ഇഖ്റഅ് 10. ഉഹ്ദ് പര്‍വ്വതം, അതിന് നമ്മെ ഇഷ്ടമാണ്, നമുക്ക് അതിനെയും
പ്രവാചകര്‍ ഒരിക്കല്‍ എന്തോ ആവശ്യത്തിന് ഖൈബറിലേക്ക് പോയതായിരുന്നു. കൂടെ സഹായിയെന്നോണം, സന്തതസഹചാരി അനസ് അനസ് ബിന്‍ മാലിക്(റ)വുമുണ്ട്. പോയ ആവശ്യം കഴിഞ്ഞ് അവര്‍ മദീനയിലേക്ക് തിരിച്ചു. മദീനയുടെ അതിര്‍ത്തികളെത്തിയതോടെ അവിടത്തെ പ്രസിദ്ധ പര്‍വ്വതമായ ഉഹ്ദ് പ്രവാചകരുടെ കണ്ണുകളില്‍ പതിഞ്ഞു. ഉടന്‍ അവിടുന്ന് അനസ്(റ)നോട് ഇങ്ങനെ പറഞ്ഞു, ഉഹ്ദ് പര്‍വ്വതമാണല്ലോ ആ കാണുന്നത്. ആ മലക്ക് നമ്മെ വലിയ ഇഷ്ടമാണ്, നമുക്ക് അതിനെയും.
മനുഷ്യരോട് മാത്രമല്ല, സകലജീവജാലങ്ങളോടും അചേതന വസ്തുക്കളോട് പ്രകൃതിയോടും അതിലെ വിഭവങ്ങളോടുമെല്ലാം സ്നേഹത്തോടെ പെരുമാറേണ്ടവനാണ് വിശ്വാസി. പ്രവാചക ജീവിതത്തില്‍ ഇത്തരം അനേകം സംഭവങ്ങള്‍ കാണാം. ഒരു യാത്രക്കിടെ രണ്ട് പക്ഷിക്കുഞ്ഞുങ്ങളെ സ്വഹാബികള്‍ പിടികൂടിയ വേളയില്‍, ചുറ്റും പറക്കുന്ന തള്ളപ്പക്ഷിയെ കണ്ട്, ആരാണ് ഈ തള്ളക്കിളിയെ വേദനിപ്പിച്ചത്, അതിന്റെ കുഞ്ഞുങ്ങളെ തിരിച്ച് നല്കൂ എന്ന് കല്പിച്ചതും, ഉറമ്പുകളുടെ മാളത്തിന് തീ വെച്ചത് കണ്ട്, തീ കൊണ്ട് ശിക്ഷിക്കാന്‍ അതിന്റെ നാഥനല്ലാതെ അവകാശമില്ലെന്ന് പറഞ്ഞ്, അനുയായികളെ ശാസിച്ചതും ആ തിരുജീവിതത്തില്‍ കാണാം.
അതേ സമയം, അനസ്(റ)ന്റെ സഹോദരനായിരുന്ന അബൂഉമൈര്‍ എന്ന കൊച്ചുകുട്ടിയെ കാണുമ്പോഴെല്ലാം, അവന്റെ കൂടെ സദാ കളിക്കുമായിരുന്ന നുഗൈര്‍ എന്ന പക്ഷിയെ കുറിച്ച് പ്രവാചകര്‍ അന്വേഷിച്ചിരുന്നതും, ഒരു ദിവസം, ആ കിളി ചത്തുപോയതില്‍ ദുഖിച്ചിരിക്കുകയായിരുന്ന അബൂഉമൈറിനെ കണ്ട പ്രവാചകര്‍, അവന്റെ സമീപം അല്പനേരം ഇരുന്ന് സമാശ്വസിപ്പിച്ചതുമെല്ലാം ആ തിരുജീവിതത്തിലെ തുല്യതയില്ലാത്ത അധ്യായങ്ങളാണ്. തന്റെ വാഹനങ്ങളായ ഒട്ടകത്തെയും കുതിരയെയുമെല്ലാം അവിടുന്ന് അങ്ങേയറ്റം സ്നേഹിച്ചിരുന്നു. മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയ വേളയില്‍, പ്രവാചകര്‍ എന്റെ വീട്ടില്‍ താമസിക്കണം എന്ന് പറഞ്ഞ് പലരും മല്സരിച്ചെത്തിയപ്പോഴും, ആ തീരുമാനം പ്രവാചകര്‍ വിട്ട് കൊടുത്തത് തന്റെ ഒട്ടകത്തിനായിരുന്നു. അതിന് കല്പന കിട്ടിയിട്ടുണ്ടെന്നും പറഞ്ഞിടത്ത് അത് നിന്നുകൊള്ളുമെന്നുമായിരുന്നു അതിനോട് പ്രവാചകര്‍ പ്രതികരിച്ചത്. പൂച്ചക്ക് അന്നം കൊടുക്കാതെ കെട്ടിയിട്ടതിന്റെ പേരില്‍ നരകാവകാശിയായതും ദാഹിച്ച് വലഞ്ഞ നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗ്ഗസ്ഥാനയതുമെല്ലാം പ്രവാചകര്‍ അനുയായികള്‍ക്ക് പറഞ്ഞുകൊടുത്തതും അത് കൊണ്ട് തന്നെ.
Read More: ഇഖ്റഅ് 09.മാന്യ സഹോദരന്‍, മാന്യസഹോദരൻ്റെ പുത്രനും
ഇതാണ് വിശ്വാസിയുടെ രീതി. ഭൂമിയെയും പ്രകൃതിയെയും അതിലെ വിഭവങ്ങളെയുമെല്ലാം സ്നേഹിക്കാനാണ് ഇസ്‍ലാം പഠിപ്പിക്കുന്നത്. ഭൂമിയിലൂടെ നടക്കുമ്പോള്‍ പോലും ഏറെ ലാഘവത്തോടെ നടക്കുന്നവരെയാണ് വിശുദ്ധ ഖുര്‍ആന്‍ കരുണാമയനായ നാഥന്റെ അടിമകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. അവസാനം വരെ വരാനുള്ളവര്‍ക്കെല്ലാം അവകാശപ്പെട്ടതാണ് ഭൂമിയിലും അതിലെ വിഭവങ്ങളുമെന്നും അത് കൊണ്ട് അനാവശ്യമായി ഒന്ന് പോലും വ്യയം ചെയ്യരുതെന്നും ഇസ്‍ലാം ശഠിക്കുന്നു. തിരമാലകള്‍ അലറി വിളിക്കുന്ന കടല്‍ത്തീരത്ത് പോലും, വുളൂ ചെയ്യുമ്പോള്‍ മൂന്ന് പ്രാവശ്യത്തിലേറെ കഴുകുന്നത് ഉചിതമല്ലെന്ന് പറയുന്നതും അതിനോട് ചേര്‍ത്ത് വായിക്കാം.
പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും അചേതനവസ്തുക്കളെയുമെല്ലാം സ്നേഹിക്കാന്‍ നമുക്കും ശീലിക്കാം. നമ്മുടെ കാരുണ്യമാര്‍ന്ന നോട്ടവും ആര്‍ദ്രമായ ശ്രദ്ദയും അവകളിലെല്ലാം പതിയട്ടെ. അപ്പോഴാണ് മതവും വിശ്വാസവും പൂര്‍ണ്ണമാവുന്നത്. ഈ റമദാന്‍ അതിന് കൂടി നമുക്ക് അവസരമൊരുക്കട്ടെ.



Leave A Comment