ദേശവിരുദ്ധരുടെ സ്വന്തം നാട്ടില്‍ ദേശവിരുദ്ധനായിത്തന്നെ ജീവിക്കുന്നതാവും ഭേതം
antiനമ്മുടെ ഈ രാജ്യത്ത് മുസ്‌ലിംകള്‍ മാത്രമാണ് 'ദേശീയ വിരുദ്ധര്‍' എന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍, എനിക്കു തെറ്റു പറ്റി. കുറച്ചുമുമ്പ് കൂടംകുളം സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളെയാണ് ദേശീയ വിരുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. നമ്മുടെ രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ മുസ്‌ലിംകള്‍ക്കുപുറമെ അവര്‍ മാത്രമല്ല ദേശീയ വിരുദ്ധരായിട്ടുള്ളത്. വേറെയും ധാരാളം ആളുകളുണ്ട്. ഇന്ന് ഇന്ത്യയില്‍ 11,000 ത്തിലേറെ എന്‍.ജി.ഓകള്‍ക്ക് ദേശീയ ഫണ്ട് സ്വീകരിക്കുന്നതില്‍നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നമ്മുടെ പ്രധാനമന്ത്രി രാജ്യമായ രാജ്യങ്ങളിലെല്ലാം ചുറ്റി നടന്ന് വിദേശ ഫണ്ട് സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഈ വിഷയം പഠിക്കുന്ന ഒരാള്‍ക്ക് ബോധ്യമാവാത്ത ചില കാരണങ്ങളാണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് മുമ്പില്‍ നിരത്തുന്നത്. ഇങ്ങനെ, ടാര്‍ഗറ്റ് ചെയ്യപ്പെട്ട എന്‍.ജി.ഒ കളില്‍ വലിയൊരു ശതമാനം ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍, പ്രത്യക്ഷത്തില്‍ അവരുടെ ഭാഗത്തുനിന്നും ഇതിനെതിരെ യാതൊരു പ്രതിരോധവും കാണാന്‍ കഴിയുന്നില്ല. എന്നാല്‍, ഇതിനെ ഒരു രാഷ്ട്രീയ പ്രശ്‌നമായോ ന്യൂനപക്ഷത്തിനെതിരെയുള്ള കടന്നാക്രമണമായോ ഉയര്‍ത്തിക്കാണിക്കാതെ, പിന്‍ ഡോറിലൂടെ എങ്ങനെയെങ്കിലും ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് അവര്‍ ശ്രമിച്ചിരുന്നത്. ക്രിസ്ത്യന്‍ എന്‍.ജി.ഒകള്‍ക്കു പുറമെ പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ടതോ മനുഷ്യാവകാശ വിഷയങ്ങളുമായി ബന്ധപ്പെട്ടതോ ആയ വേറെയും ധാരാളം എന്‍.ജി. ഒകളുണ്ട് ഇതില്‍. ഇതില്‍ പലരും ഈ വിവേചനത്തിനെതിരെ പോരാടാന്‍ തീരുമാനിച്ചിട്ടുണ്ട്. Greenpeace, INSAF, people's watch തുടങ്ങിയവ ഇതില്‍ പെടും. കോടതിയുടെ ഭാഗത്തുനിന്നും അനുകൂലമായ വിധികള്‍ വന്നിട്ടും ഭരണകൂടം 'ദേശീയ വിരുദ്ധത' മുദ്രകുത്തി ഇത്തരം ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. ന്യൂക്ലിയര്‍ എനര്‍ജി, മൈനിംഗ് പോലെയുള്ള വിഷയങ്ങളില്‍ ശക്തമായ നിലപാടില്‍ ഉറച്ചുനിന്നതുകൊണ്ടാണ് Greenpeace നെ ഭരണകൂടം ടാര്‍ഗറ്റ് ചെയ്തത് എന്നാണ് പൊതു അഭിപ്രായം. എന്നാല്‍, അന്തര്‍ദേശീയ തലത്തില്‍നിന്നുമുണ്ടായ ശക്തമായ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് സര്‍ക്കാറിന് ഇവരുടെ മേലിലുണ്ടായിരുന്ന നിയന്ത്രണം പിന്‍വലിക്കേണ്ടി വന്നു. മറ്റു എന്‍.ജി. ഒകള്‍ ഇപ്പോഴും തങ്ങളുടെ അവകാശത്തിനു വേണ്ടിയുള്ള നിയമ പോരാട്ടത്തിലാണ്. 'ഭരണകൂടത്തിന്റെ ഇത്തരം വിവേചന നിലപാടുകള്‍ നിയമവിരുദ്ധമാണ്. ഇത്തരം ഘട്ടങ്ങളില്‍ എന്‍.ജി.ഒകളും സിവില്‍ സമൂഹവും ഈ അവകാശ നിഷേധത്തിനെതിരെ സംഘടിതമായി പോരാടേണ്ടതുണ്ട്.' പീപ്ള്‍സ് വാച്ചിന്റെ ഹെന്‍ട്രി പറയുന്നു. എന്നാല്‍, ഇത്തരം ഘട്ടങ്ങളില്‍ പ്രതിഷേധിക്കാന്‍ എന്‍.ജി.ഒകളുടെ ഭാഗത്തുനിന്നുള്ള പിന്തുണ പോലും വേണ്ട വിധം ലഭിക്കുന്നില്ലായെന്നതാണ് വസ്തുത. anti-1ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള പല എന്‍.ജി.ഒകളെയും ടാര്‍ഗറ്റ് ചെയ്യാന്‍ പലപ്പോഴും 'ദേശീയത' എന്നൊരു പദമാണ് ഉപയോഗിക്കപ്പെടുന്നത്. തന്റെ മോചനത്തിനു വേണ്ടി പോരാടുന്ന ഒരു അടിമ യഥാര്‍ത്ഥത്തില്‍ അടിമയല്ല; സ്വതന്ത്രനാണ് എന്ന ഹെഗലിന്റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. എന്‍.ജി.ഒകളെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്ന ഈ ഗൂഢനീക്കങ്ങള്‍ക്കു പിന്നില്‍ ഒരു കാര്യം വ്യക്തമാണ്. പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ടോ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ടോ സംസാരിക്കുന്ന എന്‍.ജി.ഒകളെ പോലും ദേശീയ വിരുദ്ധതയുടെ പേര് പറഞ്ഞ് ഒരു ഭരണകൂടത്തിന് എങ്ങനെ മാറ്റിനിറുത്താന്‍ കഴിയും? സംഘടിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം ഇന്നെങ്ങനെയാണ് ദേശീയ വിരുദ്ധമായി മാറുന്നത്? ദേശീയതയെക്കുറിച്ച് ഭരണകൂടത്തിനും സംഘ്പരിവാറിനുമുള്ള ഉള്ളിലിരിപ്പ് എന്താണെന്ന് മനസ്സിലാക്കുമ്പോഴേ ഈ വിഷയം നമുക്ക് ബോധ്യമാവുകയുള്ളൂ. ഇവിടെ പ്രധാന പ്രശ്‌നം എന്‍.ജി.ഒകളോ സംഘടിക്കാനുള്ള അവകാശങ്ങളോ അല്ലായെന്ന് അപ്പോള്‍ മനസ്സിലാകും. താഴെ നല്‍കുന്ന ഈ കുറിപ്പില്‍നിന്നും ഈ രണ്ടു വിഭാഗവും ദേശീയതയെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്: 'എല്ലാ കാമ്പസുകളുമിന്ന് ദേശീയ വിരുദ്ധരെക്കൊണ്ട് നിറഞ്ഞുകവിയുകയാണ്. ജെ.എന്‍.യു അതില്‍ വളരെ മുമ്പില്‍ നില്‍ക്കുന്നു. ദേശീയതയെ സംരക്ഷിക്കാന്‍ എ.ബി.വി.പി ഈ കാമ്പസില്‍ ഉണ്ടായിരിക്കെ ഒരു നജീബിനെ കാണാതായതില്‍ നിങ്ങളെന്തിന് പരിഭവിക്കണം? ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ദളിത് ദേശീയ വിരുദ്ധരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അവിടെ ഒരു ദേശീയ വിരുദ്ധനായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കില്‍ അത് അവന്‍ ദേശീയ വിരുദ്ധനായതുകൊണ്ടുമാത്രമാണ്. നമ്മുടെ പേരുകേട്ട വിവിധ യൂണിവേഴ്‌സിറ്റികള്‍ ദേശീയ വിരുദ്ധരായ എത്രയെത്ര വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്? അവരെയൈാന്നും നമ്മുടെ ഗവണ്‍മെന്റ് യു.എ.പി.എ ചുമത്തി വേഗത്തില്‍ ജയിലില്‍ അടക്കുന്നില്ല. അവര്‍ തന്നെ അവരുടെ കുറ്റം തിരിച്ചറിയുന്നതുവരെ സാവകാശം കൊടുക്കുകയാണ്. രോഹിത് വെമുലയുടെ കാര്യത്തില്‍ അതാണല്ലോ സംഭവിച്ചത്. അതുകൊണ്ട്, നമ്മുടെ ദേശീയതയെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് എല്ലാ ദേശീയ വിരുദ്ധ യൂണിവേഴ്‌സിറ്റികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്രോതസ്സുകള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ദേശീയ വിരുദ്ധരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ട ചുമതല സര്‍ക്കാറിനില്ല. ബജറ്റിന്റെ വലിയൊരു ഭാഗം രാജ്യസുരക്ഷക്കും അതുമായി ബന്ധപ്പെട്ടുവരുന്ന യുദ്ധങ്ങള്‍ക്കും വേണ്ടി നീക്കിവെച്ചതിനാല്‍ നമ്മുടെ ദേശത്തെ സംരക്ഷിക്കാന്‍ നമ്മുടെ അടുത്ത് മതിയായ പണമില്ല. അതുകൊണ്ടുതന്നെ, ദേശീയ വിരുദ്ധരായ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനങ്ങള്‍ക്ക് സ്വന്തമായിത്തന്നെ ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. ഈ ചെറുപ്പക്കാര്‍ക്ക് ചില തീവ്ര ദേശവിരോധികളായ മേധാ പട്കര്‍, ടീസ്റ്റ സ്റ്റെല്‍വാഡ്, അരുന്ധതി റോയ്, അഭയ് ശാഹൂ, എസ്.പി. ഉദയ് പോലെയുള്ളവരില്‍നിന്നും ആവേശം ലഭിക്കുന്നുണ്ട്. അവര്‍ക്കൊന്നും ഈ രാജ്യത്ത് പുരോഗതി ആവശ്യമില്ല. ബിര്‍സ മുണ്ട കാലം മുതല്‍ ഇങ്ങോട്ട് ആദിവാസികളും ദേശീയ വിരുദ്ധര്‍ തന്നെ. വലിയ വലിയ കോര്‍പറേറ്റുകള്‍ വികസന പദ്ധതികളുമായി തങ്ങളുടെ ഏരിയകളിലേക്ക് കടന്നുവരുന്നതിനെ അവര്‍ എതിര്‍ക്കുന്നത് ഇതാണ് വ്യക്തമാക്കുന്നത്. തങ്ങള്‍ വനവാസികള്‍ മാത്രമാണെന്ന ഒരു സത്യം