ഇഖ്റഅ് 03-  കടലെന്ന പുസ്തകത്തിന് ആഴങ്ങളേറെയാണ്

സൃഷ്ടിച്ച നാഥന്റെ നാമത്തില്‍...
അവന്‍ രണ്ടു സമുദ്രങ്ങളെ കൂട്ടിച്ചേര്‍ത്തവനാണ്‌. അവയില്‍ ഒന്ന്‌ നല്ല സ്വച്ഛജലം. മറ്റേത്‌ കയ്‌പുള്ള ഉപ്പുവെള്ളവും. അവ രണ്ടിന്നുമിടയില്‍ അവന്‍ ശക്തിയായ ഒരു മറയും ഭദ്രമായ ഒരു തടസ്സവും ഏര്‍പ്പെടുത്തുകയും ചെയ്‌തിരിക്കുന്നു (സൂറതുല്‍ ഫുര്‍ഖാന്‍ – 53)

ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗവും കടല്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. കരയില്‍നിന്ന് നോക്കുമ്പോള്‍ കണ്ണെത്താത്ത ദൂരത്തോളം പരന്ന് കിടക്കുന്ന അതിഭീകരനാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം കടല്‍. അതില്‍ യാത്ര ചെയ്യുന്നത് എത്ര വലിയ കപ്പലുകളാണെങ്കിലും, അവയെല്ലാം ആ ജലവീചികള്‍ക്ക് കേവലം കൊതുമ്പുവള്ലങ്ങള്‍ മാത്രം. കരയിലുള്ളതിനേക്കാള്‍ എത്രയോ ഇരട്ടി വലിപ്പവും എണ്ണവും വൈവിധ്യവുമാണ് കടലിലെ ജീവികളുടേത്. സദാ ഇരമ്പിയാര്‍ത്തുകൊണ്ടിരിക്കുന്ന, തിരമാലകളാല്‍ പതച്ചാര്‍ത്ത് തീര്‍ത്ത് കൊണ്ടിരിക്കുന്ന, ഇടക്കിടെ ജലകന്യകയെപോലെ ആരെയും ആകര്‍ഷിക്കുകയും മറ്റുചിലപ്പോള്‍ സംഹാരതാണ്ഡവമാടി ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന കടല്‍, എന്നും അല്‍ഭുതങ്ങളുടെ കലവറയാണ്, അഥവാ, വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകമാണെന്നര്‍ത്ഥം. അത് കൊണ്ട് തന്നെ, അതും ഇഖ്റഇന്റെ പരിധിയില്‍ വായിക്കപ്പെടേണ്ടത് തന്നെ.

വിശുദ്ധ ഖുര്‍ആനില്‍ 43 പ്രാവശ്യമാണ് കടല്‍ എന്ന പദം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്. പ്രവാചകനായ മൂസാ(അ)ന്റെ ചരിത്രങ്ങളുടെയും ഫറോവാവധത്തിന്റെ സന്ദര്‍ഭങ്ങളുടെയും പരാമര്‍ശങ്ങളിലാണ് ഇവയിലധികവും കടന്നുവരുന്നത്. വിശ്വാസികളുടെ പ്രതിനിധികളായ മൂസാ പ്രവാചകനും സമൂഹത്തിനും രക്ഷമാര്‍ഗ്ഗമൊരുക്കിയ അതേ കടലാണ്, ധിക്കാരിയായ ഫറോവക്കും അനുയായികള്‍ക്കും മരണക്കെണിയായി വര്‍ത്തിച്ചതും. മരണവൃത്തത്തിലകപ്പെട്ട നേരം, ഞാനിതാ മൂസയുടെ നാഥനില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് വിളിച്ച് പറഞ്ഞ ഫറോവയോട്, ഇപ്പോഴാണോ നിന്റെ വിശ്വാസം എന്ന മറുചോദ്യം ആ തിരമാലകളില്‍ തട്ടി പല തവണ പ്രതിധ്വനിച്ചിട്ടുണ്ടാവും, തീര്‍ച്ച.

Read More: റമദാന്‍ ഡ്രൈവ് -നവൈതു-03

കടലിലൂടെ സഞ്ചരിക്കുന്ന വേളയില്‍ അപടകങ്ങളില്‍ പെടുമ്പോള്‍ ഏകദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും തദ്വാരാ രക്ഷപ്പെട്ട് കരയിലെത്തുമ്പോള്‍ വീണ്ടും ബഹുദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്ന മനുഷ്യരുടെ നന്ദികേടിനെയും പലയിടങ്ങളിലായി ഖുര്‍ആന്‍ വരച്ച് കാണിക്കുന്നുണ്ട്. മനുഷ്യര്‍ക്കായി പ്രപഞ്ചനാഥന്‍ കടലിനുള്ളിലൊരുക്കിയ വിവിധ അനുഗ്രഹങ്ങളും ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. ദിവ്യജ്ഞാനത്തിന്റെ ഗോപ്യമായ പല വശങ്ങളും മൂസാ പ്രാവചകന്ന് കാണിച്ചുകൊടുക്കാനായി നാഥന്‍ തെരഞ്ഞെടുത്തതും കടലിന്റെ ഉള്ളറകള്‍ തന്നെ.

രുചിഭേദങ്ങളോടെ, തൊട്ടുരുമ്മി നില്‍ക്കുന്ന ഇരു കടലുകളെയും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ആധുനിക ശാസ്ത്ര ലോകത്തിന് അല്‍ഭൂതമായി ഇന്നും തുടരുന്ന പ്രകൃതിയുടെ ആ പ്രതിഭാസം വിരല്‍ചൂണ്ടുന്നത്, എല്ലാം നോക്കിനടത്തുന്ന പ്രപഞ്ചനാഥനിലേക്ക് തന്നെ. അവന്റെ വചനങ്ങളും വര്‍ണ്ണനകളും എഴുതിത്തീര്‍ക്കാന്‍ സപ്തസാഗരങ്ങളിലെ ജലസഞ്ചയമെല്ലാം മഷിയാക്കി മാറ്റിയാലും മതിയാവില്ലെന്ന പ്രഖ്യാപനം കൂടി മനസ്സിലാക്കുന്നതോടെ, നാം അറിയാതെ ഉരുവിട്ട് പോകും, ഞങ്ങളുടെ നാഥാ, നീ ഇത് സൃഷ്ടിച്ച് അര്‍ത്ഥ ശൂന്യമായല്ല, നീയെത്ര പരിശുദ്ധന്‍.

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter