ഇഖ്റഅ് 11- ഓരോ ഇതളും മഹാഗ്രന്ഥമായി മാറുന്ന സസ്യലോകം
സൃഷ്ടിച്ച നാഥന്റെ നാമത്തില്‍..
നിങ്ങള്‍ക്കു ഭൂമിയെ ഒരു തൊട്ടില്‍ പോലെയാക്കുകയും അതില്‍ പലവിധ വഴികള്‍ തുറക്കുകയും ആകാശത്തുനിന്നു മഴവര്‍ഷിക്കുകയും ചെയ്തു തന്നവനാണവന്‍. എന്നിട്ട് അതുമൂലം വിവിധ സസ്യങ്ങളില്‍ നിന്നു പല (ജാതി) ഇണകള്‍ നാം ഉല്‍പാദിപ്പിച്ചു (സൂറതു ത്വാഹാ-53)
പച്ച പിടിച്ച് നില്ക്കുന്ന ഭൂപ്രദേശം കാണാന്‍ എന്തൊരു ഭംഗിയാണ്. ഹരിതാഭമായ താഴ്‍വരകളും വര്‍ണ്ണവൈജാത്യങ്ങളുടെ പുഷ്പങ്ങള്‍ നിറഞ്ഞ് നില്ക്കുന്ന ചെടികളും മരങ്ങളും ആരും അല്പനേരം കണ്ടുനിന്നുപോവും. കേവലം കര്‍ണ്ണാനന്ദകരമായ അനുഭവങ്ങള്‍ക്കപ്പുറം, ഭൂമിയിലെ സന്തുലിത വാസത്തിന് ഇവ വഹിക്കുന്ന പങ്ക് ഏറെയാണ്. ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന കൊച്ചുപുല്‍ക്കൊടി മുതല്‍ ആമസോണ്‍ കാടുകളിലെ, അംബരചുംബികളായ മാമരക്കൂട്ടങ്ങള്‍ വരെ ഇതിന്റെ ഭാഗമാണ്.
മനുഷ്യജീവിതത്തിന് പ്രഥമവും പ്രധാനവുമായി ആവശ്യമായ ഓക്സിജന്‍ പുറത്ത് വിടുന്നത് ഈ മരങ്ങളാണല്ലോ. മനുഷ്യന്‍ ഉഛ്വസിക്കുന്ന കാര്‍ബണ്‍ഡയോക്സൈഡ് ആഗിരണം ചെയ്യുന്നതും ഇവ തന്നെ. ആദിമകാലം മുതലേ മനുഷ്യന്‍ ഭക്ഷണത്തിന് ആശ്രയിക്കുന്നത് ചെടികളെയും മരങ്ങളെയുമാണ്. കൃഷി ചെയ്യാനോ വേട്ടയാടാനോ അറിയാതിരുന്ന അക്കാലത്ത് മരങ്ങള്‍ തരുന്നതും ചെടികള്‍ ഉദ്പാദിപ്പിക്കുന്നതും മാത്രമായിരുന്നു മനുഷ്യന്റെ ഭക്ഷണം.
മനുഷ്യരല്ലാത്ത പല ജീവികള്‍ക്കും ഇന്നും അന്നം നല്കുന്നത് മരങ്ങളും ചെടികളും മാത്രമാണ്. ലോകത്തുള്ള മുഴുവന്‍ ജീവജാലങ്ങളും ഇന്നും ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ഭക്ഷണത്തിന് ആശ്രയിക്കുന്നത് ചെടികളെയും സസ്യലതാദികളെയും തന്നെയാണ്. കൂടാതെ അനേകം പക്ഷികള്‍ക്കും ചില ജീവികള്‍ക്കുമെല്ലാം വാസസ്ഥലമൊരുക്കുന്നതും ഇവ തന്നെ.
മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതമായ മഴയുടെ ലഭ്യതയിലും മരങ്ങളുടെ പങ്ക് നിസ്തര്‍ക്കമാണ്. നിത്യോപയോഗ വസ്തുക്കളിലെ മരങ്ങളുടെ ഉപയോഗവും ചികില്‍സാരംഗത്തെ സസ്യലതാദികളുടെ അനന്ത സാധ്യതകളും മരങ്ങളൊരുക്കുന്ന തണലിന്റെ കുളിരുമെല്ലാം നമ്മുടെ ദൈനംദിന അനുഭവങ്ങളാണ്.
Read More: റമദാന്‍ ഡ്രൈവ്- നവൈതു -11
മരങ്ങള്‍ സമ്മാനിക്കുന്ന പഴങ്ങളുടെയും ഫലങ്ങളുടെയും കായ്ഖനികളുടെയും വൈവിധ്യ ലോകത്തേക്ക് കടന്നാല്‍, ഓരോന്നിന്റെയും സ്വാദും രുചിയും നിറവും ഗന്ധവും അറിഞ്ഞാല്‍, നാം അല്‍ഭുതപരവശരായിപ്പോവും. ഒരേ വെള്ളവും വളവും വലിച്ചെടുത്ത്, എത്ര മലിനമായ മണ്ണില്‍ നിലകൊള്ളുമ്പോഴും, ഏറെ സ്വാദിഷ്ടവും രുചികരവുമായ വിഭവങ്ങളാണ് അവ നമുക്ക് നല്കുന്നത്.
ഇനി സസ്യലോകത്തിന്റെ വളര്‍ച്ചാ ഘട്ടങ്ങളും അതിനായി അവയില്‍ സംവിധാനിക്കപ്പെട്ട വിവിധ ഘടകങ്ങളും പരിശോധിച്ചാല്‍, അവയും വിസ്മയങ്ങളുടെ മറ്റൊരു ലോകമാണ് നമുക്ക് മുന്നില്‍ തുറന്ന് വെക്കുന്നത്. ഫലോദ്പാദനത്തിനായി നടക്കുന്ന പരാഗണവും അതിന് സഹായകമാവുന്ന കാറ്റിന്റെ ഗതിവിഗതികളും തേനീച്ചയടക്കമുള്ള പാറ്റപ്രാണികളുടെ അന്നാന്വേഷണവുമെല്ലാം എത്ര വ്യവസ്ഥാപിതമായാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്.
ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു, എവിടെനിന്നാണ് ഇത്ര കൃത്യമായി എല്ലാം നിയന്ത്രിക്കപ്പെടുന്നത് എന്ന ചിന്ത നമ്മെ കൊണ്ടെത്തിക്കുക, എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥന്റെ തിരുസന്നിധിയില്‍ തന്നെയാവും. ആ മഹച്ഛക്തിക്ക് മുന്നില്‍ നമ്രശിരസ്കരായി നില്‍ക്കുമ്പോള്‍, നമ്മുടെ അധരങ്ങള്‍ പതുക്കെ ഇങ്ങനെ മന്ത്രിക്കുന്നുണ്ടാവും, നാഥാ, ഇവയെല്ലാം നീ സൃഷ്ടിച്ചത് അര്‍ത്ഥ ശൂന്യമല്ല തന്നെ. നീയെത്ര പരിശുദ്ധന്‍, നിനക്കാണ് സര്‍വ്വ സ്തുതിയും.
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...
Leave A Comment