നിയമസഭാ തെരഞ്ഞെടുപ്പും ദേശീയ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങളുടെ ഭാവിയും
assamഅനവധി ചോദ്യങ്ങളും ആശങ്കകളും മുന്നിലെറിഞ്ഞുകൊണ്ടാണ് ഇത്തവണ യൂണിയന്‍ ടെറിട്ടറിയായ പുതുച്ചേരിയടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ സംസ്ഥാനത്തും പ്രത്യേകമായ രാഷ്ട്രീയ സാഹചര്യങ്ങളും ഭരണത്തിന്റെ നിലവാരമളക്കുന്ന പ്രാദേശിക അവസ്ഥകളും സജീവമായിട്ടുതന്നെയുണ്ടെങ്കിലും ഇവിടെയെല്ലായിടത്തും ഒരുപോലെ ആശങ്കയും ഭീഷണിയും ഉയര്‍ത്തുന്ന ഒരു കാര്യം കൂടിയുണ്ട് ഇത്തവണ ഗൗരവത്തോടെ മുഖവിലക്കെടുക്കപ്പെടേണ്ടതായിട്ട്. ബി.ജെ.പിയുടെ രണ്ടു വര്‍ഷത്തോടടുക്കുന്ന ഭരണത്തിനോടും രാജ്യത്ത് ഒന്നിനു ശേഷം മറ്റൊന്നായി വര്‍ഗീയതയുടെ ചീട്ടുകള്‍ കളിച്ച മോദി-അമിത്ഷാ കൂട്ടുകെട്ടിനോടും രാജ്യത്തെ ജനങ്ങള്‍ ഏതുതരം പ്രതികരണമാണ് നല്‍കാന്‍ പോകുന്നത് എന്നതാണത്. തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാള്‍, ആസാം, തമിഴ്‌നാട്, പുതുച്ചേരി, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നുംതന്നെ ബി.ജെ.പി ഭരണം കയ്യാളുന്ന കക്ഷിയല്ലായെന്നതും ഇന്നേവരെ അവിടങ്ങളിലൊന്നും അത് ഭരണത്തില്‍ വന്നിട്ടില്ലായെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. പക്ഷെ, വിതച്ച വര്‍ഗീയതയുടെ പളപളപ്പില്‍നിന്നും തൃപ്തികരമായ വിളവെടുപ്പ് സാധ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതുകൊണ്ടുതന്നെ, തങ്ങള്‍ക്ക് നഷ്ടപ്പെടാനായി ഒന്നുമില്ലെന്നും എവിടേയെങ്കിലും ഒരു സീറ്റ് കൂടുതല്‍ ലഭിച്ചാല്‍ അത് വലിയ നേട്ടമായിരിക്കുമെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വര്‍ഗീയതയുടെ കാര്‍ഡ് കളി തുടരുന്ന കേന്ദ്ര ഭരണകൂടം ഒരു ഭാഗത്തും ഒരു വലിയ തകര്‍ച്ചക്കു ശേഷം ജനകീയ മുഖം വീണ്ടെടുക്കാന്‍ പാടുപെടുന്ന കോണ്‍ഗ്രസ് മറുപക്ഷത്തും യച്ചൂരിയുടെ നേതൃത്വത്തില്‍ പുനരുജ്ജീവന ശ്രമം നടത്തുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ടി മൂന്നാമതായും ധാരാളം ലക്ഷ്യങ്ങളും അവകാശവാദങ്ങളുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രാദേശീക രാഷ്ട്രീയ കൂട്ടായ്മകള്‍ പിന്നിലുമായി വലിയൊരു രാഷ്ട്രീയ മാമാങ്കത്തിന് സാക്ഷിയാവാനിരിക്കുകയാണ് രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം. ഈയൊരവസരത്തില്‍ സ്വാഭാവികമായും നമുക്കു മുമ്പില്‍ ഉയര്‍ന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. ദേശീയ രാഷ്ട്രീയ രംഗത്തെത്തന്നെ മൊത്തമായി വിലയിരുത്താന്‍ പറ്റുന്ന ചില ചോദ്യങ്ങള്‍. മെയ് പത്തൊമ്പതിന് തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അത് ഏതു തരത്തിലുള്ള ചലനങ്ങളാണ് ഉണ്ടാക്കുക? നമ്മുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കുംവിധമായിരിക്കുമോ അത്? ആസാമില്‍ പതിനഞ്ചു വര്‍ഷത്തോളമായി അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബി.ജെ.പി ഗവണ്‍മെന്റ് രൂപീകരിക്കാനെത്തുമോ? കൊടുങ്കാറ്റുപോലെ കടന്നുവന്ന മമത ബംഗാളില്‍ പടിയിറങ്ങേണ്ടിവരുമോ? കേരളത്തില്‍ ബി.ജെ.പി. എക്കൗണ്ട് തുറക്കുമോ? തമിഴ്‌നാട്ടില്‍ വീണ്ടും ജയലളിത തന്നെയാവുമോ? ശരിക്കും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിലൂടെ നാം കാണാന്‍ പോകുന്നത്. ആഴവും മുനയുമുള്ള ഈയോരോ ചോദ്യങ്ങളും സമഗ്രമായി വിലയിരുത്തപ്പെടേണ്ടതുമാണ്. രാജ്യത്തെ പാര്‍ശ്വവല്‍കരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ ദാരുണമായ ഭാവിയെക്കുറിച്ചും ഈ വരികള്‍ക്കിടയില്‍നിന്നും നമുക്ക് വായിച്ചെടുക്കാവുന്നതേയുള്ളൂ. ആസാമില്‍ മുസ്‌ലിം പ്രതീക്ഷകള്‍ ഫലം കാണുമോ? ഇന്ത്യയില്‍ കാശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനമാണ് ആസാം. എന്നാല്‍, കശ്മീര്‍ പോലെത്തന്നെ മുസ്‌ലിം നിലനില്‍പ്പ് നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന വിവിധ സാഹചര്യങ്ങള്‍ കാരണം സാധാരണ ജീവിതം എപ്പോഴും ഏറെ ദുസ്സഹമായി കാണപ്പെടുന്ന ഒരു പ്രദേശംകൂടിയാണിത്. ബംഗ്ലാദേശീ ബന്ധം എടുത്തുകാട്ടി ജനങ്ങളുടെ ഇന്ത്യന്‍ പൗരത്വംപോലും ചോദ്യം ചെയ്യപ്പെടുന്ന ഒരവസ്ഥയുണ്ട് അവര്‍ക്കവിടെ. 2012 ല്‍ നടന്ന മുസ്‌ലിം വിരുദ്ധ കലാപങ്ങളുടെ മുറിവ് പോലും ഉണങ്ങാതെ ശേഷിക്കുമ്പോഴാണ് ഈ അവസ്ഥ തുടരുന്നതും. കൊക്രാജര്‍, ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ (ബി.ടി.സി) തുടങ്ങിയ ഏരിയകള്‍ എന്നും മുസ്‌ലിം വിരുദ്ധതയുടെ പുക പടരുന്ന പ്രദേശങ്ങളാണ്. ഇന്നും ഇന്നലെയും തുടങ്ങിയതുമായിരുന്നില്ല ഇത്. ബ്രിട്ടീഷുകാര്‍ ജോലിയെടുക്കാനായി ആളുകളെ പുറത്തുനിന്നും ഇറക്കുമതി ചെയ്തുകൊണ്ടുവന്നതുമുതല്‍ ആരംഭിച്ചു മുസ്‌ലിംകളുടെ ഈ ദുരിത ഗതി. അവിടന്നിങ്ങോട്ട് അവരുടെ അന്യത്വം ഉയര്‍ത്തിക്കാട്ടി പലപ്പോഴായി കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 1983 ലെ കൂട്ടക്കൊലയും 2008 ലെ സംഘര്‍ങ്ങളും വലിയ നഷ്ടങ്ങളും ജീവഹാനികളുമാണ് വരുത്തിവെച്ചത്. ബോഡോ തീവ്രവാദികള്‍ എന്ന പേരില്‍ ഒരു വിഭാഗം ഇതിനെതിരെ രംഗത്തുവന്നതോടെ പ്രശ്‌നം എന്നും രൂക്ഷമായിത്തന്നെ നിലനില്‍ക്കുന്നു. എന്നാല്‍, ആസാമിലെ ഈയൊരു ദാരുണ സാഹചര്യങ്ങളില്‍നിന്നും രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താനാണ് ബി.ജെ.പി എന്നും ശ്രമിച്ചിരുന്നത്. ആസാമിലേക്കു ബംഗ്ലാദേശില്‍നിന്നും നിരന്തരം കുടിയേറ്റം നടന്നുകൊണ്ടിരിക്കുന്നുവെന്നും ഇത് ഇവിടത്തെ മുസ്‌ലിം ജനസംഖ്യ കൂടാന്‍ നിമിത്തമാകുന്നുവെന്നുമുള്ള തെറ്റായ വാദങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയ ദ്രുവീകരണത്തിലൂടെ കാര്യലാഭം സാധിക്കാനാണ് അവരുടെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍. ഹിന്ദു സ്പിരിറ്റ് ഇളക്കിവിടുന്ന ഇത്തരം തെറ്റായ ഇടപെടലുകളിലൂടെ മുന്നോട്ടുപോയതുകൊണ്ടുതന്നെ എണ്‍പതുകള്‍ക്കു ശേഷം പാര്‍ട്ടിക്കവിടെ വലിയ വേരോട്ടം തന്നെ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിലും ഇതേ വര്‍ഗീയ കാര്‍ഡുകള്‍തന്നെയാണ് ബി.ജെ.പി ഇറക്കിയിരിക്കുന്നത്. അതില്‍ മാത്രമാണ് അവരുടെ വിജയ പ്രതീക്ഷയും. അവിടത്തെ ഭാഷയും മതവും ഗോത്രവും ബംഗ്ലാദേശീ കുടിയേറ്റവുമെല്ലാം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വലിയ മരുന്നുകളായി. ബി.ജെ.പിക്ക് ഇവിടെ അധികാരത്തില്‍ വരാന്‍ സാധിച്ചാല്‍തന്നെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ചിത്രം ഏറെ തെളിഞ്ഞുകഴിഞ്ഞുവെന്ന് ചുരുക്കം. വര്‍ഗീയത കളിക്കാന്‍ ഏറെ എളുപ്പമായതുകൊണ്ടുതന്നെ, ഇലക്ഷന്‍ നടക്കുന്ന അഞ്ചു സ്ഥലങ്ങളില്‍നിന്നും ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരേയൊരു സംസ്ഥാനം ആസാം തന്നെയാണ്. അത് വിജയിച്ചാല്‍ ബി.ജെ.പി. മോദി-ഷാ കൂട്ടുകെട്ടിനു ലഭിക്കുന്ന വലിയൊരു അംഗീകാരം കൂടിയായിരിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ പാര്‍ട്ടിക്ക് അടിവേര് ഇറക്കാനുള്ള ആദ്യ അവസരം കൂടിയായിരിക്കുമിത്. ബി.ജെ.പിയുടെ ഈ വര്‍ഗീയ തെരഞ്ഞെടുപ്പ് തന്ത്രത്തെ അതിജീവിക്കാന്‍ ആസാമിലെ മുസ്‌ലിംകള്‍ക്കോ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയിക്കോ സാധിക്കുമോ എന്നതാണ് ഇപ്പോഴുയരുന്ന ഏറ്റവും വലിയ ആശങ്ക. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യയാകെ മോദി തരംഗമുയര്‍ന്നപ്പോള്‍ ആസാമില്‍ 37 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞുവെന്നത് പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതലായും പ്രാദേശിക സാഹചര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുകയെന്നതിനാല്‍, ആസാമിലെ ഇന്നത്തെ പ്രാദേശിക ചര്‍ച്ചകളും സാഹചര്യങ്ങളും ബി.ജെ.പിക്ക് പലനിലക്കും അനുകൂലം നില്‍ക്കുന്നുമുണ്ട്. വിശിഷ്യാ, അവിടത്തെ ഗോത്രവര്‍ഗക്കാരും അല്ലാത്തവരും തമ്മിലുള്ള സ്പര്‍ദ്ധ, ബംഗ്ലാദേശി അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഹിന്ദു-മുസ്‌ലിം വിഭജനവും ദ്രുവവല്‍കരണവും തുടങ്ങിയവ. നിലവിലെ ഭരണകൂടത്തിനെതിരെ നിലനില്‍ക്കുന്ന വിരുദ്ധ വികാരമാണ് മറ്റൊരു കാര്യം. കോണ്‍ഗ്രസിന്റെ നീണ്ട കാല ഭരണത്തില്‍നിന്നും മാറ്റം കൊതിക്കുന്ന ജനങ്ങളുടെ സ്വാഭാവികമായ സാഹചര്യം. എല്ലാംകൂടി നല്ലപോലെ മുതലെടുക്കാനും ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖ്ണ്ഡ്, കാശ്മീര്‍ എന്നിവക്കു ശേഷം ആസാമിലും കൂടി വിജയം ആവര്‍ത്തിക്കാനുമാണ് ബി.ജെ.പി കിണഞ്ഞു ശ്രമിക്കുന്നത്. ഏതായാലും ബി.ജെ.പിയുടെ അക്രമ-വര്‍ഗീയ രാഷ്ട്രീയത്തോട് ആസാമിലെ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കിക്കാണുകതന്നെ വേണം. വോട്ടുകള്‍ പെട്ടിയാലിക്കഴിഞ്ഞ സ്ഥിതിക്ക് മെയ് 19 ന് ചിത്രം വ്യക്തമാകും. രാജ്യമാകെ അസഹിഷ്ണുതയും വര്‍ഗീയതയും പ്രചരിപ്പിച്ച പാര്‍ട്ടിയോട് ആസാം ജനത പൊറുക്കില്ലായെന്നുതന്നെ വേണം വിശ്വസിക്കാന്‍. വിധ്വംസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബോഡോ തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ കഴിഞ്ഞാലും പട്ടിണിപ്പാവങ്ങളായ അവിടത്തെ ബംഗാളി മുസ്‌ലിംകളുടെ കണ്ണീരിനും വിലയുണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കും. രാഷ്ട്രീയം ന്യൂനപക്ഷങ്ങളുടെ ജീവിതം കൊണ്ട് വര്‍ഗീയത കളിക്കാനുള്ളതല്ലെന്നും ഇന്ത്യയിലെ ഓരോ പൗരനും ഇവിടെ ജീവിക്കാനുള്ള മാന്യമായ അര്‍ഹത വകവെച്ചുനല്‍കപ്പെടേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവ് ഈ തെരഞ്ഞെടുപ്പു ഫലം പുറത്തുകൊണ്ടുവരും. ബി.ജെ.ബി അതിന്റെ വിധ്വംസക രാഷ്ട്രീയത്തിന് കനത്ത വില നല്‍കേണ്ടതിന്റെ അനിവാര്യതയും ഇതിലൂടെ തെളിഞ്ഞുവരും. തീര്‍ച്ച. ബംഗാളിലെ വര്‍ത്തമാനങ്ങള്‍ ഈയിടെ നടന്ന സെന്‍സസ് പ്രകാരം കശ്മീറും ആസാമും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനമാണ് ബംഗാള്‍. ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍്ക്കുന്ന ഇന്ത്യയിലെത്തന്നെ ഒരേയൊരു ജില്ലയായ മുര്‍ശിദാബാദ് ഇരവല്‍കരണത്തിന്റെ ഇവിടത്തെ രക്തനക്ഷത്രമാണ്. പത്തു മുപ്പത് വര്‍ഷത്തെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നരകീയ ഭരണത്തിനു ശേഷം ഭരണമാറ്റം കൊണ്ടുവന്ന ആശ്വാസത്തിന്റെ വഴിയിലായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷം ഈ നാട്. എന്നാല്‍, കമ്യൂണിസ്റ്റ് കോട്ടയെ ഇടിച്ചുതകര്‍ത്ത് മമത സാധ്യമാക്കിയ ബദല്‍ ഭരണ സംവിധാനം സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ എത്രമാത്രം പരിഗണിച്ചുവെന്നത് തര്‍ക്കവിശയം തന്നെയാണ്. കമ്യൂണിസ്റ്റ് ഭരണത്തിലേതിനേക്കാള്‍ മുസ്‌ലിം ജീവിത നില എത്രമാത്രം മെച്ചപ്പെട്ടുവെന്നതും അന്വേഷിക്കപ്പെടേണ്ടതുതന്നെ. എന്നാലും ഒരു കാര്യം ഉറപ്പാണ്; ദീര്‍ഘ കാലത്തെ കമ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ കിടന്ന് ബൗദ്ധികമായി മരവിച്ച ഒരു ജനതക്ക് ഗഹ്വരത്തിനപ്പുറത്ത് വെളിച്ചമുണ്ട് എന്ന വസ്തുത തിരിച്ചറിയാനുള്ള ഒരു അവസ്ഥാവിശേഷത്തിലേക്കെങ്കിലും ഈ ഭരണം അവരെ കൊണ്ടെത്തിച്ചിട്ടുണ്ട്. മമത തുടരുമോ സ്ഥാനഭ്രഷ്ഠയാക്കപ്പെടുമോ എന്നതാണ് ബംഗാള്‍ രാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴുയരുന്ന ഏറ്റവും വലിയ ചോദ്യം. മമതയെ പടിയിറക്കാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും അനൗദ്യോഗിക സഖ്യം ചേര്‍ന്നുവെന്നതും ബംഗാള്‍ രാഷ്ട്രീയത്തിലെ ഒരല്‍ഭുതം തന്നെ. സ്വന്തമായുള്ള രാഷ്ട്രീയ നിലനില്‍പ്പും ബി.ജെ.പി. പോലെയുള്ള വര്‍ഗീയ കക്ഷികളെ ക്ഷയിപ്പിക്കലും ഇതിനു പിന്നിലെ പ്രധാന ലക്ഷ്യങ്ങളാണ്. കുതിരക്കച്ചവടവും തറവാട് മറക്കുന്ന ശത്രു-മിത്ര സഖ്യവും രാഷ്ട്രീയത്തില്‍ സാധാരണമായതിനാല്‍ ബംഗാളിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വ്യാകുലപ്പെടാനൊന്നുമില്ല. ലോകസഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അന്തരീക്ഷം തീരെ ഇല്ലാത്തതുകൊണ്ടുതന്നെ ബി.ജെ.പിക്കും ഈ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയില്ലായെന്നുതന്നെയാണ് വിലയിരുത്തല്‍. മമത നിലനിര്‍ത്തും എന്നിടത്തേക്കുതന്നെയാണ് കാര്യങ്ങളുടെ പോക്കെന്നാണ് ചില സര്‍വ്വേകള്‍ പറയുന്നത്. എന്നാലും, കോണ്‍ഗ്രസ്-ഇടതു സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ലക്ഷ്യം കാണുമെന്ന് കാത്തിരുന്നുകാണേണ്ടതുതന്നെയാണ്. വര്‍ഗീയത കേരളത്തില്‍ എക്കൗണ്ട് തുറക്കുമോ? ആസാം പോലെത്തന്നെ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ചലനമുണ്ടാക്കുന്ന ഒന്നാണ് കേരളത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും. കേരളത്തില്‍ ആര് വിജയിക്കും എന്നതിലപ്പുറം ഈ തെരഞ്ഞെടുപ്പോടെ ബി.ജെ.പി. സംസ്ഥാന രാഷ്ട്രീയത്തില്‍ എക്കൗണ്ട് തുറക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളുടെ ചരിത്രം കെട്ടഴിക്കുമ്പോള്‍ അതിനുള്ള സാധ്യത തെളിയുന്നില്ലെങ്കിലും അത് നടന്നേപറ്റൂ എന്ന നിലക്കാണ് എന്‍.ഡി.എ സഖ്യം എന്ന പേരില്‍ പാര്‍ട്ടി കേരളത്തില്‍ പുതിയ പരീക്ഷണത്തിനെത്തിയിരിക്കുന്നത്. സഖ്യത്തില്‍ ബി.ജെ.പി. മാത്രമേയുള്ളൂവെന്നത് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. എന്നാലും, എല്‍.ഡി.ഫും യുഡിഎഫും പോലെ ഇവിടെ ഒരു കൂട്ടായ്മയൊരുക്കാനുള്ള അണിയറ ശ്രമങ്ങളും ഇല്ലെന്നില്ല. വെള്ളാപ്പള്ളി ടൈപ്പ് സാമുദായിക വര്‍ഗീയ പാര്‍ട്ടി നായകരുള്ള കാലത്ത് ഈ ശ്രമം കേരളമണ്ണില്‍ വിജയം കാണുമോ എന്ന മഷിനോട്ടത്തിലാണിന്ന് ബി.ജെ.പി. പക്ഷെ, അസഹിഷ്ണുതയുടെയും ഗര്‍വാപസിയുടെയും യൂണിവേഴ്‌സിറ്റികളുടെ കാവിവല്‍കരണത്തിന്റെയും ഭാരത്മാതാ വിളി അടിച്ചേല്‍പിക്കുന്നതിന്റെയും മറ്റും ഒഴിഞ്ഞുപോകാത്ത പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍നിന്നും മാറിപ്പോയിട്ടില്ലാത്ത ഒരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ പ്രബുദ്ധരായ ഇവിടത്തെ ഒരു ജനവിഭാഗവും പാര്‍ട്ടിയുടെ പ്രീണനത്തില്‍ വശംവദരാവില്ലായെന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ, ബി.ജെ.പി വര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന കാലമത്രയും കേരള മണ്ണ് അതിന് അന്യം നില്‍ക്കുകതന്നെ ചെയ്യും. കേരളത്തിന്റെ രാഷ്ട്രീയ പതിവനുസരിച്ച് ഇടതുപക്ഷം തന്നെയാണ് ഇത്തവണ ഭരണത്തിലെത്തുകയെന്നതാണ് പല രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍. സോളാര്‍-ബാര്‍കോഴ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വേട്ടയാടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. പക്ഷെ, ഇടതുപക്ഷ പാര്‍ട്ടി നേതൃത്വത്തിനുള്ളിലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളും നാടായ നാട്ടിലെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി, സ്വതന്ത്രരെ വെച്ച് പരീക്ഷിക്കാനുള്ള ശ്രമങ്ങളും പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ തളര്‍ത്തുമെന്ന വിലയിരുത്തലുകളുമുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും മത-സാമുദായിക കൂട്ടായ്മകള്‍ക്ക് ഭരണഘടന നിശ്ചയിച്ച അവകാശങ്ങള്‍ ആസ്വദിക്കുന്നതിനും യുഡിഎഫ് തന്നെ അധികാരത്തില്‍ തുടരണമെന്നതാണ് കേരളത്തിന്റെ പൊതു താല്‍പര്യം. ഈ പൊതു താല്‍പര്യം ഇത്തവണ ഇടതുപക്ഷത്തെ തളര്‍ത്താന്‍ വഴിയൊരുക്കിയാല്‍ അത് യുഡിഎഫിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായം തന്നെയായിരിക്കും. ഏതായാലും സിനിമാതാരങ്ങളും മാധ്യമപ്രവര്‍ത്തകരും മത്സര രംഗത്തിറങ്ങുന്ന ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ രാഷ്ട്രീയ രംഗത്തെ പുതിയ ട്രന്റുകളുടെ വിലയിരുത്തലാവുമെന്നതില്‍ സംശയമില്ല. ചുരുക്കത്തില്‍, ദേശീയ തലത്തില്‍ ഏറെ ഗൗരവത്തോടെ നിരീക്ഷിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാറിന്റെ ധിക്കാരപൂര്‍ണമായ ഭരണത്തിന്റെ വിലയിരുത്തലാകുമെന്നത് ഉറപ്പാണ്. പ്രാദേശികമായി വ്യത്യസ്തമായ വിലയിരുത്തലുകളും വായനകളുമുണ്ടാകുമെങ്കിലും അവയുടെയെല്ലാം മടക്കം ചെന്നെത്തുന്നത് ഈയൊരു വസ്തുതയിലേക്കുതന്നെയാണ്. നഷ്ടപ്പെടാനൊന്നുമില്ലാതെ, നേടാനായി മാത്രം ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ബി.ജെ.പിയെ പ്രബുദ്ധരായ ഇന്ത്യന്‍ സമൂഹം പാഠം പഠിപ്പിക്കുമെന്ന് മെയ് പത്തൊമ്പതിന് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലത്തോടെ ബോധ്യമാകും. ഡല്‍ഹിക്കും ബീഹാറിനും ശേഷം മോദി-ഷാ അഹങ്കാര കൂട്ടുകെട്ടിനേല്‍ക്കുന്ന ഏറ്റവും വലിയ പ്രഹരമായിരിക്കുമിത്. കാത്തിരുന്നു കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter