ഇഖ്റഅ്, തുടരട്ടെ.. ജീവിതകാലം മുഴുക്കെ...
വായിക്കുക, സൃഷ്ടിച്ചവനായ താങ്കളുടെ രക്ഷിതാവിന്റെ നാമത്തില്‍, അവന്‍ മനുഷ്യനെ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക, താങ്കളുടെ റബ്ബ് അത്യുദാരനാകുന്നു. അവന്‍ പേന കൊണ്ട് (എഴുത്ത്) പഠിപ്പിച്ചവനാണ്. തനിക്കറിയാത്തത് മനുഷ്യനവന്‍ പഠിപ്പിച്ചിരിക്കുന്നു. (സൂറതുല്‍ അലഖ്)
വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഭൂമിയിലേക്ക് ആദ്യമായി അവതരിച്ചവയാണ് ഈ സൂക്തങ്ങള്‍. ആ വാക്യങ്ങളിലെ ക്രിയാരൂപം, ഇന്നും മനുഷ്യരാശിയോട് ആ കല്പന തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്, ഓരോ നിമിഷവും ഓരോ ദിവസവും.
വായനയാണ് പുരോഗതിയിലേക്കുള്ള പാത. സൃഷ്ടിച്ച ദൈവത്തെ മനസ്സിലാക്കുന്നതിനും വായന തന്നെ. തന്റെ ചുറ്റുപാടുമുള്ള പ്രപഞ്ചത്തെയും സ്വശരീരത്തെയുമെല്ലാം വായിക്കുന്നതിലൂടെ ഏതൊരാളും എത്തിപ്പെടുക സ്രഷ്ടാവിലായിരിക്കും തീര്‍ച്ച. അത് കൊണ്ട് തന്നെ ആദ്യവായനകളെല്ലാം അതിനായിരിക്കണം. ശേഷമുള്ളവ ആ നാഥന്റെ നാമത്തിലും.
നാഥന്റെ നാമത്തിലുള്ള വായനകളാണ് വ്യക്തിക്കും സമസൃഷ്ടിക്കും സമൂഹത്തിനും ഉപകാരം ചെയ്യുക. അല്ലാത്ത വായന, പലപ്പോഴും കൊണ്ടെത്തിക്കുക നാശത്തിലേക്കും സംഹാരത്തിലേക്കുമായിരിക്കാം.
Read More: റമളാൻ ഡ്രൈവ് (ഭാഗം 30) അസ്സലാമു അലൈക യാ ശഹ്റ റമദാന്‍...
കൈയ്യിലിരിക്കുന്ന കൊച്ചു പേനാക്കത്തി കൊണ്ട്, വഴിയിലെ തടസ്സങ്ങള്‍ വെട്ടി മാറ്റി സുഗമ സഞ്ചാരത്തിന് സൌകര്യമൊരുക്കണോ അതോ, തൊട്ടടുത്തിരിക്കുന്നവന്റെ കുടല്‍ മാല പുറത്തെടുക്കണമോ എന്ന് തീരുമാനിക്കുന്നത്, അതിനെ എങ്ങനെ വായിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. സൃഷ്ടിച്ച നാമന്റെ നാമത്തിലാണ് ആ ഉപകരണത്തിന്റെ വായനയെങ്കില്‍, അപരന്ന് നേരെ അത് ചൂണ്ടാന്‍ ഒരിക്കലും സാധ്യമല്ല. പ്രകൃതിയില്‍ ലഭ്യമായതും മനുഷ്യന്‍ ഇന്ന് വരെ കണ്ടെത്തിയതുമായ വിഭവങ്ങളുടെയും ഉപകരണങ്ങളുടെയുമെല്ലാം കാര്യം ഇങ്ങനെത്തന്നെ.
വായന തുടര്‍ന്നുകൊണ്ടേയിരിക്കണം. വായന മരിക്കുന്നിടത്ത് മനുഷ്യന്റെ വളര്‍ച്ചയും മരണം വരിക്കുന്നു. അത് കൊണ്ട് തന്നെ, മനുഷ്യകുലത്തിന് നല്കാനുള്ള ഏറ്റവും പ്രധാനമായ സന്ദേശം അത് തന്നെയാണ്, ഇഖ്റഅ്, വായിക്കുക, വായിച്ചുകൊണ്ടേയിരിക്കുക.
നമുക്കും വായിച്ചുകൊണ്ടിരിക്കാം... വായന നിത്യ ജീവിതത്തിന്റെ ഭാഗമായി മാറട്ടെ... ഇഖ്റഇന്റെ മാസം നമ്മുടെ ജീവിതത്തിലേക്ക് തുന്നിച്ചേര്‍ക്കുന്ന ഒരു പിടി പുണ്യങ്ങളില്‍ ഇത് കൂടി ഇടം പിടിക്കട്ടെ..
ഇഖ്റഅ്, വായിച്ചുകൊണ്ടേയിരിക്കുക... സൃഷ്ടിച്ച നാഥന്‍റെ നാമത്തില്‍...