ബാബ ഫരീദ്; ചിശ്തി ത്വരീഖത് പരമ്പരയിലെ പ്രമുഖ സൂഫി വര്യന്‍

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇസ്‍ലാമിക വളർച്ചയ്ക്ക് വലിയ തോതിലുള്ള പങ്ക് വഹിച്ചത് നിരവധി സൂഫി പ്രബോധകരുടെ അശ്രാന്ത പരിശ്രമങ്ങളായിരുന്നു. 
ദക്ഷിണേഷ്യയിലെ മതപരവും സാംസ്കാരികവും സാമൂഹികവുമായ ജീവിതത്തില്‍ സൂഫിസം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് കടന്നുവന്ന് സുൽത്താനുൽ ഹിന്ദ് എന്ന പേരിൽ വിശ്രുതി നേടിയ ഖാജാ മുഈനുദ്ദീൻ ചിശ്ത്തിയിൽ നിന്ന് തുടങ്ങുന്ന ചിശ്തി ത്വരീഖത് പരമ്പരയിലെ സൂഫിവര്യരാണ് അവരിൽ പ്രമുഖർ. അവരിൽ ഒരാളായി കടന്നുവന്ന വ്യക്തിയാണ് ബാബ ഫരീദ്. ചിശ്തിയുടെ ശിഷ്യനായ ബക്തിയാർ കഅ്കിയുടെ പിൻഗാമി ആയിട്ടാണ് അദ്ദേഹം കടന്നുവരുന്നത്.

പതിമൂന്നാം നൂറ്റാണ്ടിലെ അതിപ്രശസ്തനായ സൂഫിവര്യനും ഇന്ത്യൻ പ്രവിശ്യയിൽ നിന്നുള്ള പ്രസിദ്ധനായ ആത്മജ്ഞാനിയുമായിരുന്നു ഫരീദുദ്ദീൻ മസ്ഊദ് ഗൻജ്ശകർ. പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ അദ്ദേഹം ബാബ ഫരീദ്, ശൈഖ് ഫരീദ്  തുടങ്ങിയ നാമങ്ങളിലാണ് അറിയപ്പെടുന്നത്. ചിശ്തി പരമ്പരയിലെ ആദ്യ കാലക്കാരനും അതി പ്രഗൽഭനുമായിരുന്ന അദ്ദേഹം  ത്വരീഖത്തിന്‍റെ വളർച്ചയിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്.

പഞ്ചാബ് പ്രവിശ്യയിലെ മുൾട്ടാനിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള കൊതേവൽ എന്ന സ്ഥലത്ത് ജമാലുദ്ദീൻ സുലൈമാൻ, മറിയം ബീവി എന്നീ ദമ്പതികളുടെ മകനായി 1188 ലാണ് ബാബാ ഫരീദ് ജനിക്കുന്നത്. തന്റെ മാതാവായ മറിയം ബീവിയിൽ നിന്നും അദ്ദേഹം പ്രാഥമിക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കി. സൂഫിവര്യ കൂടിയായിരുന്ന ആ മാതാവിൽ നിന്ന് തന്നെയാണ് ദൈവിക പ്രണയത്തിന്‍റെ ജ്വാലകൾ അദ്ദേഹത്തിന്‍റെ ഹൃദയത്തിൽ ജ്വലിച്ചു തുടങ്ങിയതും.
 
തുടർപഠനങ്ങൾക്കായി അദ്ദേഹം പാകിസ്താനിലെ മുൾട്ടാനിലേക്ക് യാത്ര തിരിച്ചു. അവിടെ വെച്ചാണ് തന്‍റെ പ്രധാന ഗുരുവര്യനും ശൈഖുമായ ഖാജ ഖുതുബുദ്ദീൻ ബക്തിയാർ കഅ്കിയെ കണ്ടുമുട്ടുന്നത്. ബാഗ്ദാദിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയിൽ ആയിരുന്നു അദ്ദേഹം. മുൾട്ടാനിൽ നിന്നും തന്‍റെ പഠനങ്ങൾ പൂർത്തീകരിച്ച ബാബ ഫരീദ്, ഡൽഹിയിലേക്ക് യാത്ര തിരിക്കുകയും അവിടെയെത്തിയ ശേഷം ഭക്തിയാർ കഅ്കിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. 1235ല്‍ കഅ്കി വഫാത്താകുന്ന കാലം വരെയും അദ്ദേഹം ഡൽഹിയിൽ ഗുരുവിന്റെ ശിഷ്യത്വത്തിലായി കഴിഞ്ഞുകൂടി. അനന്തരം അദ്ദേഹത്തിന്റെ ആത്മീയ പിൻഗാമിയായി മാറിയ ശൈഖ് ഫരീദ്, പാക്കിസ്ഥാനിലേക്ക് തിരിക്കുകയും നിലവിൽ പാക്പട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന അജോദാൻ എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് തന്‍റെ മരണംവരെയും അജോദാനിലാണ് അദ്ദേഹം ചെലവഴിച്ചത്.
 
അജോദാനിലെ പ്രധാന മസ്ജിദിനരികിലായി മരത്തടികൾ കൊണ്ട് നിർമ്മിച്ച ഒരു ചെറ്റകുടിലിൽ ആയിരുന്നു ബാബാ ഫരീദ് താമസിച്ചിരുന്നത്. പ്രാർത്ഥനകൾക്കും ആത്മീയ കുതുകികളുമായുള്ള ചർച്ചകൾക്കുമായി അദ്ദേഹം തന്‍റെ ജീവിതം ഉഴിഞ്ഞു വെക്കുകയായിരുന്നു. ദൈനംദിന ചിട്ടകൾ പിന്തുടർന്നു കൊണ്ടുള്ള ഒരു ആത്മീയ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്.
 
മുസ്‍ലിംകളും ഇതര മതവിശ്വാസികളുമായ നിരവധി പേർ ആത്മീയ കൂടിക്കാഴ്ചകൾക്കും പ്രശ്നപരിഹാരങ്ങൾക്കുമായി ശൈഖിന്റെ സന്നിധിയിൽ എത്തിയിരുന്നു. സന്ദർശകരെ സ്വീകരിക്കാനും അവരുമായി സംവദിക്കാനും ആയി തന്റെ താമസ സ്ഥലത്തിനരികിൽ ഒരു പ്രത്യേക മജ്‍ലിസ് തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ജാതിമതഭേദമന്യേ സർവ്വരെയും ഒരുപോലെ കാണാനും അവരെ കേൾക്കാനും അദ്ദേഹം നിരൂപാധികമായ സന്നദ്ധത കാണിച്ചു. വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നായി കടന്നുവരുന്ന മുഴുവൻ സന്ദർശകരെയും അദ്ദേഹം നിഷ്പ്രയാസം സ്വീകരിക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.

ചിശ്തി ചരിത്രത്തിൽ വളരെ വ്യത്യസ്തമായ സ്ഥാനമാണ് ബാബാ ഫരീദിന് ഉള്ളത്. അദ്ദേഹം അതിപ്രശസ്തനായ ഒരു സൂഫിവര്യന്റെ ശിഷ്യനും അതേസമയം ഒരു സുപ്രസിദ്ധ സൂഫിയുടെ അധ്യാപകനുമായിരുന്നു. ഭക്തിയാർ കഅ്കിയുടെ ശിഷ്യനും പിൻഗാമിയും ആയിരുന്ന അദ്ദേഹം, ചിശ്തി പരമ്പരയിലെ തന്നെ മറ്റൊരു അതികായനായ നിസാമുദ്ദീൻ ഔലിയയുടെ ഗുരുവര്യനുമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളമുള്ള ചിശ്തി ത്വരീഖത് പരമ്പരയുടെ വ്യാപനത്തിൽ ബാബാ ഫരീദിൻന്റെ സാന്നിധ്യം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.

പഞ്ചാബി സാഹിത്യത്തിലേക്ക് നിരവധി സംഭാവനകൾ നടത്തിയ വ്യക്തിത്വം കൂടിയാണ് ഫരീദുദ്ദീൻ മസ്ഊദ്. പഞ്ചാബിയിലും ഇതര ഭാഷകളിലുമായി നിരവധി അർത്ഥവത്തായ കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. സിക്കുകാരുടെ പരിശുദ്ധ ഗ്രന്ഥമായി ഘണിക്കപ്പെടുന്ന "ഗുരു ഗ്രന്ഥിൽ" ശൈഖ് ഫരീദ് രചിച്ചത് എന്ന് കരുതപ്പെടുന്ന 112 ശ്ലോകങ്ങൾ നിലവിലുണ്ട്.  ദൈവിക പ്രണയം, ആന്തരിക ശുദ്ധീകരണത്തിന്‍റെ ആവശ്യകതകൾ തുടങ്ങിയ ആത്മീയ ജ്ഞാനങ്ങളാണ് അവയുടെ ഉള്ളടക്കം. അദ്ദേഹത്തിന്‍റേത് എന്ന് കരുതപ്പെടുന്ന ചില കവിതകളുടെ പരിഭാഷകള്‍ മറ്റു ചില ഗ്രന്ഥങ്ങളിലും നിലവിൽ ലഭ്യമാണ്.

77 വർഷത്തെ സംഭവബഹുലമായ ജീവിതത്തിന് ശേഷം, 1265 ഒക്ടോബർ മാസം 15നാണ് മഹാനവര്‍കൾ ഇഹലോകവാസം വെടിഞ്ഞത്. പാക്കിസ്ഥാനിലെ പാക്പട്ടണിലാണ് അദ്ദേഹത്തിന്‍റെ ഖബറിടം നിലകൊള്ളുന്നത്. ബാബാ ഫരീദിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന ഈ മഖ്ബറ പാക്കിസ്ഥാനിലെ തന്നെ ഏറ്റവും സന്ദർശകരെത്തുന്ന പുണ്യസ്ഥലങ്ങളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു. മുസ്‍ലിംകൾക്ക് പുറമേ സിക്കുകാരും ഇതര മതവിശ്വാസികളുമായ നിരവധി പേരാണ് സന്ദർശനത്തിനായി ദൈനംദിനം ഇവിടെ തീര്‍ത്ഥാടകരായി എത്തിച്ചേരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter