

വിടര്‍ന്ന പുഞ്ചിരിയോടെ ആ കണ്ണുകള്‍ അവസാനമായി നബി(സ്വ)യെ മിഴിച്ചുനോക്കിക്കൊണ്ട് പറഞ്ഞു: “അസ്സലാമു അലൈക്കയാ റസൂലല്ലാഹ്, അങ്ങ് അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യംവഹിക്കുന്നു.” നബി (സ) പ്രതിവചിച്ചു: “സഅ്ദേ, താങ്കള്‍ക്കു നന്മ വരട്ടെ!”

അനന്തരം നബി (സ)യുടെ മടിയില്‍ കിടക്കവെ അദ്ദേഹത്തിന്റെ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞു. ആ വിയോഗത്തില്‍ പ്രവാചകര്‍ ഏറെ ദുഖിതനായിരുന്നു. അവിടുന്ന് പറഞ്ഞു, സഅ്ദിന്റെ മരണം കണ്ട് അല്ലാഹുവിന്റെ അര്‍ശ് പോലും വിറച്ചുപോയി എന്ന്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter