ഇന്ത്യന്‍ ജനാധിപത്യം ശവപ്പെട്ടിയിലാണ്...  അടക്കം ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് നാമാണ്

ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ ഏറ്റവും അടിസ്ഥാന ഗുണമാണ് ജനാധിപത്യം. ലോകത്ത് പല രാഷ്ട്രങ്ങളും ഇന്നും രാജഭരണത്തിലോ സ്വേഛാധിപത്യത്തിലോ തുടരുമ്പോഴും, മുക്കാല്‍നൂറ്റാണ്ട് മുമ്പേ, ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടി, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍കാരുകള്‍ ഭരിക്കുന്ന ബഹുജന ജനാധിപത്യ രാഷ്ട്രമാണ് നമ്മുടെ ഇന്ത്യ. സര്‍കാറുകളും ഭരണ ചക്രം തിരിക്കുന്നവരും മാറിമാറി വരുന്നു എന്നതിനെ തുടര്‍ന്ന് വികസനപാതയില്‍ ചില പ്രശ്നങ്ങളൊക്കെ രാജ്യം അഭിമുഖീകരിക്കുന്നുവെങ്കിലും, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ നാം അതില്‍ ഏറെ അഭിമാനിക്കാറുമുണ്ട്. 

എന്നാല്‍ ആ അടിസ്ഥാന ഗുണവും അതിഭീകരമാം വിധം അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വ്യക്തമായ തെളിവുകള്‍ നിരത്തി രാജ്യത്തെ പൗരന്മാരോട് തുറന്ന് പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ പോലും വിശ്വാസമില്ലാത്തത് കൊണ്ടാവാം അദ്ദേഹം ഇക്കാര്യം നേരിട്ട് ജനങ്ങളെ തന്നെ അറിയിച്ചത്. 

അഞ്ച് പ്രധാന ഇനങ്ങളായാണ് വോട്ട് മോഷണം നടന്നതെന്നാണ് രാഹുല്‍ ഗാന്ധി സമര്‍ത്ഥിച്ചത്. ഒരേ വ്യക്തിക്ക് ഒന്നിലധികം വോട്ടുകള്‍ അനുവദിക്കല്‍, വ്യാജ വിലാസങ്ങളില്‍ അനേകം വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കല്‍, ഒരേ വിലാസത്തില്‍ ധാരാളം വോട്ടര്‍മാരെ ചേര്‍ക്കല്‍, വ്യാജ ഫോട്ടോകള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ ചേര്‍ക്കല്‍, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്ത, പതിനെട്ട് വയസ്സ് കഴിഞ്ഞ ആദ്യ വോട്ടുകാര്‍ക്ക് വേണ്ടിയുള്ള ഫോം 6ന്റെ ദുരുപയോഗം എന്നിവയാണ് അന്വേഷണത്തില്‍ കണ്ടെത്തിയ മോഷണങ്ങള്‍. മൂന്നോ നാലോ പേര്‍ മാത്രം താമസിക്കുന്ന വിലാസങ്ങളില്‍ പതിനായിരത്തിലേറെ പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതായും, അറുപതും എഴുപതും കഴിഞ്ഞവരെ വരെ ഫോം 6ന്റെ പരിധിയിലാക്കി പലയിടങ്ങളില്‍ വോട്ട് ചെയ്യിപ്പിച്ചതായും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

ഈ മോഷണങ്ങളെകുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഇലക്ട്രോണികം വോട്ടേഴ്സ് ലിസ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ അത് നല്കാന്‍ കമ്മീഷന്‍ വിസമ്മതിച്ചതായും അവസാനം കര്‍ണാടകയിലെ ഒരു മണ്ഡലത്തിലേത് മാത്രം 7 അടിയിലേറെ വരുന്ന പേപര്‍ ലിസ്റ്റ് കൈമാറിയതായും അദ്ദേഹം പറഞ്ഞു. അവ പരിശോധിക്കുക എന്നത് ഏറെ പ്രയാസകരമായിരുന്നുവെങ്കിലും, ആറ് മാസത്തോളം സമയമെടുത്ത് നാല്പതോളം വരുന്ന അംഗങ്ങള്‍ പരിശോധിച്ചതിന്റെ ഫലങ്ങളാണ് അദ്ദേഹം പങ്ക് വെച്ചത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളും ഉന്നയിക്കുന്ന സംശയങ്ങളാണ് ഇപ്പോള്‍ തെളിവുകളോടെ പ്രതിപക്ഷ നേതാവ് വെളിച്ചത്ത് കൊണ്ട് വന്നിരിക്കുന്നത്. അഞ്ച് മണിക്ക് ശേഷം, ക്രമാതീതമായി വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടതും എക്സിറ്റ് പോളുകള്‍ക്ക് നേര്‍വിപരീതമായി ഫലങ്ങള്‍ പുറത്ത് വരുന്നതും നിയമ സഭയില്‍ തോല്‍ക്കുന്നിടത്തും അതേ മണ്ഡലത്തില്‍നിന്ന് ലോക് സഭയിലേക്ക് വന്‍ഭൂരിപക്ഷം ലഭിക്കുന്നതുമെല്ലാം ഇതിനകം സംശയങ്ങളുയര്‍ത്തിയിരുന്നു.

ചുരുക്കത്തില്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ അടിസ്ഥാന ശിലയാണ് ഇവിടെ ഊര്‍ദ്ധശ്വാസം വലിക്കുന്നത്. മതതീവ്രത ഇളക്കിവിട്ട്, ജനങ്ങളെ കൊല്ലാനും കൊല്ലിക്കാനും സജ്ജരാക്കി, ഏതാനും പേര്‍ അധികാരത്തിനായി ഏത് നാറിയ കള്ളക്കളിയും കളിക്കുന്നതാണ് നാം കാണുന്നത്. 

ഇതിനെതിരെ ശക്തമായ പ്രതിരോധങ്ങളുയരേണ്ടിയിരിക്കുന്നു. ജനാധിപത്യം ശേഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ പൗരന്റെയും ഏറ്റവും ലളിതമയ ഉത്തരവാദിത്തമാണ് ഇത്. അധിനിവേശ ശക്തികള്‍ക്കെതിരെ പടപൊരുതിയ അതേ ആവേശം ഇവിടെയും നാം കാണിക്കേണ്ടിയിരിക്കുന്നു. അതിനായി, കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി എല്ലാവരും ഒന്നായി അണി നിരക്കേണ്ടിയിരിക്കുന്നു. പൗരന്മാര്‍ ശക്തമായി നില കൊള്ളുകയും മാധ്യമങ്ങള്‍ അവരെ പിന്തുണക്കുകയും ചെയ്താല്‍, ഏത് വലിയ സ്വേഛാധിപതിയും ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെടുമെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. 

ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഭൂരിഭാഗ ജനങ്ങള്‍ ഏത് സര്‍കാരിനെ തെരഞ്ഞെടുത്താലും അത് നാം അംഗീകരിച്ചേ മതിയാവൂ. അതേ സമയം, ഇരുനൂറ് കോടിയോളം വരുന്ന ജനങ്ങളെ വിഢികളാക്കാന്‍ നാം ആരെയും അനുവദിച്ച് കൂടാ. ജയ് ഡമോക്രസി.. ജയ് സംവിധാന്‍... ജയ് ഹിന്ദ്..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter