ആസാമിലും വിദ്യയുടെ പ്രഭ വിടരട്ടെ......
assam campusബ്രഹ്മ പുത്രാ നദി തീരത്ത് ബാര്‍പേട്ടയിലെ ഹൈസ്‌കൂളിന്റെ മുറ്റത്താണ് ഞങ്ങള്‍- ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രതിനിധിസംഘം- സംബന്ധിക്കുന്ന പോക്കറ്റ് യോഗം വിളിച്ചിരുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ആസാം സംസ്ഥാന ഘടകത്തിന്റെ മുന്‍ പ്രസിഡന്റ് മുഹമ്മദ് ദിലേര്‍ ഖാനാണ് യോഗം സംഘടിപ്പിച്ചത്. അതവസാനിക്കാറാകുമ്പോഴേക്ക് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്താന്‍ തുടങ്ങിയിരുന്നു. ഒരു കുട്ടിയില്‍ പോലും ഇസ്‌ലാമിക വേഷമോ മുസ്‌ലിം അടയാളമോ കണ്ടില്ല. പെണ്‍കുട്ടികള്‍ക്ക് മുഴുക്കെ അനിസ്‌ലാമിക വേഷഭൂഷാദികള്‍. മിക്കവരും പൊട്ട് തൊടുകയും ചെയ്തിട്ടുണ്ട്. ' സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ശതമാനം എത്രയുണ്ട്? '. ഹെഡ്മാസ്റ്റര്‍ അറസ്ഖാനോട് ഞങ്ങളുടെ ആകാംക്ഷഭരിതമായ ചോദ്യം. ' നൂറ് ശതമാനവും മുസ്‌ലിംകള്‍ തന്നെ'. ഉത്തരം ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ' അപ്പോള്‍ നെറ്റിയില്‍ പൊട്ട് തൊടുന്നതോ ?' ' അത് മുസ്‌ലിം പൊട്ടാണ് '. തീരെ സങ്കോചമേശാത്ത മറുപടി. ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നെറ്റിയില്‍ പൊട്ടിടുന്ന സമ്പ്രദായം കേരളത്തിനുപുറത്തുള്ള പല സംസ്ഥാനങ്ങളിലെയും മുസ്‌ലിം വനിതകളിലുണ്ട്. പച്ചനിറമുള്ളതാണ് മുസ്‌ലിം പൊട്ട്. പലരും അമ്പലത്തിലും ക്ഷേത്രത്തിലും പോകുന്നുമുണ്ട്.- ഹൈന്ദവ സാഹോദരിമാരുടെ സ്‌നേഹഹമസൃണമായ ക്ഷണം അവരെങ്ങനെ നിരസിക്കും ?. ഇവിടെ നാം കേരളീയ മുസ്‌ലിംകള്‍ ഏറെ അനുഗൃഹീതരാണ്. മതബോധം വളര്‍ത്തുന്നതിലും ഇസ്‌ലാമിക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിലും ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകളേക്കാള്‍ നാം ഏറെ മുന്നിലാണ്. മതപരമായും ഭൗതികമായും എല്ലാ വിദ്യാഭ്യാസ സൗകര്യങ്ങളും അനുകൂല രാഷ്ട്രീയ സാഹചര്യവുമാണ് കേരളത്തിലുള്ളത്. ആത്മീയ മേഖലയില്‍ സമസ്തയുടെ സാന്നിധ്യവും മുസ്‌ലിം രാഷ്ട്രീയ സംഘശക്തികളുടെ ക്രിയാത്മക ഇടപെടലുകളും അധികാര പങ്കാളിത്തവും സാമൂഹിക പ്രതിബദ്ധതകളുള്ള ഉലമ- ഉമറാ ഐക്യവും പ്രതിഫലിച്ച ഈ നന്മകളുടെയല്ലാം ഗുണഫലങ്ങളാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിത സാമൂഹികാന്തരീക്ഷങ്ങള്‍ എന്നും കേരളീയ മുസ്‌ലിംകള്‍ക്ക് അനൂകലമാണ്. എന്നാല്‍ പശ്ചിമഘട്ടത്തിനപ്പുറത്ത് , മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ വളരെ പരിതാപകരവും ദുഷ്‌കരവുമാണ്. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ നിരീക്ഷിച്ച പോലെ, ആദിവാസികളേക്കാളും ഹരിജന-ഗിരജനങ്ങളേക്കാളും പരിതാപകരമാണ് അവരുടെ സാമൂഹിക പരിസരം. സമത്വത്തിലും സാര്‍വ ലൗകികതയിലുമധിഷ്ഠിതമായ ഇസ്‌ലാമിക ദര്‍ശനങ്ങള്‍ക്ക് കടകവിരുദ്ധമായ ജാതീയതയുടെ പേരില്‍ അവര്‍ തമ്മിലടിക്കുന്നു. ശാഖാപരമായ വീക്ഷണ വൈജാത്യങ്ങളുടെ ലേബലില്‍ ഒരിക്കലും അടുക്കാനും ഒന്നിക്കാനുമാവാത്ത വിധം പരസ്പരം മതില്‍കെട്ടുന്നു. മുന്നില്‍നിന്നു നയിക്കേണ്ട നേതാക്കള്‍ സമുദായ താത്പര്യങ്ങള്‍ ബലികഴിക്കുന്നു. പണ്ഡിതരാവട്ട, ഈ ജനതയുടെ അന്ധതയുടെയും ആലസ്യത്തിന്റെയും എല്ലാ സൗകര്യങ്ങളും ആസ്വദിച്ച് ജീവിതം നയിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പോടെ തേനൂറുന്ന വാഗ്ദാന വാക്കുകളുമായി കടന്നുവരികയും പിന്നീട് അധികാരത്തിലേറിയാല്‍ കറിവേപ്പില പോലെ വലിച്ചെറിയുകയും ചെയ്യുന്നു. മുസ്‌ലിം വിരുദ്ധ പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പോലും സിന്ദാബാദ് വിളിക്കാന്‍ ഇവര്‍ക്ക് മടിയില്ല. assam thangalവിദ്യാഭ്യാസത്തിന്റെ കാര്യം പറയാതിരിക്കലാണ് ഭേദം. മഴ നനയാതിരിക്കാനെങ്കിലും മദ്രസയുടെയോ സ്‌കൂളിന്റെയോ വരാന്തകളില്‍ കയറി നിന്ന പരിചയം പോലുമില്ല ഇവിടെ മൃഗീയഭൂരിപക്ഷത്തിനും. ഭൗതികവിദ്യ അഭ്യസിക്കുന്നത് വലിയ പാപമായി കാണുന്നവര്‍. എന്നാലോ മതപരമായി ബാലപാഠങ്ങള്‍ അറിയാത്തവരും ഖുര്‍ആന്‍ പാരായണത്തിന് സാധിക്കാത്തവരും. എന്തിനേറെ, ശഹാദത്ത് കലിമ പോലും തെറ്റുകൂടാതെ ചൊല്ലാന്‍ കഴിയാത്ത അജ്ഞതയുടെ ഉടല്‍ രൂപങ്ങള്‍. ഒരു സഹസ്രാബ്ദത്തോളം ഇന്ത്യ ഭരിച്ചവരുട പിന്‍ഗാമികള്‍. ഇന്ന് വിശപ്പടക്കാന്‍ പോലും ഗതിയില്ലാത്തവര്‍. ദാരിദ്ര്യവും കൂട്ടിന് ഒരുപാട് രോഗങ്ങളുമായി നുരഞ്ഞുപതക്കുന്ന ചേരികളിലും ഗല്ലികളിലും ടെന്റ് കെട്ടിയും പനമ്പ് കൊണ്ട് കൂര പണിതും കുപ്പയിലെ പുഴുക്കളെപ്പോലെ അവര്‍ അരിഷ്ടിച്ച് ജീവിക്കുന്നു. മനുഷ്യന്‍ മനുഷ്യനെ വലിക്കുന്ന റിക്ഷാവണ്ടികളും ജഡ്കാവണ്ടികളും വലിച്ചോടി അവസാനം ക്ഷയരോഗികളെപ്പോലെ ചുമച്ച് ഛര്‍ദ്ദിച്ച് ഒടുങ്ങാന്‍ വിധിക്കപ്പെട്ടവര്‍. ഇതിനെല്ലാം പരിഹാരം കാണേണ്ട ഭരണകൂടങ്ങളാവട്ടെ അരികുവത്കരിച്ചും അപരവത്കരിച്ചും അവരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു. ഇരുപത് കോടിയിലേറെ വരുന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുമ്പോള്‍ ചില ഇല്ലായ്മകളെ നാം അഭിസംബോധനം ചെയ്യേണ്ടിവരും. സാമൂഹികമായ അസ്തിത്വമില്ലായ്മ, ബഹുസ്വര സമൂഹത്തില്‍ ജീവിക്കണമെന്ന ബോധമില്ലായ്മ, രാഷ്ട്രീയ പ്രബുദ്ധതയില്ലായ്മ, സാമ്പത്തിക സുസ്ഥിരതയില്ലായ്മ, ദേശീയബോധമില്ലായ്മ, നേതൃത്വമില്ലായ്മ- ഈ ഇല്ലായ്മകളെ ഉണ്‍മകളാക്കി മാറ്റിയാല്‍ അവിടങ്ങളില്‍ ഒരളവോളം നവജാഗരണം സാധ്യമാകും. അടിസ്ഥാനപരമായ ഈ പ്രശ്‌നങ്ങളെ അഭിസംബോധനം ചെയ്യാനും പരിതാപകരമായ അവസ്ഥകള്‍ക്ക് പരിഹാരം കാണാനുമുള്ള ഏക പോംവഴി ആ ജനതയെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുക എന്നതാണ്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഒരു നാഷണല്‍ പ്രൊജക്റ്റിന് രൂപം നല്‍കി നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. നവലോകത്തെ പുത്തന്‍ സാഹചര്യങ്ങളോട് സംവദിക്കാനും സംവേദനം നടത്താനും കഴിയുന്ന രീതിയില്‍ മതവും മതേതതരവുമായ വിജ്ഞാനീയങ്ങളെ ഒരുകുടക്കീഴിലാക്കി, സമന്വയ വിദ്യാഭ്യാസം എന്ന പരീക്ഷണം വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു സംവിധാനമാണ് ദാറുല്‍ ഹുദായുടേത്. കേരളത്തില്‍ ചെറിയ ഒരു വിസ്തൃതിയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ ദേശീയ- അന്തര്‍ദേശീയ തലങ്ങളിലേക്ക് ദാറുല്‍ ഹുദായുടെ പ്രവര്‍ത്തനങ്ങല്‍ വ്യാപിപ്പിക്കുക എന്നത് സ്ഥാപനശില്‍പികളുടെ സ്വപ്നമായിരുന്നു. കേരളേതര മുസ്‌ലിംകളുടെ മതപരമായ അജ്ഞതയുടെ പൊള്ളുന്ന ചിത്രങ്ങള്‍ നേരിട്ടനുഭവിക്കേണ്ടി വന്നപ്പോഴുണ്ടായ നൊമ്പരമാണ് ദാറുല്‍ ഹുദായെന്ന സ്വപ്നത്തിന് വിത്തിട്ടത്. കേരളീയ മുസ്‌ലിം സമൂഹം നേടിയെടുത്ത മതപരമായ ബോധവും പ്രബുദ്ധതയും അവര്‍ക്കുകൂടി പകര്‍ന്നു നല്‍കുകയാണ് ദാറുല്‍ ഹുദായുടെ സ്ഥാപിത ലക്ഷ്യം. ഇതിന്റെ സാക്ഷാല്‍കാര വഴിയില്‍ നിര്‍ണ്ണായകമായ ചില കാല്‍വെപ്പുകള്‍ നടത്താന്‍ ദാറുല്‍ ഹുദാക്ക് കഴിഞ്ഞിട്ടുണ്ട്. കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി മതഭൗതിക വിദ്യകള്‍ അഭ്യസിപ്പിച്ച് ബിരുദം നല്‍കി കര്‍മ്മഗോദയിലിറക്കുന്ന ' നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ആന്‍ഡ് കണ്ടംപററീ സ്റ്റഡീസ്' വര്‍ഷങ്ങളായി വാഴ്‌സിറ്റി കാമ്പസില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ വിവധ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമായി 500 ലധികം വിദ്യാര്‍ത്ഥികള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിതാക്കളായുണ്ട്. ദാറുല്‍ ഹുദാ കാമ്പസിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവന്ന് ഇവിടെ നിന്നു വിദ്യാഭ്യാസം നല്‍കുന്നതിനപ്പുറം അവിടങ്ങളില്‍ തന്നെ സ്ഥാപനങ്ങള്‍ ആരംഭിക്കുകയാണ് അവിടത്തകാര്‍ക്ക് കൂടുതല്‍ സുഗമവും പ്രായോഗികവും പ്രയോജനപ്രദവും എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദാറുല്‍ ഹുദാ ഒരു നാഷണല്‍ പ്രൊജക്ടിന് രൂപം നല്‍കിയത്. പ്രസ്തുത പ്രൊജക്റ്റിന്റെ ഭാഗമായി ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പുങ്കനൂരിലും പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ ഭീംപൂരിലും ഇതിനകം ഓഫ് കാമ്പസുകള്‍ ആരംഭിച്ചുകഴിഞ്ഞു. വിദൂരദേശങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെ മുനുഷ്യകടത്തായും യതീംഖാനകളെയും മറ്റു മതസ്ഥാപനങ്ങളെയും ഭീകരകേന്ദ്രങ്ങളായും മുദ്രകുത്താന്‍ തുനിയുന്ന അധികാരി വര്‍ഗം തിരിച്ചറിയേണ്ട ചില സത്യങ്ങളുണ്ട്. എക്കാലത്തും പട്ടിണി പരിവട്ടങ്ങള്‍ക്കിരയായി കഴിയേണ്ടവരല്ലല്ലോ രാജ്യത്തെ പൗരമാര്‍. മാതൃരാജ്യത്തോട്ട് കൂറുള്ള ഓരോ ഇന്ത്യക്കാരനും തന്നെപ്പോലെ തന്റെ സഹോദരരും വിദ്യയുള്ളവരും സംസ്‌കാര സമ്പന്നരുമാവാനാണ് ആഗ്രഹിക്കേണ്ടത്. എന്നാല്‍ ഇതിനെ വിവാദവല്‍കരിക്കുന്നവര്‍ രാജ്യത്തെവിടെയും സഞ്ചരിച്ച് വിദ്യ അഭ്യസിക്കാന്‍ അനുമതി നല്‍കിയ നമ്മുടെ ഭരണഘടനാ സംവിധാനത്തിനെപോലും അപമാനിക്കുന്ന രീതിയിലായിരുന്നു കാര്യങ്ങള്‍ നീക്കിയത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട് ദാറുല്‍ഹുദായുടെ മൂന്നാമത് ഓഫ് കാമ്പസ് ആസാം സംസ്ഥാനത്ത് തലസ്ഥാന നഗരിയായ ഗുവാഹത്തിയില്‍ നിന്ന് 65 കി.മി അകലെ ബോര്‍പ്പേട്ട ജില്ലയിലെ ബൈശ വില്ലേജില്‍ യാതാര്‍ത്ഥ്യമാവുകയാണ്. ദാറുല്‍ ഹുദാ സ്വന്തമായി വാങ്ങി രജിസ്റ്റര്‍ ചെയ്ത ആറേക്കര്‍ ഭൂമിയിലാണ് മനോഹരമായ ഓഫ് കാമ്പസിലെ ആദ്യ ബില്‍ഡിങ്ങും അനുബന്ധ സൗകര്യങ്ങളുമുളും നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. പ്രാഥമിക ഘട്ടം എന്ന നിലയില്‍ കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തില്‍ ആസാമിലെയും വെസ്റ്റ് ബംഗാളിലെയും വിവിധ ഭാഗങ്ങളില്‍ തുടക്കമിട്ട മദ്രസകള്‍ക്കുപുറമെയാണ് പുതിയ ദാറുല്‍ ഹുദാ ഓഫ് കാമ്പസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. കേരളേതര മുസ്‌ലിംകളുടെ മേല്‍ പ്രതിപാദ്യമായ മുഴുവന്‍ ബലഹീനതകള്‍ക്കും പുറമേ ഇടക്കിടെ ഭീതപടര്‍ത്തുന്ന വര്‍ഗീയ ലഹളകളില്‍ വെന്തുരകാന്‍ വിധിക്കപ്പെട്ട അസമീസ് മുസ്‌ലിംകള്‍ക്ക് മുന്നില്‍ പ്രതീക്ഷാനിര്‍ഭരമായൊരു പ്രഭാത പുലരിയാണത്. മാത്രമല്ല, സമീപ സ്റ്റേറ്റുകളായ സിക്കിം, അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്റ്, ബീഹാര്‍, മണിപ്പൂര്‍, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകും. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഏറെ പ്രതീക്ഷയോടെ ദാറുല്‍ഹുദായെ ഉറ്റുനോക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിളിയാളങ്ങള്‍ ദാറുല്‍ഹുദായെ തേടിയെത്തുന്നുണ്ട്. അവര്‍ക്ക് വിദ്യയുടെ വെളിച്ചം പകരേണ്ടത്, അവരെ പ്രബുദ്ധരാക്കേണ്ടത് നമ്മുടെ നിയോഗവും ഉത്തരവാദിത്വവുമാണെന്ന് ദാറുല്‍ ഹുദാ മനസ്സിലാക്കുന്നുണ്ട്. എല്ലാം ചെയ്ത് കഴിഞ്ഞെന്ന അലസ്യത്തിലുറങ്ങാതെ, ചെയ്തതിലുമേറെ ഇനിയും ചെയ്യാനുണ്ടെന്ന ഉത്തമ ബോധത്തോടെയാണ് ദാറുല്‍ഹുദാ മുന്നോട്ടുപോവുന്നത്. അതിബൃഹത്തായ ഈ അനുഗൃഹീത സംരംഭത്തിന് സര്‍വ്വ മനുഷ്യ സ്‌നേഹികളുടെയും സഹായ സഹകരണങ്ങളാണ് ഞങ്ങള്‍ക്ക് കരുത്തുപകരുന്നത്. (വൈസ് ചാന്‍സലര്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി) (ചന്ദ്രിക ദിനപ്പത്രം, 13-08-201)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter