ഇമാം അബൂബക്റ് അല്‍ ബാഖില്ലാനി: ഇസ്‍ലാമിക ദൈവശാസ്ത്രത്തിന്റെ ശില്‍പി
ഇസ്‍ലാമിക ചരിത്രത്തില്‍ അശ്അരി ചിന്താധാരക്ക് യുക്തിപരമായ അടിത്തറ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഇമാം അബൂബക്കര്‍ മുഹമ്മദ് ഇബ്നു ത്വയ്യിബ് അല്‍ബാഖില്ലാനി(റ). ഹിജ്‌റ 403 (സി.ഇ 950)ന് ബസ്വറയിലാണ് അദ്ധേഹം ജനിച്ചത്. അക്കാലത്തെ ഇസ്‍ലാമിക വിജ്ഞാനത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ബസ്വറ. ഇസ്‍ലാമിക സാഹിത്യം, കര്‍മശാസ്ത്രം, ഇല്‍മുല്‍കലാം എന്നിവയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട് ബഗ്ദാദിലേക്ക് യാത്രതിരിച്ചു. അവിടെവെച്ച് അശ്അരി സരണിയുടെ സ്ഥാപകനായ അബുല്‍ഹസന്‍ അല്‍അശ്അരി(റ)യുടെ പ്രധാന ശിഷ്യന്മാരായ ഇബ്നു മുജാഹിദ്(റ), അബുല്‍ ഹസന്‍ അല്‍ബാഹിലി(റ) എന്നിവരില്‍ നിന്ന് ദൈവശാസ്ത്രവും മാലികീ മദ്ഹബിന്റെ പ്രമുഖ പണ്ഡിതരായ അബൂ അബ്ദില്ലാഹ് അല്‍ശീറാസി, ഇബ്നു അബീസൈദ് എന്നിവരില്‍ നിന്ന് കര്‍മശാസ്ത്രവും അഭ്യസിച്ചു. ബഹുമുഖമായ ഈ വിദ്യാഭ്യാസം സൈദ്ധാന്തികവും നിയമപരവുമായ പ്രശ്നങ്ങള്‍ സമന്വയിപ്പിക്കാന്‍ അദ്ധേഹത്തെ പ്രാപ്തനാക്കി.
മതകീയമായ സര്‍വ്വ വിജ്ഞാനീയങ്ങളിലും തന്റേതായ കൈയൊപ്പു ചാര്‍ത്തിയ അദ്ധേഹം, അവയുടെ വികാസത്തിന് കാതലായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തു. മുഅ്തസിലികളുടെ വഴിപിഴച്ച ആശയങ്ങള്‍ക്കെതിരെ സുന്നി പാരമ്പര്യം സംരക്ഷിക്കുന്നതിനായി അശ്അരി പണ്ഡിതന്മാര്‍ വൈജ്ഞാനിക പോരാട്ടം നടത്തുന്ന സമയമായിരുന്നു അത്. വേദാനുസൃതമായ തെളിവുകള്‍ (നഖ്ല്‍)ക്ക് മീതെ മുഅ്തസിലികള്‍ യുക്തി (അഖ്ല്‍)യെ സ്ഥാപിച്ചപ്പോള്‍ അശ്അരി പണ്ഡിതന്മാര്‍ രണ്ടിനേയും സമന്വയിപ്പിക്കാനാണ് ശ്രമിച്ചത്. ഈ സാഹചര്യത്തില്‍, അശ്അരി സിദ്ധാന്തങ്ങളെ വ്യവസ്ഥാപിതമായി അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു ഇമാം ബാഖില്ലാനി(റ). റാഫിദുകള്‍, ഖവാരിജുകള്‍, മുര്‍ജിഅ, മുശബ്ബിഹ തുടങ്ങിയ അന്നത്തെ മറ്റു അവാന്തര വിഭാഗങ്ങളെ ശക്തമായി ഖണ്ഡിക്കുക വഴി ഇസ്‍ലാമിന്റെ യഥാര്‍ത്ഥ വിശ്വാസശാസ്ത്രത്തെ അദ്ധേഹം സ്ഥാപിക്കുകയും സമര്‍ഥിക്കുകയും ചെയ്തു. അര്‍റദ്ദു അലര്‍റാഫിദ വല്‍മുഅ്തസില വല്‍ഖവാരിജ വല്‍ജഹ്‍മിയ്യ എന്ന ഗ്രന്ഥം അതിനു തെളിവാണ്. വിജ്ഞാനത്തിന്റെ ഇനങ്ങള്‍, പ്രപഞ്ചോല്‍പത്തി, ഉണ്മകളുടെ യാഥാര്‍ഥ്യം, ദൈവത്തിന്റെ ഏകത്വം എന്നിവ വിവരിക്കുന്ന ഗ്രന്ഥമാണ് തംഹീദുല്‍ അവാഇല്‍ വതല്‍ഖീസുദ്ദലാഇല്‍.
ബുവൈഹിദ് രാജവംശത്തിലെ അമീറായിരുന്ന അളുദുദ്ധൗല ഇസ്‍ലാമിക വിശ്വാസ ശാസ്ത്രം പഠിപ്പിക്കാന്‍ പറഞ്ഞയച്ച തന്റെ മകന്‍ സിംസാമുദ്ധൗലക്ക് വേണ്ടി ഇമാം ബാഖില്ലാനി(റ) രചിച്ച ഗ്രന്ഥമാണ് തംഹീദെന്നും പിന്നീട് പണ്ഡിതന്മാര്‍ അതിനെ അവലംബിച്ചാണ് അഹ്‍ലുസ്സുന്നയുടെ ആശയാദര്‍ശങ്ങളെ വിശദീകരിച്ചതെന്നും ഇബ്‌നു അസാകിര്‍(റ) തന്റെ തബ്‌യീനു കദിബില്‍ മുഫ്തരീ എന്ന കൃതിയില്‍ പറയുന്നുണ്ട്. ദൈവത്തിന്റെ വിശേഷണങ്ങള്‍, അന്ത്യാനാളിലെ ദൈവദര്‍ശനം, ഖബര്‍ ശിക്ഷ, പുനര്‍ജന്മം തുടങ്ങിയ ആദ്യകാലത്തെ വിശ്വാസശാസ്ത്രത്തിലെ ചര്‍ച്ചാ വിഷയങ്ങള്‍ വിവരിക്കുന്ന മറ്റൊരു ഗ്രന്ഥമാണ് അല്‍ ഇന്‍സ്വാഫ്. അത്തഖ്‍രീബു വല്‍ഇര്‍ഷാദ് എന്ന കൃതിയാണ് മറ്റൊന്ന്. ഉസൂലിന്റെ പ്രധാനപ്പെട്ട മസ്അലകള്‍ ചര്‍ച്ചചെയ്യുന്ന പ്രസ്തുത ഗ്രന്ഥത്തെ ഇമാം ജുവൈനി(റ) തല്‍ഖീസു തഖ്‍രീബ് എന്ന പേരില്‍ സംഗ്രഹിച്ചിട്ടുണ്ട്.
ഇസ്‍ലാമിക തിയോളജിയിലെ ആറ്റോമിസം (അല്‍ജൗഹറുല്‍ ഫര്‍ദ്) സിദ്ധാന്തത്തെ വികസിപ്പിച്ചുവെന്നതാണ് ഇമാം ബാഖില്ലാനി(റ)യുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ദൈവിക ശക്തിയുടെ പരമാധികാരം ഊന്നിപ്പറയുന്ന പ്രസ്തുത സിദ്ധാന്തം, പ്രപഞ്ചം സ്വതന്ത്രമായി നിലനില്‍ക്കുന്ന ഘടകങ്ങളാല്‍ രൂപപ്പെട്ടതല്ലെന്നും ദൈവം നിരന്തരം സൃഷ്ടിക്കുന്ന, പരാശ്രയ സ്വഭാവമുള്ള വസ്തുക്കളു (അര്‍ദ്)ടെ സമാഹാരമാണ് എന്നും സ്ഥാപിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ ദിവ്യാത്ഭുതത്തെ കുറിച്ച് ഇമാം ബാഖില്ലാനി(റ) നടത്തുന്ന വിശകലനം ഏറെ ശ്രദ്ധേയമാണ്. ഖുര്‍ആന്റെ ഭാഷാപരമായ ദിവ്യാത്ഭുതത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സാമ്പ്രദായിക വ്യാഖ്യാന രചനാ ശൈലിയില്‍ നിന്നും വ്യത്യസ്തമായി, ഭാഷ, ഘടന, പ്രവചനങ്ങള്‍, നിയമങ്ങള്‍ എന്നിവയെല്ലാം സമന്വയിപ്പിച്ചു കൊണ്ടാണ് ഖുര്‍ആന്റെ അമാനുഷികതയെ മനസ്സിലാക്കേണ്ടതെന്നും അതൊരിക്കലും മനുഷ്യര്‍ക്ക് അനുകരിക്കാന്‍ സാധിക്കെല്ലെന്നും അദ്ധേഹം സ്ഥാപിക്കുന്നുണ്ട്.
അക്കാലത്തെ ബഹുദൈവാരാധകര്‍, ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍, മുതഅ്സിലി വിശ്വാസക്കാര്‍ എന്നിവരുമായി അദ്ധേഹം സംവാദങ്ങളിലേര്‍പ്പെട്ടു. അദ്ധേഹത്തിന്റെ സംവാദ വൈദഗ്ദ്ധ്യം കാരണം, അമീറായിരുന്ന അളുദുദ്ധൗല അദ്ദേഹത്തെ കോണ്‍സ്റ്റാന്റിനോപ്പിളിലെ ബൈസന്റൈന്‍ കോടതിയിലേക്ക് ദൂതനായി അയക്കുക വരെ ചെയ്തു. രാജാവിന്റെ സാന്നിധ്യത്തില്‍ നടന്ന ദൈവശാസ്ത്രപരമായ സംവാദത്തില്‍ ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞരെ അദ്ധേഹം പരാജയെപ്പെടുത്തി.
അദ്ദേഹത്തിന്റെ സവിധത്തിലിരുന്ന് അറിവ് നേടാന്‍ പല ദിക്കുകളില്‍ നിന്നും ആളുകള്‍ എത്തുമായിരുന്നു. ബസ്വറ, ബഗ്ദാദ്, ശീറാസ്, റയ്യ് തുടങ്ങി അക്കാലത്തെ പ്രധാന നഗരങ്ങളില്‍ നിന്നായി അനവധി ശിഷ്യ ഗണങ്ങള്‍ അദ്ദേഹത്തിനുണ്ട്. അബൂ ദര്‍റുല്‍ അശ്അരി(റ), അല്‍ഖാദി അബൂ മുഹമ്മദുല്‍ ബഗ്ദാദി, അബുല്‍ഖാസിം അസ്വൈറഫി(റ), അബൂ ഇംറാന്‍(റ), അബൂ ഹാത്വിമു ത്വബരി(റ) തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.
വൈജ്ഞാനികവും ആത്മീയവുമായ വശങ്ങള്‍ സമന്വയിച്ച ജീവിതമായിരുന്നു അദ്ധേഹത്തിന്റേത്. പതിവായി വിര്‍ദുകള്‍ പാരായണം ചെയ്തിരുന്ന അദ്ധേഹം അതിനു ശേഷമുള്ള സമയമായിരുന്നു ഗ്രന്ഥരചനക്കുവേണ്ടി നീക്കിവെച്ചിരുന്നത്. ഇമാം ജലാലുദ്ധീന്‍ സുയൂഥ്വി(റ) തന്റെ തുഹ്ഫത്തുല്‍ മുഹ്തദീന്‍ ബിഅഖ്ബാരില്‍ മുജദ്ദീദീന്‍ എന്ന കവിതയില്‍ അദ്ദേഹത്തെ നാലാം നൂറ്റാണ്ടിലെ മുജദ്ദിദായി ഗണിക്കുന്നതായി കാണാം. ഇമാം ബാഖില്ലാനി(റ)ക്ക് മുമ്പോ ശേഷമോ അദ്ദേഹത്തോട് കിടപിടിക്കുന്ന പണ്ഡിതര്‍ അശ്അരീ ചിന്താസരണിയില്‍ ഉദയം കൊണ്ടിട്ടില്ലെന്ന് ഇബ്നു തൈമിയ്യ പറയുന്നുണ്ട്. ഇമാം ബാഖില്ലാനി(റ)യെ മാതൃകയാക്കിയാണ് പില്‍ക്കാലത്ത് ഇമാം അല്‍ജുവൈനി(റ), ഇമാം അല്‍ഗസാലി(റ) എന്നിവരിലൂടെ അശ്അരീ ചിന്താസരണി വികസിച്ചു വന്നത്. നാസ്വിറുസ്സുന്ന, ലിസാനുല്‍ ഉമ്മ, ഇമാമുല്‍ ഉസ്വൂലിയ്യീന്‍ എന്നീ സ്ഥാനപ്പേരുകളില്‍ അദ്ധേഹം പ്രസിദ്ധനായിരുന്നു. നിയമ നിര്‍ദ്ധാരണ സ്രോതസ്സുകളായ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ അടിസ്ഥാന തത്വങ്ങളെ വ്യവസ്ഥാപിതമായി വിവരിച്ചതിനാല്‍ നിദാനശാസ്ത്രത്തിലെ അല്‍ഖാദി എന്ന പേരും അദ്ധേഹത്തിന് ലഭിച്ചു. ഹിജ്‌റ 403 (സി.ഇ 1013)ന് വഫാത്തായ അദ്ധേഹം ബഗ്ദാദില്‍ ഇമാം അഹ്‌മദുബ്നു ഹമ്പല്‍(റ)വിന്റെ ഖബറിനു ചാരെ അന്ത്യവിശ്രമം കൊള്ളുന്നു.
Leave A Comment