പോലും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നില്ല. അത് തിരിച്ചറിയാന്‍ നാം അവരെ കാട്ടില്‍നിന്നും കെട്ടുകെട്ടിക്കുകയാണ്. പക്ഷെ, ഇവിടെ അതിനു തടസ്സമായി ഒരേയൊരു കാര്യം മാത്രമേയുള്ളൂ. ഫോറസ്റ്റ് റൈറ്റ്‌സ് ആക്ട് ഉപയോഗപ്പെടുത്തി അവര്‍ തങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടി ശ്രമിക്കുകയാണ്. കുറച്ചുകൂടി കാലം വേണ്ടി വരും നമുക്ക് അവരുടെ ഇത്തരം ശ്രമങ്ങളും ദേശീയ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍. ലക്ഷക്കണക്കിന് ദേശവിരുദ്ധരായ കുഞ്ഞുങ്ങള്‍ ഇന്ന് മഹാരാഷ്ട്രയിലും മറ്റും ന്യൂട്രീഷനുള്ള ഭക്ഷണത്തിന്റെ അഭാവം കാരണം മരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ നമ്മളൊരു വഴി സ്വീകരിച്ചിരുന്നു. 'ഞാന്‍ ദേശീയവാദിയാണ്, ഞാന്‍ രാജ്യസ്‌നേഹിയാണ്, ഞാന്‍ ഹിന്ദുവായി പിറന്നവനാണ്' എന്ന് അവര്‍ തുറന്ന് പ്രഖ്യാപിക്കുകയെന്നതായിരുന്നു അത്. പക്ഷെ, അവര്‍ക്കത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. സര്‍വീസില്‍ നിന്നും വിരമിച്ച ധാരാളം വയോവൃദ്ധന്മാര്‍ വീല്‍ ചെയറില്‍ തിയേറ്ററിലേക്ക് ഒരു സിനിമ കാണാനായി വന്നു. ദേശീയ ഗാനം പ്ലേ ചെയ്തപ്പോള്‍ അവര്‍ എഴുന്നേറ്റു നില്‍ക്കുക പോലും ചെയ്തില്ല. വയോ വൃദ്ധന്മാര്‍ക്കും ഇന്ന് ദേശവിരുദ്ധരാകാന്‍ കഴിയുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതുപോലെ, ഇന്ന് നമ്മുടെ എഴുത്തുകാര്‍ക്കോ ഫിലിം നിര്‍മാതാക്കള്‍ക്കോ കവികള്‍ക്കോ സാംസ്‌കാരിക നായകര്‍ക്കോ ഒന്നുംതന്നെ തങ്ങള്‍ പിറന്ന രാജ്യത്തോട് ആദരവില്ലായെന്നതാണ് സത്യം. അവരെല്ലാം തങ്ങളുടെ ദേശീയ അവാര്‍ഡുകള്‍ തിരിച്ചുനല്‍കുകയാണ്. എന്നിരുന്നാലും, നമ്മുടെ ഇന്റലിജന്‍സ് ഡിപ്പാര്‍ട്‌മെന്റ് ദേശീയ വിരുദ്ധരെ കണ്ടെത്തുന്നതില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. anti-2ബോബ് മാര്‍ലിയെപ്പോലെയുള്ളവരുടെ പടമുള്ള ടി ഷര്‍ട്ടുകളാണ് ദേശവിരുദ്ധര്‍ ഇന്ന് ധരിക്കുന്നത്. അതിനു വിലങ്ങിടാനുള്ളതെല്ലാം നാം ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് സവര്‍ക്കറുടെ ഫോട്ടോ ഉള്ള ടി ഷര്‍ട്ടുകള്‍ അവര്‍ക്ക് ധരിച്ചുകൂടാ? എന്തിനേറെ പറയണം, പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ പബ്ലിക്കായി ചുംബന സമരം പോലും നടത്തുന്നു. ഈ ദേശവിരുദ്ധര്‍ക്ക് യാതൊരു ധാര്‍മികതയുമില്ല. മറഞ്ഞുചെയ്യുന്നതാണെങ്കില്‍ തന്നെ ബലാല്‍സംഗത്തെ നമുക്ക് തടഞ്ഞുനിര്‍ത്താന്‍ പറ്റുമോ? മുസാഫര്‍ നഗറിലും ഗുജറാത്തിലും ആളുകളുടെ മുമ്പില്‍വെച്ച് ന്യൂനപക്ഷത്തില്‍ പെട്ട സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതിനെ നാം തടഞ്ഞിട്ടുണ്ടോ? അവര്‍ക്ക് അങ്ങനെ ചെയ്യണമെന്നുണ്ടെങ്കില്‍ ഒരു ശരിയായ ദേശീയവാദിയായി അത് ചെയ്യട്ടെ. ഭരണഘടനയുടെ ശില്‍പിയായി അറിയപ്പെടുന്ന അംബേദ്കര്‍ ഹിന്ദുയിസത്തെ അപകീര്‍ത്തിപ്പെടുത്തുകയും മനസ്മൃതി കത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് നമുക്കറിയാം. അദ്ദേഹം ഉണ്ടാക്കിയ ഭരണഘടനയെ അപ്പാടെ മാറ്റിമറിക്കാന്‍ നമുക്ക് കുറച്ചു സമയംകൂടി അനുവദിക്കുക. സത്യത്തില്‍, മനുസ്മൃതിയില്‍തന്നെ ഇന്ത്യയിലെ പൗരന്മാര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ എല്ലാ നിയമങ്ങളുമുണ്ട്. നൂറുക്കണക്കിന് അവസരങ്ങളില്‍ ഭരണഘടനക്കു പകരം മനുസ്മൃതിയില്‍നിന്നും ചില ഹിന്ദു ജഡ്ജുമാര്‍ വിധിന്യായം പുറപ്പെടുവിക്കുന്നത് നിങ്ങള്‍ കേട്ടിരിക്കും. പക്ഷെ, നമ്മുടെ ദേശീയ വിരുദ്ധര്‍ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കില്ല.'' ഇത്രയും ഭാഗങ്ങള്‍ ഇന്ന് ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാട് ആണെന്നത് വ്യക്തമാണ്. ഇവര്‍ ഭരണം നടത്തുന്ന സ്റ്റേറ്റുകളിലും സംഘ്പരിവാര്‍ ഇത് നടപ്പാക്കുന്നു. ഇത്തരമൊരു ദേശീയതയെ ഉയര്‍ത്തിക്കാണിക്കുന്നതില്‍ വലിയൊരു അളവോളം ഇവര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നുവേണം മനസ്സിലാക്കാന്‍. ഈയിടെ ഭരണകൂടം ചില പ്രമുഖ ചാനലുകളെയും ആന്റി നാഷ്ണല്‍ പട്ടികയില്‍ ഉള്‍പെടുത്തുകയുണ്ടായി. പല മെയിന്‍ സ്ട്രീം മീഡിയകളും ഇന്ന് ഈ ഗണത്തില്‍ പെട്ടുകഴിഞ്ഞു. ഓരോ ജേര്‍ണലിസ്റ്റും ഇന്ന് തങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് പല തവണ ചിന്തിക്കുന്നു. അങ്ങനെ അവര്‍ ചെയ്യുന്നില്ലെങ്കില്‍ താമസിയാതെ അവരും ഈയൊരു ഗണത്തില്‍ അംഗമാവേണ്ടി വരും. അങ്ങനെ സംഭവിക്കുന്നപക്ഷം അത് വലിയൊരു തമാശയായി മാറും. ദേശീയവിരുദ്ധര്‍ മാത്രം താമസിക്കുന്ന ഒരു നാടായി നമ്മുടെ ഇന്ത്യ പരിണമിക്കും. കാര്യം വല്ലാത്ത തമാശതന്നെ!! (ഫിലിം നിര്‍മാതാവും ആക്ടിവിസ്റ്റുമാണ് ലേഖകന്‍) അവലംബം: www.countercurrents.org വിവ: ഇര്‍ശാന അയ്യനാരി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter