റമദാന്‍ ഡ്രൈവ്- നവൈതു -11
- എം.എച്ച് പുതുപ്പറമ്പ്
- Apr 13, 2022 - 13:09
- Updated: Apr 17, 2022 - 10:50
വിശുദ്ധ റമദാന്‍ രണ്ടാം ദശകത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മഗ്ഫിറതിന്റെ ദിവസങ്ങളാണ് ഇനി വരുന്നത്. ചെയ്ത പാപങ്ങളെല്ലാം പൊറുക്കാനായി, നാഥനോട് കേണപേക്ഷിക്കുന്ന ദിനരാത്രങ്ങള്‍.
നാമൊക്കെ ഒരു പാട് തെറ്റുകള്‍ ചെയ്ത് പോയവരാണ്. സ്വന്തത്തോടും മറ്റുള്ളവരോടും സ്രഷ്ടാവായ അല്ലാഹുവിനോടുമെല്ലാം ധാരാളം തെറ്റുകള്‍ ചെയ്തവര്‍. അതുപോലെ നമ്മോട് തെറ്റ് ചെയ്തവരും നമ്മുടെ പരിസരത്തുണ്ടാവാം. സൃഷ്ടികളോട് ബന്ധപ്പെട്ട തെറ്റുകള്‍ പൊറുത്തു തരാനുള്ള നിബന്ധനയായി അല്ലാഹു പറയുന്നത്, അവരോട് മാപ്പ് ചോദിച്ച് പൊരുത്തപ്പെടീച്ച ശേഷം പൊറുക്കലിനെ തേടാനാണ്.
ഇത്തരത്തില്‍ നാം സമീപിക്കുന്ന ആരെങ്കിലും, ഞാന്‍ നിനക്ക് പൊറുത്തു തരില്ല എന്ന് പറഞ്ഞാലോ. അതോര്‍ക്കാന്‍ പോലും നമുക്കാവുന്നില്ല അല്ലേ. മറ്റുള്ളവര്‍ നമ്മുടെ തെറ്റുകളെല്ലാം പൊറുത്ത് തരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, അതിന് ഒരു മാര്‍ഗ്ഗമേ ഉള്ളൂ, മറ്റുള്ളവര്‍ക്ക് നാമും പൊറുത്ത് കൊടുക്കുക. കൊടുത്തതേ ലഭിക്കൂ എന്നതാണല്ലോ പ്രപഞ്ചസത്യം.
മരിച്ച് മണ്ണടഞ്ഞാല്‍ പോലും അവനോട് ഞാന്‍ പൊറുക്കില്ലെന്ന് പറയുന്ന ചിലരെ കാണാറുണ്ട്. വളരെ അടുത്ത് ഇട പഴകുന്നവരില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത തെറ്റുകളും വഞ്ചനകളും സംഭവിക്കുമ്പോള്‍, ഒരു വേള പലരും ഇങ്ങനെ ചിന്തിച്ചുപോവാറുമുണ്ട്. എന്നാല്‍, അവയെല്ലാം കേവല നൈമിഷിക ചിന്തക്കപ്പുറം പോകാതെ, ആ സമയത്തെ പ്രയാസം മാറുമ്പോഴെങ്കിലും പൊറുത്ത് കൊടുക്കാനും പൊരുത്തപ്പെട്ട് നല്കാനും നാം തയ്യാറാകണം. എങ്കിലേ, നമുക്കും ഇതരരുടെയും പരമമായി അല്ലാഹുവിന്റെയും പൊറുക്കലിനെ പ്രതീക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
തന്നോട് തെറ്റ് ചെയ്തവര്‍ക്കെല്ലാം നിരുപാധികം മാപ്പ് നല്കാനാവുന്നവരാണ് മഹാന്മാര്‍. തോള്‍ മുണ്ട് വലിച്ച് പാടുകള്‍ വീഴ്ത്തിയവനോട് പോലും പുഞ്ചിരിച്ചതാണല്ലോ പ്രവാചകമാതൃക.
വെട്ടിമുറിക്കുന്നവന് പോലും അവസാന നിമിഷം വരെ തണലേകുന്ന വൃക്ഷവും ഇറുത്ത് വേദനിപ്പിച്ചവന് പോലും സുഗന്ധമേകുന്ന പുഷ്പവും അങ്ങനെത്തന്നെ. അതാണ് പ്രകൃതിയുടെ സ്വഭാവം എന്നര്‍ത്ഥം.
മഗ്ഫിറതിന്റെ പത്തിലേക്ക് കടക്കുമ്പോള്‍, എല്ലാവര്‍ക്കും മാപ്പ് നല്‍കിയാവട്ടെ നമ്മുടെയും തുടക്കം. ശേഷം, ജീവിതത്തിലുടനീളം, ആരോടും പകയോ വിദ്വേഷമോ ഇല്ലാതെ, എല്ലാവര്‍ക്കും മാപ്പ് നല്കി ശാന്തവും സ്വസ്ഥവുമായ ജീവിതം നയിക്കുമെന്ന് കൂടി നമുക്ക് കരുതി ഉറപ്പിക്കാം. റമദാന്‍ രണ്ടാം പത്തിന്റെ ആദ്യ നവൈതു അതായിരിക്കട്ടെ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment